Slider

.. പളനി......

0
... പളനി......
'' എന്ത് പണിയാ പളനിയണ്ണാ കാണിച്ചത്?.വിസയും ഐഡിയും തീർന്നെന്നറിഞ്ഞിട്ടും നിങ്ങളീപ്പണിക്ക് പോയതെന്തിന്? ഇപ്പം ലേബർ ചെക്കിംഗ് സ്ട്രിക്റ്റ് ആക്കിയതറിഞ്ഞിട്ടും...... ''
''സാഹുൽസാർ അത് വന്ത്, ചിന്നപൊണ്ണുടെ കുളന്തയ്ക്ക് ഒരു സർജ്ജറി. അതുക്കാകെ കൊഞ്ചം കാസിന് ആവിശ്യം വന്നു.കാസ് കടം വാങ്കിക്കാൻ മനസ്സ് വന്തില്ല.''
പളനി ജയിലിലെ നീണ്ട ബലിഷ്ഠമായ ഇരുമ്പ് കമ്പിയിൽ തലചേർത്തു കണ്ണീരണിഞ്ഞു.ഇരുപത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതത്തിന് അവസാനം വെറും കൈയ്യോടെ നാട്ടിലേക്ക് അയക്കപ്പെടുമോ എന്നയാൾ ഭയപ്പെട്ടു.
''അണ്ണൻ പേടിക്കേണ്ട, അർബാബിനോട് പറഞ്ഞ്, റീലീസിംങ്ങ്ന്റ ഞാൻ ശരിയാക്കാം. ഒന്നുമില്ലേലും കമ്പനി തുടങ്ങുമ്പോഴുള്ള സ്റ്റാഫല്ലേ? അങ്ങനെ കൈയ്യൊഴിയുകയില്ല. എന്നാ ശരി ഞാൻ വരാം, ഇത് വച്ചോളൂ''
ഷാഹുൽ കൊടുത്ത നൂറ് ദിർഹം പഴകിയ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകി പളനി തിരികേ നടന്നു. ഇടുങ്ങിയ ജയിൽ ഭിത്തിയിൽ ചാരിയിരുന്നു. വർഷങ്ങൾക്ക് മുന്നേ' അൽ ഹാഷിം' കോൺട്രാക്റ്റിംഗ് കമ്പനിയിലേക്ക് നാന്നൂറ് ദിർഹം വേതനത്തിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. പിന്നീട് അവിടെത്തെ അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ലേബർ സപ്ലേ കമ്പനിയിൽ ആദ്യത്തെ ലേബർ. തുടർന്നങ്ങോട്ട് ഇതു വരെ ആ ഒരു കമ്പനിയിൽ.താനടക്കം അഞ്ച് പേരിൽ നിന്നും ഇരുന്നൂറ്റി ഇരുപത്തിയഞ്ചിൽ എത്തിയ ലേബർ സപ്ലേ കമ്പനിയുടെ ഉയർച്ചയിലും, വളർച്ചയിലും തന്റെ വിയർപ്പിന്റെ, ചോരയുടെ മണമുണ്ട്. ഒന്നിച്ച് ഉണ്ടായിരുന്ന നാല് പേരും പല വഴിയായി വർഷങ്ങൾക്ക് മുമ്പേ പിരിഞ്ഞെങ്കിലും, തന്റെ മൂന്ന് പെൺമക്കളെ കരക്കടുപ്പിച്ച ആ കമ്പനിയെ വിട്ടു പോകാൻ പളനിക്ക് മനസ്സ് വന്നില്ല. ജോലിക്ക് പോയിരുന്ന പല കമ്പനികളും മികച്ച ശമ്പളം വാഗ്ദ്ധാനങ്ങൾ നൽകിയിരുന്നെങ്കിലും പളനി അതൊക്കെ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു.
കമ്പനിയിൽ തൊഴിലാളികൾ ശബള വർദ്ധനയ്ക്ക് വേണ്ടി നിസ്സഹകരണ സമരം തുടങ്ങിയപ്പോൾ അവരെ ശബളം കൂട്ടാതെ തന്നെ അനുനയിപ്പിച്ചത് തന്റെ കഴിവു കൊണ്ടാണ്.പിന്നെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തിൽ ആറ് മാസം ശബളം പോലുമില്ലാതെ പണിയെടുത്ത ചരിത്രമുള്ള പളനി. അന്ന് മുഴു പട്ടിണിയായിരുന്ന കുടുംബത്തിന്റെ അവസ്ഥയോർത്ത് കണ്ണീരൊഴുക്കാത്ത ദിവസങ്ങൾ വിരളമാണ്.
ഇളയ മകളുടെ കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി പൈസ അത്യാവശ്യം വന്നപ്പോൾ രാത്രിയിൽ ചെയ്ത പണി, അതിത്രയും വലിയ ദുരന്തമായി മാറുമെന്ന് അയാൾ കരുതിയില്ല. കാശ് കടം വാങ്ങി അയക്കാൻ അയാളുടെ അഭിമാനം സമ്മതിച്ചില്ല. ഇത്രയും കാലത്തിനിടയ്ക്ക് അങ്ങനെ ഒരു കീഴ് വഴക്കം അയാൾക്ക് അറിയില്ലായിരുന്നു. ഒഴിഞ്ഞ, പെപ്സി, കോള ഡപ്പികൾ പെറുക്കി സ്ക്രാപ്പ് കമ്പനിയിൽ കൊടുത്താൽ കിലോയ്ക്ക് മൂന്ന് ദിർഹം കിട്ടുമെന്ന് ആരോ പറഞ്ഞപ്പോൾ തുടങ്ങിയ പണി. പക്ഷെ അന്ന് രാത്രിയിൽ തന്നെ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടിയപ്പോൾ തന്റെ കയ്യിലെ കാലാവധി തീർന്ന 'ബത്താക്കാ'(ഐഡന്റിറ്റി കാർഡ്) വിനയായി.'ബത്താക്ക'യിൽ പറഞ്ഞിരിക്കുന്ന ജോലി അല്ല ചെയ്യുന്നതറിഞ്ഞതും കുറ്റം വലുതാക്കി. അവരുടെ വണ്ടിയിൽ പിടിച്ചു കയറ്റി ജയിലിലടച്ചു. അവിടെ നിന്നാണ് കമ്പനി പി ആർ ഓ ഷാഹുൽ റഷീദിനെ വിളിച്ച് കാര്യം പറഞ്ഞത്.
ഇന്നേക്ക് ഒരാഴ്ച്ചയായി ജയിലിൽ. കമ്പനിയിൽ നിന്നും ഒരാളുപോലും വിളിച്ചിട്ടില്ല. ആരും കാണാനും വന്നിട്ടില്ല.
'' ഇന്ത കലാം പലനി''
അറബി പോലീസിന്റ വിളി കേട്ട് പളനി എഴുന്നേറ്റ് വിസിറ്റിംഗ് ഏരിയയിലേക്ക് നടന്നു.
ഇരുമ്പു മറയ്ക്കപ്പുറം കമ്പനി പി ആർ ഓ ഷാഹുൽ റഷീദ്.
''സാഹുൽ സാർ എന്നേക്ക് എന്നെ റീലീസ് പന്നമുടിയും?
'' പളനിയണ്ണാ കമ്പനി അതിന്റെ റൂൾസ് ആന്റ് റഗുലേഷൻസ് വച്ച് നോക്കുമ്പോൾ കൈ മലർത്തി.അവർക്ക് ഇരുപത്തിമൂന്ന് വർഷത്തെ സർവ്വീസ് മണി ലാഭം. കമ്പനിയിതര ജോലി ചെയ്ത് പിടികൂടിയാൽ കമ്പനി അനുശാസിക്കുന്ന സെറ്റിൽമെന്റ് തരാൻ വകുപ്പില്ല.ഞാൻ എന്റെ പരമാവധി ശ്രമിച്ചു.പക്ഷെ അർബാബ്. കാശിന് ആർത്തിയുള്ളവരാണ് മുതലാളിമാർ. ലാഭമാണ് അവർക്ക് വേണ്ടത് .അതിന് ഒരു മാനുഷിക പരിഗണനയും നൽകില്ല, മനുഷ്യത്തമില്ല. ഈ ടിക്കറ്റ് മാത്രം തരാനാണ് മാനേജ്മെന്റ് തീരുമാനം. എന്ത് ചെയ്യാൻ, എനിക്ക് അണ്ണനെ സഹായിക്കണമെന്നുണ്ട്. ഞാനും അൽപ്പം ബുദ്ധിമുട്ടിലാണ് ''
ഷാഹുൽ ഒന്ന് നിർത്തി.
''നാട്ടിൽ എത്തിയാൽ വിളിക്കണം. എന്നാലാവുന്നത് ഞാൻ ചെയ്യാം. ''
ഷാഹുൽ നീട്ടിയ കവർ വിറയാർന്ന കൈയ്യോടെ പളനി വാങ്ങി.തന്റെ ഇരുപത്തിയെട്ട് വർഷത്തെ ആകെ സംമ്പാദ്യം ഒരു വിമാന ടിക്കറ്റ്. പ്രവാസം; നാടിനേയും,വീടിനേയും വീട്ടുകാരേയും മനസ്സിലിട്ട് മരുക്കാറ്റിനോടും കൊടും ചൂടിനോടും മല്ലിട്ട് തനിക്ക് കിട്ടിയ സംമ്പാദ്യം. പളനിയുടെ സമനില അവിടെന്ന് തൊട്ട് തെറ്റുകയായിരുന്നു.
ഷാഹുൽ തന്റെ കാറിലെ കവർ തുറന്ന് പണം എടുത്ത് ഒന്നുകൂടി എണ്ണിതിട്ടപ്പെടുത്തി. പിന്നെ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു.
''ഹലോ അളിയാ ആ പ്രോപെർട്ടിയുടെ കാര്യം ഉറപ്പിച്ചോ. അഡ്വാൻസ് ടോക്കൺ എമൗണ്ട് ഇന്നയക്കാം. ന്നാ ശരി പിന്നെ വിളിക്കാം.''
' പളനി മുത്തു സെറ്റിൽമെന്റ്'' എന്നെഴുതിയ കവർ ചുരുട്ടി കൂട്ടി അടുത്തുള്ള ഡസ്റ്റ്ബിന്നിലേക്കെറിഞ്ഞു.

james
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo