Slider

പെൺകോന്തൻ..

0

ഇങ്ങനെമുണ്ടാവോ
ആങ്കുട്ട്യോള്..
ഓളെ വാക്കും കേട്ടു നല്ലൊരു ജോലിയും കളഞ്ഞു വന്നേക്കുന്നു.."
ഉമ്മ നിന്നു
കലിതുള്ളുകയാണ്..
ഉമ്മയെന്നല്ല ആരുകേട്ടാലും ഇതു തന്നെയേ പറയുള്ളു..
കാരണം ഈ വർഷമിത് രണ്ടാമത്തെ വിസയാണ് കളഞ്ഞു കുളിക്കുന്നതു..
ഈ ഭൂകമ്പമൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടു പ്രത്യേകിച്ചൊന്നും തോന്നിയില്ലാന്നു മാത്രം..
അതിനിടെ കണ്ണുകൾ
കൊണ്ടവളെ തിരഞ്ഞു..
ഉമ്മയെ പേടിച്ചു അകത്തെവിടെയെങ്കിലും ഇരിക്കയാവും..
പാവം..
ആർക്കുമറിയില്ലാലോ അവളനുഭവിക്കുന്ന വേദനയെന്താണെന്നു..
എത്ര വലിയ പ്രശ്നമുണ്ടായാലും തന്റേടത്തോടെ നേരിടാനും മറ്റുള്ളവർക്കു ആശ്വാസം പകരാനും കഴിയാറുണ്ടായിരുന്ന പെണ്ണായിരുന്നു അവൾ..
ഗർഭിണി ആണെന്നറിഞ്ഞ സമയം തൊട്ടാണ് അവളിൽ എന്തൊക്കെയൊ മാറ്റങ്ങളുണ്ടായത്..
അതോടെ അധികമാരോടും സംസാരിക്കാതെയായി..
രാത്രീ തനിയെ കിടക്കാൻ ഭയം തോന്നാറുണ്ടെന്നു പലപ്പോഴും പറയാറുണ്ടായിരുന്നു
എന്നോട്..
"കുഴപ്പമൊന്നും
ഉണ്ടാവില്ല..
നീ വെഷമിക്കാതിരിക്കു" എന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചെങ്കിലും എനിക്കും ഉള്ളിൽ ഭയമാരുന്നു അവൾക്കെന്തെങ്കിലും സംഭവിക്കുമോയെന്നോർത്ത്..
പുറമെ കാണുന്നവർക്കു ഒരു കുഴപ്പവും തോന്നാത്തത് കൊണ്ടുതന്നെ വിഷമങ്ങളൊക്കെ എന്നോടുമാത്രം പങ്കുവെക്കാനേ കഴിയുമായിരുന്നുള്ളൂ..
ഒരു ദിവസം പാതിരാക്ക് നിർത്താതെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ടാണ് ഞാനുണർന്നതു..
അവളുടെ കാൾ
ആയിരുന്നു..
കട്ട് ചെയ്തു തിരികെ വിളിച്ചപ്പോൾ അങ്ങേത്തലക്കലൊരു പൊട്ടിക്കരച്ചിൽ മാത്രം..
'എനിക്കു പേടിയാവുന്നിക്കാ..ഞാനിപ്പൊ മരിച്ചു പോവും..'
കരച്ചിലിനിടയിലവളെങ്ങിനെയോ ക്കെയോ പറഞ്ഞൊപ്പിച്ചു..
ഇനി പിടിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കി ഞാൻ കൃത്യം രണ്ടാം ദിവസം നാട്ടിലേക്കു വിമാനം കയറി..
വീട്ടിലേക്കു ചെന്നു കയറുമ്പോഴുള്ള അവളുടെ കോലം കണ്ടു ശരിക്കും ഞെട്ടിപ്പോയി ഞാൻ..
വെളുത്തു തുടുത്തു സുന്ദരിയായിരുന്നവൾ ഒട്ടിയമുഖവുമായി വരണ്ടചിരിയോടെ നിൽക്കുന്ന കാഴ്ച ..
തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുടെ സ്ഥാനത്തു തിളക്കമറ്റു കുഴിയിലേക്കാഴ്ന്ന പോലെ രണ്ടു ഗോളങ്ങൾ..
ജോലിയില്ലാത്തതു കൊണ്ടു മടങ്ങിയതാണെന്നു ഉമ്മാനോടു കള്ളം പറഞ്ഞുവെങ്കിലും പിറ്റേന്നു അമ്മാവൻ വിളിച്ചു ഉണ്ടായതൊക്കെ ഉമ്മാനോടു പറഞ്ഞു കൊടുത്തു..
കാര്യമറിഞ്ഞ ഉമ്മ അന്നുമിതുപോലെത്തന്നെ കണക്കിന് പറഞ്ഞു..
ഞാനൊന്നും മിണ്ടാതെയവളെ നോക്കി പുഞ്ചിരിച്ചു..
രണ്ടുദിവസം കഴിഞ്ഞു ഞാനവളെയും കൂട്ടി ഒരു മനോരോഗവിദഗ്ധനെ കാണാൻ ചെന്നു..
വിശദമായ പരിശോധനകൾക്കു ശേഷം അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ടൊരു കാര്യം ഇതിനു വേണ്ടതു ചികിത്സയേക്കാൾ കരുതലോടെയുള്ള സ്നേഹമാണെന്നാണ്..
സ്നേഹിക്കപ്പെടാൻ കൊതിക്കുന്നൊരു മനസ്സാണിവർക്കുണ്ടാവുകയെന്നുംഅതു ലഭിക്കുന്നില്ലായെന്നുളള തോന്നലിൽ നിന്നാണ് മറ്റു പലപ്രശ്നങ്ങളും ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ഒരുപക്ഷേ പ്രസവത്തോടെ ഈയവസ്ഥക്കു മാറ്റമുണ്ടായേക്കാമെന്നു പറഞ്ഞു എന്നെയാശ്വസിപ്പിച്ചു..
പിന്നീടവൾ പഴയതിനെക്കാളും ഉഷാറായെങ്കിലും പ്രസവത്തീയതി അടുക്കുന്തോറും അവളിൽ ടെൻഷൻ കൂടിവരുന്നത് അവളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും മനസ്സിലാക്കാമായിരുന്നു..
നാട്ടുനടപ്പനുസരിച്ചു പ്രസവമടുക്കാറാകുമ്പോ പെണ്ണിനെ അവളുടെ വീട്ടിലേക്കു കൊണ്ടുവിടാറാണല്ലോ പതിവു..
ശരിക്കുമൊരു പെണ്ണിനു ഭർത്താവിൻറെ സാമീപ്യം കൂടുതലാവശ്യമുള്ള സമയം അവളെ അയാളിൽ നിന്നകറ്റുന്ന ഇത്തരം ചടങ്ങുകളൊക്കെ
ആരാണാവോ കണ്ടുപിടിച്ചത്..
എന്തായാലും ഈയവസ്ഥയിൽ അവളെ തനിച്ചു വിടാൻ പേടിയുള്ളതു കൊണ്ടു ഞാനവളെ വീട്ടിൽ തന്നെ നിർത്തി..
കാരണം മറ്റുള്ളവരാരും തന്നെ അവൾക്കിങ്ങനൊരു പ്രശ്നമുണ്ടെന്നു അറിഞ്ഞിട്ടില്ല..
അറിഞ്ഞാൽ തന്നെയും അതു ജിന്ന് ബാധയും ഭ്രാന്തുമൊക്കെയായി ചിത്രീകരിച്ചു കളയുമെന്ന് ഭയന്നു അറിയിക്കാൻ ശ്രമിച്ചുമില്ല..
ഏഴാം മാസം കഴിഞ്ഞും പെണ്ണു ഭർത്താവിന്റെ വീട്ടിൽ കഴിയുന്നതു കണ്ടു പലരും മുഖം ചുളിച്ചെങ്കിലും ഞങ്ങളതൊന്നും ചെവിക്കൊണ്ടില്ല..
ഉമ്മക്കും ഉണ്ടാരുന്നു
പരാതി..
അതുതീർക്കാൻ ഇടക്കിടെ കുത്തുവാക്കുകൾ കൊണ്ടവളെ വേദനിപ്പിച്ചുവെന്നതൊഴിച്ചു വേറെ കാര്യമായ പ്രശ്നങ്ങളൊന്നും
ഉണ്ടായില്ല..
അങ്ങിനെ കാത്തിരുന്ന നാളടുക്കാറായി..
ഞാനൊരു വാപ്പയാവാൻ പോവുന്ന മുഹൂർത്തത്തിന് ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം..
ലേബർ റൂമിലേക്കു കൊണ്ടുപോവുന്നതിനു മുന്നെയവൾ എന്റെ കൈചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു..
ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായില്ല
എനിക്കും..
ഇതിലെന്താണിത്ര സങ്കടപ്പെടാനുള്ളതെന്ന മട്ടിൽ ഞങ്ങളെ തുറിച്ചു നോക്കുന്നവർക്കറിയില്ലാലോ എനിക്കുമവൾക്കും മാത്രമറിയാവുന്ന ആ രഹസ്യം..
അസ്വസ്ഥമായ മനസ്സോടെ പുറത്തു കാത്ത് നിൽക്കുമ്പോ പലവട്ടം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു..
ആരുടെ പുണ്യം കൊണ്ടാണെന്നറിയില്ല കൂടുതൽ പ്രയാസങ്ങളൊന്നുമില്ലാതെ അവൾ ഒരാൺകുഞ്ഞിനു ജന്മം നൽകി..
പിന്നീടങ്ങോട്ടു സന്തോഷത്തിന്റെ നാളുകളായിരുന്നു..
അവളെപ്പോ ഉറങ്ങണമെന്നും ഉണരണമെന്നും നിശ്ചയിക്കാനുള്ള അധികാരം പുതിയ
അതിഥിക്കായി മാറി..
അവളതൊക്കെ സന്തോഷപൂർവം സമ്മതിച്ചു കൊടുക്കുന്നതു കണ്ടപ്പൊ വെറും പെണ്ണിൽ നിന്നൊരു അമ്മയിലേക്കുള്ള പറിച്ചു നടൽ ഒരു സ്ത്രീയിലുണ്ടാക്കുന്ന മാറ്റങ്ങൾ എത്ര വലുതാണെന്നോർക്കുകയായിരുന്നുഞാൻ..
കുഞ്ഞു വന്നതോടെ ഉമ്മയും പഴയപോലെ അവളോടു ദേഷ്യപ്പെടാതായി..
പക്ഷേ അതുകൊണ്ടൊന്നും ജീവിതം മുന്നോട്ടു പോവില്ലാലോ..
മാത്രല്ല നാലഞ്ചു മാസം കാര്യമായി ജോലിക്കൊന്നും പോവാത്തത് കൊണ്ടു സാമ്പത്തികമായും
അൽപം ഞെരുക്കത്തിലായി..
അതോടെ ഉപേക്ഷിച്ച പഴയ ഗൾഫ്‌ജീവിതം വീണ്ടും മുന്നിലേക്കു വന്നു..
വേറെ മാർഗ്ഗമില്ലായിരുന്നു..
"നമുക്കു ഉള്ളതു കൊണ്ടു ജീവിച്ചാൽ പോരെ..
നാട്ടിലെന്തെങ്കിലും ജോലി നോക്കാമെന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും മറ്റുപല ന്യായങ്ങളും പറഞ്ഞു ഞാനവളെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിച്ചു..
അങ്ങിനെയാണു ഞാൻവീണ്ടും ഗൾഫിലേക്കു വിമാനം
കയറിയതു..
അവിടെത്തി ആദ്യത്തെ ഒന്നുരണ്ടു മാസങ്ങൾ സന്തോഷകരമായി കടന്നുപോയി..
അവളുടെ ആ മാറ്റം എന്നിലുണ്ടാക്കിയ സന്തോഷവും ചെറുതല്ലായിരുന്നു..
പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല..
അവൾ പതിയെ പഴയ അവസ്ഥയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞ നിമിഷം ഞാൻ മറ്റൊന്നും ചിന്തിക്കാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു..
ഉമ്മയുടെ ദേഷ്യം എനിക്കു നല്ലൊരു ജീവിതം കിട്ടാഞ്ഞതിലുള്ള പരിഭവമാണെന്നറിയാം..
അതുപതിയെ മാറിക്കൊളും.
ഞാൻ ജീവിക്കുന്നത് അവൾക്കും കുഞ്ഞിനും വേണ്ടിയാണെന്നുള്ള തിരിച്ചറിവു അവൾക്കും അവൾക്കെന്നോടുള്ള സ്നേഹമാണ് ഇങ്ങനയൊക്കെ സംഭവിക്കാൻ കാരണമായതെന്ന തിരിച്ചറിവു എനിക്കും ഉണ്ടായിത്തുടങ്ങിയിടത്തു വെച്ചു ജീവിതം മനോഹരമായിത്തീരുകയല്ലേ..
അതുകൊണ്ടു തന്നെ ഏതവസ്ഥയിലും ഞങ്ങൾ സന്തോഷത്തൊടെ
തന്നെ ജീവിക്കും..
തീർച്ച.
●○
ഡിപ്രഷൻ അഥവാ വിഷാദരോഗം നമ്മുടെ കൊച്ചുകേരളത്തിൽ പോലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്..
കൃത്യമായ പരിഗണനയും ചികിത്സയും ലഭ്യമാക്കിയാൽ പൂർണമായും ഭേദമാക്കാവുന്ന ഈ അസുഖത്തെക്കുറിച്ചു പലരും ബോധവാന്മാരല്ലെന്നതാണ്‌ സത്യം.
ചിലരാകട്ടെ ജിന്നുബാധയാണെന്നും പിശാച് ബാധയാണെന്നുമൊക്കെ ചിത്രീകരിച്ചു അശാസ്ത്രീയമായ രീതിയിൽ ഈ അസുഖത്തെ കൈകാര്യം ചെയ്യുന്നുമുണ്ട്..
അതുമുതലെടുക്കാൻ കുറേ കപട സിദ്ധൻമാരും..
ഒന്നു മനസിലാക്കുക..
ഏതസുഖത്തിനുമെന്ന പോലേ ഇതിനും വേണ്ടതു പ്രിയപ്പെട്ടവരുടെ സ്‌നേഹവും സാമീപ്യവും കരുതലുമൊക്കെയാണു..
അതിനോളം വരില്ല
ഒരു മരുന്നും..
മനസറിഞ്ഞു സ്നേഹിക്കു..
സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന ഒരു മനസ്സ് നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിൽ.
.......joy cee ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo