Slider

ഗുരുദക്ഷിണ

0


കുറച്ച് കാലം മുൻപ് വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഒരു ടീച്ചർ ആത്മഹത്യാശ്രമം നടത്തിയതിനെ കുറിച്ച് പൊതിഞ്ഞു കൊണ്ടുവന്ന ഒരു ഹിന്ദി പത്രത്തിന്റെ കഷ്ണത്തിൽ വായിക്കുകയുണ്ടായി. ഒരു പക്ഷേ മനസ്സിൽ തട്ടിയ ആ ചിന്തകളാകാം ഈ കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മരിച്ചു പോയ എന്റെ അമ്മയുടെ അദ്ധ്യാപന ജീവിതത്തിലെ ചില അനുഭവങ്ങളും, അഭിപ്രായങ്ങളും ഇതിൽ പ്രതിപലിക്കുന്നുണ്ട്
*******
ഭാഗം - 1
*******
രാത്രി വളരെ വൈകീട്ടാണ് ആണ് ഫോൺ വന്നത്, വിളിച്ചത് ആരാണെന്ന് വ്യക്തമായില്ല. 'സന്ധ്യ ടീച്ചറുടെ അമ്മയല്ലേ" മറുഭാഗത്ത് നിന്നും വിളിച്ചയാൾ ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോൾ അയാൾ തുടർന്നു "സന്ധ്യ ടീച്ചർ ഒരബദ്ധം കാണിച്ചു, ആശുപത്രിയിലാണ്, ഇപ്പോൾ പേടിക്കാനൊന്നുമില്ല. സ്കൂളിൽ ഏതോ കുട്ടിയെ ശിക്ഷിച്ചത് വലിയ പ്രശ്നമായി, നാട്ടുകാർ ഇടപെട്ടു. അത് ഒക്കെയാവും ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് "
അപകടനില തരണം ചെയ്തെന്നു പറഞ്ഞു എങ്കിലും എത്രയും വേഗം അവിടെയെത്താൻ അതിരാവിലെത്തന്നെ പുറപ്പെടുകയായിരുന്നു. ശേഖരേട്ടന് കാവലിന് അയൽപക്കത്തെ വീട്ടിലെ പയ്യനെ പറഞ്ഞേൽപ്പിച്ചു. ഹൃദയത്തിന്റെ അസുഖം ആയതിനാൽ ശേഖരേട്ടന് അധികം നടക്കാനും യാത്ര ചെയ്യാനും പറ്റില്ല.
രാത്രി തന്നെ ഓട്ടോ പറഞ്ഞേൽപ്പിച്ചിരുന്നു ടൌണിലെത്താൻ. ആദ്യ ബസ്സിന് കാത്ത് നിന്നാൽ പിന്നെ വൈകും
ബസ്സിൽ കഷ്ടിച്ച് ഏഴെട്ട് പേർ കാണും. തണുത്ത കാറ്റ് വരുന്നതിനാൽ ജനലയുടെ ഗ്ലാസ് അടച്ചിട്ടു.
ആലോചിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല എന്നാലും എന്തിനാണ് അവൾ അങ്ങിനെ ചെയ്തത്. തെറ്റ് കാട്ടിയ ഒരു കുട്ടിയെ ശിക്ഷിച്ചത് ഇത്ര വലിയ അപരാധമാണോ. അവൾ കുട്ടികളെ ഇത്ര ക്രൂരമായി ശിക്ഷിക്കുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്തോ പന്തികേടുണ്ട്. അങ്ങിനെ എടുത്തു ചാടി ഇതുപോലുള്ള അബദ്ധങ്ങൾ കാണിക്കാൻ മാത്രം വിഡ്ഡിയാണോ അവൾ.
ബസ്സ് അതിവേഗം മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു. മനസ്സ് പിന്നോട്ടും.
ഞാനും ശേഖരേട്ടനും ഒരേ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. നാട്ടിൻ പുറമാണെങ്കിലും നഗരത്തിൽ നിന്നും അധിക ദൂരമില്ലായിരുന്നു. സ്കൂളിനടുത്ത് കുറച്ച് പറമ്പ് വാങ്ങി വീട് വച്ചതാണ്.
വളരെയധികം മരുന്നുകൾക്കും പ്രാർത്ഥനകൾക്കും ശേഷമാണു് സന്ധ്യയുണ്ടായത്. സന്ധ്യ പഠിച്ചിരുന്നതും ഞങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയത്തിലായിരുന്നു.
ഞാൻ എന്റെ അദ്ധ്യാപന ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ചൂരലെടുത്തിട്ടില്ല. കുട്ടികളെ ക്ലാസിനു മുൻപിൽ നിർത്തിയും, ബഞ്ചിന്റെ മുകളിൽ നിർത്തിക്കും ഒക്കെ ആയിരുന്നു ശിക്ഷിച്ചിരുന്നത്. സ്കൂളിൽ കുട്ടികളെ ശിക്ഷിക്കുമ്പോൾ ഒരമ്മ അനുഭവിക്കുന്ന വേദന തന്നെയാണ് അധ്യാപകർക്കും ഉണ്ടാവുക. അതാരും മനസ്സിലാക്കുന്നില്ല,
ചൂരലുകൊണ്ട് അടി കിട്ടാത്തവരും, തമ്മിൽ സംസാരിച്ചതിന് ശിക്ഷ കിട്ടാത്തവരും ഇമ്പോസിഷൻ എഴുതാത്തവരുമായി ഒരൊറ്റ കുട്ടിയും കാണില്ല. പല പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലും ഇതൊക്കെ പറഞ്ഞാണ് അധികവും പൊട്ടിച്ചിരികളുണ്ടാവാറുള്ളത്. അങ്ങിനെ ശിക്ഷിച്ചതിന് ഒരു കുട്ടി പോലും ആത്മഹത്യ ചെയ്യുകയോ, അല്ലെങ്കിൽ അദ്ധ്യാപകരേ ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയോ ഉണ്ടായിട്ടില്ല.
അല്ലെങ്കിലും കുട്ടികളെയും മാതാപിതാക്കളെയും മാത്രം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ സിനിമകൾ, പത്രമാദ്ധ്യമങ്ങൾ, എണ്ണിയാലൊടുങ്ങാത്ത ടെലിവിഷൻ ചാനലുകൾ, പല പേരുകളിലും അറിയപ്പെടുന്ന സോഷ്യൽ മീഡിയ എന്നിവയൊക്കെത്തന്നെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. അദ്ധ്യാപക വിദ്ധ്യാർത്ഥി ബന്ധത്തിന്റെ പവിത്രത എടുത്തു പറയുന്ന വാർത്തകൾ വളരെ കുറവ്. അദ്ധ്യാപകരെ മറ്റൊരു അർത്ഥത്തിലാണ് മിക്ക കുട്ടികളും കാണുന്നത്.
പിന്നെ മാതാപിതാക്കളും കുട്ടികളും തമ്മിൽ തുറന്ന സംസാരങ്ങളില്ല. കുട്ടികൾക്ക് അവരാവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുത്താൽ സ്നേഹമായി എന്ന് വിശ്വസിക്കുന്നവർ ആണ് അധികവും. ഏറെക്കുറെ ഊഹങ്ങൾ തന്നെ. ഇനി ചോദിച്ചാൽ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അമ്മ യും അച്ഛനും അറിഞ്ഞാൽ ചീത്ത പറഞ്ഞാലോ എന്നിങ്ങനെയൊക്കെ എല്ലാം ഊഹങ്ങളാണ്. ഇതു പോലുള്ള ഊഹാപോഹങ്ങൾ തന്നെയാണ് എല്ലാ ബന്ധങ്ങളും തകർക്കുന്നതും.
ചിന്തകൾ കാട് കയറാൻ തുടങ്ങി.
പണ്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ പിന്നെ നാട്ടുമ്പുറത്തെ കുട്ടികൾ ഒക്കെ വീടിന്റെ എറയത്ത് കാണും. ഗൃഹപാഠം ചെയ്യലും, അവർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുത്തും കുട്ടികളെ പഠനത്തിൽ പരസ്പരം സഹായിക്കാറുണ്ട്. മുതിർന്ന ക്ലാസ്സിലായപ്പോൾ സന്ധ്യ ചെറിയ ക്ലാസ്സിലെ കുട്ടികളെ സഹായിക്കുമായിരുന്നു. അന്നേ അവളുടെ മോഹമായിരുന്നു ഒരു അദ്ധ്യാപിക ആവുക എന്നത്. അവൾക്ക് എന്താണ് ഇഷ്ടമെങ്കിൽ അതാവട്ടെ എന്നായിരുന്നു ശേഖരേട്ടൻ പറഞ്ഞത്.
സന്ധ്യ പഠിക്കാൻ മിടുക്കിയായിരുന്നു. ബി.എഡ് കഴിഞ്ഞ് കുറേ കാലം പല സ്വകാര്യ സ്കൂളുകളിലും ജോലി ചെയ്തു. വീട്ടിൽ ട്യൂഷൻ ആരംഭിക്കാം എന്ന് വിചാരിച്ചപ്പോളാണ് സർക്കാർ വിദ്യാലയത്തിൽ നിയമനമാകുന്നത്. വീട്ടിൽ നിന്നും ദിവസവും പോയി വരാൻ പറ്റാത്തതിനാൽ സ്കൂളിന്നടത്തു തന്നെ ഒരു വീട് വാടകക്ക് എടുത്തു. വെള്ളിയാഴ്ച്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും വീട്ടിൽ വരും.
അതേ നാട്ടിൽ പേരെടുത്ത മറ്റൊരു സ്വകാര്യ സ്കൂളും ഉണ്ട്.. സർക്കാർ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടെ വീട്ടിലെ കുട്ടികളൊക്കെ സ്വകാര്യ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ആ സ്കൂൾ വരുന്നതിന് മുമ്പ് എല്ലാത്തിനും മികവിലായിരുന്നു ഈ സർക്കാർ വിദ്യാലയം. കാലക്രമേണ സ്വകാര്യ വിദ്യാലയം വളർന്നപ്പോൾ സർക്കാർ വിദ്യാലയം ക്ഷയിക്കാൻ തുടങ്ങി. കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം പല അദ്ധ്യാപകരും സ്ഥാനമാറ്റം വാങ്ങി പോയി. ഈ തകർച്ചക്ക് സ്വകാര്യ വിദ്യാലയത്തിന്റെ പങ്കുണ്ട് എന്നതു്' നാട്ടിൽ പരസ്യമായൊരു രഹസ്യമാണ്.
ആ പ്രദേശത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എൽ. എ. ജോസഫ് ഈ സർക്കാർ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. പുതിയ സർക്കാർ വിദ്യഭ്യാസ മേഘലയിൽ പുരോഗമനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്. സ്കൂളിനെ പുനരുദ്ധരിക്കാനും നഷ്ടപെട്ടു പോയ മൂല്യങ്ങൾ തിരിച്ചു പിടിക്കാനും ജോസഫാണ് സർക്കാരിൽ സമ്മർദ്ധം ചെലുത്തിയതും അതിന്റെ ഫലമായി ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപകരുടെ തസ്തികകളിൽ നിയമനം നടത്തിയതും, സന്ധ്യയും മറ്റു രണ്ടു പേരും അങ്ങോട്ട് നിയമനം കിട്ടി വരുന്നതും ഒക്കെ.
സ്കൂൾ പിടിഎയുടെ അദ്ധ്യക്ഷൻ കൂടി ആയിരുന്നു ജോസഫ്. പുതിയ അദ്ധ്യാപകരെ പരിചയപെടുത്തിയ മീറ്റിംഗിൽ അദ്ദേഹം ഒരു രൂപരേഖ നിർദ്ധേശിച്ചു. അതനുസരിച്ച് ആദ്യം അവിടെ പഠിക്കുന്ന കുട്ടികളിലുള്ള മികവുകൾ കണ്ടെത്തി പഠനത്തോടൊപ്പം മറ്റ് കലാ കായിക രംഗങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ നിർദ്ദേശം. വീടുതോറും കയറിയിറങ്ങി മാതാപിതാക്കളെ ബോധവത്ക്കരിക്കുക, അവരെ സ്കൂളിൽ വരുത്തി വിവിധ കാര്യങ്ങളിൽ പങ്കെടുപ്പിക്കുക, തുടങ്ങിയവ ആ രൂപരേഖയിൽ നിർദ്ധേശിച്ചിരുന്നു.
ഇത് ഫലം കണ്ടു. ആദ്യത്തെ ഒരു വർഷത്തിനുള്ളിൽത്തന്നെ വളരെ വ്യത്യാസം കാണാൻ തുടങ്ങി. കുട്ടികൾ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കൊണ്ടു വന്നു. അതേ സമയം, ആ വർഷം പത്താം ക്ലാസ് ഫലവും സ്കൂളിനെ മികച്ച സ്കൂളുകളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സഹായമായി.
ഈ പുരോഗതി സ്കൂളിന്റെ അടുത്ത വർഷത്തെ പ്രവേശനത്തിൽ കാണാൻ സാധിച്ചു. പിന്നീടുള്ള രണ്ട് വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ കൂട്ടത്തിൽ ഈ സ്കൂളും കയറിപ്പറ്റി.
ഞങ്ങൾ പണ്ട് ചെയ്യാറുണ്ടായിരുന്നതു പോലെ സിന്ധുവും അവിടെ പഠിക്കാൻ പിൻപോട്ടു നിൽക്കുന്ന കുട്ടികൾക്ക് ദിവസവും സ്കൂളിൽ തന്നെ വൈകീട്ട് ഇരുന്നും, അവധി ദിവസങ്ങളിലും മറ്റും പഠിക്കാൻ സഹായം ചെയ്യുന്നുണ്ട്.. വളരെ നന്നായിത്തന്നെ ആണ് പോയിക്കൊണ്ടിരുന്നത്. അവളെ എന്നും സന്തോഷവതിയായ് മാത്രമേ കണ്ടിട്ടുള്ളു. നാട്ടുകാർക്കും കുട്ടികൾക്കും സന്ധ്യ എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു. കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം പാവപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും, വസ്ത്രവും വാങ്ങിക്കൊടുക്കാനും മറ്റുമായ് അവൾ ചില വഴിച്ചിരുന്നു.
ആലോചനയിൽ മുഴുകി എപ്പോഴാണ് മയങ്ങി പോയതെന്നറിയില്ല.
"ടീച്ചറെ, അടുത്ത സ്റ്റോപ്പ് ആശുപത്രി ആണ് ട്ടോ", കണ്ടക്ടർ പറയുന്നത് കേട്ടാണ് ഉണർന്നത്.
ബസ്സ് ആശുപത്രിയുടെ മുൻപിൽ തന്നെ നിർത്തി തന്നു. പ്രായം കണക്കിലെടുത്തൊരു സഹായം.
ഒരു ചെറിയ ആശുപത്രി. വളരെ നേരത്തേ ആയത് കാരണമാകാം അധികം തിരക്ക് കണ്ടില്ല. ആശുപത്രിയുടെ റിസപ്ഷനിൽ ഇരിക്കുന്ന സ്ത്രീയോട് മകളെ പറ്റി തിരക്കാൻ പോയതായിരുന്നു, അപ്പോഴേക്കും പിന്നിൽ നിന്നും ഒരു യുവാവ് അവിടെ എത്തി. "സന്ധ്യടീച്ചറുടെ അമ്മയാണോ " എന്ന് ചോദിച്ചു. ഞാൻ അതേയെന്ന് തലയാട്ടി.
'വരൂ, ഞാൻ മുറിയിലേക്ക് കൊണ്ടു പോകാം', അയാൾ പറഞ്ഞു. എന്റെ കയ്യിലെ ബാഗ് അയാൾ വാങ്ങി, പതുക്കെ വലതു ഭാഗത്തുള്ള ലിഫ്ടിന്റെ അടുത്തേക്ക് നടന്നു.
"ഞാനാ ടീച്ചറമ്മയെ ഇന്നലെ രാത്രി വിളിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇവിടെ എത്തിച്ചത്. ബോധം പോയിട്ടുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് ചികിത്സ കിട്ടിയതിനാൽ പ്രശ്നമൊന്നുമുണ്ടായില്ല. ഇനി പേടിക്കാനൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത് . ഇന്നലെ ഒരു യൂണിറ്റ് രക്തം കയറ്റിയിരുന്നു.. ഇപ്പോൾ നീരിക്ഷണത്തിലാണ്. ട്രിപ്പ് കൊടുക്കുന്നുണ്ട്. വൈകുന്നേരം വീട്ടിലേക്ക് വിടുമായിരിക്കാം", അയാൾ പറഞ്ഞു നിർത്തി.
ഐസിയു വിൽ ആണ് സന്ധ്യയെ കിടത്തിയിരുന്നത്. നാലഞ്ച് മുതിർന്നവരും പിന്നെ കുറച്ചു കുട്ടികളും അവിടെ ഉണ്ടായിരുന്നു. ശുഭ്രവസ്ത്രധാരിയായ ഒരാൾ അവിടെ ഉണ്ടായിരുന്നു, അത് ജോസഫ് ആയിരിക്കും എന്ന് ആളുടെ വസ്ത്രധാരണം കണ്ട് ഞാൻ ഊഹിച്ചു. എന്റെ ഊഹം വളരെ ശരിയായിരുന്നു.
എന്നെ കൂട്ടിക്കൊണ്ടു വന്നയാൾ ഐസിയുവിൽ പോയി ഡ്യൂട്ടിയിലുള്ള നേഴ്സിനോട് സംസാരിച്ചു. പിന്നീട് തിരിച്ചു വന്നു എന്നോട് പറഞ്ഞു, "ഇപ്പോൾ ട്രിപ്പ് കയറ്റുകയാണത്രേ. ചെറിയ മയക്കത്തിലുമാണ്. കുറച്ചു കഴിഞ്ഞാൽ കാണാമെന്ന് പറഞ്ഞു".
കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഴ്സ് പുറത്ത് വന്ന് സന്ധ്യയെ കാണാൻ അകത്ത് പോകാൻ അനുമതി തന്നു.
കാലിലിട്ട ചെരിപ്പൂരി പുറത്ത് വച്ച് ഞാൻ അകത്തേക്ക് കടന്നു.
എന്നെ കണ്ടതും സന്ധ്യ കരയാൻ തുടങ്ങി. കയ്യിൽ ഞരമ്പു മുറിച്ചിടത്ത് തുന്നിക്കെട്ടി നന്നായി കെട്ടി വച്ചിട്ടുണ്ട്.
എന്തൊക്കെയോ ചോദിക്കണം എന്ന് വിചാരിച്ച് ഇരുന്നതാണ്, അവളുടെ കിടപ്പ് കണ്ടിട്ട് ഒന്നും ചോദിക്കാൻ തോന്നിയില്ല.
അവൾ ഇടതുകൈ കൊണ്ട് എന്നെ പിടിച്ചു. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,
"ആൾക്കാര് പറയണതൊന്നും ശരിയല്ല അമ്മേ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു നിമിഷം എനിക്ക് മറ്റൊരു മാർഗ്ഗവും മനസ്സിൽ വന്നില്ല", അവൾ വിതുമ്പി. ഞാൻ പതുക്കെ അവളുടെ കൈ പിടിച്ച് സമാധാനിപിച്ചു, കയ്യിൽ കരുതിയ തൂവാല കൊണ്ട് അവളുടെ മുഖം തുടച്ചു.
"അധികം സംസാരിക്കാൻ പാടില്ല എന്നാണ് ഡോക്ടർ പറഞ്ഞത് ", നേഴ്സ് ഓർമ്മപ്പെടുത്തി. " അമ്മ പുറത്തിരുന്നോളൂ, ഞാൻ വിളിക്കാം", അവർ തുടർന്നു.
ഞാൻ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോൾ ജോസഫ് അൽപം പ്രായം ചെന്ന ഒരാളെ പരിചയപെടുത്തി. ഹെഡ്മാസ്റ്റർ ദാമോദരൻ പോറ്റി, അദ്ദേഹം എന്നെ നോക്കി കൈ കൂപ്പി എന്നിട്ട് പറഞ്ഞു, ' യാത്ര കഴിഞ്ഞ് വന്നതല്ലേ, ഇവിടെ എല്ലാവരും ഉണ്ടല്ലോ. ടീച്ചർ എന്റെ കൂടെ വരൂ, വീട് തൊട്ടപ്പുറത്താണ്. അവിടെ പ്രാതൽ കരുതിയിട്ടുണ്ട്. ഒന്നു വിശ്രമിക്കുകയും ആവാം'. അതിനെ ജോസഫും പിൻതാങ്ങി. അതും പറഞ്ഞ് ജോസഫ് എന്റെ ബാഗും എടുത്ത് നടന്നു കൂടെ ഞാനും, പോറ്റി മാഷും.
*********
ഭാഗം - 2
*********
''ദൈവമേ... ടീച്ചർക്കൊന്നും പറ്റല്ലേ.."
ഞാനാണ് എല്ലാത്തിനും കാരണം. കുറ്റബോധം മൂലം സ്വന്തം നിഴലിനെ കാണുമ്പോൾപോലും ലജ്ജ തോന്നാൻ തുടങ്ങി..
"മോളെ ദേവി, നീയ്യെന്തെടുക്ക്വാ.." അമ്മയാണ്. .
"ഒന്നുല്ല്യ, കിടക്കാണ്, നല്ല തലവേദന", പിന്നെ അമ്മ ഒന്നും ചോദിച്ചില്ല
ആരോടെങ്കിലും ഒന്ന് എന്റെ തെറ്റ് തുറന്നു പറയണം, ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് വരും.
കഴിഞ്ഞ വെള്ളിയാഴ്ച്ച കാലത്താണ് ഇതിനൊക്കെ കാരണമായ സംഭവം ഉണ്ടായത്. ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു കുട്ടിയാണ് രാഹുൽ. രാഹുൽ പണ്ടു ഞങ്ങളുടെ സ്കൂളിൽ ആണ് പഠിച്ചിരുന്നത്. ഇപ്പോൾ എഞ്ചിനിയറിങ്ങിന് പ്രവേശനം കിട്ടി.
അതിനു വേണ്ടി ഹെഡ്മാസ്റ്ററുടെ കയ്യിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ വന്നതായിരുന്നു രാഹുൽ. .
മൂന്നു ബ്ലോക്കുകൾ ആയാണ് സ്കൂൾ. T എഴുതിയ പോലെ ആണ് ഈ മൂന്ന് സ്കൂൾ ബ്ലോക്കുകളും പണിതിരിക്കുന്നത്. മുന്നിൽ നിന്നും നോക്കിയാൽ യുപി, ഹൈസ്കൂൾ ബ്ലോക്കുകൾ, പിന്നിലാണ് പ്രൈമറി ബ്ലോക്ക് . ഈ മുന്ന് ബ്ലോക്കിന്റെ ഇടയിൽ ഒരാൾക്ക് നടക്കാവുന്ന പാകത്തിൽ ഒരു ചെറിയ വഴിയുണ്ട്. ക്ലാസ്സ് സമയത്ത് അത് വിജനമായിരിക്കും. ഹെഡ്മാസ്റ്ററുടെ മുറി പഴയ ബ്ലോക്കിൽ ആണ്. പെൺകുട്ടികളുടെ മൂത്രപ്പുരയും ആ ബ്ലോക്കിൽ ആണ്. അവിടെ നിന്നും ഇറങ്ങി ഈ ഇടവഴിയിലൂടെ കടന്ന് ഗ്രൌണ്ട് മുറിച്ചുകടന്നാൽ വിദ്യാലയത്തിന്റെ പ്രധാന കവാടം ആയി.
ഞാൻ മൂത്രപ്പുരയിൽ നിന്ന് ഇറങ്ങുമ്പോഴെക്കും പുതിയ പിരീഡ് തുടങ്ങിയിരുന്നു. ഞാൻ തിരക്കിട്ട് ഓടി ക്ലാസ്സിൽ പോകുമ്പോഴണ് ഇടവഴിയിൽ അതുവഴി വന്നിരുന്ന രാഹുലുമായി കൂട്ടിയിടിച്ചത്. വിഴാൻ പോയ എന്നെ രാഹുൽ പിടിച്ചപ്പോൾ കഴിഞ്ഞ ആഴ്ച്ച ഉത്സവത്തിന് വാങ്ങിയ കമ്മൽ വലിഞ്ഞു വലതു ചെവി മുറിഞ്ഞു.
അപ്രതീക്ഷിതമായി അതുവഴി വന്ന സന്ധ്യ ടീച്ചർ കണ്ടത് രാഹുൽ എന്നെ പിടിച്ചു നിൽക്കുന്നതാണ്.
സന്ധ്യടീച്ചർ എന്റെ ഇടതു ചെവി പിടിച്ച് തിരിച്ച് ദേഷ്യപ്പെട്ടു, . 'നീയെന്താ ഇതൊക്കെ ചെയ്യണോനാണോ സ്കൂളിൽ വരുന്നത്.' എന്നും പറഞ്ഞ് എന്നോട് ക്ലാസിൽ പോകാൻ പറഞ്ഞു ആംഗ്യം കാണിച്ചു. ടീച്ചറുടെ മുഖം ദേഷ്യം വന്ന് ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു.
പേടിച്ചാണ് അന്ന് വൈകീട്ട് വീട്ടിൽ എത്തിയത്, ടീച്ചറെങ്ങാനും വന്ന് അച്ഛനോട് പറയുമോ? ഞാൻ എന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല, കാരണം അവർക്ക് ടീച്ചറെ അത്ര വിശ്വാസമാണ്.
വീട്ടിലെത്തിയതും അമ്മ ചോദിച്ചു, "ദേവി, തെന്താ നിന്റെ ചെവീല് ചോര ഉണങ്ങിയിരുക്കുന്നേ"? അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. പെട്ടെന്ന് വായിൽ നിന്നും വീണു, "ഇന്ന് സന്ധ്യ ടീച്ചർ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചതാ". എന്തിനെന്ന് ഞാൻ പറഞ്ഞില്ല.
പിറ്റേന്ന് രാവിലെ ചെവിയിൽ മുറിഞ്ഞിടത്ത് പഴുപ്പ് വരുന്നുണ്ടായിരുന്നു. അമ്മ അച്ഛനോട് കാര്യം പറഞ്ഞു.
കാലത്ത് തന്നെ അച്ഛൻ എന്നെയും കൊണ്ട് പ്രാധമികാശുപത്രിയിൽ പോയി. അവിടെ വച്ച് അച്ഛന്റെ ഒരു കൂട്ടുകാരനെ കണ്ടു. ടീച്ചർ ശിക്ഷിച്ചതും ചെവിയിൽ പൊട്ടിയതമൊക്കെ പറഞ്ഞു. ഇപ്പോൾ പഴുക്കാൻ തുടങ്ങിയതിനാൽ ഡോക്ടറെ കാണാൻ വന്നതാണെന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ അയാൾ അച്ഛനോട് പറഞ്ഞു 'ശ്രീധരാ, ആശുപത്രിയിലല്ലാ പോലീസ് സ്റ്റേഷനിൽ ആണ് പോകേണ്ടത് ' എന്ന്.
'അതൊന്നും വേണ്ടടോ, ടീച്ചർമാർ ആവുമ്പോ ശിക്ഷിക്കും, ഇത് പ്പോ പുതിയ കാര്യന്നും അല്ലല്ലോ,....അച്ഛൻ പറഞ്ഞു,
'അതൊക്കെ പണ്ട്, ഇന്നവർക്ക് കുട്ടികളുടെ ദേഹത്ത് കൈ വക്കാൻ അധികാരം ഇല്ല' അയാൾ വീണ്ടും പറഞ്ഞു.
'എടോ, കുട്ടികൾ ആകുമ്പോ കുറുമ്പു കാട്ടും, ടീച്ചർമാർ ശിക്ഷിക്കും, അതു കൊണ്ട് ഒരു കുട്ടിയും ചാവാൻ പോണില്ല. അവർ ശിക്ഷിക്കുന്നത് കുട്ടികൾ നന്നാവാനാണ്. ക്ലാസിൽ നിർത്തിയും ബെഞ്ചിന്റെ മുകളിൽ നിന്നും ഇമ്പോസിഷൻ എഴുതിയും ഒക്കെ അല്ല നമ്മളും വളർന്നേ. മക്കളും അങ്ങിനെ വളരട്ടെ.'
അയാൾക്കത്ര ഇഷ്ടപ്പെട്ടില്ല അച്ഛന്റെ മറുപടി. അയാൾ ഞാനും അച്ഛനും കൂടെ നിൽക്കുന്ന ഒരു ചിത്രവും പിന്നെ എന്റെ ചെവിയിൽ മുറിഞ്ഞതിന്റെ ഒരു ചിത്രവും എടുത്തു. "ഇത് ഞാൻ നോക്കിക്കോളാം" എന്നും പറഞ്ഞ് നടന്ന് പോയി. അച്ഛൻ വീണ്ടും പറഞ്ഞു, 'സാരല്ലടോ, വിട്ടു കളയ്.' പക്ഷേ അയാളത് കേട്ടില്ല.
പിറ്റേന്ന് കാലത്താണ് ഞാനറിഞ്ഞത് അയാൾ അത് ഫെയ്സ് ബുക്കിലും മറ്റ് ഇട്ട് ടീച്ചറെയും വിദ്യാലയത്തിനേയും വളരെ അധിക്ഷേപിച്ചു. ഇത് സ്വകാര്യ വിദ്യാലയത്തിലെ കുറേ പേർ അവരുടെ വളർച്ചക്ക് ഉപയോഗിച്ചു. അച്ഛനോട് ഒരു പരാതി പോലിസ് സ്റ്റേഷനിൽ കൊടുക്കാൻ കുറേ പേർ നിർബന്ധിച്ചു, പക്ഷേ അച്ഛൻ തയ്യാറായില്ല. നവമാധ്യമങ്ങളിലും പത്രങ്ങളിലും ഈ വാർത്ത നിറഞ്ഞു നിന്നു. ഞാൻ രണ്ടു ദിവസം സ്കൂളിൽ പോയില്ല. ഹെഡ്മാസ്റ്റർ സന്ധ്യ ടീച്ചറെ വിളിച്ചിരുന്നുവെന്നും, ടീച്ചർക്ക് നേരേ നടപടി ഉണ്ടാവുമെന്നും ഒക്കെ ക്ലാസിലെ കുട്ടികൾ പറഞ്ഞറിഞ്ഞു. അന്ന് വൈകീട്ട് ആണ് ടീച്ചർ കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇത്രയൊക്കെ ആയിട്ടും ടീച്ചർ ആരോടും സത്യാവസ്ഥ പറഞ്ഞില്ല എന്നത് ആണ് എന്നെ കുറ്റബോധത്തിൽ തള്ളിയിടുന്നത്. ഇനിയെങ്കിലും ആരോടും പറഞ്ഞില്ലെങ്കിൽ കുറ്റബോധത്താൽ എന്റെ ഹൃദയം പൊട്ടി തകരുമെന്ന് തോന്നി.
വരാന്തയിൽ ജോലി കഴിഞ്ഞ് വന്ന് അച്ഛൻ എന്തോ വായിക്കുകയായിരുന്നു. അമ്മ പച്ചക്കറി അരിഞ്ഞു കൊണ്ട് അടുത്തുണ്ടായിരുന്നു.
ഞാൻ പതിയെ പതിയെ അവരുടെ അടുത്ത് പോയി.. അമ്മ എന്നെ കണ്ടു, എന്നിട്ട് ചോദിച്ചു. "നിന്റെ തലവേദന പോയോ"? കേൾക്കാത്തപോലെ ഞാൻ അച്ഛന്റെ അടുത്ത് ചെന്നു പതുക്കെ പറഞ്ഞു. "അച്ഛാ, ഞാനൊരു തെറ്റ് ചെയ്തു. ഞാനൊരു നുണ പറഞ്ഞു, എന്നോട് ക്ഷമിക്കണം". ഗദ്ഗദത്താൽ അവസാന വാക്ക് എന്റെ കണ്ഠത്തിൽ കുരുങ്ങിയിരുന്നു. കണ്ണുകളിൽ ഈറനും.
ഒന്നുമറിയാതെ അച്ഛനെന്നെ നോക്കി. "കരയാതെ കാര്യം പറയ്", അച്ഛൻ ചോദിച്ചു.
ഞാൻ ഉണ്ടായ കാര്യം മുഴുവൻ പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു. പിന്നെ എന്നോടും അമ്മയോടും തയ്യാറാവാൻ പറഞ്ഞു. നേരേ ആശുപത്രിയിലേക്കാണ് പോയത്. അച്ഛൻ ഡോക്ടറെ കാണാൻ പോയി. ഞാനും അമ്മയും സന്ധ്യ ടീച്ചർ കിടക്കുന്ന ഐസിയുവിന്റെ അടുത്ത് പോയി. വാർഡിന്റെ മുൻപിൽ ഇട്ടിരുന്ന കസേരയിലിരുന്നു. ഹെഡ് മാഷും ജോസഫ് സാറും മറ്റ് രണ്ട് പേരും ഒരു വയസ്സായ സ്ത്രീയോട് സംസാരിച്ചുകൊണ്ട് മറുഭാഗത്ത് കസേരയിൽ ഉണ്ടായിരുന്നു.
ഡോക്ടടെ കണ്ട് മുകളിലേക്ക് വന്ന അച്ഛൻ വയസ്സായ സ്ത്രീയേ കണ്ടപ്പോൾ അന്താളിച്ചു നിന്നു.
"ടീച്ചറെന്താ ഇവിടെ, എന്നെ മനസ്സിലായോ?" ഒന്നും മനസ്സിലാവാത്തപോലെ ടീച്ചർ അച്ഛനെ നോക്കി. കുറച്ച് ആലോചിച്ച് ടീച്ചർ ചോദിച്ചു, "ശ്രീധരൻ അല്ലേ "?
ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് അച്ഛനാണ്.
"ടീച്ചർക്കെന്നെ ഇപ്പോളും ഓർമ്മേണ്ടോ?" അച്ഛന് വിശ്വസിക്കാനായില്ല.
"എന്റെ മോളാ സന്ധ്യ..." ടീച്ചറുടെ മറുപടി കേട്ട് ഇത്തവണ ഞാനും ഒരു പോലെ ഞെട്ടി.
"ടീച്ചറെന്നോട് ക്ഷമിക്കണം" അച്ഛൻ ടീച്ചറോട് പറഞ്ഞു,
"എന്റെ മകളൊരു വലിയ തെറ്റ് ചെയ്തു, ആ കുറ്റം ഏറ്റു പറഞ്ഞ് സന്ധ്യ ടീച്ചറോട് മാപ്പ് ചോദിക്കാനാണ് ഞാൻ അവളെയും കൊണ്ട് ഇവിടെ വന്നത് ". അച്ഛൻ ടീച്ചറോട് ഉണ്ടായ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു. ഇതെല്ലാം കേട്ട് പോറ്റി മാഷും, ജോസഫും അടുത്തു തന്നെ ഉണ്ടായിരുന്നു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ടീച്ചറുടെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. ടീച്ചറുടെ അമ്മ എന്റെ കൈ പിടിച്ചു എന്നെ അവരുടെ അടുത്തേക്ക് നിർത്തി. എന്നിട്ട് പറഞ്ഞു :
"എന്റെ കണ്ണ് നിറഞ്ഞത് എന്റെ മകളെക്കുറിച്ച് ഓർത്തിട്ടല്ല, മറിച്ച് കുട്ടിയുടെ കുറ്റസമ്മതം നടത്താനുള്ള സന്മനസ്സ് കണ്ടിട്ടാണ്. സ്വന്തം തെറ്റ് മനസ്സിലായപ്പോൾ നീ അത് തിരുത്തി. ആ തിരിച്ചറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ അറിവ്. ഒരു ടീച്ചർക്ക് നൽകാവുന്നതിൽ വച്ച് എറ്റവും വിശിഷ്ടമായ ഒരു ഗുരു ദക്ഷിണ ഇതിൽ പരം മറ്റൊന്നില്ല".
ഞങ്ങൾ അകത്തേക്ക് പോകുമ്പോൾ ടീച്ചറുടെ അമ്മയും കൂടെ വന്നു. ഞാൻ ഓടിച്ചെന്ന് ടീച്ചറുടെ കൈ പിടിച്ചു, മാപ്പ് പറഞ്ഞു.
അച്ഛൻ അവരോട് ഉണ്ടായ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ സന്ധ്യ ടീച്ചർ പറഞ്ഞു. "ഒന്നും പറയണ്ട, എനിക്കെല്ലാമറിയാം. രാഹുൽ ഇവിടെ ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് എന്നെ കണ്ട് സത്യാവസ്ഥ അറിയിക്കാൻ വേണ്ടി അവൻ വീട്ടിൽ വന്നപ്പോഴാണ് കൈ മുറിഞ്ഞതു കണ്ടതും പിന്നെ എന്നെ ഇവിടെ എത്തിച്ചതും, അമ്മയെ അറിയിച്ചതും ഒക്കെ രാഹുൽ ആണ്".
ആശുപത്രിയിൽ നിന്നും ടീച്ചറെയും അമ്മയെയും കൊണ്ട് വീട്ടിൽ പോയി രാത്രി അത്താഴത്തിനു ശേഷം അവരെ ടീച്ചർ താമസിക്കുന്ന വാടകവീട്ടിലാക്കി അച്ഛന്റെയും അമ്മയുടെയും കൂടെ തിരിച്ചുപോരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സമാധാനം തോന്നി.
അപ്പോഴും ആരെങ്കിലും ടീച്ചറുടെ പീഡനത്തെപറ്റി പറഞ്ഞ ഫെയ്സ് ബുക്ക് പോസ്റ്റ് ഫോർവേർഡ് ചെയ്യുന്നുണ്ടാവാം. സത്യമറിയാതെ, നഷ്ടപ്പെട്ടുപോയ പണ്ടുകാലത്തെ അദ്ധ്യാപക-വിദ്യർത്ഥി ബന്ധത്തിന്റെ നിഷ്കളങ്കതയെയും, ഇല്ലാതാവുന്ന വിദ്യഭ്യാസത്തിന്റെ മൂല്യത്തെയും പറ്റി കമന്റ് എഴുതി മുതലക്കണ്ണീർ ഒഴുക്കിക്കൊണ്ടു്!
-- ശുഭം --
ഗിരി ബി വാരിയർ
16 ഡിസംബർ 17
Unni Madhav
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo