Slider

ഒരു പ്രഭാതം

0
ഒരു പ്രഭാതം
..........................
അതിരാവിലെ പത്ത് മണി. ഫോണിൽ സെറ്റ് ചെയ്ത് വച്ച അലാറത്തിന് പകരം മുഴങ്ങിയത് അച്ഛന്റെ കേൾക്കാൻ ഇമ്പമുള്ള അട്ടഹാസം. ഉടൻ തന്നെ ചാടിയെഴുന്നേറ്റു.
"നീയൊന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് വന്നേ.. രാവിലെ എന്നൊരു സമയം വന്നിട്ടുണ്ട് "
(അച്ഛന്റെ സ്വരം)
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് പോയി. പതിവുകാഴ്ചകൾ തന്നെ. നേരിയ ചാറ്റൽ മഴയിലും തന്റെ റോസാചെടികളോടുള്ള അമിത വാത്സല്യം കാരണം അവയ്ക്ക് ദാഹജലം നൽകുന്ന അമ്മ.
പത്രം വായിക്കാമെന്ന് കരുതിയപ്പോൾ ചരമ കോളം അപ്പൂപ്പന്റെ കയ്യിൽ.സ്പോർട്സ് പേജ് അനിയന്റെ കയ്യിൽ, ബാക്കിയുള്ളത് അച്ഛനും കയ്യടക്കി വച്ചിരിക്കുന്നു.. മോഹന വാഗ്ദാനങ്ങൾ നൽകുന്ന വിവാഹപങ്തിയിലേക്കായി അടുത്ത നോട്ടം. ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ. സ്പോർട്സ് പേജിന്റെ അടിയിൽ അനിയൻ ആ പേജും അടക്കിപ്പിടിച്ചിരിക്കുന്നു...
"ഡാ... മുട്ടയിൽ നിന്ന് വിരിഞ്ഞില്ല.. അതിന് മുന്നേ വിവാഹ പരസ്യം നോക്കുന്നോടാ... ആ പേജ് ഇങ്ങ് താടാ."
അതേ... എന്റെ പേര് ഇത്തവണത്തെ പി എസ് സി മെയിൻലിസ്റ്റിൽ ഉണ്ട്.. ആദ്യം പോയി ഒരു ജോലി ഉണ്ടാക്കാൻ നോക്ക്.. പട്ടി തിന്നത്തുമില്ല, പശുവിനെ തിന്നാൻ സമ്മതിക്കത്തുമില്ല.
(പശുവിനെ തീറ്റിക്കാത്ത പട്ടി.... രാവിലെ തന്നെ നല്ല വിശേഷണം)
പഴുതുകൾ അടച്ച അനിയന്റെ മറുപടി.. മനസ്സ് കലുഷിതമാക്കി
ഇനി നോക്കാൻ തൊട്ടയൽവക്കത്തെ ഗോപാലൻ മാഷുടെ മകൾ മാത്രമേയുള്ളൂ.. പതുക്കെ മുറ്റത്തേക്കിറങ്ങി.. വീണ്ടും ഞെട്ടിപ്പിക്കുന്ന കാഴ്ച.ഗോപാലൻ മാഷുടെ വീട് കാണാനില്ല.
ചുറ്റുമതിൽ നിറയെ തെങ്ങോലകൾ ചാരി വച്ചിരിക്കുന്നു. മാഷിന്റെ വീട് കാണാനേ കഴിയുന്നില്ല .
"നോക്കിയിട്ട് കാര്യമില്ല... നീ കാരണമാണ് മാഷ് ഈ ഓലകൾ മുഴുവൻ മതിലിൻമേൽ ചാരി വച്ചത് "
(അച്ഛന്റെ സ്വരം)
ഞാൻ കാരണമോ....?
"എടാ എന്നും രാവിലെ നീ അയാളുടെ മകളെ തുറിച്ചു നോക്കുന്നു എന്നും പറഞ്ഞാണ് അയാൾ ഈ ഓലപ്പണി ചെയ്തത്.."
ഞാനോ...?
" നീ തന്നെ "
ഡാഡ്.. ആക്ച്വലി എവരി ഡേ ഷി ഈസ് ലുക്കിങ്... ലുക്കിങ് മീ...
"ഫാ..!! മലയാളത്തിൽ പറയെടാ.."
അച്ഛാ,,,, ശരിക്കും പറഞ്ഞാൽ എല്ലാ ദിവസവും അവളാണ് എന്നെ തുറിച്ചു നോക്കുന്നത്..
"എടാ.. വെള്ളരിക്കണ്ടത്തിൽ വച്ച കോലം പോലത്തെ നിന്നെ ആ കുട്ടി നോക്കിയെന്ന് ഞാൻ വിശ്വസിക്കണമല്ലേ..? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇപ്പുറത്തെ വീട്ടിലെ നാരായണൻ ചേട്ടനെക്കൊണ്ടും ഓലപ്പണി ചെയ്യിക്കരുത്.. നീയായിട്ട് ഇന്നാട്ടിലെ തെങ്ങോലകൾക്ക് ഡിമാൻറ് കൂട്ടരുത്"
(അച്ഛൻ അകത്തേക്ക് പോവുന്നു)
മനസ്സു നിറയെ അച്ഛൻ വിശേഷിപ്പിച്ച വെള്ളരിക്കണ്ടത്തിലെ കോലമായിരുന്നു. അത്രക്ക് മോശമാണോ ഞാൻ... ഒന്നും നോക്കിയില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ നീട്ടിപ്പിടച്ച് ഉടനെ ഒരു സെൽഫി.
അമ്മേ.. എങ്ങനെയുണ്ട് ഈ സെൽഫി...?
" ഇത് ഒരു മാതിരി നമ്മുടെ റോസാചെടിയിൽ വരുന്ന ഓന്തിനെ പോലെയുണ്ട്. നാണമില്ലല്ലോടാ ഇന്നത്തെ കാലത്തും അഞ്ച് മെഗാപിക്സൽ ക്യാമറയുള്ള ഫോണുമായി നടക്കാൻ "
(ഒടുവിൽ അമ്മയും അകത്തേക്ക്...)
അമ്മയുടെ അപ്രതീക്ഷിത മറുപടി.. കാലം മുന്നോട്ടു പോയതാണോ അതോ ഞാൻ പുറകോട്ടു പോയതാണോ.... പശുവിനെ തീറ്റിക്കാത്ത പട്ടി ,വെള്ളരിക്കണ്ടത്തിൽ വച്ച കോലം, റോസാചെടിയിലെ ഓന്ത്. തൃപ്തിയായി രാവിലെ തന്നെ ബഹുമുഖ വിശേഷണം... ഇന്ന് ഇനി പുറത്തൊന്നും പോയിട്ട് വല്യ കാര്യമില്ല.
നേരെ മുറിയിലേക്ക്.. പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടി. അടുത്ത വിശേഷണവുമായി ആരെങ്കിലും വരുന്നത് വരെ സുഖ നിദ്ര.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo