Slider

ക്ലാസ്സ്‌ട്രോഫോബിയ

0
Image may contain: 1 person, beard, hat, closeup and indoor

മുറിയിൽ അലസമായ ഒരു പകൽനേരത്ത് ടെലിവിഷനിലെ പഴയ സിനിമയിൽ പകുതി മനസ്സർപ്പിച്ചും ബാക്കി പകുതി നാട്ടിലെ പണി തീരാത്ത വീടിനെക്കുറിച്ചും ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ഒരു തട്ട് കേട്ടത്.
നല്ല ശബ്ദത്തിൽ തന്നേയായിരുന്നു ആ തട്ട്.. പിന്നെ അത് വാതിൽ തുറക്കാനുള്ള ശ്രമമായി മാറുന്നത് ഞാൻ അറിഞ്ഞു.
ടിവിയുടെ ശബ്ദം കുറച്ച് വാതിലിനടുത്തേക്കു ചെന്ന ഞാൻ ഹാൻഡിൽ തിരിയുന്നത് കണ്ട് ഒരുവേള അനങ്ങാതെ നിന്നു.
ആരെങ്കിലും അബദ്ധത്തിൽ മുറി മാറിക്കയറാൻ ശ്രമിക്കുകയാണോ എന്ന് ഞാൻ സന്ദേഹിച്ചു. പക്ഷെ പുറത്തുള്ളയാൾ തന്റെ ശ്രമം തുടരുകയാണ്.
ഒച്ചയുണ്ടാക്കാതെ ലെൻസിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരാൾ....
നിലത്ത് ഇഴയുന്ന അറബിവസ്ത്രവും ധരിച്ചു് നില്പുറക്കാതെ ഒരു മെലിഞ്ഞ മനുഷ്യൻ..
ലെൻസിനു തൊട്ടപ്പുറത്തു് അയാളുടെ മുഖം കണ്ടപ്പോൾ ഞാൻ ഞെട്ടി. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് . പലവിധ ചിന്തകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
ഒരു വിറയൽ എന്റെ ദേഹത്തെ മൂടി.
മോഷ്ടാവാണോ... ?
രണ്ട് ദിവസം മുൻപാണ് കുറച്ചകലെ ചെക്ക്പോസ്റ്റിനടുത്തുള്ള കടയിൽ മോഷണശ്രമത്തിനിടെ ഒരു മലയാളി കുത്തേറ്റു മരിച്ചത് എന്നതൊരു ഉൾക്കിടിലത്തോടെ ഞാൻ ഓർത്തു..
ആ നിലയിലുള്ള താമസക്കാരെല്ലാം അവധിദിവസത്തിന്റെ ആലസ്യത്തിൽ കിടക്കവിട്ട് എഴുന്നേറ്റില്ലെന്നു തോന്നി.
പുറത്തുള്ളയാൾ എന്റെ മുറിയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു.
ഉദ്ദേശം അജ്ഞാതം.
ചെറുപ്പകാലത്തിൽ എന്നെ അലട്ടിയിരുന്ന ക്ലാസ്സ്‌ട്രോഫോബിയ എന്ന മാനസികാവസ്ഥയിലേക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു. അടച്ചിട്ട മുറിയിൽ അനുഭവപ്പെടുന്ന ഒരുതരം ഭയം.
മുന്നിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാനാകാതെ മുറിയിൽ കുടുങ്ങിയത് പോലെ എനിക്ക് തോന്നി.
എനിക്ക് ശ്വാസംമുട്ടനുഭവപ്പെടാൻ തുടങ്ങി. ആകാംഷ എനിക്കുള്ളിൽ ജഠരാഗ്നി ആളിക്കത്തിച്ചു..
വിയർത്തൊഴുകി സ്തബ്ധനായി നിന്ന എന്റെ മുന്നിൽ വാതിലിന്റെ ഹാൻഡിൽ ഭ്രാന്തമായി കറങ്ങി.
ഒരുനിമിഷം ഞാൻ ചെറുപ്പകാലത്തിലെ ആ നിമിഷങ്ങൾ ഓർത്തു പോയി.
ഞാൻ ഒരു രണ്ട് വയസ്സുകാരനായി..
അച്ഛാ.. വാതിൽ തുറക്ക്..
മുന്നിൽ അടഞ്ഞുപോയ വാതിലിൽ ആഞ്ഞടിച്ചു കൊണ്ട് ഞാൻ നിലവിളിക്കുകയാണ്.. അമ്മയെയും അച്ഛനെയും പറ്റിക്കാൻ ഓടി റൂമിൽ കയറി വാതിലടച്ചപ്പോൾ തനിയെ ലോക്ക് ആയതാണ്..
വെളിച്ചമില്ലാത്ത മുറിയിൽ കുടുങ്ങിപ്പോയ രണ്ട് വയസ്സുകാരൻ.
പുറത്ത് വേവലാതിയോടെ അച്ഛനും അമ്മയും.
.. മോനെ ആ കീ തിരിക്കാൻ നോക്കു.. മോനു പറ്റും..
ഞാൻ കുറ്റാക്കുറ്റിരുട്ടിൽ മുറിയിലാകെ ഭീതിയോടെ കണ്ണുകൾ പായിച്ചു. ബലമില്ലാത്ത കൈകൾ കൊണ്ട് കീ തിരിക്കാൻ ശ്രമിച്ചു് പരാജയപ്പെട്ടു കരച്ചിലോടെ ഞാൻ പറഞ്ഞു.
....എനിക്ക് പേടിയാകുന്നച്ചാ.. തുറക്കാൻ പറ്റുന്നില്ല....
ഒരു വിറയൽ ശരീരമാകെ പൊതിയാൻ തുടങ്ങി.
ശ്വാസത്തിന് വേണ്ടി ആഞ്ഞു വലിച്ച് ശരീരം തളർന്ന് പുറകോട്ട് പതിക്കുമ്പോഴും പുറത്ത് അമ്മയുടെ നിലവിളി ദൂരെ നിന്നെന്നപോലെ എനിക്ക് കേൾക്കാമായിരുന്നു.
....................................................
അടഞ്ഞ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ മനസ്സിൽ അവളോടൊന്നിച്ചുള്ള നിമിഷങ്ങളായിരുന്നു ..
ഉരുകുന്ന ഹൃദയത്തെ തണുപ്പിക്കുന്ന അവളുടെ സ്നേഹവും കരുതലുമായിരുന്നു.
അവളുടെ മുറിയിലെ ജനാലയിൽ നിന്ന് നോക്കിയാൽ ദൂരെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയായിരുന്നു ..
അതിനപ്പുറമുള്ള മരുപ്പച്ച തേടി പോകണം നമ്മുക്കെന്നവൾ ഒരിക്കലയാളോട് പറഞ്ഞു.
പിന്നൊരിക്കൽ ദൂരെ മേയുന്ന വെണ്മേഘങ്ങളെപ്പോലെയുള്ള ആട്ടിൻപറ്റങ്ങളെ നോക്കി നിന്നപ്പോൾ അവൾ പറഞ്ഞത് അയാൾക്കോർമ്മ വന്നു.
...അത് നമ്മുടെ സ്വപ്നങ്ങളാണെന്ന്..
അവളുടെ സ്വപ്നങ്ങൾക്കെന്നും വെളുപ്പ് നിറമായിരുന്നു..
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുകയാണ് .. ചിന്തകൾ ചിതറിത്തെറിക്കുന്നു .. ഓർമകൾക്ക് നിറം മങ്ങിത്തുടങ്ങിയെങ്കിലും വാതിൽ തുറന്ന് അവൾ ഒരു ഹൃദ്യമായ ചിരിയോടെ തന്നെ അകത്തേക്ക് ക്ഷണിക്കുമെന്ന് നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയ മനസ്സ് അയാളോട് പിറുപിറുത്തു കൊണ്ടിരുന്നു.
...ഇഫ്‌താഹ്‌ൽ ബാബ് യാ അമീറാ..
( വാതിൽ തുറക്കൂ അമീറാ )
വാക്കുകൾ അയാൾക്ക്‌ തൊണ്ടയിൽ തടഞ്ഞു നിന്നു.. മെലിഞ്ഞ കൈകൾ കൊണ്ട് അയാൾ വാതിലിന്റെ ഹാന്ഡിലിൽ പിടിച്ച് തിരിക്കാൻ തുടങ്ങി.
...............................................
ഞാൻ എന്റെ മുറിയിൽ സ്വയരക്ഷക്കായി എന്തെങ്കിലും പരതാൻ തുടങ്ങി. പുറത്തെ അജ്ഞാതൻ തന്റെ ശ്രമം തുടർന്നു കൊണ്ടിരുന്നു..
കയ്യിൽ കിട്ടിയ നീണ്ട വടി എടുത്ത് കൊണ്ട് വാതിൽ തുറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. പ്രായവും പക്വതയും ക്ലാസ്ട്രോഫോബിയയെ നിയന്ത്രണവിധേയമാക്കാൻ എന്നെ കെല്പുള്ളവനാക്കിയിരിക്കുന്നു ..
കയ്യിലിരുന്ന വടിയിൽ മുറുകെപ്പിടിച്ചു് ഒരു ദീർഘ ശ്വാസമെടുത്തു് ഞാൻ വാതിൽ വലിച്ചു തുറന്നു..
എന്റെ തൊട്ടുമുന്പിൽ കുഴിയിലാണ്ട കണ്ണുകളുമായി , മെലിഞ്ഞൊട്ടി പ്രസാദം നഷ്ടപ്പെട്ട ഒരു മനുഷ്യൻ.
മുഷിഞ്ഞ തലേക്കെട്ടും വസ്ത്രങ്ങളും. ദൃഷ്ടി ഒരു സ്ഥലത്തുറക്കാതെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു് അയാൾ എന്റെ മുൻപിൽ നിന്നു.
സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഞാൻ വിറക്കുന്നുണ്ടായിരുന്നു.
കൈയിലുള്ള വടിയിൽ മുറുകെപ്പിടിച്ചു ഞാൻ എന്തിനും തയ്യാറായി നിലകൊണ്ടു.
...............................................
പ്രിയപ്പെട്ടവളായ അമീറാക്കുപകരം ഒരു പുരുഷൻ വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നത് അയാൾ കണ്ടു..
ഏതാണവളുടെ മുറി.. ?
മങ്ങിയും തെളിയുകയും ചെയ്യുന്ന വിളക്കിലെ തിരിനാളം പോലെ ഓർമ്മകൾ..
ഇടയ്ക്കവ പിടികിട്ടാത്ത മൽസ്യങ്ങളെപ്പോലെ വഴുതിപ്പോകുന്നു.
ഒരു ഞൊടിയിട ഒരു മിന്നായം പോലെ..
ഒരു സ്ഫുലിംഗം പോലെ ഇടക്ക് മിന്നിത്തെളിഞ്ഞ ബോധമനസ്സ് അയാളോട് പറഞ്ഞു ...
തന്റെ പ്രിയപ്പെട്ടവൾ ഈ ലോകം വിട്ടുപോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു..
തന്റെ സ്വപ്നങ്ങൾ തകർത്ത ആ ആക്‌സിഡന്റിന്റെ ദൃശ്യങ്ങൾ അയാളുടെ ഓർമയിൽ വെള്ളിടിയിൽ പോലെയെന്നപോലെ ഒരുനിമിഷം തെളിഞ്ഞു.
ഞെട്ടി പുറകോട്ട് മാറിയ അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ താഴേക്ക്‌ പതിച്ചു..
തൊണ്ടയിൽ നിന്ന് വാക്കുകൾ ഒരു വിതുമ്പലോടെ പുറത്തേക്കു തെറിച്ചു വീണു
...അമീറാ..
പിന്നെ ആർത്തു കരഞ്ഞുകൊണ്ട് ഒരു കാറ്റിന്റെ വേഗതയിൽ സ്റ്റെയർകേസ് വഴി താഴോട്ടോടി.
വായുവിൽ പറക്കുന്ന നീണ്ട വസ്ത്രം അയാളെ ഒരു വെളുത്ത പക്ഷിയെപ്പോലെ തോന്നിപ്പിച്ചു.
................................................
ഞാൻ ആ കാഴ്ച കണ്ട് സ്തബ്ധനായി നിന്നു. അയാൾ എന്തിനാണ് കരഞ്ഞു കൊണ്ടോടിയത്.
മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി..
വാതിലടച്ചു് മുറിയിലേക്ക് കടക്കുമ്പോൾ മനസ്സിനെ ചിന്തകൾ കീഴടക്കി കഴിഞ്ഞിരുന്നു ..
ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു..
കൈകൾ മുകളിലേക്കുയർത്തി അയാൾ വിലപിച്ചു കൊണ്ട് ഓടി പോകുന്നത്.
ആരാണ് അമീറാ.. ?
പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ എനിക്ക് മുൻപുള്ള താമസക്കാരി ഒരു കാറപകടത്തിൽ മരിച്ചുപോയതായി കേട്ടിരുന്നു.
അമീറാ എന്നായിരുന്നോ അവളുടെ പേര്. ?
ആരുമറിയാത്ത ഒരു ദുരന്തകഥ പറയാനുണ്ടോ അയാൾക്ക്‌.. ?
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ നിൽക്കാതെ അയാൾ കാഴ്ച്ചയിൽ നിന്നും മറഞ്ഞു..
മുറിയിൽ നിന്ന് അമീറയുടെ നെടുവീർപ്പുകൾ ഉയരുന്നത് പോലെ..
ചുവരുകൾക്കു കണ്ണീരിലെഴുതിയ ഒരു പ്രണയകഥ പറയാനുള്ളത് പോലെ...
....................................................
പുറത്ത്..
ചുട്ടുപഴുത്ത മണ്ണിലേക്ക് തണുത്ത നൂലിഴകളായി മഴ പെയ്യാൻ തുടങ്ങി..
മേലെ കറുത്ത ആകാശത്തിൽ ഇടക്ക് തെളിയുന്ന മിന്നൽപ്പിണറുകൾ..
അയാൾ ഓടുകയായിരുന്നു ..പൊള്ളിയടർന്ന ഹൃദയത്തെ തണുപ്പിക്കാനാകാത്ത മഴയിലൂടെ ....
ശ്രീജിത്ത്‌ ഗോവിന്ദ്
17/12/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo