Slider

മുന്‍വിധി

0

പട്ടാമ്പി കഴിഞ്ഞപ്പോള്‍ ഞാനും ആ പെണ്‍കുട്ടിയും മാത്രമായി ആ കമ്പാര്‍ട്മെന്‍റിലെ കാബിനില്‍.ട്രെയിന്‍ സ്റ്റേഷന്‍ വിട്ട് ഇത്തിരി ദൂരം ചെന്നപ്പോള്‍ വീണ്ടും അതിവേഗം കിതക്കാന്‍ തുടങ്ങിയിരിക്കുന്നു. 
വേണമെങ്കില്‍ ആ പെണ്‍കുട്ടിയോട് ഏന്തെങ്കിലും സംസാരിച്ച് നേരം പോക്കാം. എന്നാല്‍ ആ മുഖത്ത് നോക്കി സംസാരം തുടങ്ങിയാല്‍ പുറത്തേക്കു വരുന്ന വാക്കുകള്‍ അറച്ചുകൊണ്ട് അകത്തേക്കു തന്നെ വലിയും, അത്രക്ക് അഹങ്കാരമായിരുന്നു ആ മുഖത്ത്.
ആദ്യം കണ്ട മാത്രയില്‍ തന്നെ എനിക്കവളെ അത്ര രസിച്ചില്ല..ആ കൂളിങ്ങ് ഗ്ളാസും ലിപ്സ്റ്റിക്കും ബോബ് ചെയ്തുവെച്ച തലമുടിയും ...ചുരുക്കത്തില്‍ ഒരു ആണിന്‍റെ ലുക്കായിരുന്നു അവള്‍ക്ക്. പണക്കൊഴുപ്പിന്‍റെ പിന്‍ബലത്തില്‍ ആണിനു മുന്നില്‍ അഹങ്കാരത്തിന്‍റെ പീലി വിടര്‍ത്തി താണ്ഡവമാടുന്ന പീക്കോക്ക് ഫെമിനിസ്റ്റിനെ പോലെ തോന്നി എനിക്കവളെ.
പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ കോണ്‍വെന്‍റിനു മുന്നില്‍ വായ്നോക്കി നില്‍ക്കുന്ന കാലത്തേ എനിക്കീ ബോബ് ചെയ്ത് നടക്കുന്ന പെണ്‍കുട്ടികളോട് വെറുപ്പായിരുന്നു.
അവള്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എനിക്കവളുടെ മുഖം വ്യക്തമായി സധൈര്യം നിരീക്ഷിക്കാന്‍ കഴിയുന്നുണ്ട്. അവളുടെ മുഖത്തെ ഓരോ ചുളിവുകളുടെ അര്‍ത്ഥവും ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ എന്‍റെ ധാരണ പാടെ തെറ്റിച്ചു കൊണ്ട് ഇടിത്തീ പോലെ പൊടുന്നനെയാണ് അവളില്‍ നിന്നും ആ ചോദ്യം എന്നിലേക്ക് തൊടുക്കപ്പെടുന്നത്, ഒപ്പം അഗ്നിശരങ്ങളോടെയുള്ള നോട്ടവും.
''...എന്താ ..എന്നെ നേരത്തെ പരിചയമുണ്ടോ..''
അപ്രതീക്ഷിതമായ അറ്റാക്കില്‍ ഞാനൊന്ന് പതറി.
''-..ഹേയ്..ഇല്ല..നിങ്ങളെ കണ്ടിട്ട് ഒരു ആണിന്‍റെ ലുക്ക..അതോണ്ട് നോക്കിന്നേ ഉള്ളു.''-
എന്‍റെ തുറന്ന മറുപടി കേട്ടാവാം അവളള്‍ ഒന്നു ചിരിച്ചു.
''- ഫെമിനിസ്റ്റാണോ ''-
എടുത്തടിയുള്ള എന്‍റെ രണ്ടാമത്തെ ചോദ്യം.
''- അല്ല ഹ്യുമനിസ്റ്റാ ''-
അവള്‍ പിന്നെയും ചിരിച്ചു.
''- മിക്ക ഫെമിനിസ്റ്റുകളും ഇമ്മാതിരി മുടിയും വെട്ടി ആണുങ്ങളെ വെല്ലുവിളിച്ച്
അഹങ്കാരികളായി നടക്കണതായിട്ടാണ് കാണാറ്.. അതോണ്ട് ചോദിച്ചെന്നേ ള്ളൂ..''-
സംസാരിക്കുമ്പോള്‍ ബുദ്ധിജീവി നടിക്കുന്ന ശീലം എനിക്ക് പണ്ടേ ഉള്ളതാണ്.ഞാന്‍ ഒരു ഫിലോസഫറുടെ വിജയീഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ മുഖം ഒരു സന്യാസിനിയുടേത് പോലെ നിസംഗവും ശാന്തവുമായിരുന്നു.
ഇത്തിരി നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
''- സുഹൃത്തേ..രണ്ടു വര്‍ഷമായി ഞാന്‍ എന്‍റെ തലമുടി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ വേണ്ടി മുറിച്ചു കൊടുത്തുകൊണ്ടിരിഖ്കുന്നു. എന്നാല്‍ ആവുന്ന ചെറിയ സഹായം. ഇങ്ങിനെ ഓരോരുത്തരുടെ ബാഹ്യരൂപം കണ്ട് ആളെ അളക്കുന്ന സമയം കൊണ്ട് നിങ്ങള്‍ക്കും ചെയ്യാനുണ്ട് സുഹൃത്തേ ഒത്തിരി കാര്യങ്ങള്‍...'''
എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പ് അവര്‍ പ്ളാറ്റ് ഫോമിലേക്ക് ഇറങ്ങി അവരുടെ തിരക്കുകളില്‍ മുഴുകി കഴിഞ്ഞിരുന്നു.
- പുരുഷു പരോള്‍ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo