
"ആമി..നീ എന്തെടുത്തിട്ടിരിക്കാ... " എപ്പോൾ നോക്കിയാലും റൂം അടച്ചിട്ടു ഇരുന്നു എന്താണാവോ ഈ കുട്ടി കാട്ടുന്നത്..."
അമ്മയുടെ ശകാരവർഷം കേട്ടു ഞാൻ പതിയെ എഴുതിക്കൊണ്ടിരുന്ന ഡയറിതലപ്പിൽ നിന്ന് മുഖം പൊക്കി നോക്കി....പുറത്ത് ഇടവപ്പാതി ഒട്ടുമാവിനോട് ചേർന്ന് നിൽക്കുന്ന വള്ളി മുല്ലകളിൽ ധാര ധാരയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു...
എന്റെ കുറുമ്പുകളുടെ കൂട്ടുകാരൻ എന്നും അച്ഛനായിരുന്നു.. അമ്മ പൊതുവേ പരുക്കൻ സ്വഭാവക്കാരിയും..മറ്റ് അമ്മമാരെപ്പോലെ അത്രകണ്ട് അടുപ്പം അതുകൊണ്ട് തന്നെ ഞങ്ങൾ മക്കൾ രണ്ടാൾക്കും അവരോട് ഉണ്ടായിരുന്നില്ല...
അച്ഛന്റെ മരണത്തോടെ അമ്മ കൂടുതൽ പരുക്കൻ ആയി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഒരുപക്ഷേ പറക്കമറ്റാത്ത രണ്ടുപെൺകുട്ടികളെയും കൊണ്ട് ജീവിക്കാൻ അവർ ആ മുഖം മൂടി സ്വയം അണിഞ്ഞതാവാം...
എന്തുകൊണ്ടാണ് ഞാൻ എന്റെ മുറിയുടെ തണുപ്പിലോട്ടും ഇരുളിമയിലേക്കും ഒതുങ്ങിയതെന്ന് ചോദിച്ചാൽ ഇന്നും എനിക്ക് അറിയില്ല....മറ്റു കുട്ടികൾക്കൊപ്പം കറങ്ങി നടക്കനോ ആൺസുഹൃത്തുക്കൾ ഉണ്ടാവുന്നതിനോ ഒക്കെ അമ്മയുടെ കർശനവിലക്കുകൾ ഉണ്ടായിരുന്നു...
അതുകൊണ്ട് തന്നെ ആവാം റൂമുകളിലെ ഏകാന്തകൾക്ക് ഒപ്പം പുസ്തകങ്ങളോട് ഞാൻ കൂട്ടുകൂടിയത്... മനസ്സിനുള്ളിലെ പല നൊമ്പരങ്ങളെയും അക്ഷരങ്ങളായി കോറിയിട്ടത്...
എന്റെ അനുജത്തി അമ്മയോട് ശാഠ്യം പിടിച്ചും വഴക്കടിച്ചും ഓരോ ദിവസവും അവകാശങ്ങൾക്ക് വേണ്ടി പോർവിളി നടത്തിക്കൊണ്ടിരുന്നു...
അതുകൊണ്ട് തന്നേ ആമി നല്ല കുട്ടിയും ലച്ചു ഒരു കുറുമ്പത്തികുട്ടിയും ആയി നാട്ടുകാരും വീട്ടുകാരും അങ്ങിട്ടു പ്രഖ്യാപിച്ചു... പക്ഷേ അവൾ എനിക്ക് എന്നുമൊരു ഹീറോയിനി ആയിരുന്നു... അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നവൾ...ആർക്കും മുന്നിൽ തോൽവി സമ്മതിക്കാത്തവൾ...
ഞാൻ ഡിഗ്രിക്ക് മൂന്നാം വർഷം പഠിക്കുന്ന കാലം...കോളേജ് വിട്ട് വരുന്ന ലച്ചുവിനെ പലപ്പോഴും ഒരു ചെറുപ്പക്കാരന്റെ ഒപ്പം കണ്ടു എന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞു..പക്ഷേ ഞാൻ അത്രകണ്ട് അത് കാര്യം ആക്കിയിരുന്നില്ല... ആളുകൾക്ക് എന്തിലും ഏതിലും സംശയദൃഷ്ടി ആണല്ലോ എല്ലായിപ്പോഴും...
മുഖമടച്ചു അമ്മ ലച്ചുവിന് ഒന്ന് കൊടുക്കും വരെ അതെനിക്ക് വെറും സംശയമായിരുന്നു... ഇരുതല വാൾ കണക്കേ അമ്മയോട് പോർവിളി കൂട്ടുന്നവൾ ഒരു കാശിത്തുമ്പ കണക്കേ ഞെട്ടറ്റു കിടക്കുന്നത് ആദ്യമായി ഞാൻ കണ്ടു... അമ്മയോട് എന്ത് സംഭവിച്ചു എന്ന് ചോദിക്കാൻ ഭയമായിരുന്നത് കൊണ്ട് എല്ലാം കണ്ട് നാവടക്കി നിൽക്കേണ്ടി വന്നു എനിക്ക്...
അമ്മ റൂമിലേക്ക് പോയപ്പോൾ അവൾ എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞു... എന്തുപറ്റിയെടാ എന്ന് ചോദിച്ചപ്പോൾ ഏങ്ങലുകൾ ഉച്ചത്തിൽ ആയി...
"പറ്റിപ്പോയി ചേച്ചി " എന്ന് പറഞ്ഞു കട്ടികൂടിയ അവളുടെ അടിവയറ്റിലേക്ക് എന്റെ കൈകൾ ചേർത്തു പിടിക്കുമ്പോൾ എന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തന്നെ എനിക്ക് തോന്നി ...
ആ പയ്യൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെ എല്ലാവർക്കും ഒരു സമാധാനം ആയി..അവിടുള്ള നല്ലൊരു കുടുംബത്തിലെ പയ്യനായത് കൊണ്ട് ആർക്കും അതികം എതിർപ്പുകളും ഉണ്ടായിരുന്നില്ല...
പിന്നീട് എല്ലാവർക്കും മുൻപിൽ ഒരു ചോദ്യചിഹ്നമായി ഞാൻ മാത്രം അവശേഷിച്ചു..ചേച്ചിയെ നിർത്തിക്കൊണ്ട് അനിയത്തിയെ അതും ഇത്ര ചെറുപ്പത്തിൽ !!...
നാട്ടുകാർക്ക് പറയുവാൻ ഒരു വക ആയി.. അമ്മാവന്മാര് മുഖം കറുപ്പിച്ചു.. അമ്മ ആകെപ്പാടെ അങ്കലാപ്പിൽ ആയി ..
നാട്ടുകാരുടെ പരിഹാസങ്ങളിൽ നിന്ന് രക്ഷപെടുവാൻ ഉള്ള മാർഗം ആ പയ്യന്റെ വീട്ടുകാര് തന്നെ കണ്ടെത്തി തന്നു ... രണ്ടാളെയും ഒരേ വീട്ടിലെ കുട്ടികൾ തന്നെ വിവാഹം ചെയ്യട്ടെ എന്ന് ...അങ്ങനെ രണ്ടാളുടെയും വിവാഹം ഒരുമിച്ചു നടന്നു..അമ്മയ്ക്കും അതൊരു ആശ്വാസമായിരുന്നു..
എന്റെ സ്വപ്നങ്ങളിലെ ഭർത്താവിന് എന്നും എന്റെ അച്ഛന്റെ മുഖം ആയിരുന്നു... പക്ഷേ വിവാഹം കഴിഞ്ഞ ആദ്യ ദിവസമേ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു അയാൾക്ക് ആളിപ്പടരുവാൻ മാത്രമുള്ള ഒരു ശരീരം ആണ് ഞാൻ എന്ന്...
അധികം താമസിക്കാതെ കാറ്റിനുപോലും ഒരു പ്രത്യേക സുഖമുള്ള എന്റെ നാട്ടിൽ നിന്നും ആ പച്ചപ്പിൽ നിന്നും എന്നെ പറിച്ചു നട്ടു..പൊടിക്കാറ്റും ചൂടും നിറഞ്ഞ ചെന്നൈ നഗരം എന്നെ അത്രക്കും മോഹിപ്പിച്ചിരുന്നില്ല... ആ ഫ്ളാറ്റിലെ അലങ്കാരവസ്തുക്കൾക്ക് പോലും എത്രകണ്ടും എനിക്ക് സൗന്ദര്യം കണ്ടെത്തുവാനായില്ല എന്നതായിരുന്നു വാസ്തവം ...
ഓഫീസ് വിട്ട് വന്നാൽ അദ്ദേഹം സുഹൃത്തുക്കളുമായി ചിലവിട്ടു.. ഭാഷ എനിക്ക് അവിടെയും ഒരു തടങ്കല്ലായി... ഞാൻ വീണ്ടും ഏകാന്തതകളോട് കൂട്ടുകൂടി...
മദ്യത്തിന്റെ ലഹരികളിൽ അദ്ദേഹം വീണ്ടും വീണ്ടും എന്നെ ബലാത്സംഗം ചെയ്തു... ഭാര്യ ആയാൽ എല്ലാം കടമകൾ ആണല്ലോ...അത്രമേൽ വേദനയോടെ അയാളുടെ ഇങ്കിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുമ്പോൾ ഒരിറ്റ് സ്നേഹം,കരുണ ആ കണ്ണിൽ ഞാൻ പ്രതീക്ഷിച്ചു...എന്റെ ശരീരത്തിൽ അങ്ങിങ് ഉണ്ടാക്കുന്ന മുറിവുകൾ മാത്രം ആണ് ലൈംഗികതയുടെ അടയാളം എന്ന് അയാൾ വിശ്വസിച്ചിരുന്നോ ആവോ.. അറിയില്ല....
പക്ഷേ ഷവറിന് താഴെ നിൽക്കുമ്പോൾ അതിൽ ഉണ്ടാവുന്ന നീറ്റലുകളെക്കാൾ ഞാൻ എന്റെ ശരീരത്തെ വെറുത്തു തുടങ്ങിയിരുന്നു....
ലൈംഗികജീവിതത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശങ്ങൾ ഉണ്ട് എന്നൊക്കെ ടിവിയിൽ മുറവിളി കൂട്ടുന്നവരോട് വല്ലാത്ത അമർഷം തോന്നി തുടങ്ങി .. ലഹരിയുടെ ഉന്മാദത്തിൽ എന്റെ ശരീരത്തിലൂടെ ഊഴ്ന്നിറങ്ങുന്ന മറ്റൊരു മാംസപിണ്ഡമായി മാറിയിരുന്നു അയാൾ അതിനകം...
ഒരു സ്ത്രീയെ വികാരങ്ങൾക്കൊണ്ട് മാത്രമേ കീഴടക്കാനാവൂ.. അതല്ലാത്ത കീഴ്പ്പെടുത്തലുകൾ അവളിൽ ഒരു കനലവശേഷിപ്പിച്ചു കടന്നുപോകും എന്ന് പലപ്പോഴും പലരും മറന്നു പോകുന്നു ...
ചെന്നൈയിലെ ആ ഫ്ലാറ്റിൽ ഞാൻ എന്റെ ജീവിതം തളച്ചിട്ടു... അയാളിൽ നിന്ന് ഒരു നല്ല വാക്ക് കേൾക്കുവാൻ.. ഒരു നല്ല സംഭാഷണത്തിനായി ഞാൻ അത്രമേൽ മോഹിച്ചിരുന്നു... എത്രയേറെ ഇഴകിച്ചേരാൻ ശ്രമിച്ചിട്ടും അയാൾ എന്നിൽ കേവലം തെറ്റുകൾ മാത്രം ചൂണ്ടി കാട്ടിക്കൊണ്ടിരുന്നു...
ഞങ്ങളുടെ പിണക്കങ്ങൾ മാറ്റാൻ കെഞ്ചി കരയുമ്പോളും അദ്ദേഹം പിന്തിരിഞ്ഞു കിടന്നു...മൗനങ്ങൾക്കൊണ്ടു എന്നെ ശിക്ഷിച്ചു....ആ ഫ്ളാറ്റിലെ ഏകാന്തകളിൽ അദ്ദേഹത്തിന്റെ ഒരു പ്രതികരണത്തിനുവേണ്ടി പലപ്പോഴും ഞാൻ ദാഹിച്ചു.... ഞായറാഴ്ചകളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മുൻപിൽ മാത്രം ഞാനൊരു പ്രസന്നവദയായ ഭാര്യ ആയി...അല്ലാത്തപ്പോൾ നിശബ്ദത മാത്രം നിഴലിട്ടു....
ഒരു സ്ത്രീ അമ്മയാകുമ്പോൾ അത്രമേൽ സന്തോഷിക്കുമെങ്കിൽ ഞാൻ എന്റെ അടിവയറ്റിലുണ്ടായ തുടിപ്പുകളെ അത്രമേൽ വെറുത്തിരുന്നു....പിന്നീട് എന്നോ അവനെന്റെ ആത്മാവിനോട് തന്നെ ചേർന്നു.. അതെന്നാണ് എന്ന് എനിക്ക് അറിയില്ല എങ്കിലും പിന്നീട് ജീവിതം അവനിൽ ചുറ്റിപ്പറ്റി വളരുവാൻ തുടങ്ങി....
അദ്ദേഹത്തിന് വിദേശത്ത് ജോലി ആയി എന്നറിഞ്ഞപ്പോൾ ബാക്കി ഭാര്യമാരെപ്പോലെ ഞാൻ കണ്ണീർ വാർത്തില്ല..പകരം ആശ്വാസമായിരുന്നു... ഒരു ജീവപര്യന്തം അവസാനിച്ച ത്രിൽ ഉണ്ടായിരുന്നു അതിൽ....എന്റെ കുഞ്ഞിന്റെ കരച്ചിലുകളെപ്പോലും വകവെയ്ക്കാതെ ഉള്ള ശാരീരികബന്ധത്തിൽ, വീട്ടിലെ ഏകാന്തതകളിൽ,ഞാൻ ഏറ്റവും വെറുത്തിരുന്ന മൗനങ്ങളിൽ, എന്റെ ആഗ്രഹങ്ങളുടെ ബലിത്തട്ടിൽ എനിക്ക് ദാമ്പത്യസുഖം അല്ല ഹൃദയം നുറുങ്ങുന്ന വേദനകൾ മാത്രമാണ് സമ്മാനിച്ചതെന്ന് അയാൾക്ക് അറിയുന്നുണ്ടായിരുന്നില്ലേ... ആവോ..അറിയില്ല ..!!.
വീണ്ടും നാട്ടിലേക്ക് ഞാനും കുഞ്ഞും പറിച്ചു നടപ്പെട്ടു.. ഒരു നല്ല ഭാര്യയെപ്പോലെ ഞാൻ അദ്ദേഹത്തെ യാത്രയാക്കി...വീണ്ടും എന്റെ നാടിന്റെ ആ വശ്യതയിൽ ഞാൻ മുങ്ങിത്താണുകൊണ്ടിരുന്നു ..എങ്ങോട്ട് പോയാലും സ്വന്തം നാടിന്റെ ഗന്ധത്തോളം വരില്ലല്ലോ മറ്റൊന്നും ..
മകൻ സ്കൂളിൽ പോകാറാവുന്നത് വരെ എന്റെ ദിവസങ്ങൾ അവനേ ചുറ്റിപ്പറ്റി കടന്നു പോയി... അവൻ സ്കൂളിൽ പോയി തിരികെ വരുന്ന ആ മണിക്കൂറുകൾ എന്നേ വല്ലാതെ കാർന്നു തിന്നു...
അങ്ങനെ ആണ് ഞാൻ എന്റെ ഫേസ്ബുക്കിൽ കുത്തിക്കുറിക്കുവാൻ തുടങ്ങിയത്... എന്റെ വൈകാരികമായ തുറന്നെഴുതുകൾ പലരിലും എന്റെ ഭർത്താവിലും കോളിളക്കങ്ങൾ ഉണ്ടാക്കി.... മാധവിക്കുട്ടി അല്ല എന്ന അടച്ചാക്ഷേപിക്കലും കേട്ടു തുടങ്ങി... അതോടെ ഞാൻ തന്നെ അത് പതിയെ അവസാനിപ്പിച്ചു...
പിന്നീട് ഏകാന്തത വല്ലാതെ വരിഞ്ഞു മുറുകിയപ്പോൾ ആണ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കി എഴുത്തുകൾ പോസ്റ്റ് ചെയ്യുവാൻ തുടങ്ങിയത്.. അങ്ങനെ എഴുത്തുകളിലൂടെ പലരും എന്നെ തേടി വന്നു തുടങ്ങി...ചിലർക്ക് എഴുത്തുകളെക്കാൾ കൗതുകം എന്നെ അറിയുന്നതിൽ ആയിരുന്നു... എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ എഴുത്തൊരു ആവേശം ആയി മാറിത്തുടങ്ങി...
അങ്ങനെയാണ് എനിക്ക് അയാളുടെ റിക്വസ്റ്റ് വരുന്നത്....ആദി !!...
കക്ഷി എന്റെ വീടിന് കുറച്ചു മാറിയുള്ള ഒരാൾ ആയിരുന്നു ...അൽപ്പം എഴുത്തും വായനയും ഒക്കെ ഉള്ള ഒരാൾ.... ഒരേ ക്ലാസ്സിലായിരുന്നു ചെറുപ്പം തുടങ്ങി ഞങ്ങൾ ....അവനെന്നോട് കൗമാരപ്രണയം ഉണ്ടായിരുന്നു എന്നത് എല്ലാവർക്കും എന്നപോലെ എനിക്കും അറിയുമായിരുന്ന ഒരു വസ്തുത ആയിരുന്നു ...അവന്റെ കവിതകൾ കാട്ടി എന്നെ പണ്ട് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു ...
ഇങ്ങോട്ട് മെസ്സേജുകൾ അയച്ചപ്പോൾ ആദ്യം ആദ്യം നന്നായി അറിയുന്ന ഒരാളെ പറ്റിക്കുന്നതിന്റെ ഒരു രസം ഉണ്ടായിരുന്നു... പിന്നീട് എഴുത്തുകളിലൂടെ അവൻ എന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.... എന്റെ വിരഹങ്ങൾ വേദനകൾ ഓക്കേ ആ വരികൾക്കിടയിലൂടെ അയാൾ വായിച്ചെടുത്തുതുടങ്ങി ....
കുറച്ച് മാസങ്ങൾക്ക് ശേഷം ഈ മൂടുപടം ഒരു അസഹനീയമായി തോന്നിയത് കൊണ്ടാവാം ഞാൻ എന്നെതന്നെ അവന് വെളുപ്പെടുത്തി കൊടുത്തത് ....അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി....
പിന്നീട് എന്നാണ് എന്റെ ഭർത്താവിനോട് പോലും തോന്നാത്ത ഒരു വൈകാരികമായ അടുപ്പം അവനോടു മാത്രം തോന്നിയതെന്ന് എനിക്ക് അറിയില്ല... അത് പ്രണയമായി മാറുവാൻ അധികം താമസം ഉണ്ടായിരുന്നില്ല... അവനും വിവാഹബന്ധം തകർത്തു നിൽക്കുന്നതിനാൽ ആവാം അത്രകണ്ട് എന്നെ മനസ്സിലാക്കിയത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു..
വിവാഹിതയായ സ്ത്രീ.. അമ്മയായ സ്ത്രീ ഒരു സമൂഹത്തിന് മുൻപിൽ ഞാൻ കടന്നു പോകേണ്ടി വരുന്ന വിഷമതകളെക്കുറിച്ചൊക്കെ പല രാത്രികളിലും ഞാൻ ഉറക്കമില്ലാതെ ആലോചിച്ചു... അവസാനം എത്തുന്നത് വരെ എത്തട്ടെ എന്ന നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു...
രാത്രികളിൽ ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നപ്പോൾ അതിനേ സ്ത്രീയുടെ കടമയായി വർണിച്ച സമൂഹത്തോട്.. എന്റെ മോഹങ്ങളടക്കി ഞാൻ ഒരു ശിലയായി കഴിഞ്ഞപ്പോൾ അതിനെ ധർമ്മപത്നി പദം തന്നലങ്കരിച്ച അതിന്റെ ജീർണ്ണിച്ച കാഴ്ചപ്പാടുകളോട് എനിക്ക് തികച്ചും പുച്ഛം തന്നെ ആയിരുന്നു...
ദാമ്പത്യത്തിൽ ഞാൻ ആഗ്രഹിച്ചത് ഒരിക്കലും എന്റെ ശരീരത്തിൽ ഉണ്ടാവുന്ന പുരുഷന്റെ ആളിപ്പടരലുകൾ മാത്രം ആയിരുന്നില്ല...ഈ ടൈം ടച്ച് പ്രസൻസ് ഒക്കെ ഒരു ബന്ധത്തിൽ അത്യന്താപേക്ഷിതമാണ്... അതിനേക്കാൾ ഉപരി ആയിരുന്നു എനിക്ക് എന്നെ മനസ്സിലാക്കുന്ന ഒരാൾ..അങ്ങനെ ഒരാളെ കണ്ടെത്തുവാൻ എനിക്ക് എന്റെ ഭർത്താവിൽ ആയിരുന്നില്ല എങ്കിലും അയാളെ എനിക്ക് ഇഷ്ടം തന്നെ ആയിരുന്നു...പൊരുത്തക്കേടുകളെ പലപ്പോഴും ഞാൻ മറക്കാൻ ശ്രമിച്ചു... പക്ഷേ അദ്ദേഹം വിട്ടുവീഴ്ചകൾക്ക് തയ്യാർ അല്ലായിരുന്നു..
എക്സ്‌പെൻസീവ് ഗിഫ്റ്റുകളിലും ആർഭാടജീവിതത്തിലും ആണ് സ്ത്രീ സന്തോഷം കണ്ടെത്തുന്നതെന്ന് ആണ് അദ്ദേഹം ധരിച്ചിരുന്നത് എന്ന് തോന്നുന്നു ... എനിക്ക് വേണ്ടത് കേവലം കുറച്ചു സംഭാഷണങ്ങളും സ്വകാര്യതകളുമായിരുന്നു... പക്ഷേ അദ്ദേഹം ഒരിക്കലും എന്നെ കേൾക്കാൻ ശ്രമിച്ചില്ല...
അതാവും ആദിയിൽ ഞാൻ കണ്ട പ്ലസ് പോയിന്റും... അവനെന്നും എന്നെ കേൾക്കാൻ അക്ഷമനായിരുന്നു...
പലപ്പോളും ഒരാൾക്കൊപ്പം എന്നെ കണ്ടു എന്നറിഞ്ഞു അമ്മ എന്നോട് അത് രഹസ്യമായി ഒരിക്കൽ ചോദിച്ചു... നടുറോഡിൽ അല്ലെങ്കിൽ ഒരു മാളിൽ ഇത്രെയും ജനങ്ങൾ ഉള്ളിടത്തു ഒരിക്കലും ഒരാളുമായി അവിഹിതം ഉണ്ടാവില്ല അത് സൗഹൃദം മാത്രം ആണ് എന്ന് മുഖം അടച്ചു മറുപടി കൊടുത്തു.... പിന്നീട് ആ നാവ് പൊന്തിയില്ല... വിശ്വസിച്ചു കാണും എന്ന് സമാശ്വസിച്ചു....
പിന്നീട് അത് എന്റെ ഭർത്താവിന്റെ കാതിൽ എത്തുവോളം ഒരു അനശ്വരപ്രണയമായി അവശേഷിച്ചു.... എന്റെ കുഞ്ഞിനേയും ഭർത്താവിനെയും ഒരിക്കലും ഉപേക്ഷിച്ചു ഞാൻ ഇറങ്ങിപോവില്ലായിരുന്നു....അത്രയ്ക്കും കല്ല് ഹൃദയം ആയിരുന്നില്ല എന്റേത്...പോയാൽ എന്റെ മനസാക്ഷിക്ക് മുൻപിൽ എനിക്ക് പിടിച്ചു നിൽക്കുവാൻ ആവുമായിരുന്നില്ല...
പക്ഷേ എന്റെ പ്രണയം ആദിയോട് മാത്രം ആയിരുന്നു... ഒരു കൗമാരക്കാരിയുടെ പ്രണയം തകർന്ന പോലെ ഇരുട്ട് മുറിയിൽ ഞാൻ എന്റെ പ്രണയനഷ്ടത്തെ ധാരകളായി ഒഴുക്കി കളഞ്ഞു.... ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലമുറയിട്ടു... ഭർത്താവ് നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ ഇദ്ദ ആചരിച്ചു...
മറ്റുള്ളവർ എന്നിൽ കാണുന്ന തെറ്റ് കുറ്റങ്ങളെപ്പറ്റി എനിക്ക് അറിയേണ്ടിയിരുന്നില്ല... ഞാൻ എന്നും മനസ്സുകൊണ്ട് ഒരു പ്രണയിനി ആയിരുന്നു... വികാരങ്ങളുടെ ഉൾത്തിരയിൽ എന്നും അടങ്ങി ജീവിക്കുവാൻ എനിക്ക് ആവുമായിരുന്നില്ല... അഗ്നിയായി ആളിപ്പടരുന്ന ത്രസിപ്പിക്കുന്ന എന്റെ മോഹങ്ങളെ അടക്കി സമൂഹത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്ന ആദർശ സ്ത്രീ പദവിയേക്കാൾ നല്ലതാണ്.. ഞാൻ ഞാൻ ആയിരിക്കുന്ന ആ ഒരു നിമിഷം ആണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു...
എന്റെ മകൻ വിവാഹിതനാകും വരെ പിന്നീട് ഞങ്ങൾ ദുബായിയിൽ ആദർശ ഭാര്യാഭർത്താവിനെപ്പോലെ അഭിനയിച്ചു ...കിടപ്പറയിൽ മാത്രം രണ്ടു അപരിചിതരായ ആത്മാക്കളായി .. തിരിച്ചു പോയാൽ എന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്ന് എന്റെ ഭർത്താവ് ഭയന്നു കാണും...അതുകൊണ്ട് നാട്ടിലേക്ക് പിന്നീട് ഉള്ള വരവുകൾ ക്രമേണെ കുറവായിരുന്നു പിന്നീട് അങ്ങോട്ട് ...
പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം ആദിയുടെ മരണവാർത്ത ആരോ പറഞ്ഞു ഞാൻ അറിഞ്ഞു... അപ്പോളും ഉള്ളിലെ പ്രണയം ആരും അറിയാതെ വിതുമ്പി... എത്ര നഷ്ടപ്പെട്ടുവെങ്കിലും പ്രണയം ഉള്ളിൽ ഒരു കോണിൽ അങ്ങനെ തന്നെ കാണും... കാരണം പ്രണയത്തിനു ജരാനരകൾ ഏൽക്കുന്നില്ലല്ലോ ...
മകനും ഭാര്യയും മാറിത്താമസിച്ചതോടെ വീണ്ടും ആ ജീവിതം എനിക്ക് വല്ലാത്ത ദുസഹനീയം ആയി...അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ പുതിയൊരു ലോകം സൃഷ്ടിച്ചു... എനിക്ക് അവിടെയും ആരും അതികം പരിചിതർ ആയി ഉണ്ടായിരന്നില്ല.. നാടെന്നെ എപ്പോളും ഉള്ളിൽ തിരികെ വിളിച്ചു കൊണ്ടിരുന്നു
ഒരു ദിവസം എന്റെ മകനെ വിളിച്ചു എനിക്ക് വിവാഹമോചനം വേണം എന്നാവശ്യപ്പെട്ടപ്പോൾ എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു...
"ഈ അൻപതാം വയസ്സിൽ നിനക്ക് ന്താ ആമി.. ആളുകൾ എന്ത് പറയും.. !!അനുജത്തി എന്നെ വിളിച്ചു ഉപദേശിച്ചു...
വർധിക്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്തിനാണ് ഇതെന്ന് വീണ്ടും കോടതി മുറികളിൽ പലപ്പോളും ഞാൻ ഇതേ ചോദ്യം കേട്ടു.... പക്ഷേ അതെനിക്ക് ആവശ്യം ആണെന്ന് ബോധ്യം ഉണ്ടായിരുന്ന ഒരാൾ എന്റെ ഭർത്താവ് മാത്രം ആയിരുന്നു... പുള്ളി ഒന്നും പറയാതെ എല്ലാം സമ്മതിച്ചു തന്നു....അവസാനം പോരുന്നതിനു മുൻപ് എന്നോട് അത് പറയുകയും ചെയ്തു......
"നിനക്ക് ഒന്നും തരാൻ എനിക്ക് ആയില്ല.. നീ മരിച്ചു ജീവിക്കുക ആയിരുന്നു അല്ലേ ഇത്രേം കാലം ... " എന്ന്..
ഒരു പുഞ്ചിരി കൊണ്ട് ഞാൻ മറുപടി കൊടുത്തു.. അതിൽ എന്തൊക്കെയോ ഒളിഞ്ഞു കിടന്നിരുന്നു...ഒരു സ്ത്രീയായി ഞാൻ എന്റെ വേഷങ്ങൾ എല്ലാം തന്മയത്തോട് കൂടി പകർന്നാടിയല്ലോ...
എല്ലാം നഷ്ടപ്പെട്ടു.. ഒരു നുള്ള് പൊന്നിന്റെ ആ ബലം ഇല്ലാതെ ആ കോടതി വരാന്തകൾ ഇറങ്ങുമ്പോൾ ആദ്യമായി കെട്ടുപൂട്ടുകൾ ഇല്ലാത്ത ഒരു ജീവിതത്തിന്റെ ഭംഗി ഞാൻ അറിഞ്ഞു... മരിക്കുമ്പോളെങ്കിലും ഞാൻ ആയി മരിക്കുവാന് ഇതെനിക്ക് അനിവാര്യമായിരുന്നു..
വീണ്ടും ആ മലനിരകളിലൂടെ എന്റെ കാർ ചീറിപ്പാഞ്ഞു കടന്നുപോയപ്പോൾ എന്നിലെ യൗവനം വീണ്ടും പൂത്തുലയുന്നത് കണ്ടു..
അവിഹിതം എന്നും വിവാഹേതരബന്ധം എന്നും തുടങ്ങി തന്റെ പങ്കാളികളിൽ പലപ്പോളും കുറ്റമാരോപിക്കുന്നവർ ചിലപ്പോളെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്.. ഒരുപക്ഷേ തെറ്റുപറ്റാൻ കാരണക്കാർ നമ്മൾ തന്നെ ആണോ എന്ന്...നിങ്ങളുടെ ദാമ്പത്യത്തിൽ നിങ്ങൾ എവിടെയെങ്കിലും ഓക്കേ പരാചയപ്പെട്ടോ എന്ന്....
"സുനുവാ.. മേരി.. സാ..സ.. ന്... നദിയാം.. !!"
മ്യൂസിക് പ്ലയെർ അലയടിച്ച കർണാടിക് മ്യൂസിക്കിന്റെ വശ്യതയിൽ ഞാൻ വീണ്ടും എന്നെതന്നെ മതിമറന്നു.... വീണ്ടും അച്ഛന്റെ ആ പഴയ കൗമാരക്കാരിയായി .... ഒരു തലോടലായി ഒരു കാറ്റെന്നെ തഴുകി കടന്നു പോയി...അച്ഛനെന്നെ തലോടും പോലെ... തികച്ചും ശാന്തമായി....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക