നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വേട്ടക്കാരൻ

Image may contain: 1 person, hat, beard and closeup

ഇരകളുടെ കഥകൾ ഏറെ കേട്ടതാണ്; ഇത് വേട്ടക്കാരന്റെ കഥ’
“വേട്ടക്കാരൻ”
===========
എനിക്കറിയാം വേട്ടക്കാരാ, എന്റെ മുതുകിൽ തറച്ചു, നെഞ്ചും പിളർത്തി നിൽക്കുന്ന നിന്റെ അമ്പിന്റെ ലക്ഷ്യം ഞാനായിരുന്നില്ല. അല്ലെങ്കിൽ തന്നെ, ഒരു ചാവാലി ചെന്നായക്കു വേണ്ടി ഒരമ്പു കളയാൻ മാത്രം മണ്ടനല്ല ഈ കാട്ടിലെ ഒരു വേട്ടക്കാരനും. പിന്നെയാണോ മിടുക്കനായ നീ? നിന്റെ അമ്പിൻ മുന മുതുകിൽ തൊട്ട നൊടിയിൽ ഞാൻ അറിഞ്ഞതാണ്, അളന്നതാണ് നിന്റെ കൈവേഗവും കരുത്തും. അല്ലെങ്കിലും, ഒരു വേട്ടക്കാരനെ ശരിയായി വിലയിരുത്താൻ മറ്റൊരു വേട്ടക്കാരനല്ലേ കഴിയൂ.
ആഹ്... എനിക്ക്‌ അതു ഊഹിക്കാം സുഹൃത്തേ.. ഇപ്പോൾ നീ അതു മനസിലാക്കിയിരിക്കുമെന്ന്. അതേ, നമ്മുടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഒരിര! ഒരൊറ്റ ഇര!! നിന്റെ അമ്പേറ്റു, ചോര വാർന്നു, കിതച്ചോടുമ്പോഴും, എന്റെ കൂർത്ത പല്ലുകൾക്കിടയിൽ ഇപ്പോഴും അവന്റെ ഉയിരിനായ് പോരാടി പിടയുന്ന, എന്റെ ഇര!
ശരിക്കും, നിന്റെ കണക്കു കൂട്ടലുകളൊക്കെയും കൃത്യമായിരുന്നു! നീ നിലയുറപ്പിച്ച അകലം, തിരഞ്ഞെടുത്ത അമ്പ്, നിന്റെ കയ്യടക്കം, ഞാൺ വലിവ് , അമ്പയച്ച നോടി; ഒക്കെയും ഒരു മികച്ച വേട്ടക്കാരന്റേത്. പക്ഷെ നീ അറിയാതെ പോയ ഒന്നുണ്ട്; ഇനിമേൽ ഒരുക്കലും നീ മറക്കാൻ ഇടയില്ലാത്ത ഒരു പാഠം.
“നമ്മൾ ഉന്നം വയ്ക്കുന്ന ഒരോ ലക്ഷ്യത്തിനും അപ്പുറം, നമ്മൾ കാണാത്ത ഒരു പ്രതിയോഗി കൂടി ഉണ്ടാകും”.
ഇവിടെ, നീ തോറ്റു പോയതല്ല, ചങ്ങാതീ...‌ ജയിച്ചത് എന്റെ വിശപ്പാണ് !
നിനക്കറിയില്ല, നാളേറെയായി ശമനം കിട്ടാതെ എന്റെ ഉള്ളിൽ എരിയുന്ന തീ. ആ ചൂടിൽ വയറു വെന്തുരുകി, ശ്വാസം അടക്കിപിടിച്ചു, പതുങ്ങി ഇരിക്കുകയായിരുന്നു, ആ പൊന്തക്കാട്ടിൽ, കൂട്ടം വിട്ടു പോന്ന ഈ വയസൻ ചെന്നായ; ഒരിരയെയും കാത്ത്...
ദിവസങ്ങളേറെ കഴിഞ്ഞ് ഒടുവിൽ ഇന്നാണ്, തീറ്റ തേടി ഇവൻ അവിടേയ്‌ക്ക് വന്നെത്തിയത്. ഇരയ്ക്കു നേരെ കുതിക്കും മുന്നേ, ചുറ്റും ഒന്ന് പരതി നോക്കി. അപ്പോഴാണ് കണ്ടത്, ഉള്ളിൽ പൊത്ത് വീണ ആ വലിയ മരത്തിനു പുറകിൽ, ഒരു നിഴൽ രൂപമായി, തൊടുത്ത അമ്പുമായി നീ. ഒരു പക്ഷെ, നിന്റെ അമ്പിന് ഞാൻ തന്നെ ഇരയായേക്കാം, എന്ന തിരിച്ചറിവുണ്ടായിട്ടും; ഒരു നല്ല ചാട്ടത്തിനപ്പുറം ഒത്തു കിട്ടിയ ഇവനെ, വിട്ടു കളയാൻ തോന്നിയില്ല.
“വിശപ്പിനേക്കാൾ വലുതല്ലലോ മരണഭയം?“
കൂട്ടുകാരാ...ഈ കാട്ടിലെ ഏറ്റവും സമർത്ഥരായ വേട്ടക്കാർ, അത് നീ കരുതുംപോലെ പുലിയോ, കടുവയെ, സിംഹമോ ഒന്നുമല്ല; ഞങ്ങൾ ചെന്നായ്ക്കൂട്ടമാണ്. അമർന്ന് പടരുന്ന കാട്ടുതീ പോലെ ഞങ്ങൾ ഇരുട്ടത്ത് പതുങ്ങി വരും.ഒരു ഇലയനക്കം പോലും കേൾപ്പിക്കാതെ, നോട്ടമിട്ട ഇരയെ അവനറിയാതെ, പഴുതില്ലാതെ വളയും. എന്നിട്ടു കാത്തിരിക്കും, ഏറ്റവും നല്ല ഒരു നിമിഷത്തിനായി. ആ നൊടിയെത്തുമ്പോൾ, വീശിയടിയ്ക്കുന്ന കൊടുങ്കാറ്റ് പോലെ ഞങ്ങൾ ഇരയ്ക്കു മേലെ പറന്നിറങ്ങും. ഒരേ താളത്തിൽ, വേഗത്തിൽ, കരുത്തിൽ. പിന്നെ അവിടെ ഒരു പോരാട്ടമാണ്. വിശപ്പും, പ്രാണനും തമ്മിലുള്ള പോരാട്ടം!
“എവിടേയും, എക്കാലവും; വിജയിച്ചത് വിശപ്പ് തന്നെ!!”
ഒരു ചെന്നായയുടെ ഏറ്റവും വലിയ ശക്തി, അതിന്റെ കൂട്ടമാണ്. കൂട്ടം വിട്ട്‌ പോന്ന ചെന്നായയാകട്ടേ, സ്വയം വലിയൊരു ദുരന്തവും!
നീ അറിയണം, എനിക്കും ഉണ്ടായിരുന്നു ഒരു നല്ല കാലം. അന്ന്, ഞാനായിരുന്നു ഞങ്ങടെ കൂട്ടത്തിലെ ഏറ്റവും നല്ല വേട്ടക്കാരൻ! വേഗത്തിലും, കരുത്തിലും എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല; ഒരു പക്ഷെ ഞങ്ങളെ നയിച്ചിരുന്ന തലവന് പോലും.
ഒരു നാൾ, കറുകപ്പുൽമേട്ടിൽ ഒറ്റയ്ക്കു നിന്നിരുന്ന കറുമ്പൻ കാട്ടുപോത്തിനെ വേട്ടയാടുമ്പോൾ, തെല്ലിട മാത്രം ഒന്ന് പല്ലിടറിപ്പോയ ഞങ്ങളുടെ തലവൻ ചെന്നായയെ, കൊമ്പിൽ കോർത്ത് അവൻ കുതറിപ്പിടഞ്ഞപ്പോൾ, ചിതറിത്തെറിച്ചതാണ് ഞങ്ങൾ. ചോര വാർന്നു പിടഞ്ഞ തലവന്റെ ഞരക്കം നേർത്തു വന്നു ഒടുവിൽ നിലച്ചപ്പോൾ, തോറ്റു പിൻവാങ്ങാൻ ഒരുങ്ങി നിന്ന എന്റെ കൂട്ടാളികളുടെ കണ്ണിൽ, എപ്പോഴുമുള്ള വന്യമായ മിന്നൽ തിളക്കത്തിന് പകരം, ഭയത്തിന്റെ മിന്നാമിന്നി വെട്ടം ആദ്യമായി കണ്ടു.
പ്രാണൻ പൊരുതി നേടി എന്ന് കരുതിയ കാട്ടുപോത്ത്, അറിയാതെ ആശ്വസിച്ചു പോയ ഒരു നിമിഷം! ആ ഒരു നിമിഷം മതിയായിരുന്നു എനിക്ക്. കൂട്ടാളികളെ ആകെ അമ്പരപ്പിച്ച്‌, ഉരുൾപൊട്ടി വന്ന മലവെള്ളപാച്ചിൽ പോലെ ഞാൻ അവനിലേക്ക്‌ പാഞ്ഞു കയറി. കരിവീട്ടിയുടെ തായ്യ് വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങും പോലെ, എന്റെ പോർനഖങ്ങൾ അവന്റെ ശരീരത്തിലേക്ക് ചൂഴ്ന്നിറങ്ങി. കാട്ടുപാറയുടെ കരുത്തോടെ, എന്റെ കൂർത്ത പല്ലുകൾ അവന്റെ കഴുത്ത് കടിച്ച്‌ മുറിച്ചു. തെല്ലും ഇടറിയില്ല ഞാൻ; അവൻ പിടഞ്ഞു വീഴും വരെ!
"എന്റെ ഇര, എന്റെ ഭക്ഷണം; അത് എന്റെ അവകാശമാണ്.ജീവിക്കാനുള്ള എന്റെ അവകാശം!"
അടങ്ങാത്ത ആർത്തിയോടെ ഞാൻ ഇരയുടെ കരൾ തിന്നു തീർത്തു വിശപ്പടക്കും വരെ, കൂട്ടത്തിലെ മറ്റുള്ളവർ, എനിക്ക്‌ ചുറ്റും ക്ഷമയോടെ കാവൽ നിന്നു. അവരുടെ ഊഴവും കാത്ത്. അതാണ് ഞങ്ങൾക്കിടയിലെ നിയമം.കാരണം, അപ്പോൾ മുതൽ ഞാനായിരുന്നു, ചെന്നായ്ക്കൂട്ടത്തിന്റെ പുതിയ തലവൻ!
ധനുമാസക്കുളിരിൽ കാടാകെ വിറങ്ങലിച്ച് നിന്ന ആ രാത്രിയിൽ, വേട്ടയുടെ ക്ഷീണം തീർത്തു മടയിൽ തെല്ലൊന്നു മയങ്ങുകയായിരുന്നു ഞാൻ. ഉടലാകെ പൊതിയുന്ന സുഖകരമായൊരു ഒരു ചെറുചൂടും, അതുവരെ അന്യമായിരുന്ന ഒരു മാദക ഗന്ധവും; അതാണ് എന്നെ ഉണർത്തിയത്. അവളായിരുന്നു അത്! പഴയ തലവന് മാത്രം സ്വന്തമായിരുന്ന, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കിയായ സുന്ദരി! തീ പിടിച്ചൊരു കാട്ടുമുല്ല വള്ളി പോലെ, അവൾ എന്നിലേയ്ക്ക് പടർന്നു കയറി. അസാമാന്യമായ കരുത്തോടെ, അവളെന്നെ പുതിയൊരു വേട്ട പഠിപ്പിക്കുകയായിരുന്നു!
“അന്നാദ്യമായി ഞാൻ അറിഞ്ഞു; എല്ലാ വിശപ്പിനും മേലെ, ഉടലിനും ഒരു വിശപ്പുണ്ട്!!”
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി വന്നെത്തി; എന്റെ വിയർപ്പ്, എന്റെ ചോര, എന്റെ ഉടൽപ്പകർപ്പ്!!
കാടടക്കി വാഴുകയായിരുന്നു ഞങ്ങൾ ചെന്നായ്ക്കൂട്ടം. കരുത്തോടെ, കരുതലോടെ ഞാൻ അവരെ മുന്നിൽ നിന്നു നയിച്ചു. തികഞ്ഞ അനുസരണയോടെ, കൂട്ടാളികൾ എന്റെ ആജ്ഞകൾ നിറവേറ്റി. വളർച്ചയെത്തിയ ചെറുചെന്നായ്ക്കളെ ഞാൻ വേട്ടയുടെ പാഠങ്ങൾ പരിശീലിപ്പിച്ചു. കരുത്തും, വേഗവും ചോർന്നു പോയ ചാവാലികളെ ഞാൻ നിർദ്ദയം കൂട്ടത്തിൽ നിന്ന് ആട്ടിപ്പായിച്ചു. ഉടൽക്കെട്ടിനു തീ പിടിയ്‌ക്കുന്ന ഋതുക്കളിൽ, കൂട്ടത്തിലെ വയസ്സറിയിച്ച മിടുക്കത്തിമാർ, എന്റെ അരക്കെട്ടിന്റെ ഉശിരറിഞ്ഞു.
ഇരയുടെ ചോരമണം, സിരകളിൽ ഉന്മാദം പടർത്തിയ, ഒടുങ്ങാത്ത വേട്ടകൾ!!
ഇണയുടെ നറുമണം, ഉടലാകെ ഉണർവ്വ് പരത്തിയ, അടങ്ങാത്ത വേഴ്ചകൾ!!
അഹങ്കരിക്കുകയായിരുന്നു ഞാൻ; എന്റെ ശക്തിയിൽ, വേഗത്തിൽ, വേട്ടമിടുക്കിൽ, ചോരത്തിളപ്പിൽ. അന്ന് ഞാനറിഞ്ഞില്ല, കാലം എനിയ്ക്കായും ചിലതൊക്കെ കാത്ത് വച്ചിട്ടുണ്ടെന്ന്.
“കാലം; അതേ, അവനാണ് ശരിക്കും ഏറ്റവും നല്ല വേട്ടക്കാരൻ. ഞാനും, നീയും ഒക്കെ അവന്റെ ഇരകളും!!”
ആ രാത്രി, പതിവുപോലെ, വേട്ടമുതൽ പങ്കിട്ടുതിന്നു മടയിലേക്കണയുന്ന നേരത്തതാണ്, അവളിലേക്ക്‌ എന്റെ നോട്ടമെത്തിയത്‌. അതുവരെ ഞാനതു ശ്രദ്ധിച്ചിരുന്നില്ല; മറ്റു ചെന്നായത്തികളേക്കാൾ സുന്ദരിയായിരിക്കുന്നു, ഇപ്പോൾ ഈ ചെറുവാല്യക്കാരി. ഇന്നത്തെ ഇണ ഇവൾ തന്നെ എന്നുറപ്പിച്ചു, അവളിലേക്കടുക്കാൻ തുടങ്ങുമ്പോഴാണ് എവിടെ നിന്നോ മുരണ്ട്‍ കൊണ്ട് അവൻ ചീറി എത്തിയത്.
അവൻ, കൂട്ടത്തിലെ രണ്ടാമൻ; ഞാൻ എക്കാലവും എനിക്കൊപ്പം ചേർത്ത് നിറുത്തി വേട്ട പഠിപ്പിച്ച, എന്റെ ചോരയിൽ കുരുത്ത ആദ്യത്തെ സന്തതി! അവന്റെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു കനൽ എരിയുന്നത് ഞാൻ കണ്ടു. അത് എന്നോടുള്ള പകയോ, അവളോടുള്ള പ്രണയമോ? എനിക്കിന്നും അറിയില്ല.
“കരുത്താണ്, കാടിന്റെ നിയമം!”
മുഴുവൻ ചെന്നായ്ക്കൂട്ടവും, സ്വയം വലയം തീർത്തു ഒരുക്കിത്തന്ന പോർക്കളത്തിനുള്ളിൽ, ഞാൻ എന്നോട് തന്നെ ഏറ്റുമുട്ടുകയായിരുന്നു; എന്റെ തന്നെ ശക്തിയോട്, എന്റെ തന്നെ തന്ത്രങ്ങളോട്. ദയയോ, വാത്സല്യമോ, സ്നേഹമോ തെല്ലുപോലും കടന്നുവരാത്ത, മൃഗീയതയുടെ അതിജീവനത്തിന്റെ പോരാട്ടം! ഞങ്ങൾ രണ്ടുപേരും അറിയുന്നുണ്ടായിരുന്നു, നേരിടുന്നത് ജീവിതത്തിലെ ഏറ്റവും ശക്തനായി എതിരാളിയോടാണെന്നു!
അന്തമില്ലാതെ നീണ്ട ആ പോരാട്ടം, രാവേറെ പിന്നിട്ടപ്പോൾ, പതിയെ ഞാൻ തിരിച്ചറിഞ്ഞു; എനിക്കെതിരെ ഒളിപ്പോര് നടത്തുന്ന, എന്റെ ശരിയായ എതിരാളിയെ...കാലം!!
പിന്നീടെപ്പോഴോ, എന്റെ കാലടികൾക്കിടർച്ച വന്നു; കണ്ണുകളിലേക്ക് ഇരുട്ട് പടർന്നു. വാർദ്ധക്യത്തിനു മേൽ യൗവ്വനം വിജയത്തിന്റെ നീണ്ട ഓരിയിടൽ നടത്തുമ്പോൾ, ഞാൻ അറിഞ്ഞു; വീഴുകയാണെന്നു... ബോധം തെളിയുമ്പോൾ, ഞാൻ ഒറ്റയ്ക്കായിരുന്നു!
“മരണത്തേക്കാൾ ദാരുണമാണ്, ചില തോൽവികൾ”
ഇനി ഓടാൻ വയ്യ, വേട്ടക്കാരാ..നന്നായി കിതയ്ക്കുന്നു; ഒപ്പം വല്ലാതെ വേദനിപ്പിക്കുന്നുമുണ്ട്. ഒരു കഴുതപ്പുലികൂട്ടം, ചോരയുടെ മണം പിടിച്ച്, എന്റെ പിന്നാലെ ഓടി വരുന്നുണ്ട്. സ്വന്തമായി വേട്ടയാടാനാറിയാത്ത ഭീരുക്കൾ! അവരിങ്ങെത്തും മുമ്പേ, ഉന്നം തെറ്റി വന്ന നിന്റെ അമ്പ്, എന്റെ പ്രാണൻ എടുക്കും മുമ്പേ; എനിക്ക് ഇവനെ, എന്റെ ഈ ഒടുക്കത്തെ ഇരയെ ഉള്ളിലാക്കണം. പക്ഷെ കൊല്ലും മുമ്പ്, ഇവന്റെ കഴുത്തിലെ പിടി ഞാൻ തെല്ലൊന്നയയ്ക്കും. കാരണം, ഉള്ളിലാക്കാൻ കഴിയാതെ പോയ ഒരു തീറ്റമുതൽ ഇവന്റെ തൊണ്ടയിൽ കുരുങ്ങി കിടക്കുന്നുണ്ട്; അത് ഇവന്റെ ഇരയാണ് ! വീടണയും മുമ്പ്, നിനക്കും കിട്ടട്ടെ, നിന്റെ ഇന്നത്തെ ഇര...
“ഈ ഭൂമിയിൽ, വിശക്കുന്ന വയറുള്ള എല്ലാവരും വേട്ടക്കാരാണ്; ഒപ്പം ഇരകളും!”
ശുഭരാത്രി! സോദരാ…
©️അനീഷ് സുന്ദരേശൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot