ഞാൻ പറഞ്ഞോ ?
------------------------------
ഇക്കാ , എനിക്ക് പുതിയ രണ്ടു കോഴ്സിന് ചേരണം. 75000 രൂപ മാത്രേ ആവുള്ളൂ. ഈ മാസം തന്നെ അയക്കണേ.
------------------------------
ഇക്കാ , എനിക്ക് പുതിയ രണ്ടു കോഴ്സിന് ചേരണം. 75000 രൂപ മാത്രേ ആവുള്ളൂ. ഈ മാസം തന്നെ അയക്കണേ.
അപ്പൊ ഇതിനു മുൻപ് ചേർന്ന കോഴ്സ് കംപ്ലീറ്റ് ചെയ്തോ ? അയാൾ ചോദിച്ചു.
അതു പിന്നെ ഇക്കാ, അതിനു ഇപ്പൊ സ്കോപ്പില്ലന്നെ. പിന്നെ എന്തിനാ ഞാൻ വെറുതെ കംപ്ലീറ്റ് ചെയ്തു സമയം നഷ്ടപ്പെടുത്തുന്നത്. 27 വയസുള്ള അനിയന്റെ ഈ മറുപടി കേട്ടിട്ട് ഫോണിൽ കൂടി രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയതെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. പറയാനാവുമായിരുന്നില്ല എന്നു പറയുന്നതാണ് ശരി. അവന്റെ ബാപ്പയും ഇക്കയും എല്ലാം താൻ ആണ്.
ഇനി അടുത്തത് ഉമ്മന്റെ ഊഴമാണ്,
മോനേ......
എന്താണുമ്മാ....
അളിയന്റെ പെങ്ങളെ കല്യാണാണ് ട്ടോ. ഞമ്മൾ ഒന്നിനും ഒരു കുറവ് വരുത്തരുത്. അല്ലെങ്കിൽ അന്റെ പെങ്ങൾക്കാണ് കുറച്ചിൽ. ഞമ്മക്ക് കല്യാണത്തിന് ഉള്ള അരിയും നെയ്യും കഴുത്തുമ്മലേക്ക് ചെയിനും വാങ്ങി കൊടുക്കാ ലെ.
എല്ലാം ഉമ്മാന്റെ ഇഷ്ടം പോലെ. ബാപ്പാന്റെ ജോലി കിട്ടിയേ പിന്നെ ഉമ്മാക്ക് വല്യ പത്രാസാണ്.ഉമ്മ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാകും. ഹാ എന്തെങ്കിലും ചെയ്യട്ടെ. അയാൾ കരുതി.
മോനേ. ഇതൊക്കെ വാങ്ങാനുള്ളത് കൊണ്ട് ഈ മാസം സാലറി കിട്ടിയാൽ ഉടനെ അയക്കണേ. ഇതു കേട്ടപ്പോൾ 8 പേരടങ്ങിയ ac റൂമിൽ കിടന്നു അയാൾ ഒന്ന് വിയർത്തു.
വർഷങ്ങൾക് ശേഷം,
എനിക്കൊരു കൂട്ടാകുമെന്നു കരുതിയാണ് നിന്നെ കൊണ്ട് കെട്ടിപ്പിച്ചത്. അപ്പോഴേക്കും നീ ഓളെ കൊണ്ടോയി. നീ എന്താ ഇപ്പൊ ചിലവിനു പൈസ അയക്കാത്തതു ?
അപ്പൊ എനിക്കൊരു കൂട്ടു വേണ്ടേ ഉമ്മാ ? എന്ന് ചോദിക്കണമെന്ന് അയാൾക് തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. തനിക്കു വേണ്ടി ഒന്നും കരുതി വെക്കാത്തതു തെറ്റായി തോന്നി. അതുകൊണ്ടല്ലേ ഈ ചുറ്റിത്തിരിച്ചിലിൽ ഉദ്യോഗസ്ഥയായ ഉമ്മക്ക് ഒന്നും അയക്കാൻ കഴിയാതിരുന്നത്.
പിന്നെ, ഉമ്മാ... എന്റെ കുറച്ചു സെർടിഫിക്കറ്റ്സ് അനിയന്റെ പേരിൽ അയച്ചിരുന്നു. അതിൽ കുവൈറ്റ് എംബസ്സി ന്റെ അറ്റസ്റ്റേഷൻ വേണം. എന്റെ അടുത്ത വർക്ക് അവിടെയാണ്. നാട്ടിൽ നിന്നും ചെയ്താൽ പൈസ കുറച്ചു കുറയുമെന്ന് വിചാരിച്ചാ അയച്ചേ. അനിയൻ അതു ചെയ്തോന്നു ചോദിച്ചേ ??
എന്നെക്കൊണ്ടൊന്നും വയ്യ ഇപ്പൊ ചെയ്യാൻ. അവിടെ പോയാൽ ഒരു ദിവസാണ് പോവാ. ഈ ഇക്കാക്കനോട് ആര് പറഞ്ഞു ഗൾഫിൽ പോയി കിടക്കാൻ ?
ഉമ്മനോടുള്ള അനിയന്റെ മറുപടി കേട്ടപ്പോൾ നീണ്ട ഒൻപതു വർഷങ്ങൾ തന്നെ നോക്കി ഇളിക്കുന്നത് പോലെ തോന്നി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക