Slider

ഒരു ഗർഭിണിയുടെ വിലാപങ്ങൾ-ഭാഗം 3

0


കാലത്ത് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ എണീറ്റത്. “എന്താ എന്നെ വിളിക്കാഞ്ഞേ ? ഞാൻ അറിഞ്ഞില്ലാട്ടോ. കഴിക്കാൻ ദോശ ആയാലോ ?”
മറുപടി ഒന്നും കിട്ടാതായപ്പോൾ അവൾ വീണ്ടും ചോദിച്ചു. “എന്താ ഒന്നും മിണ്ടാത്തെ ? ഒരു 10 മിനിറ്റ് കഴിഞ്ഞ് പോയാ പോരേ ? ഇപ്പൊ റെഡി ആക്കാം.”
“വേണ്ട. സാരല്യ. ഞാൻ പുറത്തുനിന്ന് കഴിച്ചോളാം.”
അവൻ പെട്ടെന്ന് തന്നെ കതകടച്ച് പുറത്തേക്ക് പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞു. തന്റെ കണ്ണേട്ടനെ തനിക്കറിയുന്ന പോലെ ആർക്കും അറിയില്ലല്ലോ. ഈ പിണക്കമൊക്കെ ഇപ്പൊ മാറും. ഓഫീസിൽ എത്തിയാൽ ഉടനെ വിളിക്കും. അതോടെ എല്ലാം തീരും. എന്തോ പെട്ടെന്ന് ഓർത്തപോലെ കണ്ണ് തുടച്ച് എണീറ്റു. അലമാര തുറന്ന് കിറ്റ് പുറത്തെടുത്തു. ആദ്യമായ് ടെസ്റ്റ് ചെയ്ത ദിവസമാണ് അവൾക്ക് ഓർമ വന്നത്. അന്ന് കണ്ണേട്ടനും കൂടെ വന്നിരുന്നു. എന്നിട്ട് എന്തായി. കുറേ നേരം കാത്തിരുന്നിട്ടും പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട് തെളിഞ്ഞതോ ഒരേ ഒരു രേഖ മാത്രം. വല്ലാത്തൊരു നിരാശ തന്റെ കണ്ണേട്ടന്റെ കണ്ണുകളിൽ അന്ന് ആദ്യമായ് കണ്ടു. ന്റെ കൃഷ്ണാ.. ഇത്തവണയെങ്കിലും ഞങ്ങളെ കൈവെടിയല്ലേ.. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ.. അങ്ങനെ ടെസ്റ്റ് ചെയ്ത് റിസൾട്ട് കാത്തിരിക്കുമ്പോൾ വെറുതെ മൊബൈലിൽ വീഡിയോ എടുത്തു തുടങ്ങി. അവളെ ഞെട്ടിച്ചുകൊണ്ട് ഇത്തവണ ഞൊടിയിടയിൽ തന്നെ കിറ്റ് പ്രവർത്തനം ആരംഭിച്ചു. അവൾ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവിൽ രണ്ട് രേഖകൾ തെളിഞ്ഞു നിന്നു. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മിഴികൾ നിറഞ്ഞ് തുളുമ്പി. ചുണ്ടുകൾ വിതുമ്പി. എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നുപോയി. ആദ്യം തന്റെ കൃഷ്ണനോട് നന്ദി പറയാനാണ് തോന്നിയത്. പെട്ടെന്ന് എണീക്കാൻ തുടങ്ങിയപ്പോഴാണ് തന്നിലെ മാതൃത്വം ഉണർന്നതായി അവൾ അറിഞ്ഞത്. അവൾ പതിയെ സോഫയിൽ കൈ ഊന്നി എണീറ്റ് കൃഷ്ണന്റെ ഫോട്ടോയുടെ മുമ്പിൽ ചെന്ന് കൈ കൂപ്പി ഒരുപാട് നന്ദി പറഞ്ഞു. ഇനി തന്റെ കണ്ണേട്ടനെ അറിയിക്കണം. എങ്ങനെ തുടങ്ങും. സന്തോഷവും നാണവും എല്ലാം പൂത്തുലയുന്ന അവസ്ഥ. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ഫോൺ എടുത്ത് വിളിച്ചു. “ഹലോ.. കണ്ണേട്ടാ.. ഞാൻ വാട്സാപ്പിൽ ഒരു കാര്യം അയച്ചിട്ടുണ്ട്. വേഗം നോക്കണേ.”
“അതിനെന്താ. ഇപ്പൊ തന്നെ നോക്കാല്ലോ. ഞാൻ വിളിക്കാൻ പോവായിരുന്നു. താൻ വല്ലതും കഴിച്ചോ ? ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ.”
“ഞാൻ കഴിച്ചോളാം. ആദ്യം ഞാൻ പറഞ്ഞത് ചെയ്യൂ.”
“ഉത്തരവ് പോലെ. ഇത് വീഡിയോ ആണല്ലോ. ഡൌൺലോഡ് ആവുന്നതേയുള്ളു. നോക്കട്ടെ.”
അവൻ പെട്ടെന്ന് നിശ്ശബ്ദനായപ്പോൾ മനസിലായി വീഡിയോ ഡൌൺലോഡ് ആയെന്ന്.
“മോളെ നീലു.. ഇത്.. നീ എപ്പോ.. സത്യമാണോ ?”
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അതെ കണ്ണേട്ടാ. സത്യമാണ്. നമുക്കും ഒരു ഉണ്ണി പിറക്കാൻ പോവുന്നു. എന്റെ കണ്ണേട്ടൻ ഒരു അച്ഛൻ ആവാൻ പോവുന്നു.”
ഇതും പറഞ്ഞ് അവൾ പെട്ടെന്ന് കാൾ കട്ട് ചെയ്തു. സ്വിച്ച് ഓഫ് ചെയ്തു വെച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കതക് തുറക്കുന്ന ശബ്ദം കേട്ടു. ഓടി വന്ന് അവളെ ചേർത്ത് പിടിച്ചു.
“സോറി മോളെ. ഇന്നലെ വെറുതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഛെ. അത് വിട്ട് കള. പോട്ടെ. ഇനി സന്തോഷിക്കാനുള്ള സമയം ആണ്. ശരീരം അധികം അനക്കണ്ട. റസ്റ്റ് എടുക്ക്.”
“ആദ്യം ഡോക്ടറെ കണ്ട് കൺഫേം ചെയ്യണം. എന്നിട്ട് നമ്മുടെ വീട്ടിൽ അറിയിക്കണ്ടേ. അവർ ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കാ.”
“എന്നാൽ ഇപ്പൊ തന്നെ വേഗം പോവാം. വാ.”
“ഓക്കേ. ഞാൻ പെട്ടെന്ന് റെഡി ആവാം.”
“കൺഫേം ആയ സ്ഥിതിക്ക് ഇനി ധൈര്യമായി വീട്ടിൽ പറയാല്ലോ.”
“അതേ. റൂമിൽ എത്തീട്ട് വിളിക്കാം.”
അങ്ങനെ അവർ രണ്ട് വീട്ടുകാരോടും കൂട്ടുകാരോടും എല്ലാം അവരുടെ കൊച്ചുസന്തോഷം പങ്കുവെച്ചു.
“കേട്ടില്ലേ എല്ലാരും പറയണത്. എന്നോട് നല്ലോണം ഭക്ഷണം കഴിക്കണമെന്ന്. ഇഷ്ടള്ളത് എല്ലാം കഴിക്കാനാ പറയണത്. ഞാൻ പറയണത് ഒക്കെ മര്യാദക്ക് വാങ്ങിതന്നോ.”
“ഹാഹാ. എന്റെ മോൾക്ക്‌ എന്താ വേണ്ടേ ? ആ ഒരു കാര്യം ചെയ്യാം. കെഎഫ്‌സിയിൽ നിന്ന് തന്നെ തുടങ്ങിക്കളയാം. എന്താ ?”
“വേണ്ട വേണ്ട. ഇനിയിപ്പോ അതൊന്നും വേണ്ട ട്ടോ. റിസ്കാ. നമുക്ക് വല്ല ദോശയും ചമ്മന്തിയും മതിയേ.”
“അമ്പടി കള്ളീ. ഇപ്പൊ അങ്ങനെയായോ. ഞാൻ പോയി ഇപ്പൊ റെഡി ആക്കാം. നീ റസ്റ്റ് എടുക്ക്. ഓക്കേ ?”
“അയ്യോ. ഞാനും വരാം.”
“വേണ്ട. എല്ലാം ഞാൻ ചെയ്തോളാം. നിന്റെ കണ്ണേട്ടൻ ഇന്ന് മുതൽ ഒരു പുതിയ മനുഷ്യൻ ആണ്. നീ കണ്ടോ മോളെ.”
ഇതും പറഞ്ഞ് അവൻ തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അത് ആനന്ദക്കണ്ണീർ ആണെന്ന് അവൾ അറിഞ്ഞു..
തുടരും...
സൗമ്യ കിരൺ

Read next part here tomorrow sametime
or Click this link to read all parts
https://www.nallezhuth.com/search/label/GarbhiniVilapam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo