നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രഥമ ദർശനം (നർമ്മ കഥ)

Image may contain: 1 person, beard and closeup

നിങ്ങൾക്കൊക്കെ കോളേജിലേക്ക് വരാതെ വല്ല തേങ്ങാപറിക്കാനും പൊയ്ക്കൂടെ..!''
തേങ്ങപറിക്കൽ ഒരു തൊഴിലായി ഏറ്റെടുത്തില്ലേലും രാത്രിയിൽ മുണ്ടൻ നായരുടെ എസ്റ്റേറ്റിൽ കരിക്കിടാൻ പോകുന്ന ഞാൻ മാത്രം അത് കേട്ടപ്പോ ലേശം തലയുയർത്തി.
''വായ്നോക്കി നടക്കാൻ നല്ല സാമർത്ഥ്യമാണല്ലോ, അതിന്റെ പകുതി ഇതിൽ കാണിച്ചാ പോരെ..?''
ഇപ്പറഞ്ഞത് എന്നെ ഉദ്ദേശിച്ചു തന്നെയാണെന്ന പൂർണബോധ്യത്തിൽ, ഉയർത്തിയ തല ഞാൻ ടപ്പേന്നു താഴ്ത്തി.
അതേകോളജിൽ തന്നെ സിവിൽ എൻജിനീയറിങ് പഠിക്കുന്ന സൗമ്യ തോമസിന്റെ പിറകെ ഒന്നരവർഷമായി ഞാൻ നടക്കുന്ന കാര്യം അവളൊഴികെ കോളേജിലെ ഓരോ ചുവരുകൾക്കു പോലുമറിയാവുന്നതാണ്.
- ചാക്കോ മാഷ് രാവിലെ തന്നെ നല്ല കലിപ്പിലാണ്. കോളേജ് ഡേയ്ക്ക് ഇപ്രാവശ്യവും നമ്മുടെ ക്ലാസിൽ നിന്ന് ഒരാള് പോലും പങ്കെടുക്കുന്നില്ല, അതാണ് വിഷയം.
മൂപ്പരെ പിണക്കിയാൽ അടുത്ത പീരിയഡ് പ്രാക്റ്റികലിന് വർക്ക്ഷോപ്പ് മുഴുവൻ ക്ലീൻ ചെയ്യിക്കും, പിണങ്ങാതിരിക്കണമെങ്കിൽ ഏതേലും ഒരുത്തൻ എന്തേലും പരിപാടി അവതരിപ്പിക്കാം എന്ന് പറയണം.
കലാവാസനയുള്ള ആരും നമ്മുടെയീ ക്ലാസ്സിൽ ഇല്ലേ എന്നോർത്ത് അടുത്തിരിക്കുന്ന സുമേഷിനെ ഞാനൊന്ന് പാളിനോക്കി.
'ഇന്റർവലിന് വലിച്ച സിഗരറ്റിന്റെ മണമല്ലാതെ മറ്റൊരു വാസനയും എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട' എന്ന മട്ടിൽ അവനും എന്നെ നോക്കി തോൾ കുലുക്കി.
ഒരു പെണ്കുട്ടി ക്ലാസിൽ ഉണ്ടായിരുന്നെങ്കിൽ കഴുത്തിൽ കത്തി വച്ചാന്നേലും അവളെക്കൊണ്ടൊരു തിരുവാതിര കളിപ്പിക്കാമായിരുന്നു.
മെക്കാനിക് പണി പഠിക്കാൻ പെണ്കുട്ടികൾ മുന്നോട്ടിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഓരോ മിനിറ്റ് കഴിയുംതോറും ചാക്കോ മാഷിന്റെ റേഡിയേറ്റർ ചൂടായി, ചൂടായി വരികയാണ്.
മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി, നെഞ്ചും വിരിച്ച് ചാടിയെണീറ്റ് ഞാനെന്ന ധീരയോദ്ധാവ് പറഞ്ഞു,
'സാർ, ഞാൻ പാട്ടു പാടാം'
തണുത്ത വെള്ളം കിട്ടിയ റേഡിയേറ്റർ പോലെ മാഷിന്റെ മുഖം പെട്ടെന്ന് വിടർന്നു
അതേ, ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് 'മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ' ഡിപാർട്മെന്റിൽ നിന്ന് ആദ്യമായി ഒരു വിദ്യാർത്ഥി പരിപാടി അവതരിപ്പിക്കാൻ പോകുന്നു..!!
ക്ലാസ്സിൽ മുഴങ്ങിയ കരഘോഷം കേട്ട് ഞാൻ ധൃതങ്കപുളകിതനായി.
ഇതുവരെ എന്റെ വായീന്നൊരു മൂളിപ്പാട്ടുപോലും കേൾക്കാത്ത, സന്തത സഹചാരി സുമേഷ് മാത്രമപ്പോഴും ഞെട്ടൽ മാറാതെ വായും പൊളിച്ചിരുന്നു.
''ഡാ, നിന്റെ പ്രേമോം, മണ്ണാങ്കട്ടയുമൊക്കെ നീ മതിയാക്കിയാ..?''
മാഷ് സ്റ്റാഫ് റൂമിലേക്ക് പോയതും സുമേഷ് എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
''അതെന്താ നീ അങ്ങനെ ചോയ്ച്ചെ..? സൗമ്യയിപ്പൊ എന്നെക്കാണുമ്പോ ചെറുതായി ചിരിക്കണതൊക്കെ ഇയ്യ് കാണാറില്ലേ..? "
"അതോണ്ടെന്ന്യാ ഞാൻ ചോയ്ച്ചെ.. ഇപ്പൊ ഓള് ചെർതായി അന്നെ നോക്കി ചിരിക്ക്ണ്ട്,
ജില്ലിപ്പൊടി മിക്‌സീലിട്ട് അരക്കണ മാതിരീള്ള സൗണ്ടും വച്ച് നീ പരിപാടിക്ക് പാട്ട് പാടിയാ ഓള് മാത്രല്ല, തോളീ കയ്യിട്ട് നടക്കണ ഈ ഞാനും കൂവും.. ഒർപ്പായിട്ടും..!"
മുഖമടച്ച് ഒന്നു കൊടുക്കാൻ തോന്നിയെങ്കിലും, പറഞ്ഞതിൽ അല്പം വാസ്തവം ഉള്ളത് കൊണ്ട് മാത്രം ഞാൻ സംയമനം പാലിച്ചു.
"എടാ സുമേ, യ്യ് കവിതാ കവിതാ എന്നു കേട്ട്ണ്ടാ..?
അന്നേം എന്നേം പോലെ ചിരട്ടക്കൊരക്കണ മാതിരി സൗണ്ടുള്ള എല്ലോർക്കും പാടാൻ പറ്റിയ സാധനോണ് കവിത.
അന്നേരം ഞാൻ പാടാംന്ന് പറഞ്ഞില്ലാർന്നേൽ, ചാക്കോച്ചന് ഹാലിളകി മ്മളെക്കൊണ്ട് കോളജിലെ കക്കൂസ് വരെ കഴുകിച്ചേനെ.
അതിന് മാത്രല്ലഡാ, ഇപ്പേരും പറഞ്ഞ് കോളേജിലെ ആസ്ഥാന പാട്ടുകാരിയായ ന്റെ സൗമ്യക്കുട്ടീനോട് മിണ്ട്വേം പറയേം ചെയ്ത്, ഓളെ സെറ്റാക്കേം ചെയ്യാലോ, എങ്ങനീണ്ട്..?"
"സംഗതി കൊള്ളാം. പക്ഷേ......."
എന്തോ കൊനിഷ്ട് വീണ്ടും ഓന്റെ തൊള്ളയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നു എന്ന് മനസിലാക്കിയ ഞാൻ, മുഖം തിരിച്ച് വേഗം ഫോണെടുത്ത് ഗൂഗിളിൽ 'ബെസ്റ്റ് മലയാളം കവിതകൾ' സെർച്ച് ചെയ്യാൻ തുടങ്ങി.
.....
മുരുകൻ കാട്ടാക്കടയുടെ 'രേണുക' എന്ന നീണ്ട കവിത, രാത്രിയും പകലുമില്ലാതെ രണ്ടുദിവസംകൊണ്ട് ഉറക്കമിളച്ച് പഠിച്ച് എന്നെത്തന്നെ ഞാൻ അത്ഭുതപ്പെടുത്തി.
നാളെയാണ് കോളേജ് ഡേ.
ഓരോ കുട്ടികളും ഗ്രൗണ്ടിന്റെ പല മൂലകളിലായിരുന്നു റിഹേഴ്സലുകൾ നടത്തുന്നു.
എന്റെ നായികയതാ വാകമര ചുവട്ടിൽ ഒറ്റക്കിരുന്നു പാട്ടു പഠിക്കുന്നു.
പ്രണയവും വാകയും തമ്മിൽ ഉപ്പും കഞ്ഞിയും പോലൊരു ഇഴപിരിയാത്ത ബന്ധമുള്ളത് ഞാനോർത്തു. പറ്റിയാൽ അവളോട് ഇപ്പോത്തന്നെ മനസ്സ് തുറക്കാം എന്ന് കരുതി അടുത്തേക്ക് ചെന്നു.
ഹാ..! എത്ര മനോഹരമായ ശബ്ദം. ഒരു നിമിഷം ഞാൻ പാട്ടിൽ ലയിച്ചിരുന്നു പോയി.
പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഈശ്വരാ ചതിച്ചു..! ഈ മഹാപാപിയും കവിത പാടുന്നു..!!
അതും നട്ടപാതിരവരെ ഞാൻ കുത്തിയിരുന്നു പഠിച്ച അതേ കവിത 'രേണുക'.
മത്സരമല്ലേലും കാമുകിയും, ഗാനകോകിലവുമായ സൗമ്യ തോമസ് പാടുന്ന പാട്ടു തന്നെ പാടിക്കൊളമാക്കി നാണം കെടാൻ വയ്യ.
മാഷിന്റെ വായീന്നുള്ളത് കേൾക്കാതെ രണ്ടു ദിവസത്തേക്കു ലീവെടുത്ത് വീട്ടിലിരിക്കാം, അതേയുള്ളൂ വഴി.
~~~~~
''അല്ലേലും രേണുകയും നാരായണിയുമൊന്നും അന്റെ സ്റ്റാൻഡേർഡിനു ചേരൂല്ലടാ. അനക്ക് പാടാൻ പറ്റ്യൊരു സാധനം ഞാൻ തരാം.''
വിവരമറിഞ്ഞെത്തിയ സുമേഷ് എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് ആ കവിതയെന്നെ കേൾപ്പിച്ചു.
'പ്രഥമദർശനം'
കൊള്ളാം, നല്ല ന്യൂ ജനറേഷൻ കവിത, കേൾക്കണോരെ ചിരിപ്പിക്കാൻ പറ്റിയ സാധനോണ്.
നാളെ എൻ്റെ കവിതാപാരായണത്തിൽ മയങ്ങിവീഴുന്ന സൗമ്യാ തോമസിനെയും സ്വപ്നം കണ്ട് 'പ്രഥമദർശനം' ഞാൻ മന:പാഠമാക്കാൻ തുടങ്ങി..
പിറ്റേ ദിവസം സ്റ്റേജിൽ,
"നിന്റെ തുളുമ്പുന്ന യൗവ്വനം കണ്ടു ഞാൻ
ഇന്നലെയുറങ്ങിയില്ലെന്നോമലേ..."
ആദ്യത്തെ നാലുവരി പാടിയപ്പോ തന്നെ സദസ്സിൽ കൂട്ടച്ചിരിയും, കയ്യടിയും.
ആവേശം മൂത്ത ഞാൻ പിന്നീടുള്ള വരികൾ ഓരോ പെണ്കുട്ടികളുടെയും നേരെ വിരൽ ചൂണ്ടി ചൊല്ലാൻ തുടങ്ങി.
"പോകുന്ന വഴികളിൽ പരിമളം വീശുന്ന ഫോറിന്റെ മണമൊന്നു വേറെ തന്നെ,
അച്ഛൻ ഗൾഫിലാണല്ലേ.."
സിന്ധു, ബിന്ദു, ലീന, സൗമ്യ, ഷംന
അങ്ങനെ മുന്നിലെ നിരയിലിരുന്ന ഓരോരുത്തരെയും ചൂണ്ടി ഓരോ വരികളും ചൊല്ലി.
അടുത്തവരി ആരെ ചൂണ്ടിപ്പാടും എന്നാലോചിക്കുമ്പോഴേക്കും ദേ പോണ് ഒരു പെണ്ണുമ്പിള്ള സാരിയുമിട്ടോണ്ട് സ്റ്റേജിനു മുന്നീക്കൂടെ.
വിട്ടുകൊടുത്തില്ല, അവർക്ക് നേരെതന്നെ അടുത്ത വരി തൊടുത്തു.
"സിനിമാപരസ്യമൊട്ടിക്കുവാനോ
പുറം വലുതായ്‌ തുറന്നിട്ടിരിക്കുന്നു നീ,
കണ്ട്രോള് പോകുന്ന പയ്യൻസിനരികിലൂ-
ടൊട്ടും നടക്കല്ലേ സുരസുന്ദരീ.."
സദസ്സിൽ കനത്ത നിശബ്ദത.. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും
ആ നിശ്ശബ്ദതതയെ കീറിമുറിച്ചു കൊണ്ട് ആവേശത്തോടെ ഞാൻ കവിത ചൊല്ലിത്തീർത്തു.
~~~~~
പരിപാടിയും കഴിഞ്ഞ് രണ്ടാഴ്ചത്തെ സസ്‌പെൻഷൻ പ്രിൻസിപ്പാളിന്റെ കയ്യിൽ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയപ്പോഴാണ് മനസ്സിലായത്, പരിപാടിക്ക്
പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ പഞ്ചായത്തു പ്രസിഡന്റ് മറിയാമ്മാ തോമസിന്റെ ബ്ലൗസിന്റെ പുറത്താണ് ഞാൻ സിനിമാപ്പരസ്യം ഒട്ടിക്കാൻ ശ്രമിച്ചതെന്ന്..
ശുഭം
- ആനന്ദ് കൊളോളം -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot