Slider

അമ്മ- അമ്മായിയമ്മ

0
അമ്മ- അമ്മായിയമ്മ
••••••••••••••••••••••••••••••••••••••
"ടീച്ചറേ ചോറൊക്കെ കഴിഞ്ഞാ"
ജാനകിയുടെ തലമുട്ട്‌ കണ്ട വഴി അരി പെറുക്കുന്ന മുറവും കൊണ്ട്‌ മുങ്ങാൻ നോക്കിയതാ ടീച്ചർ. അത്‌ മനസ്സിലാക്കി തന്നെയാ ജാനകി നീട്ടി വിളിച്ചതും.
"ഈ മൂധേവിക്ക്‌ വീട്ടിൽ ജോലി ഒന്നുമില്ലേ നാശം പിടിക്കാൻ"ഇന്നിനി ഒരു ജോലിയും തീരില്ല"
മനസ്സിൽ അങ്ങനെ പറഞ്ഞെങ്കിലും
"കഴിച്ചെന്റെ ജാനകീ ഞാൻ ഫോണിന്റെ റിംഗ്‌ ആണെന്ന് കരുതി നോക്കാൻ പോവാരുന്നു"
"ആ പോട്ടേടി കള്ളി ടീച്ചറേ"
എന്ന് മനസ്സിൽ ജാനകിയും..
"ഇന്നത്തെ പത്രത്തിലെ സുനാമി വാർത്ത വായിച്ചത്‌ മുതലൊരു വിമ്മിഷ്ടം അതൊന്ന് ടീച്ചറോട്‌ പറയാലോന്ന് ഓർത്ത്‌ വന്നതാ.."
"എന്തോന്ന് സുനാമി എന്തായാലും ഒരു ദിവസം പോണം. അതിപ്പോ സുനാമിയായോ ചക്കയോ തേങ്ങയായോ എന്നൊക്കെ ആർക്കാ നിശ്ചയം."
ടീച്ചർ അത്ര സുഖകരമല്ലാത്ത ഒഴിഞ്ഞു മാറലോടെ മുറവും കൊണ്ട്‌ അടുക്കളയിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോളാ ജാനകിയുടെ അടുത്ത ചോദ്യം.
"മരുമോളെങ്ങനെയുണ്ട്‌ ടീച്ചറേ?"
മോന്റെ കല്ല്യാണം കഴിഞ്ഞിട്ട്‌ രണ്ട്‌ മാസം കഴിഞ്ഞേ ഉള്ളൂ..
മകന്റെ കല്ല്യാണവും മകളുടെ കല്ല്യാണവും ഒരു ദിവസമായിരുന്നു..
ടീച്ചർ മുറവും താഴെ വച്ച്‌ ജാനകിയുടെ ചെവിക്കരികിൽ ഇരുന്നു.
"എന്ത്‌ പറയാനാ ജാനകി ഒരു പണിയും ആ കുട്ടിക്കറിയില്ല. അറിയുന്നതൊട്ട്‌ എടുക്കുകയും ഇല്ല. എല്ലാം ഞാനൊറ്റക്ക്‌ തന്നെ ചെയ്യണം. ഇരുപത്തിനാലു മണിക്കൂറും മൊബൈലിൽ കുത്തി കളി തന്നെ .. ആരോടാണോ ഇവളതിൽ ഇങ്ങനെ കളിച്ചോണ്ടിരിക്കുന്നേന്ന് ആർക്കറിയാം ..എന്റെയും മോന്റെയും ഒരു കഷ്ടകാലം ന്നല്ലാതെ എന്ത്‌ പറയാനാ ജാനകീ""
ടീച്ചർ പരാതിപെട്ടി ജാനകിക്ക്‌ മുന്നിൽ തുറന്ന് വച്ചു..
"അല്ല ടീച്ചറേ മോളെ കൊണ്ടുപോയിടത്ത്‌ എങ്ങനെ സുഖാണോ മോൾക്ക്‌??
"ഓഹ്‌ ഓൾക്ക്‌ പരമസുഖാ ജാനകീ. അവിടത്തെ അമ്മ ഓളെ പൊന്ന് പോലാ നോക്കുന്നേ ഒരു പണിയും ചെയ്യാൻ വിടൂല, എല്ലാ പണിയും അവർ തന്നെ ചെയ്യും..
മോൾക്ക്‌ കുളിക്കാൻ ചൂട്‌ വെള്ളം വരെ ആക്കി കൊടുക്കും എന്നാ മോൾ പറഞ്ഞേ..
എന്റെ മോളെ ഒരു ഭാഗ്യം..
നീയറിയോ ജാനകീ മോളിപ്പൊ ഫേസ്ബുക്കിലെ വല്ല്യ കഥയെഴുത്തുകാരിയാ പോലും..
വൈകുന്നേരം കലുങ്കിലിരിക്കുന്ന പിള്ളേരാ പറഞ്ഞെ അവൾ വല്ല്യ എഴുത്തുകാരിയായീന്ന്""...
ജാനകി തെങ്ങിന്റെ മുകളിലേക്കൊന്ന് നോക്കി വല്ല തേങ്ങയും.....
NB: ഒരു വരിയുടെ കടപ്പാട്‌ ..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo