സ്കൂളിന്റെ വരാന്തയിലൂടെ ബാഗും തോളിലേറ്റി, പുതിയതായി കിട്ടിയ കൂട്ടുകാരി, നന്ദിതയുമൊത്ത് നടന്നു നീങ്ങുമ്പോൾ വല്ലാത്തൊരു വിഷമം. പുതിയ സ്‌കൂൾ, പുതിയ ചുറ്റുപാട്..., എല്ലാം ശരിയാകാൻ സമയമെടുക്കുമായിരിക്കാം. നന്ദിത വാ തോരാതെ ക്ലാസ്സിലെ ഓരോ കുട്ടികളെപ്പറ്റിയും പറഞ്ഞു കൊണ്ടിരുന്നു. ഞാനെല്ലാം ഒരു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്നു.
ഓ..., ഞാനാരാണെന്ന് പറഞ്ഞില്ലല്ലോ..! ഞാൻ പവി..., പവിത്ര കൃഷ്ണൻ. പത്താം ക്ലാസ്സിൽ പഠിക്കുന്നു. ഞാനിന്നലേയാണ് ഈ സ്കൂളിൽ ചേർന്നത്. എന്റെ അമ്മ പദ്മ കൃഷ്ണൻ, അച്ഛൻ കൃഷ്ണദേവ്. അച്ഛൻ കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി ഒഡീഷയിലെ ഭുവനേശ്വറിൽ ജോലി നോക്കുന്നു. ഞാൻ ജനിച്ചതെല്ലാം അവിടെത്തന്നെ. പുറകിലോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഏറെ പ്രിയമുള്ള ഓർമ്മകൾ. സന്തോഷകരമായ ബാല്യം. ഒന്നിന്റേയും കുറവ് ഞാനറിഞ്ഞിരുന്നില്ല. അച്ഛനെന്നെ ജീവനായിരുന്നു. ആ മടിയിൽ കയറിയിരുന്ന് ഒരു കഥ കേൾക്കാതെ ഞാനുറങ്ങാറില്ല. ആ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് ഞാൻ പുറംലോകം എന്തെന്നറിഞ്ഞു.
ഇന്നും ഓർക്കുന്നു..., ആദ്യമായ് പവി സ്കൂളിൽ പോയ ദിവസം...
യൂണിഫോം ഒക്കെ ഇട്ട്, സ്കൂൾബാഗും തോളിലിട്ട്, അച്ഛന്റെ കൂടെ സ്കൂളിൽ പോയ ആ ദിവസം...
വഴി നീളെ ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. എൽ കെ ജി ക്ലാസ്സിൽ എന്നെ കൊണ്ടിരുത്തി, എന്റെ നിറുകയിൽ ഉമ്മവെച്ചു, എന്നിട്ട് പറഞ്ഞു, ഇനി മോളെ കൊണ്ടു പോകാൻ വൈകുന്നേരം വരാമെന്ന്. ഞാനച്ഛനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു," അച്ഛൻ പോകണ്ട.., പവീടെ കൂടെ ഇവിടെ ഇരിക്കണം" ന്ന്. പതിയെ എന്റെ കൈവിടുവിച്ച്, കൈവീശിക്കാട്ടി സങ്കടത്തോടെ നടന്നു നീങ്ങുന്ന അച്ഛനെ നോക്കി നിന്നപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.
പവി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം വരേക്കും വീട് ഒരു സ്വർഗ്ഗം തന്നേയായിരുന്നു. പൊട്ടിച്ചിരികളുടേയും സ്നേഹപ്രകടനങ്ങളുടേയും നാളുകൾ..., ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത മകളാണ് ഈ പവി എന്ന് തോന്നിയ നാളുകൾ...! പിന്നെ ആ വീട് പൊട്ടിത്തെറികളുടേയും മൂകതയുടേയും ഭീതി ഉണർത്തുന്നതുമായ ഒരന്തരീക്ഷമായ് മാറിയത് ആരും അറിഞ്ഞില്ല.
എന്റെ അമ്മ ഒരു കഥക്/മോഹിനിയാട്ടം ഡാൻസർ ആണ്..,ഒരു ചിത്രകാരി കൂടിയും. വാട്ടർ കളർ, ഓയിൽ പെയ്ന്റിങ്ങ് എന്നിവ മനോഹരമായി ചെയ്യും. ചിത്ര പ്രദർശനവും നടത്താറുണ്ട്. അമ്മയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെ! നിരവധി വേദികളിൽ അമ്മയുടെ ഡാൻസ് പ്രോഗ്രാം അരങ്ങു തകർത്തു. അച്ഛന്റെ പൂർണ്ണ പിൻതുണയോടെ അമ്മ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.
പിന്നീടെപ്പോഴാണെന്നറിയില്ല, അച്ഛന് ഇതിനോടെല്ലാം ഒരു വിരോധം പോലെ. പല സoഘാടകരും ഡാൻസ് പ്രോ ഗ്രാമിന് അമ്മയെ വിളിക്കാൻ വേണ്ടി വീട്ടിൽ വന്നു.
" പദ്മ ഡാൻസൊക്കെ നിറുത്തി, ഇനി മേലിൽ ഇവിടെ വരരുത്" എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു.
അമ്മ വരച്ച ചിത്രങ്ങൾക്കായി പലരും വന്നു.. അവരേയും നിരാശരാക്കി മടക്കി അയച്ചു. അമ്മ എതിർത്തൊന്നും പറഞ്ഞില്ല.
" ഇനി നീ ആടിയതും, ചായക്കൂട്ടുകളിട്ടതും മതി, നീ സമ്പാദിച്ചിട്ടു വേണ്ട നമ്മുടെ പവിക്ക് ജീവിക്കാൻ", എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
ഒന്നു മാത്രം പവിക്ക് മനസ്സിലായി, എവിടൊക്കേയോ താളപ്പിഴകൾ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.
അമ്മയുടെ സോഷ്യൽ വിസിറ്റ്സ് കുറഞ്ഞു, ആ മുഖത്തെ തിളക്കം മാഞ്ഞു തുടങ്ങി, ഒരു നിശ്ശബ്ദത, പവി എന്തെങ്കിലും ചോദിച്ചാൽ മാത്രം ഒരു വാക്കിലുള്ള മറുപടി. അമ്മ അമ്മയിലേക്കു തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.
ഒരാഴ്‌ചത്തെ ഓഫീസ് ട്യൂർ എന്ന് പറഞ്ഞ് പോകുന്ന അച്ഛൻ ചിലപ്പോൾ രണ്ടാഴ്ച, മൂന്നാഴ്ച ഒക്കെ കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ. ആദ്യമെല്ലാം എവിടെ പോയാലും പവിയോട് ഫോണിൽ സംസാരിക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. പിന്നെപ്പിന്നെ അതും കുറഞ്ഞു തുടങ്ങി. എന്നെങ്കിലും " എന്ത്യേ ഇത്ര വൈകിയത്" എന്നമ്മ ചോദിച്ചാൽ, പിന്നെ അമ്മയോട് തട്ടിക്കയറും.
അമ്മക്ക് നാട്ടിൽ നിന്ന് ഒരു ഫോൺ കോൾ വന്നാൽ അച്ഛന് സംശയമാണ്.
" അമ്മയും മകളും കൂടി വീട്ടുകാരോട് എന്നെക്കുറിച്ച് കുറ്റം പറയുകയായിരുന്നല്ലേ.. " എന്ന് ചോദിക്കും.
അമ്മ ഒരിക്കലും ഇവിടുത്തെ പ്രശ്നങ്ങൾ മുത്തച്ഛനോടും അമ്മൂമ്മയോടുo പറഞ്ഞിരുന്നില്ല. അവരുടെ ഫോൺ വരുമ്പോൾ അമ്മ അമ്മയുടെ സങ്കടം മറച്ചു പിടിക്കാൻ പാടുപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.
വീട്ടിൽ അച്ഛന്റെ സുഹൃത്തുക്കളുടെ വരവ് കൂടിത്തുടങ്ങി.., പാതിരവരേയുള്ള പാർട്ടികളും. അമ്മയുടെ മൗനം അച്ഛനൊരായുധമാക്കി മാറ്റി...., എന്തും ചെയ്യാമെന്ന ഒരു നിലപാട്. പവിക്ക് വിഷമമാകാതിരിക്കാനാണ് അമ്മയുടെ ഈ മൗനം എന്ന് അച്ഛൻ അറിയാൻ ശ്രമിച്ചില്ല.
അച്ഛന്റെ നേരം വൈകിയുള്ള പാർട്ടി ദിവസങ്ങളിൽ അമ്മ പവിയോട് പറയും മുറിയിൽ നിന്നും പുറത്ത് വരരുതെന്ന്. ആദ്യമൊന്നും അതെന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്. പതിയെപ്പതിയെ എനിക്കച്ഛനേയും അങ്കിളുമാരേയും പേടിയാകാൻ തുടങ്ങി.
ഒരു ദിവസം പാർട്ടിക്കിടയിൽ അച്ഛൻ അമ്മയോട് പറയുന്ന കേട്ടു..,
" നീ വലിയ ഡാൻസ്കാരിയല്ലേ.., എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി നീ നിന്റെ മോഹിനിയാട്ടം അവതരിപ്പിക്ക് " എന്ന്.
ഒരിക്കലും അമ്മ അച്ഛനോടെന്തെങ്കിലും എതിർത്തു പറയുന്നത് കേട്ടിട്ടില്ല, പക്ഷെ, അന്ന് അമ്മ പൊട്ടിത്തെറിച്ചു.
"മര്യാദക്ക് സുഹൃത്തുക്കളോട് ഇവിടുന്നിറങ്ങിപ്പോകാൻ പറയണം, അല്ലെങ്കിൽ ഞാനവരെ പിടിച്ച് പുറത്താക്കും"." എന്നേയും എന്റെ മകളേയും ഒന്നു ജീവിക്കാനനുവദിച്ചു കൂടെ..." എന്ന് പറഞ്ഞ് അമ്മ എന്നേയും കൊണ്ട് മുറിയിൽക്കയറി കതകടച്ചു. ഞാനാകെ പേടിച്ചു പോയി. ഒന്നും മിണ്ടാതെ അമ്മ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. പക്ഷെ ആ മനസ്സിന്റെ തേങ്ങലുകൾ എനിക്കറിയാൻ കഴിഞ്ഞു.
പവിക്ക് രാത്രിയായാൽ പേടിയാ....! ഇന്നെന്താ വീട്ടിൽ നടക്കുക എന്ന ആധിയാ...!
അമ്മ വരച്ച ചിത്രങ്ങൾ കാണാനെന്ത് ഭംഗിയാണെന്നോ! കയ്യിൽ വെണ്ണയുമായ് നിൽക്കുന്ന നീലക്കണ്ണനെ വരച്ച് കഴിഞ്ഞ്, അതു നോക്കി നിന്നമ്മ കരയുന്നതു ഒരിക്കൽ ഞാൻ കണ്ടു. മൗനത്തിലൂടെ അമ്മയുടെ സങ്കടം ഉണ്ണിക്കണ്ണനോട് പറയുകയായിരുന്നു. ഞാനമ്മയെ ചെന്ന് കെട്ടിപ്പിടിച്ചു. നിറഞ്ഞു തുളുമ്പിയ ആ കണ്ണുനീർത്തുള്ളികൾ എന്റെ നിറുകയിൽ പതിച്ചു.
ഒരിക്കൽ അമ്മ ഒരു പെയ്ന്റിങ്ങ് ചെയ്തു കൊണ്ടിരിക്കേ ചായക്കൂട്ടുകളെല്ലാം അച്ഛൻ ആ ചിത്രത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരമ്മ തന്റെ കുട്ടിയെ മാറോടണച്ചു നിൽക്കുന്ന ഒരു എണ്ണ ഛായാചിത്രം! മൂന്നു ദിവസമായി അമ്മ ആ ചിത്രം പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്റമ്മയുടെ ജീവൻ നിലനിൽക്കുന്നത് ഈ ചിത്രങ്ങളിലൂടെ ആയിരുന്നു. ചിത്രങ്ങളുടെ ഓർഡർ അമ്മ സ്വീകരിക്കുന്നില്ലെങ്കിലും, ചിത്രംവര മുഴുവനായും നിർത്താൻ അമ്മക്ക് കഴിഞ്ഞില്ല.
അന്നാദ്യമായി പവി അച്ഛനോട് കയർത്തു സംസാരിച്ചു....
"എന്തിനാച്ഛാ ആ ചിത്രം നശിപ്പിച്ചത്....., എന്ത് ഭംഗിയായിരുന്നു കാണാൻ" !
ഒന്നും മിണ്ടാതെ എന്നെ ഒന്നു നോക്കിക്കൊണ്ട് അവിടുന്ന് എണീറ്റ് പോയി.
എല്ലാ വർഷവും ഞങ്ങൾ മൂന്നു പേരും ചേർന്നാണ് നാട്ടിൽ വരാറുള്ളത്. ഇപ്രാവശ്യം അച്ഛൻ വന്നില്ല. ഒരു മാസത്തെ അവിധിക്കാലം കഴിയാറായപ്പോൾ അമ്മൂമ്മ ഞങ്ങൾ തിരിച്ചുപോകുന്നതെന്നാണ് എന്ന് ചോദിച്ചു.
"ഇല്ലമ്മേ..., ഞങ്ങളിനി തിരിച്ചു പോകുന്നില്ല...,പവിക്കിവിടെ അഡ്മിഷൻ നോക്കണം" എന്നമ്മ പറഞ്ഞു.
"നീയെന്തായീ പറയുന്നേ...! "
"ഇല്ലമ്മേ..., എനിക്ക് മതിയായി ആ ജീവിതം.., എന്നേയും മോളേയും ഒന്നു രക്ഷിക്കാമോ.....? എനിക്കിനി അദ്ദേഹത്തിന്റെ കൂടെ ജീവിക്കാനാകില്ല".
ഞാനിതുവരെ കാണാത്ത ഒരു ഭാവം അമ്മയിൽ കണ്ടു..., ഒരു ഉറച്ച തീരുമാനം എടുത്ത പോലെ.
"നീ ഒന്നു കൂടി ആലോചിക്കൂ കുട്ടീ.., എത്രയൊക്കെ ആയാലും കൃഷ്ണ പവീടെ അച്ഛനല്ലേ...! നീ പെട്ടെന്നൊരു തീരുമാനമെടുക്കരുത്", അമ്മൂമ്മ പറഞ്ഞു.
" ഇല്ലമ്മേ...., ഈ തീരുമാനമെടുക്കാൻ വർഷങ്ങളെടുത്തു.. ഇനി അങ്ങോട്ട് ഒരുമിച്ചൊരു ജീവിതമില്ല., എന്റെ പവിയുടെ വളർച്ച കാണുമ്പോൾ എനിക്ക് പേടിയാ അമ്മേ... ഡൈവോഴ്സ് പെറ്റീഷൻ കൊടുക്കണം. എത്രയും പെട്ടെന്ന് എനിക്കവരിൽ നിന്നും മുക്തി കിട്ടണം".
ഇതെല്ലാം കേട്ടപ്പോൾ ഞാനദ്ഭുതപ്പെട്ടു പോയി..! എനിക്കെന്റെ അച്ഛനെ നഷ്ടപ്പെടുമോ...?
പക്ഷെ അമ്മ പറയുന്നതും ശരിയാണ്. എത്രനാൾ അമ്മ അച്ഛന്റെ ശകാരങ്ങളും കുത്തുവാക്കുകളും സഹിക്കും......??
പവിക്ക് പവിയുടെ സുഹൃത്തുക്കളേയും സ്കൂളും, ജനിച്ചു വളർന്ന ആ നാടും നഷ്ടമാകും. സാരല്യ.
മുത്തച്ചനും അമ്മൂമ്മയും പരമാവധി ശ്രമിച്ചിട്ടും അമ്മയെ ആ ചിന്തയിൽ നിന്നും പിൻതിരിപ്പിക്കാനായില്ല.
പലവട്ടം ഞാനച്ചന് ഫോൺ ചെയ്തു..., പക്ഷെ, എല്ലാ പ്രാവശ്യവും അച്ഛൻ ഫോൺ കട്ട് ചെയ്തു.
കുറച്ചു ദിവസങ്ങൾക്കു മുന്നേ അച്ഛന്റെ ഒരു ഫോൺ കോൾ അമ്മക്ക് വന്നു. അച്ഛനും ഈ ബന്ധം തുടരാനാഗ്രഹിക്കുന്നില്ല, ബന്ധം വേർപിരിയാൻ തയ്യാറാണെന്ന്. അച്ഛൻ നാട്ടിൽ വന്നിട്ടുണ്ടെന്നറിഞ്ഞു. അച്ഛന്റെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ അച്ഛമ്മയുടെ നമ്പറിൽ വിളിച്ചു, എനിക്കച്ഛനോട് സംസാരിക്കണമെന്ന് പറഞ്ഞു.
"എന്താ പവി, സുഖമാണോ?"- അച്ഛൻ ചോദിച്ചു.
" സുഖമാണച്ഛാ..., അച്ഛൻ എന്നാ ഇങ്ങോട്ട് വരുന്നേ"?
" ഇല്ല, ഞാനങ്ങോട്ട് വരുന്നില്ല, നിനക്കിങ്ങോട്ട് വേണമെങ്കിൽ വരാം", അച്ഛന്റെ മറുപടി.
"ഈ പവിയെ വിട്ട് പോകാനാകുമോ അച്ഛാ.....?
" മോൾ നല്ല കുട്ടി ആയിരിക്കണം, ഇടക്കൊക്കെ അച്ഛൻ വിളിക്കാം" എന്ന് പറഞ്ഞ് ഫോൺ വെച്ചു.
ഇനി നാല് ദിവസം കൂടി കഴിഞ്ഞാൽ അവർ രണ്ടു പേരും കുടുംബ കോടതിയിൽ ഹാജരാകണം. ഒരുമിച്ചു ജീവിക്കണോ അതോ എന്നെന്നേക്കുമായ് പിരിയണോ എന്നവർ തീരുമാനിക്കും. അച്ഛൻ നാട്ടിലുണ്ടെന്നറിഞ്ഞപ്പോൾ മുതൽ അമ്മ ആകെ ഒരസ്വസ്ഥതയിലായിരുന്നു. ഇടക്ക് ഫോൺ എടുത്ത് നോക്കുന്നതു കാണാം. ചിലപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടിയുള്ള ഫോട്ടൊ എടുത്തു പിടിച്ച് കരയുന്ന കാണാം. ഒന്നും ചെയ്യാനാകാതെ ഞാനമ്മയുടെ അടുത്തു ചെന്നിരിക്കും.
" ദേവേട്ടാ..., ദേവേട്ടാ എന്ന് ദിവസത്തിൽ പത്ത് വട്ടമെങ്കിലും വിളിച്ചിരുന്ന അമ്മ ഇന്ന് മൂകയായ് ഇരിക്കുന്നത് കാണുമ്പോൾ പവിക്ക് സങ്കടം സഹിക്കുന്നില്ല. ആ ചെവികൾ അച്ഛന്റെ "പാത്തു.... പാത്തു എന്ന വിളി കേൾക്കാൻ കാതോർത്തിരിക്കയാണെന്ന് തോന്നും.
എനിക്കവർ രണ്ടു പേരും വേണം എനിക്കിപ്പോഴും അറിയില്ല, അമ്മ എന്തു തെറ്റാണ് ചെയ്തതെന്ന്. എന്റമ്മക്ക് ഏറെ കഴിവുകളുണ്ട്, അത് ഒരു തെറ്റാണോ....?
ഒരിക്കലും അമ്മ അച്ഛന്റെ ആഗ്രഹങ്ങൾക്ക് എതിരായി ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. അമ്മ എപ്പോഴും ചിന്തയിലാണ്, ഊണില്ല, ഉറക്കമില്ല, ആരോടും മിണ്ടാട്ടവുമില്ല.
പവിക്ക് ഭയമാ...., അമ്മ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന്.
എനിക്കറിയാം അമ്മക്ക് അച്ഛനെ വേണ്ടന്ന് വെക്കാനാകില്ലെന്ന്. അച്ഛന് മാത്രമേ പവീടമ്മയെ രക്ഷിക്കാനാകുളളൂ.
അവസാന നിമിഷം..., ഏറെ മാസങ്ങൾക്ക് ശേഷം തമ്മിൽ കാണുമ്പോൾ അവരെല്ലാ പരിഭവങ്ങളും പിണക്കങ്ങളും മറക്കില്ലേ....? എനിക്കെന്റെ പഴയ അമ്മയേയും അച്ഛനേയും തിരിച്ചുകിട്ടില്ലേ.....?
സ്വർണ്ണത്തേരിലേറി വരുന്ന രാജകുമാരൻ പവിയെ കൊണ്ടു പോകുന്നത് കാണാൻ പവീടച്ഛൻ കൂടെ ഉണ്ടാകില്ലേ....?
എല്ലാവരും പ്രാർത്ഥിക്കണേ.., പവിക്കു വേണ്ടി....!
~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
17/12/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക