നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മമനസ്സ്

Image may contain: Giri B Warrier, close-up and outdoor
~~~~~~~~~
“മ്മ പോണ്ട ..."
"അച്ഛൻ ഇല്ല്യേ മനുട്ടാ നിനക്ക് കളിക്കാൻ, അമ്മ പോയിട്ട് വേഗം വരാം ട്ടോ .."
കാലത്ത് ജോലിക്ക് പോകാൻ പുറപ്പെട്ടപ്പോൾ മുതൽ മനുക്കുട്ടൻ ചിണുങ്ങാൻ തുടങ്ങിയതാണ്. സംസാരിക്കാൻ അധികം ആയില്ലെങ്കിലും അമ്മ, അച്ഛൻ, വേണം, വേണ്ട എന്നൊക്കെ കൊഞ്ചി കൊഞ്ചി പറയും .
പ്രസവം കഴിഞ്ഞ് മനുക്കുട്ടന് ആറ് മാസം പ്രായമുള്ളപ്പോൾ ഞാൻ തിരികെ ജോലിക്ക് പ്രവേശിച്ചു. ആയയെ കിട്ടുന്നതു വരെ അമ്മ വന്ന് നിന്നു . അച്ഛന് ഒറ്റക്ക് വീട്ടില്‍ പറ്റില്ല, എല്ലാത്തിനും അമ്മ വേണം. കുറെ അന്വേഷിച്ചതിനു ശേഷമാണ് ഒരു ആയയെ കിട്ടിയത്. കഴിഞ്ഞ പത്ത് മാസമായി ആ കുട്ടിയാണ് മനുക്കുട്ടനെ നോക്കിക്കൊണ്ടിരുന്നത്. വീട്ടിലെന്തോ പ്രശ്നമുള്ളതിനാൽ ആയ ജോലി വേണ്ടെന്ന് വെച്ച് പോയി. പുതിയ ഒരു ആയയെ കിട്ടുന്നത് വരെ ഞങ്ങള്‍ മാറി മാറി അവധിയെടുക്കാം എന്ന് തീരുമാനിച്ചു. രണ്ട് ദിവസം റാം ലീവ് എടുത്തിരുന്നു. പക്ഷേ അപ്പോഴെക്കും ഓഫീസിൽ നിന്നും വിളിയോട് വിളിയായി. കഴിഞ്ഞ നാല് ദിവസമായി ഞാൻ ലീവിൽ ആയിരുന്നു.
റാമിന്റെ മമ്മിയും ഡാഡിയും ഐഎഎസുകാരായിരുന്നു. ജാനകി എന്ന് പേരുള്ള ഒരു ആയയാണ് റാമിനെ വളർത്തിയത്. ആയ എന്ന് പറയാന്‍ പറ്റില്ല, റാമിന് അവര്‍ അമ്മയായിരുന്നു, ജാനമ്മ. റാമിന് ജോലി കിട്ടി അധികം വൈകാതെ ജാനമ്മ മരിച്ചു. അവരുടെ മരണശേഷം റാം വല്ലാതെ ഒറ്റപെട്ടു പോയി എന്ന് പലപ്പോഴും പറയാറുണ്ട്. ഡാഡിയും മമ്മിയും ഉണ്ടെങ്കിലും അവർക്ക് റാമിനെയും റാമിന് അവരേയും സ്നേഹിക്കാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞില്ല. ആ അകല്‍ച്ചയാണ് വിവാഹശേഷം തൊട്ടടുത്തൊരു വീട് വാടകക്കെടുത്ത് മാറിത്താമസിക്കാന്‍ റാമിനെ പ്രേരിപ്പിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ ഡാഡിയുടേയും മമ്മിയുടേയും വീട്ടിൽ പോയിത്താമസിക്കും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതൊക്കെ ചെയ്തു കൊടുക്കും, പക്ഷെ അവരുടെ ഇടയില്‍ അനാവശ്യമായ ഒരകല്‍ച്ച ഉള്ളപോലെ എപ്പോഴും തോന്നാറുണ്ട്.
കുറച്ച് സമയത്തേക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ മനുക്കുട്ടനെ ഇടയ്ക്ക് അവരുടെ അടുത്ത് ആക്കാറുണ്ട്. അവർക്കതൊരു ബുദ്ധിമുട്ടാവുമോ എന്ന് റാം ഭയന്നിരുന്നു.
തിങ്കളാഴ്ച്ചകളിൽ ‌കാലത്ത് പത്ത് മണിക്ക് റിവ്യു മീറ്റങ്ങുണ്ട്. അതിൽ പങ്കെടുക്കാതിരിക്കാൻ പറ്റില്ല. ഇന്ന് റാം ലീവെടുത്തു .
മീറ്റിങ്ങ് തുടങ്ങികുറച്ച് കഴിഞ്ഞപ്പോൾ മൂർത്തി സാർ ആകെ പരിഭ്രാന്തനായി മീറ്റിംങ്ങ് റൂമിൽ കയറി വന്നു.
"ഗയ്സ്, ദേര്‍ ഈസ്‌ എ വെരി ബാഡ് ന്യൂസ്‌... വളരെ ദുഖകരമായ ഒരു വാര്‍ത്ത ഉണ്ട്. നമ്മുടെ സൂസന്‍ ഈസ്‌ നോ മോര്‍... അറ്റാക്ക് ആയിരുന്നു. കാലത്ത് ഓഫീസിലേക്ക്ഇ റങ്ങിയതായിരുന്നു, പെട്ടെന്നാണ് അസ്വസ്ഥത തോന്നിയത്, അപ്പോഴേക്കും കുഴഞ്ഞു വീണു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കഴിഞ്ഞിരുന്നുവത്രേ.. സൂസന്റെ അനുജന്‍ ആയിരുന്നു ഫോണില്‍. "
"ബോഡി രണ്ടു മണി ആവുമ്പോഴേക്കും കൊണ്ടുവരും എന്നാണു പറഞ്ഞത്... "
ഓഫീസില്‍ നിന്നും പോകാനുള്ള ഒരുക്കങ്ങള്‍ ഒക്കെ ഉടനെ അഡ്മിനിലെ ജേക്കബ് ആരംഭിച്ചു. നാല് കാറുകളില്‍ ആയി പോകാം എന്ന് പറഞ്ഞു.
കാലത്ത് ഇറങ്ങി ഓടുമ്പോള്‍ പ്രാതല്‍ കൂടി കഴിക്കാതെയാണ്‌ വന്നത്. മീറ്റിങ്ങിന്റെ ഇടയില്‍ വാച്ച് നോക്കിയിരിക്കുകയായിരുന്നു എങ്ങിനെയെങ്കിലും ഒരു മണി ആയാല്‍ മതി എന്ന് കരുതി. പക്ഷെ ഈ വാര്‍ത്ത കേട്ടപ്പോള്‍ ഉണ്ടായിരുന്ന വിശപ്പ്‌ കെട്ടു. ഇന്നലെ വരെ സൂസൻ മാഡത്തിന്റെ കൂടെ ഇരുന്ന് ഉച്ചക്ക് ഒരുമിച്ചു ഊണ് കഴിച്ചിരുന്നതാണ്, ഇന്ന് മുതല്‍ പെട്ടെന്ന് അതില്ലാതായി.
സൂസൻ മാഡം എന്നേക്കാൾ വളരെ സീനിയർ ആണ്. രണ്ടു കുട്ടികൾ ഉണ്ട്. ഒരാണും പെണ്ണും, പന്ത്രണ്ടും എട്ടും വയസ്സുകാര്‍. ആ കുട്ടികളുടെ കാര്യം ഓര്‍ത്ത് ഇടനെഞ്ച് പിടഞ്ഞുപോയി.
റാമിനെ വിളിച്ച് മാഡത്തിന്റ കാര്യം പറഞ്ഞു. റാം അങ്ങോട്ടെത്താമെന്ന് പറഞ്ഞു.
ഞങ്ങള്‍ മാഡത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബോഡിയും എത്തിയിരുന്നു. വീട്ടിനുള്ളിൽ നിന്നുമുള്ള കൂട്ടനിലവിളി താഴെവരെ കേൾക്കുന്നുണ്ടായിരുന്നു. നാലാം നിലയിലെ അവരുടെ ഫ്ലാറ്റിനു പുറത്ത് ഒരു പുരുഷാരം തന്നെയുണ്ടായിരുന്നു..
ഡ്രോയിങ്ങ് റൂമിൽ പുഷ്പാലങ്കൃതമായ മഞ്ചത്തില്‍ കിടത്തിയിരുന്ന മാഡത്തിന്റെ തല ഭാഗത്ത് സ്വർണ്ണക്കുരിശ് വെച്ചിരുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹത്തിനുടുത്തിരുന്ന മന്ത്രകോടിയാണ് ഉടുപ്പിച്ചിരിക്കുന്നത്. മാഡം ശാന്തമായി ഉറങ്ങുന്ന പോലെയേ തോന്നൂ.
മുറിയുടെ ഒരു ഭാഗത്ത് മാഡത്തിന്റെ അമ്മ കരഞ്ഞു തളര്‍ന്നിരിക്കുന്നുണ്ട്. എനിക്ക് സങ്കടം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നെക്കണ്ടതും അമ്മ ആർത്ത് നിലവിളിക്കാൻ തുടങ്ങി. ഞാൻ കഴിഞ്ഞ വാരം അവരുടെ വീട്ടിൽ പോയതും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചതും ഒക്കെ എണ്ണിപ്പറഞ്ഞ് അവർ അലമുറയിട്ട് കരഞ്ഞു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കുറച്ചു നേരം ഇരുന്നു. ഭര്‍ത്താവ് ജയിംസും അനുജനും മറ്റു ചിലരും എന്തോ കൂടിയാലോചിക്കുന്നുണ്ടായിരുന്നു.
ജെയിംസ് ഞങ്ങളെ കണ്ടു അടുത്തു വന്നു. കാലത്തെ സംഭവങ്ങൾ പറയുമ്പോൾ അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. മക്കള്‍ രണ്ടു പേരും മാഡത്തിന്റെ അമ്മയുടെ അരികത്ത് ഇരിക്കുണ്ടായിരുന്നു. ഇത്രയും വലിയൊരു തീരാനഷ്ടത്തിന്റെ തീവ്രത കുട്ടികളുടെ, പ്രത്യേകിച്ച് പന്ത്രണ്ട് വയസ്സുള്ള മകന്റെ മുഖത്ത് കാണാനുണ്ടായിരുന്നില്ല.
മാഡം എപ്പോഴും പറയാറുണ്ട് കുട്ടികൾക്ക് ആയ മാത്രം മതിയെന്ന്. . ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ രണ്ടു പേരെയും ആയ നോക്കാന്‍ തുടങ്ങിയതാണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ നടത്തിക്കൊടുക്കുമെന്നല്ലാതെ മാഡവും ജെയിംസും കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകിച്ച് സമയമൊന്നും മാറ്റി വെക്കാറില്ല. ആ വിടവ് കുട്ടികളുടെ പെരുമാറ്റത്തില്‍ വളരെ വ്യക്തമായിരുന്നു.
അഞ്ചു മണിയോടെ റാം എത്തി. കുറച്ചു നേരം ജെയിംസുമായി സംസാരിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്ക് പോന്നു. മനുക്കുട്ടനെ റാമിന്റെ മമ്മിയുടെ അടുത്ത് ആക്കിയിട്ടാണ് റാം മാഡത്തിന്റെ വീട്ടിലേക്ക് വന്നത്.
യാത്രയിൽ മുഴുവന്‍ മാഡത്തിന്റെ കുട്ടികളായിരുന്നു മനസ്സ് നിറയെ.
എനിക്ക് ജോലിക്ക് പോകേണ്ട യാതൊരു സാമ്പത്തിക പ്രശ്നവും ‍ ഇല്ല. റാമിന്റെ ഡാഡിയും മമ്മിയും അടുത്ത പത്ത് തലമുറക്കുള്ളത് ജീവിക്കാനുള്ളത് ഉണ്ടാക്കിയിട്ടിട്ടുണ്ട്. പിന്നെ റാമിനും നല്ല ശമ്പളമുണ്ട്. പക്ഷെ കുട്ടിയായിരിക്കുമ്പോള്‍ മുതലുള്ള എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു പഠിച്ചു ഒരു നല്ല ജോലിയിൽ കയറുകയെന്നത് . ജോലിയുള്ളതുകൊണ്ട് വീട്ടിൽ എന്തെങ്കിലും സഹായിക്കണമെങ്കിൽ റാമിനോട് ചോദിക്കേണ്ടി വരാറില്ല. അല്ലാതെ തന്നെ വാരിക്കോരി കൊടുക്കുന്ന സ്വഭാവം ആണ് റാമിന് .
അച്ഛന്‍ ഗവണ്മെന്റ് കോളേജില്‍ ക്ലാര്‍ക്ക് ആയിരുന്നു. അമ്മ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. നന്നായി ഇംഗ്ലീഷ് വായിക്കാനും എഴുതാനും അത്യാവശ്യം പറയാനും അറിയാം. അവരുടെ ആദ്യത്തെ വിവാഹവാർഷികവും എന്റെ ജനനവും ഒരേ ദിവസമായിരുന്നു. എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കൂട്ടിന് അനുജത്തിയുമായി. അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച ശേഷം തുച്ഛമായ പെൻഷൻ മാത്രമായി വരുമാനം.
അമ്മക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലായിരുന്നു. അച്ഛന്‍ എന്ത് പറയുന്നു അതനുസരിക്കുക മാത്രമാണ് അമ്മ ചെയ്തിരുന്നത്.
അമ്മയെ കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം അച്ഛന്‍ കണ്ടറിഞ്ഞു തന്നെ ചെയ്തിട്ടുണ്ട്, ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. എന്നിരുന്നാലും പല അവസരങ്ങളിലും അമ്മയുടെ നിസ്സഹായാവസ്ഥ ഞങ്ങളെ അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും അച്ഛനോട് അമർഷവും തോന്നിയിട്ടുണ്ട്.
ഒരിക്കലും അമ്മയെപ്പോലെ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കില്ല എന്ന് ഞാനും അനുജത്തിയും തീരുമാനിച്ചിരുന്നു. ബിരുദം കഴിഞ്ഞ ഉടനെ അനുജത്തിക്ക് സര്‍ക്കാര്‍ ജോലി കിട്ടി.
ഇംഗ്ലീഷ്‌ ലിറ്ററേച്ചറിൽ ബിരുദമെടത്ത ശേഷം മാസ്‌ കമ്യുണിക്കേഷനിൽ ഡിപ്ലോമ എടുത്ത് ഒരു ‌ മീഡിയ ഗ്രൂപ്പിൽ ജോലിയിൽ പ്രവേശിച്ചു.
അഞ്ചാം ക്ലാസ്സ് മുതലുള്ള പരിചയമാണ് പിന്നീട് ഞാനും റാമുമായുള്ള വിവാഹത്തിൽ എത്തിച്ചത്. റാമിന് എഞ്ചിനീയറിംങ്ങിന്റെ അവസാനവർഷം തന്നെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി കിട്ടി.
"പറയാൻ മറന്നു. ഏജൻറ് വിളിച്ചിരുന്നു. ഒരു ആയയെ ശരിയായിട്ടുണ്ടത്രേ.. നാളെ വീട്ടിൽ കൊണ്ടു വരാമെന്ന് പറഞ്ഞു. " യാത്രക്കിടയില്‍ റാം പറഞ്ഞു.
"അത് വേണ്ട റാം. ഞാൻ ജോലി രാജി വെക്കാം. മനുക്കുട്ടന്‍ വളർന്ന് ഒരു നിലയിലെത്തട്ടെ എന്നിട്ട് വേണമെങ്കിൽ ജോലിയെക്കുറിച്ച് ചിന്തിക്കാം.''
"അതു വേണോ ലീലാ, നിന്റെ വലിയ സ്വപ്നമല്ലേ ജോലി.”
"സൂസൻ മാഡത്തിന്റെ കുട്ടികളെ കണ്ടില്ലേ, അവർക്ക് അമ്മ മരിച്ചിട്ടും ഒരു സങ്കടം ഇല്ല്യാത്ത പോലെ, അതുപോലെ ഒരു അകല്‍ച്ച നമ്മുടെ മനുക്കുട്ടനും ഉണ്ടാവുമോ എന്നൊരു ഭയം.
"നിനക്കെന്താ ഭ്രാന്തുണ്ടോ, സൂസനും ജെയിംസും കുട്ടികൾക്ക് സമയം കൊടുക്കാറുണ്ടോ, പിന്നെങ്ങിനെ അവർക്ക് സ്നേഹം ഉണ്ടാവും. ആയമാർ കുട്ടികളെ സ്നേഹത്തോടെ നോക്കുന്നുണ്ടെന് കരുതി അച്ഛനുമമ്മയും കുട്ടികളെ സ്നേഹിക്കാതിരിക്കരുത്. കുട്ടികളുടെ മനസ്സ് വായിക്കാന്‍ കഴിയണമെങ്കില്‍ അവരെ സ്നേഹിക്കണം, ലാളിക്കണം ഇതിനൊന്നും വയ്യെങ്കില്‍ കുട്ടികളെ പെറ്റുകൂട്ടാതിരിക്കണം."
"അതല്ല റാം , മനു നമ്മളിൽനിന്നും അകന്നുപോകുമോ എന്ന് എനിക്കൊരു പേടി"
"പകൽ മകൻ ആയയുടെ കൂടെ ആയാൽ എന്താ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും എല്ലാം നമ്മൾ അവന്റെ കൂടെയില്ലേ? അവന് നമ്മൾ സമയം കൊടുത്താൽ പോരെ? രണ്ടു വർഷം കഴിഞ്ഞാൽ അവൻ സ്കൂളിൽ പോകാൻ തുടങ്ങും. അന്ന് നിനക്ക് ഇതുപോലെ ഒരു ജോലി കിട്ടണമെന്നില്ല. ഞാന്‍ ജാനമ്മയുടെ കൂടെ വളര്‍ന്നതല്ല എന്റെ ദുഃഖം, ഡാഡിയും മമ്മിയും എനിക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാത്തതായിരുന്നു "
"ജോലി ചെയ്യുമ്പോൾ അതിന്റെതായ ഉത്തരവാദിത്വവും കാണും. രണ്ടു ദിവസം ലീവ് എടുത്താല്‍ മുഖം മാറുന്നത് കാണണം. നമ്മുടെ പ്രശ്നങ്ങൾ അവർ മനസ്സിലാക്കണമെന്നില്ലല്ലോ റാം"
"എന്തായാലും നല്ലപോലെ ആലോചിച്ചിട്ടാവാം. എടുപിടിയെന്ന് ഒരു തീരുമാനത്തിലെത്തണ്ട."
അപ്പോഴേക്കും ഞങ്ങൾ റാമിന്റെ മമ്മിയുടെ വീട്ടിലെത്തിയിരുന്നു. രണ്ടു പേരും ജോലിയിൽ നിന്നും വിരമിച്ച ശേഷം സ്വസ്ഥമായി ഭക്തിയും വായനയും ഒക്കെയായി ജീവിക്കുകയാണ്.
ഡാഡി മനുക്കുട്ടനെ പുറത്തിരുത്തി ആന കളിക്കുകയായിരുന്നു.
"നിങ്ങൾ പോയി കുളിച്ചു വരൂ , മരിച്ച വീട്ടിൽ നിന്നും വന്നതല്ലേ." മമ്മി പറഞ്ഞു.
അകത്ത് പോയി കുളിച്ച് വസ്ത്രം മാറി ഡ്രോയിങ്ങ് റൂമിൽ എത്തിയപ്പോൾ മമ്മി ചായയുണ്ടാക്കി കൊണ്ടു വന്നിരുന്നു.
"എന്തായി ആയയുടെ കാര്യം " ചായ ഊതിക്കുടിക്കുമ്പോൾ ഡാഡി റാമിനോട് ചോദിച്ചു.
"നാളെ ഒരാളെ കൊണ്ടു വരാം എന്ന് ഏജന്റ് പറഞ്ഞിട്ടുണ്ട്. ഒന്നും ശരിയായില്ലെങ്കിൽ ലീല ജോലി രാജി വെക്കാമെന്ന് പറയുന്നു."
" ഇത്രയും മോഹിച്ച് കിട്ടിയ ജോലി കളയുകയോ, അതു വേണ്ട മോളെ." മമ്മി ഇടയിൽ പറഞ്ഞു
"അതല്ല മമ്മി, എനിക്കെന്തോ വല്ലാതെ ഭയം തോന്നുന്നു, ആയയുടെ കൂടെ ജീവിച്ചിട്ട് ഞങ്ങളോടുള്ള അടുപ്പം കുറയുമോ എന്ന്..." ഞാന്‍ പറഞ്ഞു.
ഒരു നിമിഷം എന്തോ ആലോചിച്ച് ഡാഡിയെ ഒന്ന് നോക്കി എന്നിട്ട് മമ്മി പറഞ്ഞു.
"കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ആത്മസംതൃപ്തിക്കാവണം. വീട്ടിൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കാൻ പറ്റില്ല. മനുക്കുട്ടനെ ഞങ്ങള്‍ നോക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഞങ്ങള്‍ക്കൊരു മാറ്റവുമാവും ഈ വിരസമായ വയസ്സുകാലത്ത്, നിങ്ങൾക്ക് സമാധാനമായി ജോലിക്കും പോകാം."
"മമ്മി, ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടായാലോ എന്ന് കരുതി റാം ചോദിക്കാതിരുന്നതാണ്."
"ബുദ്ധിമുട്ടോ, ഞങ്ങള്‍ക്ക് സന്തോഷം അല്ലെ, ഇന്നലെ കൂടി ഡാഡി പറയുന്നുണ്ടായിരുന്നു വാടക വീട്ടിൽ കഴിയാതെ നിങ്ങൾക്ക് ഇങ്ങോട്ട് മാറിക്കൂടെ എന്ന്. ഇവിടെ ഞങ്ങൾക്ക് കൂട്ടും ആവും " മമ്മി പറഞ്ഞു
"ജോലിയില്‍ ഉള്ളപ്പോള്‍ ഞങ്ങളെ സന്തോഷിപ്പിക്കാനും സേവ ചെയ്യാനും അനേകം പേരുണ്ടായിരുന്നു. അത് വെറുമൊരു മൂഡസ്വർഗ്ഗം ആയിരുന്നെന്ന് വിരമിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ ഞങ്ങളെ സ്നേഹിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒറ്റപ്പെട്ടു പോയി എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.. ഇപ്പോൾ ഞങ്ങള്‍ക്ക് വയസ്സായി. ഞങ്ങൾക്ക് നിങ്ങളും, നിങ്ങൾക്ക് ഞങ്ങളും വേണം. പണ്ട് നിനക്ക് തരാതിരുന്ന സ്നേഹം നിന്റെ കുട്ടികൾക്കെങ്കിലും കൊടുക്കാലോ."
വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഡാഡിയുടെ വാക്കുകളിൽ ഒരു പശ്ചാത്താപത്തിന്റെ ധ്വനിയുണ്ടായിരുന്നു.
" ഇതിൽപരം ഒരു ഭാഗ്യം എന്ത് വേണം മനുക്കുട്ടന്. ഡാഡിയുടെ ഇഷ്ടം... " റാമിന് പറയാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഇത് കേൾക്കാൻ കൊതിച്ചിരുന്ന പോലെ .
രാത്രി ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ റാം ചോദിച്ചു, "നീയെന്താ അടുക്കളയില്‍ മമ്മിയോട് സ്വകാര്യം പറയുന്നുണ്ടായിരുന്നത്?"
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "രണ്ടു കുട്ടികളെ നോക്കാന്‍ അമ്മയ്ക്ക്‌ ബുദ്ധിമുട്ടാവുമോ എന്ന് ചോദിച്ചതാ.."
ഗിരി ബി വാരിയര്‍
04 ജൂൺ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot