ജോലിക്കും മറ്റുമായി വിദേശത്ത് പോയി കാണാതാവുന്ന പ്രവാസികളെ തേടിയുള്ള യാത്ര..., ,പ്രവാസ ലോകം,, പരിപാടി തുടങ്ങിയിരിക്കുന്നു....
ഇന്ന് എന്നെ തേടി ആണ് അവരുടെ യാത്ര.... എന്നിലേക്ക് ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത യാത്ര....
ഇങ്ങനെയുള്ള പ്രോഗ്രാമുകൾ വളരെ ആശ്വാസകരമാന്ന്....
ഞാൻ നോക്കുമ്പോൾ സ്റ്റുഡിയോയിൽ ഉമ്മയുണ്ട്.... ഭാര്യയുണ്ട്.. എന്റെ രണ്ട് മക്കളുണ്ട്.... പിന്നെ അയൽവാസിയായ എന്റെ സുഹൃത്ത് ജാഫറും....
,, ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് എന്നയാളുടെ കുടുംബമാണ് ഇവിടെ ഇരിക്കുന്നത്.. അയാൾ ആറ് വർഷം മുമ്പ് അറബിപൊന്ന് തേടി സൗദിയിലേക്ക് പോയതാണ്..ആദ്യത്തെ വർഷമൊക്കെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു:... ഇപ്പോൾ അഞ്ച് വർഷമായി വീടുമായി ഒരു ബന്ധവുമില്ല... ഇദ്ധേഹത്തെ തേടിയുള്ള അന്വേഷണമാണ് ഇന്നത്തെ പ്രവാസ ലോകം..... അവതാരകൻ തുടങ്ങികഴിഞ്ഞു....
,,നിങ്ങൾ എവിടെയാണ് മുഹമ്മദ്... നിങ്ങളെ കാത്ത് കുടുംബം ഇവിടെ തീ തിന്ന് കഴിയാൻ തുടങ്ങിയിട് വർഷം അഞ്ച് ആയി,,...
എന്നാണ് മുഹമ്മദ് അവസാനമായി വിളിച്ചത് എന്ന് ഓർമ്മ യുണ്ടോ... ഭാര്യയോടാണ്.... അവർ ഒന്നും മിണ്ടുന്നില്ല.... ജാഫറാണ് മറുപടി പറയുന്നത്.... അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സാർ.... പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ല'... ഞാൻ അവിടെയുള്ള എന്റെ സുഹൃത്തുക്കളോട് അന്വേഷിക്കാൻ പറഞ്ഞിരുന്നു... അവർ മുഹമ്മദിന്റെ സ്പോൺസറുമായി ബന്ധപ്പെട്ടിരുന്നു... അവൻ സ്പോൺസറുടെ അടുത്ത് നിന്നും ഒളിച്ചോടിയിരിക്കുന്നു... അയാളുമായി ഒരു ബന്ധവുമില്ലത്രെ.... മറ്റ് ചില ആളുകൾ പറയുന്നത് ഒരു ശ്രിലങ്കക്കാരിയെ കല്യാണം കഴിച്ച് ഏതോ ഒരു ഉൾഗ്രാമത്തിലുണ്ട്.. എന്നൊക്കെയാണ്....
,, എന്താ ഉമ്മാ നിങ്ങൾക്ക് മകനോട് പറയാൻ ഉള്ളത്,,.. അവതാരകൻ തുടരുന്നു..
,,ന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല .. അവനെന്തോ അപകടം പറ്റിയിരിക്കുന്നു... എനിക്ക് മോനെ നിന്റെ പൊന്നും പണവും ഒന്നും വേണ്ട നിന്നെ ഒന്ന് കണ്ടിട്ട് മരിച്ചാൽ മതി... ഉമ്മയാണ്.. പ്രസവിച്ച വയറിന്റെ വേദന.....
പിന്നീട് എന്റെ ഭാര്യയോടും കുട്ടികളോടുമെല്ലാം എന്തൊക്കെയോ ചോദിക്കുന്നു... വ്യക്തമല്ല.... കാഴ്ചകൾ മങ്ങി തുടങ്ങിയോ.. ഇല്ല ചെറുതായിട്ട് കാണുന്നുണ്ട്.... അവൾ വിതുമ്പുന്നുണ്ടോ... ഇല്ല അലക്ഷ്യമായി മറുപടി പറയുകയാണ്... അല്ലെങ്കിലും തന്നെ ഭർത്താവ് ചതിച്ചു എന്ന് ഒരു ഭാര്യയ്ക്ക് തോന്നി കഴിഞ്ഞാൽ പിന്നെ അവൾ എന്തിന് അയാളെ പറ്റി സങ്കടപ്പെടണം... പിന്നെ അവൾ ആർക്ക് വേണ്ടി കാത്തിരിക്കണം... അവളെയും ജാഫറിനെയും പല സ്ഥലങ്ങളിലും വെച്ച് ഞാൻ കാണുന്നുണ്ട് .. അരുതാത്ത സംഭവിക്കാൻ പാടില്ലാത്ത പല കാഴ്ചകളും ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ എനിക്ക് അവരെ വിലക്കാൻ കഴിയില്ലല്ലോ.. അരുതെ എന്ന് പറയാൻ കഴിയില്ലല്ലോ.... എനിക്ക് കാണാൻ മാത്രമേ കഴിയൂ.... സംസാരിക്കാൻ കഴിയില്ലല്ലോ....
അതെ ശാന്തി കിട്ടാത്ത ആത്മാക്കൾക്ക് മരണമില്ലല്ലോ.... അത്തരത്തിലുള്ള ഒരു ആത്മാവാണ് ഞാൻ... വിശദമായി പറയാം....
ആറ് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ കുന്നോളം പ്രതീക്ഷകളും കടലോളം സങ്കടങ്ങളുമായി ഒരു ഡ്രൈവർ വിസയിൽ ഇവിടെ എത്തിയത്.... ഞാൻ ചതിക്കപ്പെടുകയായിരുന്നു... ആയിരത്തോളം ആടുകളെ മേയ്ക്കുന്ന ഒരു ജോലിയാണ് എനിക്ക് ലഭിച്ചത്... അറ്റമില്ലാത്ത മരുഭുമിയിൽ... സ്പോൺസർ മാസത്തിൽ ഒരു തവന്ന വരും ആവശ്യമു ള്ള സാധനങ്ങളുമായിട്ട്... ഒരു കാട്ടാളൻ.... എന്തായാലും എങ്ങനെയെങ്കിലും രണ്ട് വർഷം പിടിച്ചു നിൽക്കാൻ തീരുമാനിച്ചു..... പോരാൻ വേണ്ടി എടുത്ത ലോണെങ്കിലും വീട്ടണ്ടേ... ഏതൊരു പ്രവാസിയെയും പോലെ തല ചായ്ക്കാൻ സ്വന്തമായൊരു കുടിൽ.. മക്കളുടെ വിദ്യാഭ്യാസം ... മോളുടെ കല്യാണം .. എന്നി പ്രതീക്ഷകളുമൊക്കെ ആയിതന്നെയാണ് ഞാനും പ്രവാസിയായത്... അതൊന്നും ഇനി നടക്കില്ല.... ലോണെങ്കിലും വീട്ടണം... ഞാൻ മനസ്സിൽ ഉറപ്പിച്ചു..
പക്ഷെ വിധി മറ്റൊന്നായിരുന്നു.. ആടുകൾക്കെന്തോ രോഗം വന്നു.. ഒരു തവണ സ്പോൺസർ വന്നപ്പോൾ പതിനഞ്ച് ആടുകൾ ചത്തിരിക്കുന്നു... ക്രൂരമായ മർദ്ധനമായിരുന്നു... എന്തൊക്കെയോ വിളിച്ച് അലറുന്നു.. തലയിൽ കെട്ടിയ വട്ട് എടുത്ത് ഒരു പാട് തല്ലി എന്നെ... സഹിക്കാവുന്നതിലും അപ്പുറമുള്ള മർദ്ധനങ്ങൾ...
എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണമെന്ന് ഞാൻ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.. പക്ഷെ എങ്ങനെ...അനന്തമായി നീണ്ട് കിടക്കുന്ന ഈ മരുഭുമിയിൽ ഞാൻ എങ്ങോട്ട് പോകും.. ദിവസങ്ങൾ പൊഴിഞ്ഞ് കൊണ്ടിരുന്നു... ആടുകൾ വീണ്ടും ചത്ത് കൊണ്ടിരിക്കുന്നു... ഇനി സ്പോൺസർ വന്നാൽ... ആലോചിക്കുമ്പോൾ തന്നെ ഞാൻ പേടിച്ച് വിറക്കുന്നു... അടുത്ത തവണ അവൻ വരുമ്പോഴേക്കും അവിടെ നിന്ന് രക്ഷപ്പെടണം...
പക്ഷെ എന്റെ പ്രതിക്ഷകൾ തകിടം മറിച്ച് കൊണ്ട് അടുത്ത ദിവസം തന്നെ സ്പോൺസർ എത്തി... ചത്ത ആടുകളെ കണ്ട് അയാൾ ക്രുദ്ധനായി... ഞാൻ ഓടി .... ഓടുന്ന എന്നെ പിറകെ വണ്ടി കൊണ്ട് വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.... വീണ എന്റെ ദേഹത്തിലൂടെ അയാൾ വണ്ടി കയറ്റിയിറക്കി... മരണം മുന്നിലെത്തിയിരിക്കുന്നു... വേണ്ടപ്പെട്ടവരുടെ മുഖങ്ങൾ മനസ്സിൽ തെളിയുന്നു... പ്രാര്ത്ഥിക്കുന്ന ഉമ്മയുടെ മുഖം.... കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞ് വിടുന്ന ഭാര്യ...മക്കൾ..... അവസാനമായി ഫോൺ വിളിച്ചപ്പോൾ മടിച്ച് മടിച്ച് ഉപ്പച്ചീ ഇനി പൈസ അയക്കുമ്പോൾ എനിക്ക് ഒരു സൈക്കിൾ വാങ്ങിത്തരുവാൻ ഉമ്മച്ചിയോട് പറയുമോ എന്ന മോന്റെ ചോദ്യം ചെവിയിൽ മുഴങ്ങുന്നു...
ഇല്ല... ഇനി ഒരു തിരിച്ച് പോക്ക് ഇല്ല.... ഞാൻ മരിച്ചിരിക്കുന്നു.... ഞാൻ ഈ മരുഭൂമിൽ തന്നെ കുഴിച്ച് മൂടപ്പെട്ടിരിക്കുന്നു..... എന്റെയും എനിക്ക് വേണ്ടപ്പെട്ടവരുടെയും മോഹങ്ങളും പ്രതീക്ഷകളുമാണ് ഈ കുഴി വെട്ടി കുഴിച്ച് മൂടുന്നതെന്ന് ഈ മനുഷ്യമൃഗത്തിന് അറിയില്ലല്ലോ..... ഒരു കുഞ്ഞി കുരുവോളം കരുണ ഇവന് ഇല്ലാതെ പോയല്ലോ....
എന്നെയും എന്റെ കിനാവുകളെയും ഈ മരുഭൂമിയിൽ കുഴിച്ച് മുടിയതിന് ശേഷം അയാൾ ആടുകളെയും മോഷ്ടിച്ച് ഞാൻ ഒളിച്ചോടി എന്ന് പ്രചരിപ്പിച്ചിരിക്കുന്നു.... മാസങ്ങൾക്ക് ശേഷം എന്നെ അന്വേഷിച്ച് വന്ന പ്രവാസി സംഘടക പ്രവർത്തകരോട് പോലും ഇത് പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.. എല്ലാം കാണുന്നുണ്ട്... കേൾക്കുന്നുണ്ട്... എനിക്ക് അതല്ല സത്യം എന്ന് പറയാൻ കഴിയില്ലല്ലോ....
എന്ന കുറിച്ച് പല കഥകളും പ്രചരിച്ച് കൊണ്ടിരുന്നു.... അവനവന്റെ ഭാവനകൾക്ക് അനുസരിച്ച് ഓരോരുത്തരുടെയും വക.. അതിലൊന്നാണ് ഈ ശ്രീലങ്കക്കാരിയുമൊത്തുള്ള കഥ...
ആരോടെങ്കിലും എനിക്ക് സത്യങ്ങൾ തുറന്ന് പറയണമെന്നുണ്ട്.... പക്ഷെ എങ്ങനെ....
ചെറുപ്പത്തിലൊക്കെ ആരോ പറയുന്നത് കേട്ടിട്ടുണ്ട് മരിച്ചവർ മാനത്ത് നക്ഷത്രങ്ങളായി വരുമെന്ന്... അങ്ങനെ ഒരു നക്ഷത്രമായെങ്കിൽ... എനിക്ക് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ..... ഞാൻ പറയുന്നത് എന്റെ ഉമ്മക്കെങ്കിലും കേൾക്കാൻ കഴിഞ്ഞെങ്കിൽ.... അല്ലെങ്കിൽ എന്റെ ഉമ്മ ഒരു നക്ഷത്രമായി എന്റെ അരികിൽ വന്നിരുന്നെങ്കിൽ..... ഉമ്മയോടെങ്കിലും പറയാമായിരുന്നു എന്റെ മോഹങ്ങളും പ്രതീക്ഷകളും കുഴിച്ച് മൂടപ്പെട്ട കഥ....
ഈ പ്രവാസ ലോകത്ത് കുടുംബവും നാട്ടുകാരെയും .മറന്ന് മറ്റ് മേച്ചിൽ പുറങ്ങൾ തേടി പോയി എന്ന് മാലോകർ വിശ്വസിക്കുന്ന ചിലർക്കെങ്കിലും ഉണ്ടായിരിക്കുമെന്ന് തോന്നുന്നു ഇങ്ങനെ ആരും അറിയാത്ത കഥ.... ആരും പറയാത്ത കഥ...
. അവർക്ക് വേണ്ടി..... അവർക്ക് വേണ്ടി മാത്രം......
മൻസൂർ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക