Slider

സ്പിരിറ്റ് ഓഫ് വിപ്രോ

2
Image may contain: 1 person

ഇന്ന് ഡിസംമ്പർ 17. ഇന്നേക്ക് പത്ത് വർഷങ്ങൾക്ക് മുൻപാണ് ഞാൻ വിപ്രോയിൽ ജോയിൻ ചെയ്തത്.
കോളേജിൽ നിന്നും നേരേ ജോലിക്ക് കയറിയതിനാൽ ഈ കോർപറേറ്റ് കൾച്ചറിനെ പറ്റിയൊക്കെ വല്യ പിടിപാടുണ്ടായിരുന്നില്ല. കോളേജിൽ പ്രൊഫസേഴ്സിനെയൊക്കെ "സാർ'' എന്നൊക്കെ വിളിച്ച് ശീലിച്ചത് കൊണ്ട് അവിടേം സീനിയേഴ്സിനേം മാനേജേഴ്സിനേയുമൊക്കെ " സാർ" എന്നു വിളിക്കാൻ ഒരു ത്വര ഞങ്ങൾ പുതുതായി ജോയിൻ ചെയ്തവർക്കുണ്ടായിരുന്നു. എന്നാൽ അത് "കോർപറേറ്റ് കൾച്ചറ"ല്ലന്നും പറഞ്ഞ് അവർ തന്നെ അത് തിരുത്തി. എങ്കിലും പ്രായമായ ഡെലിവറി മാനേജേഴ്സിനെയൊക്കെ പേരെടുത്ത് വിളിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ടായിരുന്നു.
അങ്ങനെ അവിടുത്തെ മൂന്നു മാസത്തെ ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് പ്രൊജക്ടൊന്നും ഇല്ലാതെ ബെഞ്ചിൽ ചൊറിയും കുത്തി ഇരിക്കുന്ന കാലം.
ബെഞ്ചിൽ ഇരിക്കാംന്ന് പറഞ്ഞാൽ പണിയെടുക്കാതെ ശമ്പളം വാങ്ങാവുന്ന രസകരമായ അനുഭവമാണെങ്കിലും ഇലക്ട്രോണിക് സിറ്റി ഓഫീസിലെ ബെഞ്ച് പോലെയല്ല സർജാപുർ ഓഫിസിലെ ബെഞ്ച് !
ഇലക്ട്രോണിക് സിറ്റിയിലെ ബെഞ്ചാണ് ബെഞ്ച് ! വിശാലമായ ക്യാമ്പസും ധാരാളം ബിൽഡിംഗുകളുമുണ്ട്. ഒരു വിധം എല്ലാ പ്രൊജക്ട് ടീമുകളും അവിടെ തന്നെയാണ്. അതിനാൽ ധാരാളം ചെറുപ്പക്കാരുമുണ്ട്. അപ്പൊ പണിയില്ലാതെ നമ്മൾ തേരാ പാരാ നടന്നാലും ആരും മൈൻഡ് ചെയ്യുക പോലുമില്ല. നമ്മളെ പോലെ ബെഞ്ചിൽ നൂറുകണക്കിന് വേറെ ആൾക്കാരും കാണും. പോരാത്തതിന് ഡോർമിറ്ററിയും.
പ്രോഗ്രാം ചെയ്ത് ക്ഷീണിച്ച യുവാക്കൾക്കും യുവതികൾക്കും ഒന്ന് നടു നിവർത്താനുള്ള മധുര മനോഹരമായ സംവിധാനമാണ് ഡോർമിറ്ററികൾ! (രണ്ട് കൂട്ടർക്കും വെവ്വേറെയാണ്. ആരും ഓവർ ആയി ചിന്തിച്ച് കുളമാക്കരുത്! )
ഏ സി യുടെ കുളിർമയിൽ, അധികം വെളിച്ചം കയറാത്ത വിധം കർടനിട്ട് സജ്ജീകരിച്ച മുറിയിൽ , ഒരു ചുളിവുമില്ലാത്ത വെള്ള വിരികൾ വിരിച്ച പതുപതുത്ത മെത്തകളിൽ മൂടി പുതച്ചു കിടന്നുറങ്ങാൻ എന്ത് രസമാണന്നോ.
എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് സർജാപുർ ഓഫീസിലെ അവസ്ഥ! അവിടം വിപ്രോയുടെ ഹെഡ് ഓഫീസാണ് . വലിയ വലിയ ആളുകൾ ആണ് അവിടെയുള്ളത്. ഓരോ ഡിവിഷന്റേയും തലവൻമാരും തലൈവികളും. വിപ്രോയിലെ കൊമ്പൻ സ്രാവുകൾ. ഡോർമിറ്ററിയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല! ആകെ ശോകം. പോരാത്തതിന് ലൂയിസ് എന്ന കൊടും ഭീകരനും.
ട്രെയിനിംഗ് കഴിയാറായപ്പോളേ ലൂയിസിന്റെ ക്രൂരതകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങിയതാ. ഒരോരുത്തരേം ഒരോ ഗുദാമിലോട്ടൊക്കെ ട്രാൻസ്ഫർ ചെയ്യുമത്രേ. ട്രാൻസ്ഫർ വേണ്ടവർക്ക് കൊടുക്കേം ഇല്ല. കരഞ്ഞാലും കാലു പിടിച്ചാലും ഒന്നും മനസലിയാത്ത കശ്മലന്‍. കരഞ്ഞാൽ കൂടുതൽ വയലന്റാകും എന്നൊക്കെ.
ഇങ്ങനെ പല ഹൊറർ കഥകൾ കേട്ടിട്ടുള്ളതിനാൽ ട്രെയിനിംഗ് കഴിഞ്ഞ് ഞങ്ങൾ എല്ലാരും ഇലക്ട്രോണിക് സിറ്റിയിലേക്ക് പോവാൻ മുട്ടി പായി പ്രാർത്ഥിച്ചു. ഒരു വിധപ്പെട്ട എല്ലാരുടേം പ്രാർത്ഥന കേട്ട ദൈവം മൂന്നു പേരുടെ മാത്രം കേട്ടില്ല. ബംഗാളിയായ ദേബ്, കർണാടകക്കാരൻ ഭരത് പിന്നെ ഹതഭാഗ്യയായ എന്റേം!
അങ്ങനെ സർജാപുരിൽ ഞങ്ങൾ 3 പേരും ഒരു ക്യുബിക്കളിൽ എത്തപെട്ടു. തൊട്ടടുത്ത ക്യുബിക്കളിൽ ഒക്കെ ഏതൊക്കെയോ വൻ പുലികൾ. കുറച്ചപ്രത്ത് മാറിയൊരു ക്യുബിക്കളിൽ ലൂയിസും അസിസ്റ്റന്റ് സരിഗയും. അങ്ങനെ പുലിമടയിൽ അകപ്പെട്ട 3 എലികുഞ്ഞുങ്ങളെ പോലെ ഞങ്ങൾ! ആകെ ഭീകരാവസ്ഥ!
എപ്പോളും കമ്പ്യൂട്ടറിന്റെ മോണിട്ടർ നോക്കി ഇരുന്ന് പഠിക്കുന്ന പോലെ അഭിനയിക്കുക , പശ്ചാത്തലത്തിൽ ബ്ലോഗ് വായിക്കുക. പിന്നെ ഒഫിഷൽ മെയിൽ ഐ ഡി യിൽ വരുന്ന ഫണ്ണി വീഡിയോസ് ഒക്കെ മെയിലിൽ "ഇംപോർട്ടന്റ് " എന്ന ഫോൾഡറിലേക്ക് മാറ്റുക, ''ഓർഗനൈസേഷൻ അനൗൺസ്മെൻസ് " എന്ന ചവറുകളൊക്കെ നിഷ്കരുണം ഡിലീറ്റ് ചെയ്ത് തള്ളുക, പിന്നെ ഇടക്കിടക്ക് അപ്രത്ത് പണിയെടുത്ത് കൊണ്ടിരിക്കുന്ന സന്ധ്യ എന്ന കന്നഡ കൊച്ചിനേം വിളിച്ചോണ്ട് ചായ കുടിക്കാൻ പോവാ എന്നീ ലീലാവിലാസങ്ങളിൽ ഏർപ്പെട്ട് ഞാൻ കഷ്ടപെട്ട് സമയം തള്ളിനീക്കി.
ഇതിന്റെ ഇടക്ക് എന്റെ കാലും ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടായിരുന്നു . ഞങ്ങളുടെ പി ജി യിൽ മൂട്ട ശല്യം കാരണം ബെഡ് കൊണ്ട് പോയി ടെറസിൽ ചൂടാക്കാൻ ഇടുന്ന ഒരു പതിവുണ്ടായിരുന്നു മുട്ടയെ തുരത്താൻ . ഒരു ദിവസം ഞാൻ അലക്കിയിട്ട തുണികൾ എടുത്ത് കൊണ്ട് വരികയായിരുന്നു. അപ്പൊ അതാ ബെഡും ചൂടായി കിടക്കുന്നു. എന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. എന്നാൽ അതും കൂടി എടുത്തേക്കാം, പിന്നേം കയറി ഇറങ്ങണ്ടാലോ. ഇത് ചിന്തിച്ച് ബെഡും കൂടി എടുത്ത് ടെറസിലെ പടവുകൾ ഇറങ്ങിയത് മാത്രേ എനിക്ക് ഓർമയുള്ളു. പിന്നെ നിധിൻ , ഷോബിത്ത് എന്നീ സുമനസുകളുടെ സഹായത്തോടെയായിരുന്നു ഞാൻ ഓഫീസിൽ പൊയ്കൊണ്ടിരുന്നത്.
അങ്ങനെയിരിക്കെ ബെഞ്ചിൽ അങ്ങനെ ചുമ്മാ ഇരിക്കണ്ടാന്നും പറഞ്ഞ് ഞങ്ങൾക്ക് ചെന്നെയിൽ നിന്നും ഒരു മെൻഡറെ ഏർപ്പാടാക്കി.ഗണേഷ് എന്നാണ് പുള്ളിയുടെ പേര്. ഞങ്ങൾക്ക് അസൈൻമന്റ് തരികാ, അത് ചെയ്തു കഴിയുമ്പോ റിവ്യൂ ചെയ്ത് അഭിപ്രായം പറയുക ഒക്കെയാണ് പുള്ളിക്കാരന്റെ പണി. പഠിപ്പിസ്റ്റ് ഭരത് ഗൂഗിളിന്റെ സഹായത്തോടെയും, ഞാനും ദേബും ഗൂഗിളിന്റേം ഭരതിന്റേം സഹായത്തോടെയും ഈ അസൈൻമെൻസ് എങ്ങനെയൊക്കെയോ ചെയ്ത് കൂട്ടി.
അങ്ങനെയിരിക്കെ ബുദ്ധിമുട്ടുള്ള ഒരു അസൈൻമെന്റ് സമയബന്ധിതമായി ഞങ്ങൾ പൂർത്തിയാക്കി. ആ സന്തോഷം പങ്കുവെക്കാൻ ഞാൻ എന്റെ ഈ മെയിലിൽ വന്ന ഒരു ടോം ആന്റ് ജെറിയുടെ രണ്ടര മിനിട്ട് ദൈർഘ്യമുള്ള രസകരമായ ഒരു കൊച്ച് വീഡിയോ ഭരതിനേം ദേബിനേം കാണിക്കാൻ തിരുമാനിച്ചു. സാധാരണ ഭരത് ഈ വക ചീള് കേസുകൾക്കൊന്നും വരാത്തതാണ്, എന്നാൽ അസൈൻമെന്റ് തീർന്നതിന്റെ സന്തോഷത്തിൽ അവനും കാണാൻ തയ്യാറായി.
അവൻമാർ സീറ്റൊക്കെ അടുപ്പിച്ചിട്ട് ഇരുന്നു. വിശാലമായി കണ്ടോട്ടെ എന്നോർത്ത് ഞാൻ വീഡിയോ ഫുൾ സ്ക്രീൻ വെച്ചു. ശബ്ദം ഇല്ല. ടോം ആന്റ് ജെറിയിൽ ശബ്ദത്തിന് പ്രസക്‌തിയില്ലല്ലോ.
രണ്ട് മിനിട്ട് പോയതേ അറിഞ്ഞില്ല. ടോമിന്റേയും ജെറിയുടേയും ലീലാവിലാസങ്ങൾ കണ്ട് ഞാനും ദേബും ചിരിച്ച് മരിച്ചു. ഭരത് ഒരു ചെറു പുഞ്ചിരിയോടെ ഇരുന്നു. അവനൊരു വികാരശൂന്യനായ മനുഷ്യനാണു. പുഞ്ചിരി തന്നെ വല്യ കാര്യം. പോരാത്തതിന് " That was a good one" എന്നു അഭിനന്ദിക്കുകയും ചെയ്തു.
അങ്ങനെ ചിരിക്കാനൊക്കെ മടിയുള്ള ഒരാളുടെ മനസിൽ പുഞ്ചിരിയുടെ നവവിത്തുകൾ പാകാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യത്തോടെ ഞാൻ സന്ധ്യയേയും കൂട്ടി ചായ കുടിക്കാൻ ഇറങ്ങി. ദേബ് സിഗരറ്റ് വലിക്കാനും ഭരത് പത്രം വായിക്കാനും പോയി.
ചായ കുടിച്ചോണ്ടിരുന്നപ്പോളാണ് സന്ധ്യയുടെ പ്രൊജക്ടിലെ ഒരു നോർത്ത് ഇന്ത്യൻ കൊച്ചിന്റെ ചോദ്യം. " നിങ്ങളുടെ ക്യുബിക്കളിൽ എന്തായിരുന്നു സംഭവം? എല്ലാവരും എഴുന്നേറ്റ് നിന്ന് നോക്കുന്നുണ്ടായിരുന്നല്ലോ" എന്ന്. എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. കർത്താവേ, പണി ആയോ. ആ ഭീകരർ എല്ലാം എന്റെ വീഡിയോ കാണാനാവില്ല, യാദൃശ്ചികമായി ഒരുമിച്ചെഴുന്നേറ്റതായിരിക്കും എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ചായ കുടിച്ചെന്ന് വരുത്തി എങ്ങിനെയൊക്കെയോ ക്യുബിക്കളിൽ തിരിച്ചെത്തി സീറ്റിലിരുന്നു. ദേബും ഭരതും എത്തിയിട്ടില്ല.
ഇരുന്ന് ഒരഞ്ചു മിനിട്ടായില്ല, ലൂയിസിന്റെ അസിസ്റ്റന്റ് സരിഗ അവിടെയെത്തി. ''How is your leg now?" എന്ന് ചോദിച്ചു. എന്റെ സുഖ വിവരം അറിയാനല്ല അവർ വന്നത് എന്ന് മനസിലാക്കാൻ വല്യ സെൻസും സെൻസിബിലിറ്റീം സെൻസിറ്റിവിറ്റീം ഒന്നും വേണ്ടല്ലോ. "It's Ok " എന്ന് ഞാൻ പറഞ്ഞതും " Louis wants to have a word with you. Call your 2 friends also" എന്നും പറഞ്ഞ് പുള്ളിക്കാരി പോയി. ജാങ്കോ ഞാൻ പെട്ടു.
ദേബിനെ വിളിച്ചപ്പോൾ തന്നെ കിട്ടി. ലൂയിസ് എന്ന് കേട്ടതും സിഗരറ്റ് ഒക്കെ വലിച്ചെറിഞ്ഞ് അവൻ ഓടി പാഞ്ഞെത്തി. ഭരത്തിനെ വിളിച്ചിട്ടാണേൽ അവൻ എടുക്കുന്നില്ല.
ഞാനും ദേബും കൂടി ലൂയിസിന്റെ ക്യുബിക്കളിൽ എത്തി. എന്റെ തൊണ്ട വരളുന്നു കാല് തളരുന്നു പേശികളാകെ ഉരുണ്ട് കയറണു. അക്ഷരാർത്ഥത്തിൽ മുട്ടൊക്കെ കൂട്ടിയിടിക്കുന്നു. എന്തായാലും എന്റെ പ്ലാസ്റ്റർ കാരണം ആണെന്ന് തോന്നണു,എനിക്കിരിക്കാൻ ഒരു കസേര തന്നു.
മൂന്നാമത്തവൻ എവിടെ എന്ന് ചോദിച്ചു. വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ലൂയിസ് ലാന്റ് ഫോണിൽ നിന്ന് അവനെ വിളിച്ചു. അപ്പൊ അവൻ എടുത്തു. ഇത് ലൂയിസാണ് ഉടനെ എന്റെ ക്യുബിക്കളിലേക്ക് വരാൻ പറഞ്ഞ് ലൂയിസ് ഫോൺ കട്ട് ചെയ്തു. പാവം ഭരത് കാര്യം എന്താന്ന് അറിയാൻ ദേബിന്റെ ഫോണിൽ വിളിച്ചു. ആ കോളും ലൂയിസ് തന്നെ എടുത്തു '' ഇങ്ങോടേക്ക് വരാൻ പറഞ്ഞിട്ട് ഫോൺ വിളിച്ച് കളിക്കാണോന്ന് " പറഞ്ഞ് പിന്നേം കട്ട് ചെയ്തു. അധികം വൈകാതെ ഭരതും എത്തി.
ഈ സമയത്ത് ഞാൻ ലൂയിസിനെ ശ്രദ്ധിക്കുകയായിരുന്നു. വട്ട മുഖം , നല്ല തടി , കണ്ണടയുമുണ്ട്. ഭാവം കൂടി നല്ലതായിരുന്നെങ്കിൽ താടീം വെച്ച് ക്രിസ്മസ് അപ്പൂപ്പൻ ആക്കാം.
എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ലൂയിസിന്റെ ആദ്യ ചോദ്യം '' നിങ്ങൾ എന്താണിവിടെ ചെയ്യുന്നത്? ". ഞങ്ങൾ വെറുതെ ഇരിക്കുവല്ലെന്ന് തെളിയിക്കാൻ ഞങ്ങൾ വാചാലരായി. ചെന്നെയിൽ മെൻഡർ ഉണ്ടെന്നും അസൈൻമെന്റ് ഒക്കെ ചെയ്ത് SAP ABAP ന്റെ അനന്ത സാധ്യതകൾ കണ്ടെത്തികൊണ്ടിരിക്കാന്നും പറഞ്ഞു.
അപ്പൊ തന്നെ ലൂയിസ് ഗണേഷിന്റെ നമ്പർ വാങ്ങി ഡയൽ ചെയ്തു , സ്പീക്കറിൽ ഇട്ടു! "നിങ്ങൾക്ക് വല്ല ഉത്തരവാദിത്തമുണ്ടോ? നിങ്ങളുടെ പിള്ളേർ ഇവിടെ കിടന്ന് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നെ എന്നറിയോ?" എന്നൊക്കെ പറഞ്ഞ് കത്തികയറി. പാവം ഗണേഷ് സോറി ഒക്കെ പറഞ്ഞു. ഞങ്ങളെ ഇങ്ങനെ വിട്ടാൽ പോരാ എന്നൊക്കെ പറഞ്ഞ് ലൂയിസ് ഫോൺ വെച്ചു ഞങ്ങളുടെ നേരെ തിരിഞ്ഞു.
ഞാൻ പേടിച്ചിട്ട് എല്ലാം എന്റെ തെറ്റാണെന്നും ഈ മെയിലിൽ വന്ന ഒരു വീഡിയോ അറിയാതെ കണ്ട് പോയതാണെന്നും ഇനി കൊക്കിനു ജീവനുണ്ടേൽ ഇങ്ങനെ ചെയ്യത്തില്ലെന്നും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
അപ്പൊ ലൂയിസ് '' ഇതെങ്ങാനും സമീർ കണ്ടിരുന്നെങ്കിലോ? ". അപ്പൊ ഞാൻ ''ആരാ സമീർ ?" . എനിക്ക് കൗതുകം ലേശം കൂടി പോയത് കൊണ്ട് അറിയാതെ ചോദിച്ചു പോയതാണ് ! ഞാൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ചിന്തകളെല്ലാം ചോദ്യങ്ങളായി അപ്പപ്പോ തന്നെ പുറത്ത് വരുന്നത്. ഒന്നു ഇരുത്തി ചിന്തിച്ചാൽ എനിക്ക് തന്നെ അതിലെ മണ്ടത്തരം മനസിലാകും. പക്ഷെ അപ്പോളേക്കും ദുരന്തം സംഭവിച്ചു കാണും. എന്ത് ചെയ്യാനാ വാവിട്ട വാക്കും കൈവിട്ട അമ്പും തിരിച്ചെടുക്കാനാവില്ലല്ലോ.
എന്തായാലും സമീർ ഏതോ വലിയ പുള്ളി ആണെന്ന് തോന്നണു. ലൂയിസിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. ഇപ്പൊ കണ്ടാല്‍ കണ്ണാടി വെച്ച തക്കാളി പോലെയുണ്ട്. '' നിങ്ങൾ ''ഓർഗനൈസേഷൻ അനൗൺസ്മെൻസ് " ഒന്നും വായിക്കാറില്ലേ?" ഞാൻ അപ്പോൾ കൂടുതൽ വിനയാന്വിതയായി സത്യസന്ധയായി! " ഇല്ല ലൂയിസ് . അത് ധാരാളം വരുന്നത് കൊണ്ട് വായിക്കാൻ സമയം കിട്ടാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്''.
ലൂയീസ് ക്രുദ്ധനായി. മുഖം, വിറക്കുന്ന കണ്ണട വെച്ച തക്കാളി! "ഇതൊക്കെ കുട്ടിക്കളിയാണെന്നാണോ വിചാരം?ഡു യു നോ വാട്ട് ഈസ് മെൻഡ് ബൈ സ്പിരിറ്റ് ഓഫ് വിപ്രോ?''.
ഓഫീസിന്റെ അവിടവിടെ പച്ച കളറുള്ള ബാനറുകളിൽ മഴവില്ലിന്റെ നിറങ്ങളുള്ള സൂര്യകാന്തി പൂവിന്റെയൊപ്പം എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ വായിച്ച് പഠിച്ചിട്ടില്ല!
പഠിപ്പിസ്റ്റ് ഭരതിനറിയുമായിരിക്കും എന്നോർത്ത് ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. അപ്പൊ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു! കണ്ണുനീർ ധാര ധാരയായി ഒഴുകുകയാണ്! എത്ര നേരമായവോ കരച്ചിൽ തുടങ്ങിയിട്ട്.
ലൂയിസ് ഞങ്ങളോട് പുള്ളിയുടെ കമ്പ്യൂട്ടർ മോണിട്ടറിൽ എഴുതിയിരുക്കുന്നത് വായിക്കാൻ പറഞ്ഞു. " Intensity to win, Unyielding Integrity, Act with sensitivity" . ഇത് ഞങ്ങൾ 3 പ്രാവശ്യം വായിച്ചു. ഭരതിന് ശബ്ദം ഉണ്ടായിരുന്നില്ല. ഓൺലി ലിപ് മൂവ്മെന്റ് !
പിന്നീട് ലൂയിസിന്റെ ക്ലാസ് ആയിരുന്നു. ഒഫിഷ്യൽ ഈ മെയിൽ ഐ ഡി യൊക്കെ ഇങ്ങനത്തെ ഫണ്ണി വീഡിയോസ് ഒക്കെ ഫോർവാഡ് ചെയ്യാനും റിസീവ് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റമാണെന്നൊക്കെ മനസിലാക്കി തന്നു.
അപ്പൊ ദേബ് "അതൊരു നിരുപദ്രവമായ വീഡിയോ ആയിരുന്നു. ഇങ്ങോടേക്ക് വന്നതാണ്. മാത്രമല്ല ഞങ്ങൾ എല്ലാം പഠിച്ചൊക്കെ കഴിഞ്ഞാണ് അത് കണ്ടത്. Advanced ABAP വരെ ഞങ്ങൾ പഠിച്ചു കഴിഞ്ഞു" .നശിപ്പിച്ച്!!!കുറച്ചു ശാന്തനായി വന്ന ലൂയിസിന് അത് കേൾക്കേ കൺട്രോൾ പോയി.
'' അഹാ, അത്രേം പഠിച്ചോ. അങ്ങനെ ആണേൽ നിങ്ങൾക്ക് 3 പേർക്കും ഒന്നും കൂടി പരീക്ഷ ഇടാം. ദേബിന് Advanced ABAP ന്റെ സ്പെഷ്യൽ പരീക്ഷേം ഉണ്ടാകും "
പരീക്ഷ എന്ന് കേൾക്കേ എന്റെ സപ്തനാഡികളും തളർന്നു. ട്രെയിനിംഗ് കഴിഞ്ഞുള്ള പരീക്ഷ തന്നെ ഒരു കണക്കിനാ പാസായെ . അപ്പൊ ദേ ഇനീം.
ദൈവത്തിന്റെ ഈ അനീതിയെ കുറിച്ചോർത്തൊപ്പൊ സങ്കടം കൊണ്ടെൻ കണ്ണ്, കണ്ണുനീർ തടാകമായി. എന്ത് കൊണ്ടോ ലൂയിസിന്റെ ഭാവം മാറി. കുറച്ച് ശാന്തത വീണ്ടെടുത്തു.
'' നീ കരയാൻ പോവാണോ. ഭയങ്കര ധീരയെന്നാണല്ലോ ഞങ്ങൾ വിചാരിച്ചേ. പ്ലാസ്റ്റർ ഇട്ട കാലും കൊണ്ടു എല്ലായിടത്തും പ്രസന്നവദനയായി നടക്കുന്ന നിന്റെ ധീരതയെ പറ്റി ഞങ്ങൾ സംസാരിക്കാറുണ്ട്.'' ലീവ് ഇല്ലാത്തതു കൊണ്ടും ചായ കുടിക്കാനുമാണ് ഞാൻ പ്ലാസ്റ്റർ ഇട്ട കാലോണ്ട് നടക്കുന്നതെന്നും, അല്ലാണ്ട് ധീര ആയിട്ടല്ലെന്നും ഞാൻ ബുദ്ധിപരമായി മിണ്ടാൻ പോയില്ല.
" ഇവിടെ വഴക്കൊക്കെ പറയുന്നത് സാധാരണയാണ്. അതൊക്കെ നിങ്ങൾക് ഇപ്പോൾ പറഞ്ഞാൽ മനസിലാകില്ല. ഒരഞ്ചു കൊല്ലമൊക്കെ കഴിയുമ്പോൾ ഈ കമ്പനിയുമായി നിങ്ങൾക്കൊരു ആത്മബന്ധമൊക്കെ വരും." എന്നൊക്കെ പറഞ്ഞു ഞങ്ങളെ വെറുതെ വിട്ടു.
അവിടുന്ന് രക്ഷപെട്ടെങ്കിലും മെൻറർ ഗണേഷ് എന്ത് വിചാരിച്ചു കാണും എന്നോർത്ത് വ്യാകുലപ്പെട്ട് ഞങ്ങൾ ക്യുബിക്കളിലേക്ക് എത്തി. അപ്പൊ ഞങ്ങൾക്ക് 3 പേർക്കും ഗണേഷിന്റെ മെയിൽ വന്നിട്ടുണ്ടായിരുന്നു. ലൂയിസ് അടുത്തില്ലാത്തപ്പോൾ ഗണേഷിനെ വിളിക്കാൻ . ഞങ്ങൾ അപ്പൊ തന്നെ ഗണേഷിനെ വിളിച്ചു. പേടിച്ച പോലെ ഒന്നും ഉണ്ടായില്ലന്നു മാത്രമല്ല ടോം ആന്റ് ജെറി എന്നൊക്കെ കേട്ട് ഗണേഷ് ഭയങ്കര ചിരിയായിരുന്നു. അപ്പോളാണ് ഭരതിന്റെ മുഖമൊന്ന് തെളിഞ്ഞത്.
എന്തായാലും ടോം ആന്റ് ജെറി സംഭവത്തിലുടെ ലൂയിസിനെ പറ്റിയുള്ള കാഴ്ചപ്പാട് മാറി കിട്ടി. ക്രൂര കാപാലികനായ ഒരു സ്വേഛാപതിയല്ലെന്നും, സ്വന്തം ജോലിയേയും സ്ഥാപനത്തേയും സ്നേഹിക്കുന്ന ഒരു കാർക്കശ്യകാരനായ സാധാരണക്കാരനാണെന്നും മനസിലായി. കാണുമ്പോളൊക്കെ ചിരിക്കയും വിശേഷമന്വേഷിക്കുകയും ഒക്കെ ചെയ്യും. മാത്രവുമല്ല കല്യാണം ഒക്കെ ഉറപ്പിച്ച് കഴിഞ്ഞപ്പോൾ റിസഷന്റെ ടൈം ആയിട്ട് കൂടി ലൂയിസ് ഇടപെട്ട് ചെന്നെയ്ക്ക് ട്രാൻസ്ഫർ ഒക്കെ ശരിയാക്കി തന്നു.
അന്ന് ലൂയിസ് അഞ്ച് വർഷമെന്നൊക്കെ പറഞ്ഞപ്പോൾ അത്രയും കാലമൊക്കെ വിപ്രോയിലോ ഐ ടി യിൽ തന്നെയോ നിൽക്കാൻ സാധിക്കുമെന്നോർത്തില്ലെങ്കിലും ഏഴ് വർഷത്തോളം ഞാൻ വിപ്രോയിൽ ഉണ്ടായിരുന്നു. അവിടുത്തെ മറക്കാനാവാത്ത സൗഹൃദങ്ങൾ, ലഞ്ച് ടൈമിലെ വർത്തമാനങ്ങൾ, ബെർത്തഡേ സെലിബ്രേഷൻസ്, ടീം ലഞ്ചുകളിലെ വെട്ടി വിഴുങ്ങലുകൾ, പ്രൊജക്ട് എസ്കലേഷൻസ് , ഡോർമിറ്ററിയിലെ ഉറക്കം, ചായ കുടി, ഒന്സൈറ്റില്‍ നിന്നും വരുന്നവര്‍ കൊണ്ടവരുന്ന ചോക്ലെട്സ് . അങ്ങനെ എത്രയെത്ര മറക്കാനാവാത്ത ഓർമകൾ.
സ്പിരിറ്റ് ഓഫ് വിപ്രോയുടെ മൂല്യങ്ങൾ എത്രമാത്രം ഉയർത്തി പിടിക്കാൻ പറ്റി എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം, സ്വന്തം വീടിനു പുറത്തെ മറ്റൊരു വീടായിരുന്നു എനിക്ക് വിപ്രോ.

By: Deepthi Prasanth
2
( Hide )
  1. Wow..Super..Njanum Oru wiproite anu..Ee story vayichappol ento pala karyangalum relate cheyyan sadhichu..great!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo