Slider

ഒബിറ്റ്യുറി - 1

0
ഒബിറ്റ്യുറി
-----------------
Install Nallezhuth Android App from Google Playstore and visit "പുതിയ   തുടർരചനകൾ " to read all chapters of long stories.

പ്രിൻസി കണ്ണുകളടച്ചു കിടക്കുകയായിരുന്നു. റോയിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കണ്ണുനീർ അനുവാദമില്ലാതെ പുറത്തേക്ക് ഒഴുകി. റോയിയുടെ കൂടെ ജീവിച്ച ഓരോ നിമിഷങ്ങളും ഒരു ചലച്ചിത്രം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു.
റോയ് വര്ഗീസ് എന്ന തന്റെ ഇച്ചായൻ... കഴുത്തിൽ മിന്ന് കെട്ടിയ അന്ന് മുതൽ താൻ പ്രാണനെ പോലെ സ്നേഹിച്ച ഇച്ചായൻ എന്നെന്നേക്കുമായി തന്നെ വിട്ട് പോയിരിക്കുന്നു. ഇനിയങ്ങോട്ട് ജീവിതം അവസാനിക്കുന്നിടം വരെ തനിച്ച്. കൂട്ടിനായിട്ട് ഒരു കുഞ്ഞിനെ പോലും ദൈവം തന്നില്ല. ഇപ്പോൾ ഇതാ ഒറ്റക്കാക്കുകയും ചെയ്തിരിക്കുന്നു. ഇതാണോ കർത്താവേ.. നീതി... എന്ത് തെറ്റ് ചെയ്തിട്ടാണിങ്ങനെ? പ്രിൻസിക്ക് ഒരുത്തരം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ റോയിച്ചായന്റെ നാല്പത്തൊന്നാം ചരമദിനം ആയിരുന്നു. എല്ലാ ചടങ്ങുകളും ഭംഗിയായി തന്നെ കഴിഞ്ഞു. ഇച്ചായന്റെ വിയോഗം പലരും മറന്നു തുടങ്ങിയെന്ന് തോന്നി. പലരുടെയും മുഖത്ത് തന്റെ നേർക്ക് നീളുന്ന സഹതാപം. എങ്ങോട്ടെങ്കിലും ഓടിയൊളിക്കാനാണ് തോന്നുന്നത്. ഇച്ചായാ... എന്തിനാ എന്നെ തനിച്ചാക്കിയെ....? അവൾ ആത്മഗതം പൂണ്ടു.
കണ്ണീർ ധാര ഒഴുകികൊണ്ടേ ഇരുന്നു. പക്ഷെ അവൾക്ക് അല്പം പോലും ആശ്വസിക്കാനായില്ല. റോയിക്കൊപ്പം ജീവിച്ച ആ വീട്, മുറി, മുറിയിലെ വസ്തുക്കൾ എല്ലാം.. എല്ലാം അവളെ റോയിയുടെ ഓർമ്മകളിൽ തന്നെ ബന്ധിച്ചു നിർത്തി. തീവ്രമായ മനോവേദന അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
റോയിയുടെ മരണം തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നവൾ ഓർത്തു. ഇനിയും ഈ നില തുടർന്നാൽ വല്ല കടുംകൈയും ചെയ്തു പോകുമോ എന്നവൾ ഭയന്നു. പ്രിൻസി മെല്ലെ എഴുന്നേറ്റ് ഹാളിൽ വന്നിരുന്നു. ശ്രദ്ധ തിരിക്കാൻ അവൾ ടേബിളിൽ കിടന്നിരുന്ന പുസ്തകങ്ങളിൽ തിരഞ്ഞു.
അപ്പോളാണ് തലേന്നത്തെ പത്രം കൈയിൽ തടഞ്ഞത്. റോയിയുടെ ഫോട്ടോ നോക്കാനായി അവൾ മരണപേജിലേക്ക് കണ്ണുകൾ പായിച്ചു.
റോയ് വര്ഗീസ്. 40 വയസ്സ്.
പ്രിൻസി ആ ചിത്രത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പുഞ്ചിരിയോടെ നില്കുന്നു തന്റെ ഇച്ചായൻ. അവൾ പിന്നെയും റോയിയുടെ ഓർമ്മകളിൽ ഇരുന്നു. വേദനയോടെ മെല്ലെ കണ്ണുകൾ അടച്ചു. നിറഞ്ഞു വന്ന കണ്ണുനീർ പുറത്തേക്കൊഴുകി.
അവൾ ആ പത്രം ടേബിളിലേക്കിട്ടു. അപ്പോളാണ് ആ മുഖം അവളുടെ ശ്രദ്ധയിൽ പെട്ടത്. എവിടെയോ കണ്ടു മറന്നത് പോലെ. സംശയത്തോടെ അവൾ വീണ്ടും പത്രം കൈയിലെടുത്തു.
******
കിടന്നിട്ട് ഉറക്കം വരാതെ പ്രിൻസി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇച്ചായനില്ലാതെ, ആ ചൂട് പറ്റാതെ തനിക്കൊന്നുറങ്ങാൻ പോലും കഴിയുന്നില്ല. അവൾ സമയം നോക്കുന്നതിനായി മൊബൈൽ കൈയിലെടുത്തു. അതിലും റോയിയുടെ മുഖം. നിറഞ്ഞു വന്ന കണ്ണുനീരിൽ ആ മുഖം അവ്യക്തമായി. കണ്ണുനീർ തുടച്ചുമാറ്റി അവൾ സമയം നോക്കി.
പാതിരാത്രി കഴിഞ്ഞിരിക്കുന്നു. നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇനിയും തനിക്ക് അൽപ്പം പോലും ഉറങ്ങാനായിട്ടില്ല. എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിൽ ചെന്നിരുന്നു.
നേരിയ മഞ്ഞിൻ തണുപ്പ്. പക്ഷെ ഉള്ളിലെ കനലെരിയുന്നതിന് ആ തണുപ്പ് ആശ്വാസമായില്ല. അവൾ റോയിയുടെ ഓർമ്മകളിൽ അലഞ്ഞു. മനസ്സ് അപ്പുപ്പൻ താടിപോലെ ഇച്ചായന്റെ ഓർമ്മകളിൽ തങ്ങി നിന്നു. ഇടയിൽ എപ്പോഴോ ഒന്ന് മയങ്ങി.
"മോളെ..."
ആ വിളി കേട്ടുകൊണ്ടാണ് ഉണർന്നത്. പ്രിൻസി കണ്ണ് മിഴിച്ചു. നേരം നന്നേ വെളുത്തിരിക്കുന്നു. മുമ്പിൽ ആനി ചേച്ചിയാണ്.
"ഇവിടെ കിടന്നാണോ ഉറങ്ങിയേ..?"
പ്രിൻസി ചുറ്റും നോക്കി. പിന്നെ പതിയെ ആനിചേച്ചിയെ നോക്കി പുഞ്ചിരിച്ചു.
"ഉറക്കം വരാതെ വെളുപ്പിന് ചുമ്മാ ഇവിടെ വന്നിരുന്നതാണ്. മയങ്ങി പോയി."
കണ്ണുനീർ ഉണങ്ങിയ പാടുകൾ അവളുടെ മുഖത്ത് കാണാമായിരുന്നു. ആനി ചേച്ചിക്ക് അവളുടെ വ്യഥ മനസ്സിലാക്കാൻ പെട്ടെന്ന് സാധിച്ചു. അവരുടെ മുഖത്തും ആ വിഷമം പ്രതിഫലിച്ചു.
റോയിയുടെയും പ്രിൻസിയുടെയും വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ ആണ് ആനി. വർഷങ്ങൾ ആയിട്ടുണ്ട് അവർ ആ വീട്ടിൽ. ജോലിക്കാരിയെപ്പോലെ അല്ല രണ്ടുപേരും അവളോട് പെരുമാറിയിരുന്നത്. കല്യാണം കഴിക്കാത്ത ആനിചേച്ചിക്ക് അവർ അനുജനും അനുജത്തിയും പോലെ ആണ്. അവർ തിരിച്ചും ആ സ്നേഹം കൊടുത്തിരുന്നു. വീട്ടുവേലക്ക് നിൽക്കുന്നു എന്ന തോന്നൽ അവർക്കും ഉണ്ടായിരുന്നില്ല.
റോയിയുടെ അകാലത്തിൽ ഉണ്ടായ മരണം അവരെയും ഏറെ വേദനിപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആക്സിഡന്റിൽ ആണ് റോയി മരണപ്പെടുന്നത്. പ്രിൻസിയും റോയിയും പരസ്പരം വല്ലാതെ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ റോയിയുടെ വിയോഗം അവളെ വല്ലാതെ തളർത്തി. അവരുടെ സ്നേഹത്തിൽ സന്തോഷിച്ച ആനിചേച്ചിക്ക് പ്രിൻസിയുടെ ദുഖവും താങ്ങാൻ കഴിയില്ലായിരുന്നു.
"മോള് എഴുന്നേറ്റ് റെഡി ആയി വാ. നമുക്കൊന്ന് പള്ളിയിൽ പോകാം. ഇവിടെ തന്നെ ഇങ്ങനെ ഇരിക്കേണ്ട."
ആനി ചേച്ചിയുടെ ആ അഭിപ്രായത്തോട് പ്രിൻസിയും യോജിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് നടന്നു. അധികം വൈകാതെ രണ്ടു പേരും പള്ളിയിലേക്ക് പുറപ്പെട്ടു.
പള്ളിയിൽ മാതാവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ നിൽക്കുമ്പോൾ പ്രിൻസിക്ക് മാതാവിനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്തിന് തന്റെ ജീവിതം ഇങ്ങനെ ഏകാന്തമാക്കി തീർത്തു എന്നവൾ പലവട്ടം ആ മുഖത്തേക്ക് നോക്കി ചോദിച്ചു. ദയനീയമായ കണ്ണുകളോടെ മാതാവ് അവളെ തന്നെ നോക്കി നിൽക്കുന്നപോലെ പ്രിൻസിക്ക് തോന്നി.
പ്രിൻസിയുടെ സമാധാനത്തിനും റോയിയുടെ ആത്മശാന്തിക്കും വേണ്ടി ആനിയും മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. റോയിയുടെ കല്ലറക്ക് മുൻപിലും അതെ അവസ്ഥ തന്നെ ആവർത്തിച്ചു.
തിരികെ വീട്ടിലേക്ക് വരുമ്പോഴേക്കും പ്രിൻസിക്ക് ഒരു നേരിയ ആശ്വാസം ലഭിച്ചിരുന്നു. വേഷം മാറി അവൾ ഹാളിൽ വന്നിരുന്നു. ആനി ചേച്ചി അവൾക്കായി ഭക്ഷണം എടുത്ത് വച്ചിരുന്നു. ഇത്രയും ദിവസമായി അവൾ നേരാംവണ്ണം ഒന്നും കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രിൻസിക്ക് ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കാൻ ആനി പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയെങ്കിലും അവൾ എന്തെങ്കിലും കഴിക്കട്ടെ എന്നവർ നിനച്ചു.
അവൾ ഭക്ഷണം കഴിച്ച് തിരികെ ഹാളിലെ സെറ്റിയിൽ വന്നിരുന്നു. എന്തോ ആലോചനയിൽ ആണെന്ന മട്ടിൽ ആയിരുന്നു പ്രിൻസിയുടെ ഇരിപ്പ്. അവൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു. നാളെ മുതൽ ജോലിക്ക് പോയി തുടങ്ങണം. ഇനിയും ഈ അവസ്ഥ തുടർന്നാൽ മനസ്സിനെ ഒരിക്കലും തന്റെ വരുതിയിൽ എത്തിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു. ബാങ്കിൽ ആണ് പ്രിൻസിക്ക് ജോലി. ജോലി തിരക്കിൽ പെട്ട് കഴിയുമ്പോൾ മനസ്സ് പതിയെ ശാന്തമാകും എന്നവൾ ഓർത്തു. ഒരുറച്ച തീരുമാനം അവൾ എടുത്ത് കഴിഞ്ഞിരുന്നു.
ആനി ചേച്ചി അടുത്ത് വന്നപ്പോൾ അവളുടെ ചിന്തകൾ മുറിഞ്ഞു. അവരെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അവളുടെ മനസ്സിന്റെ ശാന്തത പ്രകടമായിരുന്നു. അത്കണ്ട് ആനിയും ആശ്വസിച്ചു.
ടേബിളിൽ കിടന്ന പഴയ പത്രങ്ങൾ എടുത്ത് മാറ്റുകയായിരുന്നു അവർ. അപ്പോഴാണ് പ്രിൻസി ആ പത്രം ഒരിക്കൽ കൂടി കണ്ടത്. റോയിയുടെ നാല്പത്തൊന്നാം ചരമദിനത്തിന്റെ അന്നത്തെ പത്രം അവൾ വീണ്ടും കൈയിലെടുത്തു. അതിൽ റോയിയുടെ ഫോട്ടോക്കടുത്തായി കണ്ട പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് പ്രിൻസി സൂക്ഷിച്ചു നോക്കി.
ഇസബെല്ലാ തോമസ്. ഒന്നാം ചരമ വാർഷികം.
'ഇസബെല്ലാ' ആ പേര് താൻ കേട്ടിട്ടുണ്ടോ? പ്രിൻസി ഓർത്തു നോക്കി. ആ മുഖം എവിടെയാണ് കണ്ടു മറന്നത്. അവൾ പിന്നെയും ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. പ്രിൻസി ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo