മെഡിക്കൽ എൻഡ്രൻസ് എക്സാമിന്റെ പിരിമുറുക്കത്തിനൊടുവിൽ കിട്ടിയ മധുരമായിരുന്നു നഗരത്തിലെ പ്രശസ്തമായ കോളേജിൽ കിട്ടിയ എം.ബി.ബി.എസ് അഡ്മിഷൻ. കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് താരതമ്യേന സ്വാതന്ത്രത്തിലേക്കൊരു ചുവട് വെപ്പ്.
ഹോസ്റ്റലിൽ കിട്ടിയ മുറി എന്തോ വല്ലാതിഷ്ടമായി. മറ്റ് രണ്ട് റൂം മേറ്റ്സിനോടും വളരെപ്പെട്ടെന്ന് തന്നെ നല്ല കൂട്ടായതിനാൽ പിന്നീടുള്ള ദിവസങ്ങൾ രസകരമായിരുന്നു. കോളേജിലെ കൊച്ച് കൊച്ച് റാഗിംഗ്കളും ഫ്രഷേർസ് ഡേയുമൊക്കെ ശരിക്കും ആസ്വദിച്ചു.വെള്ള ഓവർ കോട്ടിട്ട് സ്റ്റതസ്കോപ്പും തൂക്കി കുട്ടിക്കളികൾ കളിക്കുമ്പോൾ ഒരു ഡോക്ടറുടെ കാര്യബോധമൊക്കെ എന്ന് വരുമെന്നാലോചിച്ച് ഞങ്ങൾ ചിരിക്കാറുണ്ട്.
കോളേജിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പെൺകുട്ടികളുടെ ഹോസ്റ്റൽ. എന്റെ മുറിയുടെ ജനൽ തുറന്നിട്ടാൽ അൽപം അകലെയായി ഒഴുകുന്ന പുഴ കാണാമായിരുന്നു. അവിടെ നിന്നും വീശുന്ന തണുത്ത കാറ്റ് ആസ്വദിക്കാൻ നല്ല രസമാണ്. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ കഥകളൊക്കെ പറഞ്ഞ് കിടക്കുമ്പോൾ സമയം ഒരു പാടാവും. ചിലപ്പോഴൊക്കെ ഉറക്കം വരാതെ എന്തോ ആലോചിച്ച് കിടക്കുമ്പോൾ നാലാമത് ഒരാളുടെ സാന്നിധ്യം അനുഭവപ്പെടാറുണ്ട്. അതെങ്ങനെ പറയണമെന്ന് അറിയില്ല നിശബ്ദമായി ഒരാൾ കൂടെയുള്ളത് പോലെ.
ഒരു ദിവസം മുറി വൃത്തിയാക്കുമ്പോൾ എന്റെ കട്ടിലിൻെറ അടിയിൽ കെട്ടിവെക്കപ്പെട്ട നിലയിൽ ഒരു ഡയറി കാണപ്പെട്ടു.ഫാത്തിമ്മ എന്ന പേരിലുള്ള ആ രോ ഒരാളുടെ ആയിരുന്നു അത്.മറിച്ച് നോക്കിയപ്പോൾ മനോഹരമായ കൈ പടയിൽ കൊച്ച് കൊച്ച് കാര്യങ്ങൾ എഴുതി വെച്ചിരിക്കുന്നു. വായിക്കും തോറും വല്ലാത്ത ആകർഷണം തോന്നി. ഒരു പാട് സ്വപ്നങ്ങളുള്ള ഒരു കൂട്ടുകാരി നേരിട്ട് സംസാരിക്കുന്നത് പോലെ. മെയ് മാസം 20 വരെയാണ് എഴുത്തുണ്ടായത്. മെയ് 21 എന്നെഴുതിയ പേജ് ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നു.
പിന്നീട് ഈ കാര്യങ്ങൾ മറന്ന് പോയി എന്നതാണ് സത്യം. പ്രാക്ടിക്കൽ ക്ലാസുകളുടെ അത്ഭുതങ്ങളിൽ മുഴുകി നടപ്പായിരുന്നു.മെഡിസിനൽ റിയാക്ഷനുകളെ കുറിച്ചുള്ള ഒരു പുസ്തകം തിരയുമ്പോൾ തികച്ചും യാദൃശ്ചികമായാണ് ആ കേസ് ഫയൽ കണ്ണിൽ പെട്ടത്.പനി ബാധിച്ച് ചികിത്സയിലിരുന്ന രോഗിക്ക് കൊടുത്ത ഏതോ മരുന്ന് മൂലം പെട്ടെന്ന് അലർജിക്ക് റിയാക്ഷൻ ഉണ്ടായി മരണപ്പെട്ട സംഭവം. പേര് കണ്ടപ്പോൾ കൗതുകമായി ഫാത്തിമ്മ പരീദ്.. ഡീറ്റയിൽസ് പരിശോധിച്ചപ്പോൾ നട്ടെല്ലില്ലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി. അവൾ ഈ കോളേജിൽ പഠിച്ചിരുന്നു. അപ്പോൾ...
അന്വേഷിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടി. അക്കാലത്ത് കോളിളക്കമുണ്ടായ സംഭവം. കാര്യമായി അസുഖങ്ങളില്ലാത്ത മെഡിക്കൽ വിദ്യാർഥിനി ചെറിയൊരു പനിക്ക് നൽകിയ മരുന്ന് കാരണം മരണപ്പെട്ടിരിക്കുന്നു. അതും പഠിക്കുന്ന കോളേജിൽ വെച്ച് തന്നെ. അവൾ താമസിച്ചിരുന്നത് ഈ ഹോസ്റ്റലിൽ.. എന്റെ മുറിയിൽ... ആ ഡയറിയുടെ കാര്യം പെട്ടെന്ന് ഓർമ്മ വന്നു.
ഡയറി ഞാൻ ഒന്ന് കൂടി മറിച്ച് നോക്കി.. മെയ് 20 എന്ന ഡേറ്റിൽ എഴുതിയിട്ടുണ്ട്..
"വേനൽ ചൂടിലും കുളിരുന്നുണ്ട്.. പനി വന്ന് വിളിക്കുന്നു.. "
അസാധാരണമായി മറ്റൊന്നും തന്നെ ആ ഡയറിയിൽ കാണാൻ സാധിച്ചില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം ഞാനൊന്ന് ഇമാജിൻ ചെയ്ത് നോക്കി.
പനി ബാധിച്ച ഫാത്തിമ്മ പരീദ് എന്ന മെഡിക്കൽ വിദ്യാർഥിനി സ്വന്തം കോളേജിൽ ചികിത്സ തേടുന്നു.ജനറൽ വാർഡിൽ സ്ഥലം കുറവായതിനാലും കൂടുതൽ പരിചരണം കിട്ടാനും മെഡിക്കൽ എച്ച്.ഒ.ഡി അവളെ പീഡിയാട്രിക് വാർഡിൽ തൽക്കാലം അഡ്മിറ്റ് ചെയ്യുന്നു. ഡ്യൂട്ടിയിലിരുന്ന പി.ജി വിദ്യാർഥിനിയുടെ നിർദേശ പ്രകാരം നൽകിയ മരുന്ന് ഫാത്തിമ്മയിൽ റിയാക്ഷൻ ഉണ്ടാക്കുകയും ആ സാഹചര്യം നേരിടാനുള്ള സൗകര്യ കുറവ് മൂലം തൊട്ടടുത്ത മൾട്ടി സ്പെഷാലിറ്റി പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്യുന്നു. അന്വേഷണത്തിൽ എച്ച്.ഒ.ഡി യേയും പി.ജി വിദ്യാർഥിനിയേയും സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ല.
ഇത്തരം കാര്യങ്ങൾ പൊതുവേ ശ്രദ്ധിക്കാത്ത ഞാൻ എന്തിന് ഇതിന് പുറകേ നടക്കുന്നു. ആരോ എന്നെ പ്രേരിപ്പിക്കുന്നത് പോലെ.. എന്തോ കണ്ടെത്താനുള്ള അടങ്ങാത്ത ആകാംശ.അന്നത്തെ എച്ച്.ഒ.ഡി തന്നെയാണ് ഇപ്പോഴും ഉള്ളത്.ശ്രീനിവാസൻ സർ.. മറ്റൊരു കാര്യം ആ പി.ജി വിദ്യാർഥിനി ശ്രീനിവാസൻ സാറുടെ അടുത്ത ബന്ധുവാണ് .. രേഷ്മ..അവളിപ്പോ ജോലി ചെയ്യുന്നത് ഫാത്തിമ്മ മരണപ്പെട്ട പ്രൈവറ്റ്
ഹോസ്പിറ്റലിലും.
ഹോസ്പിറ്റലിലും.
എന്റെ ഒരു അങ്കിൾ പോലീസിൽ ഉണ്ടായിരുന്നു. ഡി.വൈ.എസ്.പി ഷാഹുൽ ഹമീദ്.ഇക്കാര്യങ്ങളൊക്കെ ഞാൻ വെറുതെ അദ്ദേഹത്തിനോട് പറഞ്ഞു. എന്നെ കളിയാക്കിയെങ്കിലും ബുദ്ധിമാനായ ആ പോലീസ് ഓഫീസറുടെ കണ്ണിലുണ്ടായ തിളക്കം എന്തോ പ്രതീക്ഷ നൽകി. പിന്നീട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അങ്കിൾ എന്നെ വിളിച്ചത് ചില സംശയങ്ങൾ പങ്ക് വെക്കാനായിരുന്നു.
ശ്രീനിവാസൻ സാറിന്റെ വില വഴിവിട്ട ബന്ധങ്ങൾ.. രേഷ്മ ജോലി ചെയ്യുന്ന മൾട്ടി സ്പഷാലിറ്റി ഹോസ്പിറ്റലിലെ അവയവ മാറ്റ ശസ്ത്രക്രിയകളും ചില വിവാദങ്ങളും. അദ്ദേഹത്തിന്റെ അന്വേഷണത്തിൽ ശ്രീനിവാസൻ ഒരു ഏജന്റ് ആണെന്നതിന്റെ തെളിവുകൾ വേണ്ടുവോളമുണ്ടായിരുന്നു.
സത്യം പ്രകാശം പോലെയാണല്ലോ.. മറച്ചു വെക്കാം..പക്ഷേ അതില്ലാതാവുന്നില്ല. മറ നീക്കിയ സത്യം പുറത്ത് വന്നപ്പോൾ ഒരു കോളിളക്കം തന്നെയുണ്ടായി. ഫാത്തിമ്മയുടെ മരണം സംഭവിച്ച രാത്രിയിൽ ഒരു പ്രമുഖന്റെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയയും നടക്കുന്നുണ്ടായിരുന്നു. ഫാത്തിമ്മയുടെ അതേ ബ്ലഡ് ഗ്രൂപ്പ്... ഒ. നെഗറ്റീവ്.. കൊടും ക്രൂരതയുടെ ആഴം വ്യക്തമായ തെളിവുകളോടെ തന്നെ അന്വേഷണ സംഘത്തിന് കണ്ട് പിടിക്കാനായി.
ഫാത്തിമ്മ പരീദ് കൊലക്കേസിന്റെ വിധി വന്നു.. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെയാണ് കിട്ടിയത്.. അന്ന് രാത്രിയും കൂട്ടുകാരികളോട് സംസാരിച്ച് ഏറെ വൈകിയാണ് കിടന്നത്. ഉറക്കം വരാതെ എന്തോ ആലോചിച്ച് കിടന്നപ്പോൾ തോന്നി ഞങ്ങളെ കൂടാതെ മറ്റൊരാളും കൂടി ഈ മുറിയിലുണ്ടെന്ന്.. നന്ദി നിറഞ്ഞ കണ്ണുമായി പൂഞ്ചിരി തൂകിക്കൊണ്ട്... അവൾ.....ഫാത്തിമ്മ.
By:
യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക