Slider

മനസ്സുകൾ തമ്മിൽ

0

"എന്തേലും കയ്ച്ചിട്ട് പോയാ പോരെ..
രാവിലെ വെറും ചായ കുടിച്ചതല്ലേ ഉളളൂ..
ഞാൻ വേഗം എന്തേലും ഉണ്ടാക്കാം.."
"വേണ്ട..
ഞാൻ പോവുന്ന വഴിക്ക് വല്ലതും കഴിച്ചോളാം..
അവൻ ഉറങ്ങി എണീക്കുമ്പോ പറഞ്ഞേക്ക് ഇന്നലെ വാപ്പ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ എന്തൊക്കെയൊ പറഞ്ഞതാന്നു..
അവൻ ചോദിച്ച കാശ് ഇന്നു കൊടുക്കാൻ നോക്കാം..
ആരടുത്തുന്നെലും കടം
കിട്ടോന്ന് നോക്കട്ടെ.."
പുറത്തൂന്നുള്ള ഉമ്മാന്റെം ഉപ്പാന്റെം ഈ സംസാരം കേട്ടു കൊണ്ടാണു ഞാൻ ഉറക്കമുണർന്നത്..
ജോലി ചെയ്തു ക്ഷീണിച്ചു വന്ന വാപ്പയുടെ ആരോഗ്യാവസ്ഥ പോലും നോക്കാതെയാണ്‌ ഇന്നലെ വാപ്പാനോട് കയർത്തു സംസാരിച്ചത്..
കൂടുതലൊന്നും പറയാൻ സമ്മതിക്കാതെ തർക്കുത്തരം പറഞ്ഞു വാപ്പയുടെ വായടപ്പിക്കുംപോ അറിയാത്തൊരു സന്തോഷം തോന്നിയിരുന്നു..
തോറ്റു പോയവന്റെ നിസ്സഹായതയോടെ തിരിഞ്ഞു നടന്ന വാപ്പയുടെ പിറകിൽ ഞാൻ ജേതാവിനെ പോലെ ഞെളിഞ്ഞു നിന്നു..
ഈ ഹജ്ജു പെരുന്നാളിനു കൂട്ടുകാരോടൊപ്പം ടൂറു പോവാൻ കാശു ചോദിച്ചപ്പോ എന്തിനാ നല്ലൊരു ദിവസായിട്ട് കണ്ട പാർക്കിലും ബീച്ചിലും കറങ്ങുന്നെന്നു ചോദിച്ച വാപ്പയോടു എന്തൊക്കെയൊ പറഞ്ഞു തർക്കിച്ചിരുന്നു ഞാൻ ..
മുറിയിൽ ലൈറ്റ് കണ്ടാവണം നേരം ഇത്രയായിട്ടും ഉറങ്ങിയില്ലെന്നും ചോദിച്ചു ഉമ്മ അടുത്തേക്കു വന്നതു..
വാപ്പാനോട് കയർത്തു സംസാരിച്ചതു ഒട്ടും ശരിയായില്ലാന്ന് പറഞ്ഞു ഉമ്മയെന്റെ നെറ്റിയിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു..
"നിനക്കറിയോ മോനെ..
ആ മനുഷ്യൻ ഇന്നുവരെ സുഖമെന്താന്നു അറിഞ്ഞിട്ടില്ല..
ആയ കാലം തൊട്ടു കൂലിപ്പണി ചെയ്താണ് വയ്യാത്ത വല്യുപ്പാനെ നോക്കിയതും മൂന്നു പെങ്ങൻമാരെ കെട്ടിച്ചയച്ചതും..
എല്ലാം കഴിഞ്ഞു തറവാട്ട്‌ സ്വത്തീന്നു ഭാഗം കിട്ടിയ ഈ സ്ഥലത്ത് വീടു വെക്കുമ്പോ പണിക്കാർക്ക്‌ കൊടുക്കാനുള്ള കൂലി കുറച്ചെങ്കിലും ലാഭിക്കാല്ലോന്നു കരുതി രാപ്പകൽ ഭേദമില്ലാതെ വിയർപ്പോഴുക്കിയപ്പോഴും ആരൊടും ഒരു പരാതിയും പറഞിട്ടില്ല..
നീ ഉറങ്ങിയോ മോനെ..?
ഇല്ലുമ്മാ...
ഉമ്മ പറയ്‌..
കുറ്റബോധം കൊണ്ടുണ്ടായ നീറ്റലിൽ കണ്ണു നിറഞ്ഞു പോയതു ഉമ്മ കാണാതിരിക്കാൻ കണ്ണുകൾ ഇറുകെയടച്ചു കിടക്കുകയായിരുന്ന ഞാൻ മറുപടി പറഞ്ഞു..
ഈ വീടിന്റെ ഒരോ ചുവരിലും വാപ്പയുടെ വിയർപ്പുണ്ട്..
ഇന്നേവരെ എനിക്കും നിനക്കും വേണ്ടിയല്ലാതെ ആ മനുഷ്യൻ ആശുപത്രിയുടെ ചെന്നിട്ടില്ല..
അസുഖം വരാത്തോണ്ടല്ല..
ഒരു പനി വന്നാ പറയും.."ന്റെ പാത്തൂന്റെ കൈ കൊണ്ടുണ്ടാക്കിയ കട്ടൻ ചായ കുടിച്ചാ പോവാത്ത പനിയുണ്ടാവോ ഈ ദുനിയാവിലെന്നു.."
നടുവേദന വന്നാ "നീ ചൂട് പിടിച്ചാ മാറാത്ത നടു വേദനയൊന്നും പടച്ചോൻ എനിക്കു തന്നു പരീക്ഷിക്കൂല്ലാന്നു.."
ഡോക്ടർക്കും മരുന്നിനും കൊടുക്കുന്ന കാശു വീട്ടു ചിലവിനു ഉപകാരപ്പെടുമല്ലോ എന്നോർത്താണ് ആശുപത്രിയിൽ പോവാൻ കൂട്ടാക്കാതെ എന്നെനിക്കു നന്നായറിയാം..
സാരോല്ല നീ
വെഷമിക്കാണ്ടിരി..നാളെ എന്തേലും വഴി കാണാം.."
എന്നും പറഞ്ഞോണ്ടു പുതപ്പു ഒന്നൂടെ നേരെയാക്കി ലൈറ്റ് അണച്ച് ഉമ്മ
പുറത്തേക്കു പോയി..
ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു..
എന്നിട്ടു കാതുകൾ മെല്ലെ ചുവരോട് ചേർത്തു വെച്ചു..
അതെ..
ഉമ്മ പറഞ്ഞതു
സത്യമായിരുന്നു..
എനിക്കു കേൾക്കാൻ ആവുന്നുണ്ട് വാപ്പയുടെ ശ്വാസോച്വാസം..
ആ ചുവരുകൾക്കിടയിലൂടെ രണ്ടു കൈകൾ നീണ്ടു വരുന്നതും എന്നെ ചേർത്തു പിടിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..
അറിയാതെന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
ഒരായിരം വട്ടം മനസിൽ വാപ്പയുടെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു..
പിന്നീടെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു..
"എന്നാ ഞാൻ ഇറങ്ങുകാ.."
വാപ്പയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്..
ഞാൻ വേഗം എഴുന്നേറ്റു പുറത്തേക്കോടി..
മുറ്റത്തെക്കിറങ്ങാൻ ഭാവിക്കുന്ന വാപ്പയുടെ അരികിലേക്കു ചെന്നു..
പതിയെ ആ കയ് അമർത്തിപ്പിടിച്ചു മുഖത്തോടു ചേർത്തു..
ഒരു വാക്കുകൾക്കും പിടികൊടുക്കാതെ മനസ്സുകൾ തമ്മിൽ പറഞ്ഞതെന്താന്നു മനസ്സിലായോ എന്തോ പടിവാതിൽക്കൽ നിന്നും ആ കാഴ്ച കണ്ടോണ്ടിരുന്ന ഉമ്മ കോന്തല തലപ്പു കൊണ്ടു കണ്ണു തുടക്കുന്നുണ്ടായിരുന്നു.
ജോയ്സി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo