Slider

ചന്ദ്രിക....ഭാഗം 2

0
Image may contain: 1 person, sunglasses and beard

വീടിന്റെ ഗെയിറ്റ് തുറന്നപ്പോൾ തന്നെ കൂട്ടിലിരുന്ന പട്ടി ശക്തമായ കുരച്ചു....പത്ത് പതിനാല് വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി പുറത്തേക്ക് വന്നു...
"പ്രാഞ്ചി....ഫ്രാൻസിസിൻ്റെ വീടല്ലേ ഇത്"
"അതേ അപ്പൻ പണിക്ക് പോയിരിക്വാ"..."ആരാ"...
"ഞാൻ അവൻ്റെ ഒരു പഴയ ചെങ്ങായിയാ"....
"കേറിയിരിക്ക് കേട്ടാ"
"ആരാ മോളെ അത് " അകത്ത് നിന്നൊരു സ്ത്രീ ശബ്ദം....
"അത് അപ്പനെ കാണാൻ
വന്നതാ...അപ്പൻ്റെ പഴയ ചെങ്ങായിയാ പോലും"...
നൈറ്റിയുടെ തുമ്പത്ത് കൈ തുടച്ചു കൊണ്ട് ഒരു സ്ത്രീ കടന്നു വന്നു...
"ഇരിക്ക് കേട്ടാ....അടുക്കളയിൽ കുറച്ച് പണിയുണ്ടായിരുന്നു..."
"പ്രാഞ്ചിയുടെ സോറി ഫ്രാൻസിസിൻ്റെ ഭാര്യയല്ലേ....എൻ്റെ പേര് ബാലു...ബാലഗോപാൽ....." ഞാനൊന്ന് നിർത്തി
"അവൻ എന്നെ കുറിച്ച് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?...."
"ഈ പേര് അച്ചായൻ പണ്ടെപ്പോ പറഞ്ഞ് കേട്ടിട്ടിണ്ട് ........കുടിക്കാൻ ?ചായയെടുക്കട്ടെ...."
"വേണ്ട ചായ ഏമ്പേറ്റ്ന്ന് കുടിച്ചു....എന്താണ് അവനെന്നെ കുറിച്ച് പറഞ്ഞത്? എനിക്ക് ചതിയനായ ഒരു ചെങ്ങായി ഉണ്ടായിരുന്നു എന്നാണോ?"....
അവർ ഒന്ന് പുഞ്ചിരിച്ചു....
"അകത്തിരിക്കാം...."
മനോഹരമായി അലങ്കരിച്ച നടുമുറി....ചുമരിൽ നടുവിലായി ക്രൂശിതനായ യേശുവിൻ്റെ ചിത്രം ഇരു വശത്തുമായി പ്രാഞ്ചിയുടെ അപ്പച്ചൻ കപ്യാര് മത്തായിയുടെയും അമ്മ അന്നമ്മാമ്മയുടെയും ഫോട്ടോകൾ.... അത് കണ്ടപ്പോൾ കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ ഇടവും വലവും കുരിശിൽ തറച്ച കള്ളന്മാരെ ഓർമ്മ വന്നു....
ഞാനാ ഫോട്ടോ നോക്കുന്നത് കണ്ടിട്ടാവണം മുമ്പെങ്ങോ പരിചയമുള്ളത് പോലെ അവരെന്നോട് സംസാരിച്ചു...
"അമ്മച്ചി മരിച്ചിട്ട് ഏഴ് വർഷായി....കാൻസർ ആയിരുന്നു... അതോടെ അപ്പൻ തളർന്നു....കഴിഞ്ഞ വർഷം അപ്പനും പോയി...."
"മോളെത്രയിലാ പഠിക്കുന്നേ....ഒരാളെയുള്ളു?".....
"അവള് ഒൻപതിൽ...ഒരു മോനും കൂടിയുണ്ട് അവൻ അഞ്ചില്...രണ്ടാളും പരിയാരത്ത് പഠിക്കുന്നു....അവനെവിടെയോ കളിക്കാൻ പോയിട്ടുണ്ട്"....
പുറത്ത് ഒരു ബൈക്ക് വന്ന് നില്ക്കുന്ന ശബ്ദം....
"അച്ചായൻ ഇന്ന് നേരത്തെ ആണല്ലോ"
"ഞാൻ വിളിച്ചു പറഞ്ഞിരുന്നു".. മോളുടെ മറുപടി....
അവൻ കയറി വന്നപ്പാടെ എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി....പ്രാഞ്ചിക്ക് വലിയ മാറ്റമൊന്നുമില്ല...അല്പം തടിച്ചിട്ടുണ്ട്...കുറച്ചു നര കയറിയിട്ടുണ്ട്...
"ഇറങ്ങിപോടാ എൻ്റെ വീട്ടിന്ന്..." അവൻ അലറി....
"അവന് കേറി വരാൻ കണ്ടിരിക്കുന്നു...എന്തിനാടാ നീ വന്നേ...ഞാൻ ചത്തോന്ന് അറിയാനാ...ഇല്ലടാ ചത്തിട്ടില്ല...ഇതാ പനപോലെയിണ്ട്...."...
ഞാനൊരു അടിയായിരുന്നു പ്രതീക്ഷിച്ചത്....എനിക്കറിയാം അവൻ്റെ ദേഷ്യം....ഇരുപത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ചങ്ങാതിയെ അവൻ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാ സ്വീകരിക്കേണ്ടേ...?
അങ്ങനെ ചീത്തവിളിക്കുമ്പോഴും അവൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു....എനിക്കും കരച്ചിൽ വന്നു....അവനെന്നെ കെട്ടി പിടിച്ചു.....
ഒരു നിമിഷത്തേക്ക് അവൻ്റെ കോപം ആവിയായി തണുത്തുറഞ്ഞു പോയി...
അല്ലെങ്കിലും അവനങ്ങനെയാ....ദേഷ്യം വന്നാൽ ഒരു മഴ പോലെ അങ്ങ് നിന്ന് പെയ്യും....അത് ചിലപ്പോൾ നല്ല ഇടിയോട് കൂടി അതിശക്തമായി പെയ്യും...പിന്നീട് പെയ്തൊഴിഞ്ഞ മാനം പോലെ.....
"നീ ഇരി ഞാനൊന്ന് കുളിച്ചിട്ട് വരാം...."
അകത്തെ സ്വീകരണ മുറിയിലെ കസേരയിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു....
........................................................
ഏമ്പേറ്റ് പള്ളിയിലെ കപ്യാര് മത്തായി എന്ന മാത്യൂസിൻ്റെ മകൻ ഫ്രാൻസിസും പരിയാരത്തെ രാഘവൻ മാഷിന്റെ അഞ്ച് മക്കളിൽ ഇളയവനായ ബാലഗോപാലൻ എന്ന ഞാനും എന്ന് മുതലാണ് ഇണപിരിയാത്ത കൂട്ടുക്കാരായത്....?
പഠിക്കാൻ കേമനാണെങ്കിലും കൂട്ടുക്കാർ കുറവായിരുന്നു എനിക്ക്....അല്പം വിക്കുള്ളതിനാൽ ഒരു കാര്യം പറയണമെങ്കിൽ ഒരു പാട് സമയമെടുക്കും....കുട്ടികൾ പലപ്പോഴും കളിയാക്കും....അതുകൊണ്ട് തന്നെ ഇത്തിരി മുൻശുണ്ഠിക്കാരനായിരുന്നു ഞാനെന്ന കുട്ടി.....
പക്ഷെ അതിൽ നിന്നെല്ലാം മാറി ഫ്രാൻസിസ് എനിക്കൊരു രക്ഷാകവചമായി തീർന്നു....
ഒരിക്കൽ എൻ്റെ വിക്കിനെ കളിയാക്കിയവൻ്റെ മൂക്ക് ഇടിച്ചു പതപ്പിച്ചു....അന്ന് മുതൽ എനിക്കവൻ കൂടപ്പിറപ്പിന് തുല്ല്യമായ കൂട്ടുക്കാരനായിരുന്നു....
പത്താംക്ലാസിൽ അവൻ അന്തസ്സോടെ തോറ്റു....അതോടെ അവൻ പഠിപ്പ് നിർത്തി....ഞാൻ പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു... എന്നാലും അവനുമായുള്ള സൗഹൃദം അപ്പോഴും പഴയതിനെക്കാൾ ഭംഗിയായി കൊണ്ടു നടന്നു...അവനെ കാണുന്നതിന് വേണ്ടി മാത്രം ഞായാറാഴ്ചകളിൽ സൈക്കിളുമെടുത്ത് പള്ളിയിലേക്ക് പോകും...ഉച്ചയൂണ് മിക്കവാറും അവന്റെ വീട്ടിന്ന്....അന്നമ്മാമ്മയുടെ താറാവുലത്തിയതും ബീഫ് ഫ്രൈയും ഇന്നും നാവിൻ്റെ രസമുകുളങ്ങളെ ഉത്തേച്ചിപ്പിക്കാറുണ്ട്.......
..............................................................
"എന്താടാ കിനാവ് കാണുകയാണോ...."
"അല്ലടാ...നമ്മുടെ പഴയകാലം ഞാൻ ഓർത്തു പോയതാണ്..."
"അതൊക്കെ നീ ഇപ്പോഴും ഓർക്കുന്നുണ്ടോ?എന്നിട്ടാണ് ഇരുപത് വർഷം കഴിഞ്ഞ് ചെങ്ങായിനെ കാണാൻ വന്നിരിക്കുന്നത്...."
"അതിരിക്കട്ടെ വെള്ളമടി എങ്ങനെയാ?...പഴയ പോലെ തന്നെയാണോ?...അച്ഛനെ പേടിയുള്ള മകനല്ലേ....?
"കല്ല്യാണം കഴിഞ്ഞതോടെ മദ്യപാനം പൂർണ്ണമായും നിർത്തി..."
"ഹ.ഹ.ഹ...അപ്പോ ബി.പിയുണ്ടെന്നർത്ഥം !!!.." "ഏതായാലും നീ വന്നത് നന്നായി.. എനിക്കൊരു കമ്പനിക്ക് ആളായി..."
അവൻ്റെ നിർബന്ധത്തിനു വഴങ്ങി,എൻ്റെ ചങ്ങാതിക്ക് വേണ്ടി
പത്ത് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഇന്ന് മദ്യപിക്കാൻ തീരുമാനിച്ചു....
"നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..."
"വെറുതെ നിന്നെ കാണാൻ.... നിന്നോട് കുറച്ചു സംസാരിക്കാൻ...ഞാൻ രാവിലെ തന്നെ പോകും...."
അവൻ എൻ്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി.....
"എന്താടാ പഴയകാര്യങ്ങൾ ഓർമ്മ വന്നോ...."
"ഏയ് ഇല്ല...ഞാനതൊക്കെ എപ്പോഴെ മറന്നു..... നീ അവളെ കാണാറുണ്ടോ...?"
"ആരെ ?"
"ചന്ദ്രികയെ...?"
അവനെന്നെ രൂക്ഷമായി ഒന്ന് നോക്കി....അതിൻ്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.... ഞാനും ചന്ദ്രികയും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ അറിയാവുന്നവൻ....ഞങ്ങളുടെ ഹംസം.....അവൻ ഒന്നും മറുപടി പറഞ്ഞില്ല....
വർഷങ്ങളായി മദ്യപിക്കാത്തതിനാലാവണം രണ്ട് പെഗ്ഗ് കഴിച്ചപ്പോഴെക്കും തലയ്ക്ക് നല്ല ലഹരി....എന്നെ ആരോ ആകാശത്തേക്ക് എടുത്തുയർത്തുന്നത് പോലെ....ചിറകില്ലാതെ ഞാനങ്ങനെ പറന്നു നടന്നു......അപ്പോൾ ഞാനവിടെ ഒരു അപ്സ്സരസിനെ കണ്ടു....അവളെന്നെ മാടി വിളിച്ചു.... അതവളല്ലേ....എൻ്റെ ചന്ദ്രിക....ഒരിക്കൽ എൻ്റെ എല്ലാം എല്ലാമായാവൾ....അതേ അതവൾ തന്നെ...........(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo