Slider

കൊളോളത്തെ സൽമാൻ ഖാന്റെ ഇൻബോസ്ക്

0
Image may contain: 1 person, beard and closeup

ഫേസ്ബുക്ക് എഴുത്ത് ഗ്രൂപ്പുകളിൽ സജീവമായിത്തുടങ്ങിയത് രണ്ടുമൂന്ന് വർഷങ്ങൾക്ക് മുൻപാണ്‌.
വായനയും, അഭിപ്രായം പറയലുമല്ലാതെ എഴുത്തിന്റെ അസുഖം അന്ന് തുടങ്ങീട്ടിലായിരുന്നു.
മിക്കവരുടെയും എഴുത്തുകൾക്ക് അരപ്പേജിൽ കുറയാത്ത കമന്റ് നൽകുന്നയാളായതിനാൽ ചില എഴുത്തുകാരുടെയൊക്കെ കണ്ണിലുണ്ണിയാരുന്നു ഈ ഞാൻ എന്നും പറയാം.
പലരും ഇൻബോക്സിൽ വന്ന് ഗ്ലൂക്കോസും ബോൺവീറ്റയും തന്ന് എന്റെ കമന്റ് തൊഴിലിന് ഊർജം പകരാറുമുണ്ട്.
പത്താം ക്ലാസ് മൂന്നാംവട്ടം എഴുതി പാസായ എനിക്ക് സാധാരണ മലയാളം അറിയാം എന്നല്ലാതെ കടുകട്ടി വാക്കുകൾ പറയാനും എഴുതാനും ഇന്നത്തെപ്പോലെ അന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കവിതകൾക്ക് അഭിപ്രായം പറയൽ വളരേ വിരളം.
അങ്ങനെ ഒരു ദിവസം വൈകുന്നേരം കർമ്മനിരതനായി കമന്റു ബോക്സുകളിൽ വിരാജിക്കുമ്പോഴാണ് ''ക്ണിം'' എന്ന ശബ്ദത്തിൽ ഇൻബോക്സ് വാതിലിൽ ആരോ വന്നു മുട്ടിയത്.
ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി. ഗ്രൂപ്പുകളിൽ കവിതകൊണ്ട് അമ്മാനമാടുന്ന വ്യക്തിയാണ്. മുടിയും താടിയും നീട്ടി വളർത്തി, ഒരു കിലോമീറ്റർ ദൂരെ നിന്ന് കണ്ടാൽ പോലും മനസിലാവും ആളൊരു കവിയാണെന്ന്.
ഇദ്ദേഹം സ്വന്തം പേരിൽ രണ്ടുമൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത് അറിയാം.
ഇങ്ങേരെന്തിനാ ഈയുള്ളവന്റെ ഇൻബോക്സിലേക്ക് വന്നതെന്ന് ചിന്തിച്ചു മെസ്സേജ് ഓപ്പൺ ചെയ്തു.
- 'ആനന്ദ് സുഖമല്ലേ'
- 'അതേ സാർ. നന്നായിരിക്കുന്നു.'
ഒരുപക്ഷേ അങ്ങേരുടെ കവിതകൾക്ക് ഞാൻ അഭിപ്രായിക്കാത്തതിലുള്ള പരിഭവമാണോ ഈ ആഗമനത്തിന് കാരണമെന്ന് സംശയിച്ചെങ്കിലും, നാട്ടുകാര്യങ്ങളും ഫേസ്ബുക്കിനെപ്പറ്റിയുമുള്ള ചില കാര്യങ്ങളും മാത്രമായി ആ സംസാരം അവസാനിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിരമായി ഇൻബോക്സിൽ വരുന്ന അദ്ദേഹം പതിവ് പരുക്കൻ സ്വഭാവം മാറ്റി അല്പം ലോലനായി.
അങ്ങേരുടെ ചില അളിഞ്ഞ തമാശകൾ കേട്ട് ഞാൻ സ്വയം ഇക്കിളിപ്പെടുത്തി ചിരിക്കാൻ തുടങ്ങി. പിണക്കരുതല്ലോ, പ്രമുഖനല്ലേ..
സുക്കറണ്ണൻ തന്ന സ്മൈലിക്കുട്ടികളിലെ അട്ടഹസിക്കുന്ന വട്ടമുഖങ്ങൾ (😝) അങ്ങേരുടെ മുന്നിൽ ഞാൻ വാരിവിതറി.
ഓവർടൈം ഉള്ള ദിവസമായതിനാൽ അന്ന് രാത്രി വൈകിയാണ് റൂമിലെത്തിയത്. ഒരു വിധത്തിൽ കുളിയും, തീറ്റയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് ഉറങ്ങാൻ കിടന്നപ്പോൾ അതാ വരുന്നു ആശാന്റെ മെസേജ്.
- 'ഉറങ്ങാറായില്ലേ കള്ളാ, രാത്രി ആരോടാണാണ് ചാറ്റിങ്ങ്..?'
ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, ഒരു പ്രമുഖനെ വെറുപ്പിക്കുന്നത് ബുദ്ധിയല്ലാ എന്നുള്ളത് കൊണ്ട് സുക്കറണ്ണന്റെ ഒറ്റക്കണ്ണടിച്ചു നിൽക്കുന്ന സ്മൈലിക്കുട്ടനെ (😜) അങ്ങേർക്കു പറത്തി വിട്ടു.
- 'ആനന്ദ് കിടന്നിട്ടാണോ ഉള്ളത് ഇപ്പോ'
'അല്ലടോ, നട്ടപ്പാതിരക്കു ഞാൻ തലേം കുത്തി നിക്കുവാ'
എന്ന് മറുപടി പറയാൻ മനസ് വന്നെങ്കിലും ഒരു കവി ശാപം വാങ്ങി തലയിൽ വെക്കണ്ട കരുതി സംയമനം പാലിച്ച് ''കിടന്നു'' എന്ന് മറുപടി പറഞ്ഞു..
- 'ഒരു ഫോട്ടോ അയക്ക് കുട്ടാ, ഒന്നു കാണട്ടെ ഞാൻ..'
ശെടാ, ഇങ്ങേരിതെന്താ ഒരുമാതിരി പെണ്ണുങ്ങളോട് സംസാരിക്കുന്നത് പോലെ.?
എന്ത് പണ്ടാരമെങ്കിലും ആവട്ടെ. ഒരു ഫോട്ടോ കൊടുത്തെന്നു വച്ച് എന്താവാനാ എന്ന് കരുതി കട്ടിലിൽ എഴുന്നേറ്റിരുന്നു ഇല്ലാത്ത നിഷ്കളങ്കത മുഖത്തു വരുത്തി 'ഈഈ' എന്നിളിച്ചു പിടിച്ച് ഒരു സെൽഫി അയച്ചുകൊടുത്തു.
- 'നല്ല സുന്ദരകുട്ടനാണ് കേട്ടോ..'
അതിപ്പോ ഇങ്ങേര് പറഞ്ഞിട്ട് വേണോ അറിയാൻ. നാട്ടുകാർക്കൊക്കെ അറിയണ കാര്യല്ലേ... ല്ലേ..?
- 'ഞാനൊരു ഫോട്ടോ അയക്കാം. നോക്കീട്ട് എങ്ങനുണ്ട് എന്ന് പറയണേ ചക്കരേ'
എന്നു പറഞ്ഞു തീർന്നതും ദാ വരുന്നു അങ്ങേരുടെ അരക്ക് താഴോട്ടുള്ള ഭാഗത്തിന്റെ വിജൃംഭിച്ച ഒരു ഫോട്ടോ..!!
ഫോട്ടോ കണ്ട് ഒരു നിമിഷമൊന്നു പതറിപ്പോയെങ്കിലും, പറശ്ശിനി മുത്തപ്പനെയും, കൊടുങ്ങല്ലൂരമ്മയെയും മനസ്സിൽ ധ്യാനിച്ച്‌ ആ കവി പുങ്കവന്റെ നെഞ്ചത്തേക്ക് എനിക്കറിയാവുന്ന 'സംസ്കൃതം' മുഴുവൻ ചൊരിഞ്ഞു. എന്നിട്ടും കലിപ്പ് മാറാതെ അങ്ങേരുടെ പ്രൊഫൈൽ ഫോട്ടോ സൂം ചെയ്ത്, ഫോണിന്റെ ഡിസ്പ്ലേയിൽ രണ്ടുമൂന്നുവട്ടം കാർക്കിച്ചു തുപ്പുവേം ചെയ്ത്.
അതും കഴിഞ് അപ്പൊത്തന്നെ ഡാറ്റയും ഓഫാക്കി ഞാൻ കിടന്നെങ്കിലും, പിറ്റേന്ന് രാവിലെയാകുമ്പോഴേ ക്കും എന്റെ ഇൻബോക്‌സ്, അങ്ങേരുടെ ഏറ്റുപറച്ചിലും മാപ്പ് പറച്ചിലും കൊണ്ട് നിറഞ്ഞിരുന്നു.
കരച്ചിലും പിഴിച്ചലും കണ്ട്, ആരോടും പറയില്ല എന്ന് ഞാൻ വാക്ക് കൊടുത്തപ്പൊഴാണ് അങ്ങേര് കളം വിട്ടു പോയത്.
ബഹുമാനപ്പെട്ട സ്ത്രീ ജനങ്ങളോട് പറയാനുള്ളത്,
പച്ച ലൈറ്റും കത്തിച്ചിരിക്കുമ്പോ നിങ്ങളെപ്പോലെ തന്നെ നമുക്കും ഇമ്മാതിരി പല ചോദ്യങ്ങളും, കുൽസിത പ്രവൃത്തികളും നേരിടേണ്ടി വരാറുണ്ട്.
സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നു മാത്രമല്ല, പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്നും, പുരുഷന്മാർക്ക് പുരുഷന്മാരിൽ നിന്നും ഇതുപോലുള്ള തിക്താനുഭവങ്ങൾ ഉണ്ടാവാറുണ്ട്.
ഒരു മാറ്റമെന്താണെന്നു വച്ചാൽ നമ്മൾ ആണുങ്ങൾ അതൊക്കെ നേരിട്ടങ്ങനെ തീർക്കണതല്ലാതെ നിങ്ങളിൽ ചിലരെപ്പോലെ സ്ക്രീൻഷോട്ടുകളാക്കി ഫേസ്ബുക് മാർക്കറ്റിൽ വിറ്റഴിക്കാറില്ല.
ഇനിയിപ്പോ വിൽക്കാൻ വച്ചാൽ തന്നെ അതൊന്നും ആർക്കും വേണ്ട താനും.
അല്ലേലും നമ്മൾ ആണുങ്ങൾക്ക് ചോയ്ക്കാനും പറയാനും ആരൂല്ലല്ലോ..
പിന്നെ ഒരു കാര്യത്തിൽ നിങ്ങളെ സമ്മതിച്ചേ പറ്റൂ..
ഒരിക്കൽ കണ്ടപ്പോളേക്കും ആണായ ഞാൻ തന്നെ വെറുത്തുപോയ പല സീനുകളും,
ചറപറാ വരുമ്പോളും ഇങ്ങള് സഹിക്കുന്നുന്നതിൽ.. 😜😜
- ആനന്ദ് കൊളോളം -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo