Slider

ചെസ്സ്‌ ബോർഡ്

0
Image may contain: 3 people, people smiling

കുഞ്ഞമ്മാവൻ കള്ളക്കളി കളിക്കുന്നുണ്ടോ എന്നൊരു സംശയം ... അടുത്ത പ്രാവിശ്യം ശരിക്കും നോക്കിയിരിക്കണം .. ആ നേരത്ത് എന്റെ ശ്രദ്ധ മാറ്റാൻ ഓരോന്നും പറഞ്ഞ് വന്നേക്കരുത് .. പറഞ്ഞേക്കാം "
അനിയൻ കണ്ണുരുട്ടി എന്നോട് പിറുപിറുത്തു
"ഡാ .. അവളുടെ ചെവികടിച്ചു മുറുമുറുക്കാതെ വേഗം കളിക്കാൻ നോക്ക് ..അവനൊരു വല്യ ചാമ്പ്യൻ വന്നിരിക്കുന്നു .. നിന്നെയിന്നു ഞാൻ ശരിയാക്കി താരാടാ "
കുഞ്ഞമ്മാവൻ ഒരു വലിയ ഈർക്കിലും പത്തു ചെറിയ ഈർക്കിലുകളും അനിയന് മുന്പിലേക്ക്‌ വെച്ചുകൊണ്ട് വാശിയോടെ പറഞ്ഞു ..
തറവാട്ടിൽ 'ആശാനും കുട്ടിയും ' ഫൈനൽ മാച്ച് നടക്കുകയാണ് ..
( വലിയ ഈർക്കിൽ ആശാൻ. ചെറിയ ഈർക്കിലുകൾ കുട്ടികൾ .. ആശാനെയും കുട്ടികളെയും ചേർത്ത് പിടിച്ച് നിലത്തേക്കിടും .. ആശാന്റെ മുകളിൽ ഒരു കുട്ടിയെങ്കിലും വീണിരിക്കണം എന്നാണ് നിയമം..ശേഷം ഒറ്റക്ക് മാറി വീണിരിക്കുന്ന ഒരു കുട്ടി ഈർക്കിൽ കൊണ്ട് ആശാനുമുകളിലും, ഒന്നിന് മുകളിൽ ഒന്നായും വീണിരിക്കുന്ന ഈർക്കിൽ കുട്ടികളെ മറ്റ് ഈർക്കിൽ കുട്ടികൾ അനങ്ങാതെ പതിയെ പൊക്കിയെടുത്ത് മാറ്റണം.. ഇതാണ് കളി )
അപാരാമായ ക്ഷമയും ശ്രദ്ധയും വേണം .. ഞങ്ങൾ അന്നാകളിയിൽ കാണിച്ചിരുന്ന ക്ഷമയും ശ്രദ്ധയും പഠിത്തിൽ കാട്ടിയിരുന്നെങ്കിൽ തറവാട്ടിൽ കുറഞ്ഞത് പത്ത് ഐ എ എസ് കാരെങ്കിലും ഉണ്ടായേനെ ..!!
അനിയനാണ് സ്ഥിരം ചാമ്പ്യൻ.. അവനെ തകർക്കാൻ ചില ഗൂഢാലോചനകൾ അണിയറയിൽ നടന്നോ എന്നൊരു സംശയം ഇല്ലാതില്ല ..
കുഞ്ഞമ്മാവനിന്ന് പതിവിൽ കൂടുതൽ ആത്മവിശ്വാസത്തിലാണ് ...
രണ്ടു പോയിന്റിന് മുൻപിലാണ് കക്ഷി .. അനിയൻ പുള്ളിയുടെ നീക്കങ്ങൾ സംശയത്തോടെയാണ് നോക്കുന്നത് .. കുഞ്ഞമ്മാവൻ കളിക്കുമ്പോൾ തറയിൽ കമഴ്ന്നു കിടന്ന് അവൻ ഈർക്കിലുകളെ തുറിച്ചു നോക്കി .. ചെറിയ അനക്കങ്ങൾ പോലും കണ്ടുപിടിക്കണമല്ലോ .
പണ്ടേ ചെറിയ തോൽവികൾ പോലും അവന് താങ്ങാൻ പറ്റുമായിരുന്നില്ല ..
പക്ഷെ അന്ന് എന്തുകൊണ്ടോ കുഞ്ഞമ്മാവന്റെയടുത്ത് മാത്രം ഈർക്കിലുകൾ അനുസരണ കാണിച്ചു ..
അനിയൻ കളിക്കുമ്പോൾ കൂട്ടമായനങ്ങി ഈർക്കിൽ കുട്ടികൾ അവനെ തോൽപ്പിച്ചു ..
കളിയുടെ അവസാനം തോറ്റു തൊപ്പിയിട്ടു നിൽക്കുന്ന അനിയനോട് കുഞ്ഞമ്മാവന്റെ ഡയലോഗ്
"നീയങ്ങനെ അമ്മാവന്മാരെ തോൽപ്പിച്ച് മിടുക്കനാവണ്ട !!"
അവൻ ചുണ്ടു കൂർപ്പിച്ച് മുഖം ചുളിച്ചു കളിയിൽ നിന്നും വാക്ക്ഔട്ട് നടത്തി ..
കുഞ്ഞമ്മാവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു .. അപ്പം ശരിക്കും ഇതിനു പിറകിൽ എന്തോ നടന്നീട്ടുണ്ട് ..
" സത്യം പറ കുഞ്ഞമ്മാവാ ... എന്താ സംഭവം ?"
" എടീ .. അവൻ കളിക്കാൻ തുടങ്ങും മുൻപ് ഞാനെന്റെ ഒരു തലമുടി സൂത്രത്തിൽ തറയിലിടും .. എന്റെ ഭാഗ്യത്തിന് ആ ചെക്കൻ ഈർക്കിൽ നിലത്തിടും മുൻപേ തറ ശ്രദ്ധിക്കാറില്ല.. അവന്റെ ഈർക്കിൽ സുന്ദരമായി എന്റെ തലമുടിയിൽ ഉടക്കി അനങ്ങും .. എപ്പടി ബുദ്ധി ?!"
" എന്റമ്മോ .. അപാര ബുദ്ധി തന്നെ .. കുഞ്ഞമ്മാവൻ വെറും 'കുഞ്ഞ് 'അമ്മാവനല്ല .. ഒരു ഒന്ന് ഒന്നര ഒന്നേമുക്കാൽ അമ്മാവനാ"!!
(ഞാനൊക്കെ എങ്ങനെ നന്നാവാനാ ?? ഇവരെയൊക്കെ കണ്ടല്ലേ വളർന്നെ)
വീട്ടിൽ ചെന്നപ്പോൾ അനിയന്റെ മുഖം ഒരു കുട്ടയുണ്ട് ..
" അക്കയും അവരുടെ കൂടെ കൂടി എന്നെ പൊട്ടിച്ചു ...അല്ലെ ??!"
"ഇല്ലെടാ .. ഞാനെപ്പോഴും നിന്റെ സൈഡ് തന്നെ "
കുഞ്ഞമ്മാവൻ പറഞ്ഞ രഹസ്യം ഞാനവനോട് പറഞ്ഞില്ല ..കാര്യം അവനതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല .. തീവ്രവാദിയാ !!
" ഞാനിനി പുതിയ കളി കളിച്ചു പഠിക്കാൻ പോവാ.. മേലിൽ കുഞ്ഞമ്മാവന്റെ കൂടെ ആശാനും കുട്ടീം കളിക്കില്ല " അനിയൻ പറഞ്ഞു
" അതെന്ത് കളി "
"ചെസ്സ് "
" നമ്മൾ നിര കളിക്കുന്ന പോലെയുള്ള കളിയല്ലേ?"
അല്പജ്ഞാനിയായ ഞാൻ
"ആ.. വേണേൽ അങ്ങനെ പറയാം..പക്ഷെ ഇതിന് നല്ല ബുദ്ധി വേണം .."
അവനെന്നെ ഒരു പ്രത്യേക നോട്ടം നോക്കി പറഞ്ഞു .. ആ പറഞ്ഞ സാധനം എനിക്കല്പം കുറവാണെന്നാണ് ആ നോട്ടത്തിന്റെയർത്ഥം!.. ചെക്കൻ തോറ്റോടി വന്നിരിക്കുവല്ലേയെന്ന സഹതാപം ഒന്നുകൊണ്ട് മാത്രം ഞാൻ പ്രതികരിച്ചില്ല...
"പക്ഷെ .. ഒരു പ്രശ്നമുണ്ട് "
അവൻ ചൂണ്ടുവിരൽ കൊണ്ട് താടി ചൊറിഞ്ഞു
"എന്ത് പ്രശ്നം ?"
"ചെസ്സ് ബോർഡും കരുക്കളും വാങ്ങേണ്ടേ ?"
"അതിനെന്താ .. വാങ്ങണം "
" അതിന് ദുട്ട് വേണം.. ദുട്ട് .. ഉണ്ടോ കയ്യിൽ?"
ചോദ്യത്തിൽ പരിഹാസം ..!
ഈയിടെയായി ഇവന് എന്നോടൊരു ബഹുമാനക്കുറവുണ്ട് .. ശരിയാക്കിത്തരാം ! .. അടുത്ത ഓണ പരീക്ഷക്ക് മുൻപ് നിന്നെ പഠിപ്പിക്കാൻ അമ്മ എന്നെ ഏൽപ്പിക്കുമല്ലോ ?? അന്ന് ഞാൻ നിന്നെ എടുത്തോളാം' .. ഞാൻ മനസ്സിൽ പറഞ്ഞു
" എന്റെ കൈയ്യിലെവിടുന്നാ പൈസ .. ഇരുപത് പൈസാ ഇൻസ്ട്രുമെന്റ് ബോക്സിലുണ്ട്‌ .. അത്രേ ഉള്ളൂ "
"ഇരുപത്പൈസ കൊണ്ട് ഗ്യാസ് മുട്ടായി പോലും കിട്ടില്ല .. അപ്പഴാ ചെസ്സ് ബോർഡ് ! ഞാൻ റോഡ്മുക്കിലുള്ള സന്തോഷേട്ടന്റെ കടയിൽ ചെസ്സ് ബോർഡ് കണ്ടിരുന്നു .നൂറ്റിയറുപത്തഞ്ചു രൂപയാ വില "
"അയ്യോ .. നൂറ്റിയറുപത്തഞ്ചു രൂപ നമ്മളെവിടുന്നുണ്ടാക്കും ?"
"അച്ഛനോടും അമ്മയോടും ചോദിച്ചാലോ അക്കെ?"
"വേണ്ട .. അവരുടെ കയ്യിൽ ഉണ്ടാവില്ല"
"ഉം.. ശരിയാ .. ആ ! ഒരു വഴിയുണ്ട് "
അല്ലേലും അവൻ പണ്ടേ ഐഡിയകളുടെ ഉസ്താദാ ..
" എന്ത് വഴി?"
"അക്കെ .. വിഷു വരുവല്ലേ .. നമുക്ക് വിഷുക്കൈനീട്ടം കിട്ടുമല്ലോ "
"അത് ശരിയാ .. പക്ഷെ അത്രേം പൈസ നമുക്കു രണ്ടാൾക്കും കൂടി കിട്ടുമോ ?? കഴിഞ്ഞ തവണ രണ്ടുപേർക്കും കൂടി നൂറു രൂപയിൽ താഴെയല്ലേ കിട്ടിയുള്ളൂ "
" നമുക്ക് നോക്കാം അക്കെ.. നമ്മുടെ കശുമാവ് കായ്ച്ചീട്ടുണ്ട് .. നമുക്ക് കശുവണ്ടി പെറുക്കി വിൽക്കാം .. അച്ഛൻ സമ്മതിക്കും .. നമുക്ക് സോപ്പിട്ട് ചോദിക്കാം "
അന്ന് രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ കാര്യം അവതരിപ്പിച്ചു ..
വീട്ടിൽ ചർച്ചകളും പ്രശ്നപരിഹാരങ്ങളും പുതിയ നിവേദന സമർപ്പണവുമോക്കെ അത്താഴത്തിന്റെ സമയത്താണ് .. ( അടുക്കളയിലെ കുഞ്ഞു മേശക്ക് ചുറ്റുമിരുന്ന് ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങളില്ല .. ഇന്നും അവധിക്ക് നാട്ടിൽ ചെന്നാൽ അങ്ങനെ തന്നെ വേണമെന്ന് എല്ലാവർക്കും നിർബന്ധവുമാണ് )
അച്ഛൻ അമ്മയെ നോക്കി .. പറമ്പിലെ കശുവണ്ടി പെറുക്കി വിൽക്കുന്ന കോൺട്രാക്ടാണ് മക്കൾ ചോദിക്കുന്നത് .. പിന്നെ എല്ലാ വർഷവും വിഷുകൈനീട്ടം അമ്മയെ ഏൽപ്പിക്കാറാണ് പതിവ് .. ഈ പ്രാവിശ്യം അതും ഉണ്ടാവില്ല .. അമ്മ അപ്രൂവൽ തന്നാലേ സംഭവം ഫൈനലാവൂ..ഞങ്ങൾ അമ്മയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി .. അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല .. പിന്നെ ചിരിച്ചു കൊണ്ട് സമ്മതിച്ചു ..
വിഷു എത്തി .. ഞങ്ങൾ ശുഭ പ്രതീക്ഷയിലാണ് .. കൈനീട്ടം തരാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ്‌ നേരത്തെ തന്നെ തയ്യാറായിരുന്നു .. ഞങ്ങൾ അവരുടെയെല്ലാം മുൻപിൽ അവർ കാണാൻ പാകത്തിൽ പോയി നിന്നു .. ഇനി നമ്മളെ കണ്ടില്ലെന്ന് പറഞ്ഞ് കൈനീട്ടം തരാതിരിക്കണ്ടാ...!!
മാക്സിമം കളക്ഷൻ കിട്ടി കഴിഞ്ഞപ്പോൾ സന്ധ്യയായി .. അമ്മ കണ്ണുരുട്ടിയപ്പോൾ മനസ്സില്ലാമനസോടെ നാമം ചൊല്ലാനിരുന്നു.. വെറുതെയൊരു അധരവ്യായാമം .. !
മനസ്സു മുഴുവൻ അകത്ത് പൊതിഞ്ഞു വെച്ചിരിക്കുന്ന ചില്ലറ പൈസയിലും സന്തോഷേട്ടന്റെ കടയിലെ ചെസ്സ് ബോർഡിലുമാണ് !
നാമം ചൊല്ലിത്തീർന്നതും അകത്തേക്കോടി രണ്ടാളും .. പൈസ പൊതിഞ്ഞു വെച്ച കടലാസു പൊതിയഴിച്ച് നിലത്തിരുന്ന് ഞങ്ങൾ എണ്ണാൻ തുടങ്ങി .. കൂടുതലും ചില്ലറപൈസകളാണ് .. നോട്ടുകൾ വിരളം!
നൂറ്റിപ്പത്തു രൂപ !!
ഞങ്ങൾ കശുവണ്ടി വിറ്റ പൈസ പത്തു രൂപ .. അപ്പം നൂറ്റി ഇരുപത് രൂപ !!
ഞങ്ങൾ ആകെ നിരാശരായി .. അന്ന് രാവിലെ മുതൽ ഉണ്ടായിരുന്ന ഉത്സാഹമൊക്കെ ചോർന്നുപോയി .. പൈസ പൊതിഞ്ഞു വെച്ച് രണ്ടു പേരും ഒരോ മൂലക്കിരുപ്പായി .. അനിയൻ കുറച്ചു കഴിഞ്ഞ് ആ പൊതിയഴിച്ച് വീണ്ടും എണ്ണുന്നത് കണ്ടു .. ഇനി എണ്ണിയത് തെറ്റിയതാണെങ്കിലോ ..! പാവം തോന്നി ..!!
അമ്മ അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ ഞങ്ങൾ ഒരുത്സാഹവുമില്ലാതെ ചെന്നു .. സാധാരണ വായിൽ നാക്കിടാതെ ചിലക്കുന്ന രണ്ടും മിണ്ടാതെ കഞ്ഞികുടി തുടങ്ങി ..
" എന്തുപറ്റി രണ്ടിനും??ഒരനക്കമില്ലല്ലോ?" അച്ഛൻ ചോദിച്ചു
" പപ്പടം വേണോ ?? " അമ്മയാണ്
ഞങ്ങൾ പ്രതികരിക്കുന്നില്ല
" നിങ്ങൾ കാര്യം പറ .. പരിഹരിക്കാൻ പറ്റുന്നതാണേൽ പരിഹരിക്കാം "
അച്ഛൻ പറഞ്ഞു
അനിയൻ കാര്യം അവതരിപ്പിച്ചു ..
അച്ഛൻ ചൊദിച്ചു
" ശരി .. പൈസ തികയില്ല .. ഇനി എന്ത് ചെയ്യാനാ പ്ലാൻ ?"
" ഞങ്ങൾ അടുത്ത വിഷു വരെ കാത്തിരിക്കും"
രണ്ടുപേരും ഒന്നിച്ചാണ് പറഞ്ഞത്
" ആ.. അപ്പം പ്രശ്ന പരിഹാരമായല്ലോ ?? ഇനി രണ്ടും മുനിയെപോലെ ഇരിക്കാതെ കഞ്ഞി കുടിച്ചേ " അമ്മ പറഞ്ഞു
ഞങ്ങൾ അത്താഴം കഴിച്ച് അല്പം നിരാശയോടെ ഉറങ്ങാൻ കിടന്നു .. പിറ്റേന്ന് ഹിന്ദി ക്ലാസ് ഉണ്ട് .. സാരോജിനിയമ്മ ടീച്ചറിന്റെയടുത്ത് ..അനിയൻ മദ്ദ്ധ്യമിക്ക് ,ഞാൻ വിശാരദ്‌ പൂർവാർധ് .. വേനലവധി ആയാൽ ഞങ്ങളെ ഒതുക്കാൻ അമ്മ കണ്ടെത്തിയ മാർഗം !!
പിറ്റേന്ന് ഹിന്ദി ക്ലാസ്സിൽ നിന്നും വരുമ്പോൾ അച്ഛൻ വീട്ടിലില്ലായിരുന്നു .. ഊണുകഴിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തുപോയി വന്നു ..
അച്ഛനും അമ്മയും ഊണുകഴിക്കാനിരുന്നപ്പോൾ ഞങ്ങൾ പുറത്ത് വരാന്തയിൽ നിരകളിക്കാൻ തയ്യാറെടുത്തു .. നോക്കുമ്പോൾ വരാന്തയിലെ മേശമേൽ ഒരു പ്ലാസ്റ്റിക് പൊതി .. തുറന്നു നോക്കിയ ഞങ്ങൾ ഞെട്ടി !! സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല !!!
ചെസ്സ് ബോർഡ് !!
അതുമായി അച്ഛന്റടുത്തേക്കോടി ..
" അടുത്ത പരീക്ഷക് നല്ല മാർക് വാങ്ങിക്കോണം രണ്ടും .. അതിനാ അച്ഛനിതൊക്കെ ചോദിക്കാതെ തന്നെ വാങ്ങി തരുന്നേ .."
അമ്മയാണ് ..
അല്ലെങ്കിലും എന്തും പഠിത്തവുമായി കൂട്ടികെട്ടാൻ അമ്മക്ക് നല്ല കഴിവാ !!
അച്ഛൻ ഒന്നും പറയാതെ ചിരിച്ചു ... ആ ചിരി അമ്മയിലേക്കും ഞങ്ങളിലേക്കും പടർന്നു !!
ഇന്നും അച്ഛന്റെ തടിയലമാരയുടെ താഴത്തെ തട്ടിൽ ആ ചെസ്സ് ബോർഡും കരുക്കളും ഭദ്രമായുണ്ട് .. അവധിക്ക് ചെല്ലുമ്പോൾ ഞാനും അനിയനും അതവിടെ തന്നെയുണ്ടെന്ന് എല്ലാ തവണയും ഉറപ്പുവരുത്തും.. ഞങ്ങളുടെ കുട്ടികളെ പോലും കാണിക്കാതെ ഭദ്രമായി ഒളിച്ചു വെക്കും !! വളരെ ആഗ്രഹിച്ചു കിട്ടുന്ന ഒന്നിനും വിലമതിക്കാനാവില്ലല്ലോ !!
വന്ദന - Vandana Sajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo