എത്രയും പ്രിയപ്പെട്ട സുക്കര്‍മാമന് നന്ദൂട്ടന്‍ എഴുതുന്നു..,
ഏഴ് വർഷമായി ഞാനീ ഫേസ്ബുക്കില്‍ വന്നിട്ട്. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിൽ ഒരു ദിവസംപോലും ഒഴിയാതെ ഇതില് കയറുന്ന ആളാണ് ഞാനെന്ന് മാമനറിയാലോ.
സത്യം പറഞ്ഞാല്‍ എന്‍റെ സ്വന്തം അമ്മാവനെക്കാളും ഒരുപക്ഷേ നിങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു സുക്കർമാമാ..
ഏതോ ഒരുത്തന്‍ എന്‍റെ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഫേക്കാണെന്നു പറഞ്ഞു റിപ്പോര്‍ട്ട് ചെയ്തപ്പൊ, ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഫോട്ടോ കാണണം എന്നെന്നോട് പറയാന്‍ മാത്രം കഠിനമായിരുന്നോ മാമന്‍റെ മനസ്..?
ഏതോ ഒരുത്തന്‍ എന്‍റെ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഫേക്കാണെന്നു പറഞ്ഞു റിപ്പോര്‍ട്ട് ചെയ്തപ്പൊ, ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഫോട്ടോ കാണണം എന്നെന്നോട് പറയാന്‍ മാത്രം കഠിനമായിരുന്നോ മാമന്‍റെ മനസ്..?
എന്റെ കൂടെയുള്ള ജെയിംസും, ലാലുവുമൊക്കെ പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങി പലരേയും പറ്റിച്ചുകൊണ്ട് ചാറ്റിങ്ങും ചീറ്റിങ്ങുമായി നടക്കുമ്പോള്‍ അവരെ തിരുത്താൻ ശ്രമിച്ചതല്ലാതെ മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതിനെപ്പറ്റി ഇന്നേവരെ ചിന്തിച്ചിട്ടൂടിയില്ല ഞാന്‍...
ഒരു കത്തെഴുതേണ്ടത് എങ്ങനെയാന്നൊന്നും എനിക്കറിയില്ല. ഞാനാകെ കത്തെഴുതിയത് 9 C യിൽ എന്നോടൊപ്പം പഠിച്ച അനുഷക്കാണ്. കത്തിന്‍റെ മറുപടി സ്റ്റാഫ്റൂമില്‍ നിന്നു രാഘവൻ മാഷും, കവലയില്‍വച്ച് അവളുടെ ഏട്ടനും തിരിച്ചുതന്ന അന്നു നിര്‍ത്തിയതാണ് ഞാൻ കത്തെഴുത്ത്.
മാമന്‍ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഫേസ്ബുക് എന്ന ഈ സംരഭം മികച്ചരീതിയിൽ മുന്നോട്ട് പോകണം എന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ട് തന്നെയാണ്, തുന്നൽക്കാരൻ ഹമീദ്ക്കാക്കും, തൊഴിലുറപ്പു പണിക്കു പോകുന്ന ഗിരിജേച്ചിക്കും എന്തിനേറെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന റിങ്കുമോനു വരെ ഞാൻ ഫേസ്ബുക് അക്കൗണ്ട് തുറന്നു കൊടുത്തത്.
മാമനറിയോ, വീട്ടില്‍ ഞാന്‍ കാണാതെ അരിക്കലത്തില്‍ അമ്മ പൂഴ്ത്തിവെക്കുന്നതില്‍ നിന്ന് ഒരു കോഴിമുട്ടപോലും ഞാന്‍ ഇന്നേവരെ മോഷ്ടിച്ചിട്ടില്ല. ആ ഞാനാണ് ഫോണില്‍ നെറ്റ് തീര്‍ന്നപ്പോള്‍ ഫേസ്ബുക്കില്‍ കയറാനായി അച്ഛന്‍റെ പോക്കറ്റില്‍ ആദ്യമായി കയ്യിട്ടു പിടിക്കപ്പെട്ടത്..!!
'ഐഡന്റിറ്റി കാർഡ് കാട്ടിയില്ലേൽ ബ്ലോക്ക് ചെയ്യും' ന്നുള്ള മാമന്‍റെ മെസേജ് ഞാന്‍ കണ്ടത് ഇന്നലെ രാത്രി ചോറുണ്ണുമ്പൊഴായിരുന്നു.
പൊരിച്ചമീന്‍ കരിഞ്ഞുപോയെന്ന കാരണം പറഞ്ഞ് ചോറുണ്ണാതെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
പൊരിച്ചമീന്‍ കരിഞ്ഞുപോയെന്ന കാരണം പറഞ്ഞ് ചോറുണ്ണാതെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
പാസ്പോർട്ടും ലൈസൻസുംഉൾപ്പെടെ അഞ്ചുതരം തിരിച്ചറിയൽ രേഖകൾ എന്റെ കയ്യിലുണ്ട്. അതിലൊന്നിന്റെ ഒരു ഫോട്ടോ അയച്ചു തന്നാൽ ഈ പ്രശ്നം തീരും എന്നെനിക്കറിയാം. പക്ഷെ ഞാൻ ചെയ്യില്ല. കാരണം, ഇരുപതിനായിരത്തില്‍പ്പരം മെമ്പേര്‍സുള്ള ഒരു സാഹിത്യ ഗ്രൂപ്പിന്‍റെ അഡ്മിനായ എന്‍റെ വ്യക്തിത്വംവരെ ചോദ്യം ചെയ്യപ്പെട്ടു എന്ന് പുറംലോകമറിഞ്ഞാല്‍ ഫേസ്ബുക്കിനോടുള്ള വിശ്വാസ്യത പലര്‍ക്കും നഷ്ടപ്പെട്ടേക്കാം. അതുവേണ്ട......
വല്ല്യച്ചന്‍റെ കാറിന്‍റെ പൊടിപിടിച്ച ചില്ലിലും, തീവണ്ടിയിലെ ബാത്ത്റൂമുകളിലും മാത്രം ഒതുങ്ങിയിരുന്ന എന്‍റെ എഴുത്ത് നാലാളുടെ മുമ്പില്‍ എത്തിയത് മാമന്‍റെ ഈ ഫേസ്ബുക്ക് കാരണമാണ്. അതിന്‍റെ സ്നേഹം എന്നുമുണ്ടാവും.
കണ്ണീരില്‍ പൊതിഞ്ഞുള്ള എന്‍റെയീ എഴുത്ത് മാമന്‍ വായിക്കും എന്നെനിക്കുറപ്പാണ്. കാരണം നമ്മള്‍ തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴത്തിലായിരുന്നല്ലോ. മറുപടി അയക്കുന്ന അന്നുവരെ ഈ അക്കൗണ്ട് ചിലപ്പോള്‍ ഉണ്ടാവില്ലായിരിക്കാം. അതുകൊണ്ട് എന്‍റെ അഡ്രസുംകൂടെ ഞാന്‍ താഴെ ചേര്‍ക്കുന്നുണ്ട്.
ഒരുപാടിഷ്ടത്തോടെ,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക