*ബാംഗ്ലൂർ ഡേയ്സ്*
*******************
*******************
ഞങ്ങൾ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഐ ടി യുടെ സുവർണ കാലഘട്ടം ആയിരുന്നു. അപ്പോളൊക്കെ ആറാം സെമസ്റ്റർ ആവുമ്പോളേക്കും ജമണ്ടൻ ഐ ടി കമ്പനികൾ ഒക്കെ വന്ന് ക്യാമ്പസ് ഇന്റെർവ്യൂസ് നടത്തി കുട്ടികളെ എടുക്കും. അങ്ങനെ എടുക്കപ്പെട്ടാൽ പിന്നെ ജീവിതം രക്ഷപെട്ടന്നാണ് ഞങ്ങളുടെ ഒക്കെ വിചാരം. (പക്ഷെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങ് പഠിച്ച ഞങ്ങൾ യാതൊരു ബന്ധവുമില്ലാത്ത ഐ ടി രംഗത്തേക്ക് പോയപ്പോൾ ക്യാമ്പസ് പ്ലേസ് മെന്റ് കിട്ടാത്തവർക്ക് ഇലക്ട്രിക്കൽ ഫീൽഡിൽ നിൽക്കാൻ പറ്റി. )
അതെന്തായാലും എന്നേയും എന്റെ കുറേ കൂട്ടുകാരേയും ഐ ടി ഭീമൻ വിപ്രോ വന്ന് സെലക്ട് ചെയ്തു. ഞങ്ങൾ അഞ്ചാറ് പേരുണ്ടായിരുന്നെങ്കിലും അവസാനം ഓഫർ ലെറ്റർ വന്നപ്പോൾ ഞങ്ങൾ 3 പേർക്ക് മാത്രം ജോയനിങ്ങ് ലൊക്കേഷൻ ബാഗ്ലൂർ ! ബാക്കി ഉള്ളവർക്ക് ചെന്നെയും ഹൈദരബാദും.
എന്തെങ്കിലും ആകട്ടെ രമ്യയും അഞ്ചുവും ഉണ്ടല്ലോ എന്ന സമാധാനത്തിൽ ഞാൻ പോവാൻ റെഡി ആയി. അഞ്ചു അവിടെ പി ജി യൊക്കെ വിളിച്ച് റെഡി ആക്കി. രമ്യ ഒരു ചെക് ലിസ്റ്റ് ഒക്കെ അയച്ചു തന്നു. പാക് ചെയ്യാനുള്ള സാധനങ്ങൾ.(അന്നും ഇന്നും പ്ലാനിംഗിന് രമ്യ ഒരു പുലിയാണ്. എല്ലാം ആലോചിച്ച് ചിന്തിച്ച് ചെയ്യും. എന്നെ പോലയേ അല്ല. )
അങ്ങനെ ഞാനും എന്റെ വക പ്ലാനിംഗിന്റെ ഭാഗമായി 4 പുതിയ ചുരിദാറുകൾ വാങ്ങി തയ്പിച്ചു. പെട്ടി ഒക്കെ പാക് ചെയ്ത് റെഡിമണി ആയി. 4 കൊല്ലം ഹോസ്റ്റലിൽ നിന്ന് തഴമ്പിച്ചതിനാൽ പോകാൻ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല.
അങ്ങനെ ഞങ്ങൾ 3 പേരും ഞങ്ങളുടെ 3 പേരുടേയും അച്ഛൻമാരും അഞ്ചുവിന്റെ അമ്മയും കൂടി 2007 ഡിസംബർ 14 ന് രാത്രി ബാഗ്ലൂരിലേക്ക് തീവണ്ടി കേറി.
രാവിലെ ബാഗ്ലൂർ എത്താറായപ്പോളേക്കും തണുപ്പ് തുടങ്ങി. സ്വാഭാവികമായും ഞങ്ങളുടെ കയ്യിൽ സ്വെറ്റർ ഇല്ല! പക്ഷെ ഞാനും രമ്യയും ബുദ്ധിപരമായി ഞങ്ങളുടെ ബെഡ് ഷീറ്റെടുത്ത് പുതച്ചു നടന്നു! ഈശ്വരാ ഇപ്പൊ ആലോചിക്കുമ്പോ ആകെ നാണക്കേട് തോന്നും, ബെഡ് ഷീറ്റൊക്കെ പുതച്ച് ബാഗ്ലൂർ തെരുവീഥികളിലൂടെ രണ്ട് തരുണീമണികൾ ! അഞ്ചുവിന് അന്നും ഇന്നും തണുപ്പ് ഇഷ്ടമാ. അതുകൊണ്ട് അവൾ കൂളായി നടന്നു.
ബാഗ്ലൂരിലെ കൊച്ചു കേരളമായ മഡിവാലയിലായിരുന്നു ഞങ്ങളുടെ പി ജി. അതിന്റെടുത്ത് ഒരു ഹോട്ടലിൽ മുറികൾ എടുത്തു. സാധനങ്ങൾ വെച്ചിട്ട് ബ്രേക്ഫാസ്റ്റ് കഴിക്കാനായി തൊട്ടടുത്ത റെസ്ടോറന്റിൽ കേറി.
മെനു നോക്കിയപ്പോൾ സാധാരണ ബ്രേക്ഫാസ്റ്റ് ഐടംസ് ഒന്നും കാണുന്നില്ല. അപ്പോൾ അതാ "Masala Puri". ഓ നമ്മുടെ പൂരി മസാല ! ഗൊച്ചു ഗള്ളൻ! ഒളിച്ചിരുന്നാൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ എന്നോർത്ത് ഞങ്ങൾ അത് 4 പ്ലേറ്റ് ഓർഡർ ചെയ്തു. അവസാനം ഓർഡർ ചെയ്ത സാധനം വന്നപ്പോൾ എല്ലാരും സ്വാഭാവികമായി ഞെട്ടി.
പൂരി മസാലയും മസാല പുരിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത നിഷ്കളങ്കരായ ഞങ്ങൾ വെയ്റ്ററോട് "ഭയ്യാ, പൂരി കഹാം ഹേ'' എന്ന് ചോദിച്ചു. പുള്ളി അതിൽ കിടക്കുന്ന നീളമുള്ള അരി പോലത്തെ സാധനം കാണിച്ചിട്ട് അതാണത്രേ പൂരി! ഈ മണ്ടൻ കൊണാപ്പിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നോർത്ത് ഞങ്ങൾ ആകെ വലഞ്ഞു. പിന്നെ ഭാഷ അറിയാത്തത് കൊണ്ട് മാത്രം അവനെ വെറുതെ വിട്ടു. മസാല പുരി തിന്നു വിശപ്പടക്കി.
അങ്ങനെ ബിൽ അടച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന ഞങ്ങളുടെ മുന്നിൽ ഒരോ പാത്രങ്ങളിൽ ഒരു മുറി നാരങ്ങ ഇട്ട ചൂടുവെള്ളം കൊണ്ട് വെച്ചു. ഈ കുട്ടിച്ചാത്തൻ ഓർഡർ ചെയ്യാത്ത സാധനങളും കൊണ്ട് വെച്ച് ബിൽ കൂട്ടുവാണല്ലോ എന്ന് ഞങ്ങൾ ഓർത്തു. അങ്ങനിപ്പോ നീയും നിന്റെ മൊതലാളിയും മലയാളികളെ പറ്റിച്ച് കാശുണ്ടാകേണ്ട എന്ന് പറഞ്ഞ് ആ നാരങ്ങ വെള്ളം കൈ കൊണ്ട് തൊടാതേ ഞങ്ങൾ പുറത്തിറങ്ങി. ( ആ നാരങ്ങ പിഴിഞ്ഞ് കൈ വിരലുകൾ മുക്കി വൃത്തിയാക്കാൻ ഉള്ളതാണെന്നറിയാതെ അതെടുത്ത് കുടിച്ച് നാണം കെടാഞ്ഞത് മുൻ ജന്മ സുകൃതം! അൽപം മുമ്പേ ചായ കുടിച്ചില്ലായിരുന്നെങ്കിൽ അതെടുത്ത് പിഴിഞ്ഞ് കുടിച്ചേനേ.)
പിറ്റേന്നായിരുന്നു വിപ്രോയിൽ ജോയിൻ ചേയ്യേണ്ട ദിവസം. ഇലക്ട്രോണിക് സിറ്റിയിലുള്ള ഓഫീസിൽ ആയിരുന്നു ജോയിൻ ചെയ്യേണ്ടത് . ആ വിശാലമായ ക്യാമ്പസ് കണ്ട് ഞങ്ങൾ ധൃതംഗ പുളകിതരായി! അതി മനോഹരമായി പരിപാലിച്ച ഉദ്യാനങ്ങൾ, കൃത്രിമ വെള്ളച്ചാട്ടങ്ങൾ, നല്ല ഭംഗിയുള്ള ബഹുനില കെട്ടിടങ്ങൾ, വിശാലമായ വൃത്തിയുള്ള കഫ്ടീരിയ, അടിപൊളി ചുള്ളൻ ചെക്കൻമാർ !ഞങ്ങൾ മനസ്സിൽ ഓർത്തു "ഇസ് ദുനിയാ മേം അഗർ ജന്നത്ത് ഹേ തോ ബസ് യഹീ ഹേ.. ഹോ ഹൗ...'' ബാക്കി എന്താന്ന് വെച്ചാൽ അങ്ങനെ".
എന്നാൽ ഇതിനേക്കാളൊക്കെ എന്നെ പേഴ്സണലായി ആകർഷിച്ചത് അവിടുത്തെ റെസ്റ്റ് റൂമാണ്. മനോഹരമായ നില കണ്ണാടികൾ, വെട്ടി തിളങ്ങുന്ന വാഷ് ബേസിനുകൾ, ഒരു തുള്ളി വെള്ളം പോലും താഴെ ഇല്ലാത്ത ബാത്ത് റൂമുകൾ . എന്ത് വൃത്തിയാണെന്നറിയോ, കേറിയാൽ പിന്നെ ഇറങ്ങാൻ തോന്നില്ല!
അവിടുത്തെ പാൻട്രി യെ പറ്റിയും പറയാതെ വയ്യ. ചായ, കാപ്പി ,ബദാം മിൽക്, ചോക്കലേറ്റ് മിൽക് ,ലൈം ടീ ഇതിൽ ഏത് വേണേലും ഉണ്ടാക്കി കുടിക്കാം. എല്ലാ പൗഡറുകളും അവിടെ ഇരിപ്പുണ്ടാവും. നമ്മൾ ചൂടു പാലിൽ കലക്കി കുടിച്ചാൽ മതി. (ഞാനെപ്പോളും ബദാം മിൽക്കായിരുന്നു കുടിച്ചിരുന്നേ. ഓസിനു കിട്ടുന്നത് കൊണ്ട് 3 നേരം കുടിക്കുമായിരുന്നു. അവസാനം റിസഷൻ വന്നപ്പോ ചായപ്പൊടിയും കാപ്പിപൊടിയും ഒഴിച്ച് ബാക്കി എല്ലാം മാറ്റി. എങ്ങനെ മാറ്റാണ്ടിരിക്കും അമ്മാതിരി കുടിയല്ലായിരുന്നോ എല്ലാരും !)
ആദ്യ ദിവസം ഫ്രീ ലഞ്ചായിരുന്നു. ഞങ്ങളെ കുഴപ്പിച്ച് കളഞ്ഞത് അവിടുത്തെ വാഷ്ബേസിനുകളാണ് . എല്ലാവരും കൈയ്യൊക്കെ കഴുകുന്നുണ്ട്. പക്ഷെ എന്ത് ചെയ്തിട്ടാണ് വെള്ളം വരുന്നത് എന്ന് മാത്രം മനസിലായില്ല. പൈപ്പ് മാത്രം ഉണ്ട്. തിരിക്കാനോ ഞെക്കാനോ ഒരു സാധനോം കാണുന്നില്ല! എന്ത് ചെയ്യണമെന്നറിയാതെ ഇതികർത്തവ്യാമൂഢരായി നിന്ന ഞങ്ങളോട് ദയ തോന്നി ആരോ പറഞ്ഞ് തന്നു ചുമ്മാ കൈ കാണിച്ചാൽ മതി വെള്ളം പൈപ്പിൽ നിന്നും താനേ വന്നോളും എന്നും കൈ മാറ്റുമ്പോൾ താനേ നിന്നോളും എന്നും. ശാസ്ത്രത്തിന്റെ ഒരോ പുരോഗതികളേ!
ജോയിനിങ്ങ് ഫോർമാലിറ്റീസ് കംപ്ലീറ്റ് ആക്കാൻ ഞങ്ങളെ അവിടുത്തെ ''floating learning center " ൽ കൊണ്ട് പോയി.പേര് സൂചിപ്പിക്കുന്നത് പോലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പോലെയുള്ള ഒരു മനോഹര കെട്ടിടം ആണത്. അവിടത്തെ ഓട്ടോമാറ്റിക് ഗ്ലാസ് ഡോർ അടഞ്ഞ് പോകുന്നേന് മുമ്പേ ഞങ്ങൾ സാഹസികമായി ഓടി പാഞ്ഞ് ഒരാളുടെ പുറകെ നുഴഞ്ഞു അകത്ത് കയറി. ഹൊ രക്ഷപെട്ടു എന്നാശ്വസിച്ചു. അത് ഓട്ടോമാറ്റിക് ആയി തുറന്നോളും എന്നും പരാക്രമം കാട്ടി ഓടി പായണ്ട എന്നൊന്നും അന്ന് ഞങ്ങൾക്കറിയില്ലായിരുന്നു! പാവങ്ങൾ.
അവിടെ വെച്ച് ഒരു നൂറായിരം ഫോംസ് ഫിൽ ചെയ്യാൻ തന്നു. "Spouse name" എന്നാൽ സഹോദരങ്ങളുടെ പേരാണോ എന്നൊക്കെ ഉള്ള സംശയം എന്നെ അലട്ടി. ഇംഗ്ലീഷ് പുലി അഞ്ചു ഉള്ളത് കൊണ്ട് മാത്രം ഞാൻ Spouse name "ലക്ഷ്മി" എന്നെഴുതിയില്ല!
പിന്നെ സർവീസിലിരുന്ന് തട്ടി പോയാൽ കിട്ടുന്ന 25 ലക്ഷം 33.33% വീതം അച്ഛനും അമ്മക്കും ലക്ഷ്മിക്കും തുല്യമായി വീതിച്ചു. ലക്ഷ്മിക്കതൊരു സർപ്രൈസ് ആയിരിക്കും എന്നോർത്തപ്പോൾ പിന്നേം രോമാഞ്ചം വന്നു.
അങ്ങനെ ഫോം ഒക്കെ ഫിൽ ചെയ്ത് കഴിഞ്ഞ് ഞങ്ങളെ ഏതൊക്കെ ടെക്നോളജിയിലേക്കാ ഇടുന്നേ എന്ന് അനൗൺസ് ചെയ്തു. ഞാൻ SAP, രമ്യ Oracle, അഞ്ചു JDe . അങ്ങനെ മൂന്നു പേരും മൂന്ന് വഴിയായി!
പിന്നെയുള്ള ഏതാനും മാസങ്ങൾ ഞാൻ ശരിക്കും ബാഗ്ലൂർ വെറുത്തിട്ടുണ്ട്. വായിൽ കൊള്ളാത്ത സ്ഥലപേരുകൾ, അറിയാത്ത ഭാഷ ('' കന്നഡ ഗൊത്തില്ല" പറഞ്ഞ് പറഞ്ഞ് മടുത്തു.) പിന്നെ ഇംഗ്ലീഷ് ! ഇംഗ്ലീഷിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളായിരിക്കില്ല പറഞ്ഞു വരുമ്പോൾ പുറത്തേക്ക് വരുന്നേ. പാവം രമ്യ ഉറക്കത്തിൽ പോലും ഇംഗ്ലീഷ് പറയുമായിരുന്നു.
ആയിടെ ആയിരുന്നു ഏതോ മനേജർ രമ്യയോടും അവളുടെ ബാച്ചിലെ രേഷ്മയോടും '' Are you rookies ( freshers)?" എന്ന് ചോദിച്ചതും ഇവർ '' No we are keralites" എന്ന് അഭിമാന പുരസരം മറുപടി പറഞ്ഞതും. റൂക്കി ഏതോ സ്ഥലപ്പേരാന്ന് ആ പാവങ്ങൾ വിചാരിച്ചു. അവരെ കുറ്റം പറയാൻ പറ്റില്ല . ഈ ഇന്ത്യാ മഹാരാജ്യത്ത് പേരറിയാത്ത എത്രയെത്ര സ്ഥലങ്ങൾ ഉണ്ട്. റൂക്കി അതിലൊന്നായി കൂടെന്നില്ലല്ലോ.
പിന്നെ ബൊമ്മനഹള്ളിയിലെ പൊടി. അതൊക്കെ ശ്വസിച്ച് എപ്പോളും ചുമയും പനിയും ആയിരുന്നു എനിക്ക്. ട്രെയിനിംഗ് ടൈം ലീവ് എടുക്കാൻ പറ്റാത്തോണ്ട് പനി കുറയാൻ ഇൻജക്ഷൻ ഒക്കെ വെച്ചാ ഓഫീസിൽ പോകുന്നേ.
അതിന്റെടക്ക് ഒരു കുന്തവും മനസിലാവാത്ത ട്രെയിനിംഗ്! പിന്നെ അതു കഴിഞ്ഞുള്ള ഉണക്ക എക്സാം . അത് 100ൽ 70 കിട്ടി പാസ് ആയില്ലേൽ ജോലി പോകും. ഓഫീസ് വിട്ടു വന്ന് എപ്പോളും കരച്ചിലാണ്. ആ സമയത്തൊക്കെ കല്ലട ബസിൽ തെങ്ങിന്റെ പടം കാണുമ്പോളേക്കും കണ്ണ് നിറയും. നാടും വീടും മിസ് ചെയ്യും."തിരികെ ഞാൻ വരുമെന്ന " പാട്ട് പശ്ചാത്തലത്തിൽ മുഴങ്ങുന്ന പോലെയൊക്കെ തോന്നും.
പതിയെ പതിയെ കാര്യങ്ങൾ മാറി. എനിക്ക് ട്രെയിനിങ്ങിൽ കൂട്ടുകാരെ കിട്ടി. ആശയും കാരോലിനും. കമ്പയിൻ സ്റ്റഡി നടത്തി എക്സാം ഒക്കെ ആദ്യ അറ്റംപ്റ്റ് തന്നെ പാസായി .ഡിങ്ക ഡിങ്ക ! ( 3 അറ്റംപ്റ്റ് മൊത്തം എടുക്കാം.പക്ഷെ ആദ്യം പാസായില്ലെങ്കിൽ ടെൻഷൻ അടിച്ച് മരിക്കും. )
പിന്നെ ഞങ്ങൾ പിജിയിൽ നിന്നും മാറി വീടെടുത്ത് താമസം തുടങ്ങി. അങ്ങനെ പയ്യെ പയ്യെ ഞാനും ബാഗ്ലൂരിനെ സ്നേഹിച്ച് തുടങ്ങി. അവിടുത്തെ ചെറിയ തണുപ്പിനെ, അപ്രതീക്ഷിതമായി വരുന്ന മഴയെ, അവിടുത്തെ സ്വാതന്ത്ര്യത്തെ, ഉത്തരവാദിതത്തെ, കല്ലട ബസിലും ഐരാവതിലും രാജഹംസയിലുമുള്ള നാട്ടിലേക്കുള്ള യാത്രകളെ, അവിടുത്തെ തട്ടുകടകളിൽ നിന്നും കിട്ടുന്ന ഫുഡിനെ . അങ്ങനെ ഞാൻ ആദ്യം വെറുത്ത് കൊണ്ട് പിന്നെ ഹൃദയത്തിൽ ചേർത്ത് വെച്ച നാടാണ് എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാനും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമൊക്കെ ആത്മവിശ്വാസം തന്നത്. പ്രിയപ്പെട്ട ബാഗ്ലൂർ മറക്കില്ലൊരിക്കലും!
Deepthi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക