ശിഷ്യന്‍
ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു ശങ്കരന്‍. പഠിക്കാന്‍ തീരെ മോശം. ഒന്നും തലയില്‍ കേറുകയില്ല. എല്ലാവരെയും വിജയിപ്പിക്കണം എന്നാ നയം ഉള്ളതുകൊണ്ട് ഏഴാം ക്ലാസ് വരെ എത്തി. ഒരു ദിവസം കണക്കുമാഷ് എന്തോ ഒരു ചോദ്യം ചോദിച്ചു – തീരെ ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും എളുപ്പമായത്. ശങ്കരന്‍ ഒന്നും പറയാതെ മിഴിച്ചു നിന്നു.
മാഷിനു കലശലായ ദ്വേഷ്യവും സങ്കടവും വന്നു. അദ്ദേഹം ശങ്കരനെ കണക്കറ്റു ചീത്ത പറഞ്ഞു. അവസാനം ശങ്കരനോട് പറഞ്ഞു: “ഇവിടെ വന്നിരുന്നു സമയം കളയാതെ വല്ല കിണറ്റിലും പോയി ചാടിക്കൂടെ”. എന്തോ, അദ്ദേഹത്തിന് അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്.
ഉച്ചഭക്ഷണത്തിന്റെ സമയമായി. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയം. പെട്ടെന്ന് ‘ബ്ലും’ എന്നൊരു ശബ്ദം. കേട്ട പാടെ പലരും പുറത്തേക്കോടി. എവിടെ നിന്നാണ് ആ ശബ്ദം കേട്ടതെന്നു തിരഞ്ഞു തുടങ്ങി. ഒരുത്തന്‍ വെറുതെ സ്കൂളിന്റെ നടുക്കുള്ള വലിയ ആഴമുള്ള കിണറ്റിലും വെറുതെ ഒന്ന് നോക്കി.
അപ്പോളതാ നമ്മുടെ ശങ്കരന്‍ കിണറ്റില്‍. ഒരു വള്ളിയില്‍ പിടിച്ചുതൂങ്ങി കിടക്കുകയാണ്. വിവരമറിഞ്ഞ് ഹെഡ്മാസ്റ്ററും മറ്റെല്ലാവരും ഓടിയെത്തി. കൂട്ടത്തില്‍ കണക്കുമാഷും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആകെ പരിഭ്രമമായി. ബുദ്ധിയില്ലെങ്കിലും ഇത്ര അനുസരണയുള്ള പയ്യന്‍ ആകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.
മറ്റുള്ള സാറന്മാരെല്ലാം ശങ്കരനെ അനുനയിപ്പിച്ചു മുകളില്‍ കയറ്റാന്‍ കുറെ ശ്രമിച്ചു കൊണ്ടിരുന്നു – പക്ഷെ അവന്‍ അതൊന്നും കേള്‍ക്കുന്ന ഭാവമില്ല.
ഏകദേശം അര മണിക്കൂറായി – ഉച്ച കഴിഞ്ഞു ക്ലാസ് തുടങ്ങേണ്ട സമയമായി. എന്നിട്ടും എല്ലാവരും കിണറ്റിനു ചുറ്റും തന്നെ. ശങ്കരന്‍ കിണറ്റിലും.കുറച്ചു കഴിഞ്ഞപ്പോള്‍ കണക്കുമാഷിന്റെ പരിഭ്രമം കുറഞ്ഞു. അദ്ദേഹം അവനോടു പറഞ്ഞു: മോനെ ശങ്കരാ, നീ ഇത്രയും അനുസരണ ഉള്ള പയ്യന്‍ ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ. അപ്പൊ അങ്ങിനെ പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി ഞാനെന്നല്ല, ഒരു സാറും ഒരു ചോദ്യം പോലും ചോദിക്കില്ല. സമാധാനമായില്ലേ, ഇനി മോളിലേക്ക് കേറി വാ.
ഇത് കേട്ടപ്പോള്‍ ശങ്കരന്റെ മുഖഭാവം മാറി. പതുക്കെ മുകളിലേക്ക് കയറി.
അതോടെ എല്ലാവര്‍ക്കും ആശ്വാസമായി
ശിവദാസ് കെ വി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക