കാവൂട്ടും ഗംഗയും ഒരു മുറൈ വന്ത് പാറായോ പാട്ടും തമ്മിൽ - 8
ആദ്യം തന്നെ പരമ്പരയ്ക്കു നിങ്ങൾ വായനക്കാർ നൽകുന്ന മികച്ച പിന്തുണക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനം ആണ് ഈ പരമ്പര മുൻപോട്ടു കൊണ്ടുപോകുന്നത് ആയതിനാൽ നിങ്ങളുടെ സംശയങ്ങൾ , അറിവുകൾ വിമർശങ്ങൾ എല്ലാം അറിയിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിച്ചുകൊണ്ടു ഇന്നത്തെ പോസ്റ്റിലേക്കു വരാം .
ഇന്ന് പറയാൻ പോകുന്നത് ഗംഗ പാടുന്ന കാവൂട്ടിലെ കവിതയായ വരുവാനില്ലാരുമീ വിജനമാം ഈ വഴി പാട്ടും തെക്കിനിയിൽ നിന്ന് നാഗവല്ലി പാടുന്നതായി കേൾക്കുന്ന "ഒരു മുറൈ വന്ത് പാറായോ" പാട്ടും തമ്മിൽ ഉള്ള ചില സാദൃശ്യങ്ങളിലേക്കും ഇത് എങ്ങനെ ഗംഗയെ സ്വാധീനിക്കുന്നു എന്നുമാണ്
ഇവിടെ ആദ്യം കാവൂട്ടിലെ പാട്ടിൽ കൂടി ആണ് ഗംഗയുടെ പൂർവകാല ജീവിതം വളരെ വിദഗ്ധമായി സംവിധായകൻ വരച്ചിടുന്നത് എന്ന് നമ്മൾക്ക് കാണാം. എന്നാൽ ആ കാണിക്കുന്ന ജീവിതം എത്രത്തോളം പ്രാധാന്യം അർഹിച്ചിരുന്നു എന്ന് ഓരോ പ്രേക്ഷകനും മനസ്സിൽ ആക്കുന്നത് പിന്നീടു സണ്ണി ഗംഗയുടെ രോഗം വിശദീകരിക്കുമ്പോൾ മാത്രമാണ്. ഇവിടെ ഈ ഗാനം ശ്രദ്ധിച്ചാൽ തന്റെ പൂർവ്വ ജീവിതത്തിൽ ഉണ്ടായ മാതാപിതാക്കളുടെ വേർപാട് , ഒറ്റപെടലുകൾ , കാത്തിരിപ്പ് എല്ലാം ഗംഗ ഓർക്കുന്നതായി കാണാം. ഇത് അവളെ കൊണ്ടെത്തിച്ചത് മനോരോഗത്തിലേക്കാണ് എന്ന് പിന്നീട് നമ്മൾ മനസ്സിൽ അക്കുന്നുണ്ട്. ഒരുതരത്തിൽ ഈ വേദനകളെ, വിരഹത്തെ എല്ലാം കാവൂട്ടിലെ ആ പാട്ടിൽ കൂടി ഗംഗ പറയുകയാണ് ചെയ്യുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഈ ഗാനരംഗത്തു പല തവണ ഗംഗയുടെ കാത്തിരിപ്പിനെ കാണിച്ചിട്ടുള്ളതായി കാണാം .അത് മാതാപിതാക്കളെയാവാം അത് ചിലപ്പോൾ ജോലിതിരക്കുള്ള തന്റെ ഭർത്താവിനെയും ആവാം . അല്ലെങ്കിൽ ഏതെങ്കിലും ഒരു മായികലോകത്തോ ആയിരിക്കാം അവൾ, ഈ കാത്തിരിപ്പിന് വേറൊരു വെർഷൻ കൂടി ഉണ്ട് അതിനെ പറ്റി പിന്നൊരിക്കൽ പറയാം.
ഇനി നമ്മൾക്ക് തെക്കിനിയിൽ നിന്ന് രാത്രികാലത്തു കേൾക്കുന്ന" ഒരു മുറൈ വന്തു പാറായോ" പാട്ടിലേക്കു വരാം . ഇവിടെ നാഗവല്ലി തന്റെ കാമുകന്റെ വരവിനെ കാത്തു ചിലങ്ക ഇട്ടു നൃത്തം ചെയ്യുമ്പോൾ അവൾ താങ്ങാൻ ആവാത്ത വിരഹവേദനയിൽ പാടുന്ന പാട്ടാണ് ഈ തമിഴ് പാട്ടു.
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് "വരുവാനില്ലാരുമീ വിജനമാം ഈ വഴി" എന്ന പാട്ടു ഗംഗ എന്ന വ്യക്തിയുടെ ബോധമനസ്സിലെ ചിന്തകളിൽ നിന്നും ഉണ്ടായ വിരഹത്തിൽ നിന്നും പാടുന്നതാണ് എന്നും അതുപോലെ "ഒരു മുറൈ വന്തു പാറായോ" പാട്ടു ഗംഗയുടെ താളം തെറ്റിയ അബോധമനസ്സായ നാഗവല്ലിയുടെ കാമുകവിരഹവേദനയിൽ നിന്നുമാണ് പാടിയതെന്നും മനസ്സിൽ ആക്കാവുന്നതാണ്. അതായതു ഗംഗയിലെ രണ്ടു വിഭിന്ന തലത്തിലുള്ള മാനസ്സികതലങ്ങളിലെ വിരഹത്തെ ആണ് സംവിധായകൻ ഈ രണ്ടു ഗാനങ്ങളിലൂടെ നമ്മൾക്ക് മുൻപിൽ വളരെ സിംപിൾ ആയി കാണിച്ചു തന്നത് .
അത് പോലെ ബോധതലത്തിൽ ഉള്ള ചിന്തകൾ വരുവാനില്ലാരുമീ പാട്ടിലൂടെ "പകൽ" ഗംഗ പാടിയതായി കാണിക്കുമ്പോൾ ഗംഗയുടെ അബോധതലത്തിലെ ചിന്തകളെ , വേദനകളെ നഗവല്ലിയാകുമ്പോൾ പാടുന്ന ഒരുമുറൈ വന്തു പാറായോ പാട്ടിലൂടെ "രാത്രികാല"ത്താണു കേൾക്കുന്നതായി കാണിച്ചിരിക്കുന്നത്. കാരണം പകലിനു ശാന്ത സ്വഭാവം ആണ് ഭയപാടുകളും ഇല്ല കൂടാതെ ഉണർന്നിരിക്കുമ്പോൾ മിക്കവാറും ബോധചിന്തകളിൽ ആണ് നമ്മളും അതുപോലെ തന്നെ ഗംഗയും .അത് കാവൂട്ടിലെ പാട്ടിൽ കൂടി പ്രതിഫലിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.
കൂടാതെ രാത്രിക്ക് എപ്പോഴും ഒരു നിഗൂഡസ്വഭാവവും ഭയവും ആണ് ഉള്ളത് . കൂടാതെ രാത്രി ഉറക്കത്തിൽ ആണ് നമ്മളുടെ പല അബോധചിന്തകളും വരുന്നത് അത് ചിലപ്പോൾ സ്ലീപ് വാക്കിങ് എന്ന രോഗവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കും , ഗംഗക്കും ഇതാണ് സംഭവിക്കുന്നത് . ഈ അനശ്ചിതാവസ്ഥയിൽ ഉളവാക്കുന്ന ആ ഭയത്തെയും നിഗൂഢതയെയും ഒരു മുറൈ വന്തു പാറായോ പാട്ടിൽ കൊണ്ടുവരാൻ സംഗീതസംവിധായകനും സംവിധായകനും കഴിഞ്ഞിട്ടുണ്ട് . അതായതു ഒരു പാച്ചിക്ക ബ്രില്ലിൻസി ആയിരുന്നു ഈ രണ്ടു പാട്ടുകളും അതിന്റെ ചിത്രീകരണവും എന്ന് ഇതിൽ നിന്ന് മനസ്സിൽ ആയെന്നു വിചാരിക്കുന്നു .
ഇനി നമ്മൾക്ക് ഗംഗ വായിക്കുന്ന പി മഹാദേവന്റെ "കാവൂട്ട് " എന്ന പുസ്തകവും അതെങ്ങനെ ഗംഗയെന്ന വ്യെക്തിയെ സ്വാധീനിക്കുന്നു എന്നും നോക്കാം .
ഇവിടെ ഗംഗ എന്തുകൊണ്ട് കാവൂട്ടു എന്ന പുസ്തകം തന്നെ വായിക്കാനെടുത്ത് ?
ഇതുമനസ്സിലാക്കാൻ നമ്മൾ സാധാരണ ഒരു പുസ്തകം വായിക്കാൻ എടുക്കുന്ന ലോജിക് ആലോചിച്ചാൽ മതി. മിക്കവാറും പുസ്തകത്തിന്റെ പുറംചട്ടയിൽ കാണുന്ന പേരും ചിത്രങ്ങളും അതിൽ അടങ്ങിയിരിക്കുന്ന വാക്കുകളും അർത്ഥതലങ്ങളും ചിന്തകളും എല്ലാം നമ്മൾ ഒരു പുസ്തകം വായിക്കുവാൻ എടുക്കുമ്പോൾ നോക്കാറുണ്ട് .നമ്മളുടെ താല്പര്യങ്ങൾ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകൾ എല്ലാം ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട് അങ്ങനെ വരുമ്പോൾ ഗംഗയുടെ പഴയ കല സ്‌മൃതികളേ ഓർത്തെടുക്കാൻ പാകത്തിലുള്ള പേരും ഉള്ളടക്കവുമാണ് കാവൂട്ടു എന്ന പി മഹാദേവൻ എഴുതിയ പുസ്തകത്തിനുള്ളത് .അതുകൊണ്ടുതന്നെ സ്വാഭാവികമായും ഗംഗ ഈ പുസ്തകം വായിക്കാനെടുക്കുന്നതും അത് അവളുടെ ഇഷ്ട പുസ്തകവുമായി മാറുകയും ചെയ്യുന്നു.
ഇത് മനസ്സിലാക്കാനായി നമ്മൾക്ക് കാവൂട്ടു എന്ന പേരിനെ ഒന്ന് മനസ്സിലാക്കാം .അതായതു കാവുകളിലെ പ്രതിഷ്ഠകൾക്കു നടത്തുന്ന ഒരു വഴിപാടാണ് കാവൂട്ട് .കാവൂട്ടിലൂടെ ദേവിയെ പ്രീതിപ്പെടുത്തുന്നു. ഇതിനായി പുള്ളുവൻ പാട്ടിന്റെ അകമ്പടിയും കാണും .ബലിയിടുന്ന സ്ഥലം എന്നാണു കാവിന്റെ അർഥം .ഈ പുസ്തകം ഗംഗ വായിക്കുമ്പോൾ അവളുടെ ബാല്യകാലത്തെ ഓർമകളിലേക്ക് പോകുന്നത് ശ്രദ്ധിക്കുക .അതിന്റെ പ്രാധാന്യം പിന്നീട് നമ്മൾ സണ്ണി പറഞ്ഞാണ് നമ്മൾ മനസ്സിലാക്കുന്നത് . ഇവിടെ അവളുടെ ബാല്യകാലം മാതാപിതാക്കളിൽ നിന്നുള്ള അവഗണനയിൽ നിന്നുള്ള ഒറ്റപെടലിന്റേതായിരുന്നു എന്ന് കാണാം .അവൾ അതിനെ മറികടക്കുന്നത് മുത്തശ്ശിയിലൂടെയും മുത്തശി പറഞ്ഞ പുള്ളുവൻ പാട്ടുകളും കഥകളും വിശ്വാസങ്ങളിലൂടെയും ആയിരുന്നു . അതായതു അവളുടെ ഒറ്റപെടലിനെ മറികടക്കാൻ അവളുടെ മനസ്സ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചെന്നു ചുരുക്കം .
പിന്നീട് 10 ആം ക്ലാസ്സിൽ വച്ച് തന്നെ കൊൽക്കത്തയിലേക്കു കൊണ്ടുപോകാൻ മാതാപിതാക്കൾ വരുന്നുണ്ടെന്നറിയുന്നതോടെ ഗംഗ യുടെ മനസ്സ് പ്രഷുബ്‌ദ്ധമാകുകയും അതൊരു സൈക്കിക് പ്രോബ്ലം ആവുകയും ചെയ്യുന്നു. കാരണം നേരത്തെ ഉണ്ടായ ബാല്യത്തിലെ ഒറ്റപെടലിന്റെ ഭീകരതയിൽ നിന്ന് രക്ഷപെടാൻ വിശ്വാസങ്ങൾ കൊണ്ടു ഗംഗയുടെ മനസ്സ് ഉണ്ടാക്കിയ മതിൽകെട്ടുകൾ തകർന്നു പോകാൻ പോകുന്നു എന്നറിഞ്ഞതിൽ നിന്നുണ്ടായ സൈക്കിക് വൈബ്രേഷൻ കൊണ്ടുതന്നെ.
പിന്നീട് മാതാപിതാക്കൾക്കൊപ്പം കൊൽകത്തയിലെത്തുന്ന ഗംഗ അവിടുത്തെ ചികിത്സ കൊണ്ട് പതിയെ അത് മറക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ ഗംഗ യുടെ യഥാർത്ഥ പ്രശ്നത്തെ കാണാത്തതുകൊണ്ടു ഈ രോഗം വരാനുള്ള സാധ്യത വർഷങ്ങളോളം ഗംഗയിൽ ഉറങ്ങിക്കിടന്നു എന്ന് സണ്ണി പറയുന്നുണ്ട്.ഈ കാരണം കൊണ്ട് തന്നെ അവസാനം കാവൂട്ട് എന്ന പുസ്തകം വായിക്കുന്നതോടെ പണ്ട് മറന്ന കാര്യങ്ങൾ അവളുടെ ഓർമകളെ ഉണർത്തുകയും ചെയ്യുന്നു.
അതിനെ തുടർന്ന് ആ ഗ്രന്ഥകർത്താവിനോട് പതിയെ ഗംഗയുടെ ഉപബോധമനസ്സിനു ആരാധന തോന്നുകയും ചെയ്യുന്നുണ്ടെന്ന് നമ്മൾക്ക് ചിത്രത്തിൽ നിന്ന് മനസ്സിൽ ആക്കാവുന്നതാണ്. അത് പിന്നീട് മഹാദേവനെ എങ്ങനെയും സ്വന്തം ആക്കണം എന്ന ഭ്രാന്തമായ അവസ്ഥയിൽ അവൾ എത്തിച്ചേരുകയും സ്വാഭാവികമായി അതിനായി അവിടെ കേട്ട നിറം പിടിപ്പിച്ച നാഗവല്ലിയുടെ മിത്തുമായി കൂട്ടിച്ചേർത്തു ഉപബോധമനസ്സു താനാണ് നാഗവല്ലി എന്ന തോന്നൽ അവളിൽ ഉണ്ടാക്കുകയും ചെയ്യുന്നു .അതോടെ ഗംഗയിലെ സെക്കന്റ് സൈക്കിക് ഡിസോര്ഡറിന് തുടക്കമാവുകയും ചെയ്യുന്നു .
അതിനെ തുടർന്ന് ആ ഗ്രന്ഥകർത്താവിനോട് പതിയെ ഗംഗയുടെ ഉപബോധമനസ്സിനു ആരാധന തോന്നുകയും ചെയ്യുന്നുണ്ടെന്ന് നമ്മൾക്ക് ചിത്രത്തിൽ നിന്ന് മനസ്സിൽ ആക്കാവുന്നതാണ്. അത് പിന്നീട് മഹാദേവനെ എങ്ങനെയും സ്വന്തം ആക്കണം എന്ന ഭ്രാന്തമായ അവസ്ഥയിൽ അവൾ എത്തിച്ചേരുകയും സ്വാഭാവികമായി അതിനായി അവിടെ കേട്ട നിറം പിടിപ്പിച്ച നാഗവല്ലിയുടെ മിത്തുമായി കൂട്ടിച്ചേർത്തു ഉപബോധമനസ്സു താനാണ് നാഗവല്ലി എന്ന തോന്നൽ അവളിൽ ഉണ്ടാക്കുകയും ചെയ്യുന്നു .അതോടെ ഗംഗയിലെ സെക്കന്റ് സൈക്കിക് ഡിസോര്ഡറിന് തുടക്കമാവുകയും ചെയ്യുന്നു .
ഇനി കാവ് എന്നതിലെ വിശ്വാസങ്ങളെ എങ്ങനെ അവൾ ഉപയോഗപ്പെടുത്തുന്നു അല്ലെങ്കിൽ സ്വാധീനിക്കുന്നു എന്ന് നോക്കാം .കാവൂട്ട് എന്നത് ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഉള്ള വഴിപാടാണെന്നു നേരത്തെ പറഞ്ഞുവല്ലോ .അതിനായി പണ്ടുകാലങ്ങളിൽ നരബലിയെ ഓർമിപ്പിക്കുന്ന ബലിയും ഉണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ ദുർഗാഷ്ടമി നാളിലെ മഹിഷാസുരവധവും കൊൽക്കത്തയിലെ ആചാരങ്ങളെയും കുറിച്ചോർക്കുക. അങ്ങനെ വരുമ്പോൾ ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന ഗംഗ യുടെ ഉപബോധമനസ്സു നാഗവല്ലിയെ പ്രീതിപ്പെടുത്തുന്നതിനായി നാഗവല്ലിയുടെ ശത്രുവായ കാരണവരെ അല്ലെങ്കിൽ നകുലനെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്യുന്നു .അതായതു ഇതിൽ നിന്ന് ഗംഗയുടെ ഉപബോധമനസ്സു എന്നത് താൻ വിശ്വസിക്കുന്ന വിശ്വാസങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടാണ് തന്റെ പ്രതികാര രീതിയും മറ്റും നടപ്പാക്കുന്നതെന്നു മനസ്സിലാക്കാവുന്നതാണ് 

അവസാനമായി വിശ്വാസങ്ങളെ പറ്റി അറിവുകൾ പറഞ്ഞുതന്ന രാഹുൽ രെഘുരാജിനും സൂര്യ കിരണിനും നന്ദി പറഞ്ഞുകൊണ്ട് നിര്ത്തുന്നു നന്ദി
തുടരും....
Jijo Thankachan
വളരെ മികവുറ്റ ആശയം 😍
ReplyDelete