ചുടലയുടെ അരികിലെ വഴിയാണ് എളുപ്പം..അപ്പുറത്തൊരു യക്ഷിക്കാവുമുണ്ട്.. വർഷങ്ങൾ പിന്നിട്ടിട്ടും വഴിയൊന്നും മറന്നിട്ടില്ല അയാൾ തിടുക്കത്തിൽ നടന്നു.. "മാധവേട്ട "... പിന്നിൽ നിന്നും പരിചയമുള്ള ശബ്ദം.. നന്ദിനിയോ.. അയാളുടെ ഉള്ളിൽ അത്ഭുതവും ആശ്ചര്യവും... "നീ എന്താ അസമയത്തിവിടെ"?..."യക്ഷിക്കാവിൽ വിളക്ക് വെക്കാൻ വന്നതാ "അവൾ തുടർന്നു.. "പതിവില്ലാതെ ഈ വഴിയൊക്കെ.... "ചോദ്യം തീരും മുൻപ് അയാൾ "ഇന്ന് വൈകി.. കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾത്തന്നെ ഒരു നേരമായി.. അവിടുന്ന് ബസുകൾ മാറികയറി ഇവിടെംവരെ എത്തണ്ടേ കുട്ട്യേ "...അവൾ ചെറുചിരിയോടെ ഓർത്തു.. മാധവേട്ടന് അന്നും ഇന്നും മാറ്റമില്ല.. താൻ താലോലിച്ചിരുന്ന "കുട്ട്യേ "വിളി കേട്ടപ്പോൾ അലയടിക്കുന്ന കടൽ ശാന്തമായപോലെ.. എത്ര വർഷമായി ഉള്ളിന്റെ ഉള്ളിലെ പ്രണയം പറയാൻ വയ്യാതെ വീർപ്പുമുട്ടുന്നു.. താൻ തുറന്നുപറഞ്ഞാൽ അത് മോശമാവുമോ ..തന്നോട് ദേഷ്യം തോന്നുമോ.. ഇതല്ലേ ഉചിതമായ സമയം.. ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ച് അവൾ മൗനം പാലിച്ച് അയാളെ പിന്തുടർന്നു.. മാധവൻ "തന്നെ കണ്ടിട്ട് വർഷങ്ങളായെന്ന് തോന്നുന്നു.. പക്ഷെ അന്നും ഇന്നും കുട്ടിക്ക് മാറ്റമൊന്നുമില്ലാട്ടോ... വേളി കഴിക്കേണ്ടേ ഇയാൾക്ക്.. നല്ല ആലോചനകൾ വരാത്തതുകൊണ്ടാണോ ?"... നന്ദിനി ഒന്നും മിണ്ടിയില്ല... എന്താ പറയണ്ടേ.. താൻ പ്രണയിക്കുന്നത് മാധവേട്ടനെയാണ്.. ജീവിതസഖിയായി എന്നെ കൂട്ടുമോ...എന്റെ ഉള്ളിൽ മാധവേട്ടന്റെ തലമുറയുടെ ജീവനെന്ന തുടിപ്പ് പടർത്തുമോ.. എല്ലാം വിളിച്ച് പറയാൻ അവൾ കൊതിച്ചു.. പക്ഷെ വാക്കുകൾ വിഴുങ്ങി നിറ കണ്ണുമായി നിശബ്ദത പാലിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.. "നന്ദിനികുട്ടി ഒന്നും പറഞ്ഞില്യ.. ഇഷ്ടല്ലച്ഛാ വേണ്ടാട്ടോ.. പറയണ്ട.. "അയാൾ പറഞ്ഞു നിർത്തി.. "ശുദ്ധ ജാതകമാണ്..".. നന്ദിനി മറുപടി കൊടുത്തു.. അയാൾ അവളെയൊന്നു നോക്കി.. സഹതാപമാണ് ആ കണ്ണിലെന്ന് അവൾക്ക് തോന്നിപോയി..അപ്പോഴേക്കും ഇല്ലം എത്താറായിരിക്കുന്നു.. യാത്ര അവസാനിക്കരുതെന്ന് അവൾ ആഗ്രഹിച്ചു.. പക്ഷെ വേണ്ട.. തന്റെ ആഗ്രഹങ്ങൾ പൂവണിയാത്ത സ്വപ്നങ്ങളായി തീരട്ടെയെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടു മാധവനോട് "ഞാൻ ഈ വഴി പൊയ്ക്കോളാൻ.. മാധവേട്ടൻ നടന്നോളു "..അദ്ദേഹം വിസമ്മതിച്ചു.. "വേണ്ട ഞാൻ കൊണ്ടാക്കി തരലോ കുട്ട്യേ.. എന്തിനാ ഒറ്റക്ക് പോകണേ ".. മാധവൻ അവളുടെ കൂടെ നടന്നു.. വീട് നിലാവെളിച്ചത്തിൽ തെളിഞ്ഞപ്പോൾ നന്ദിനി ഒറ്റയ്ക്ക് പോവാമെന്ന് പറഞ്ഞുകൊണ്ട് നടന്നു.. മാധവനും വീട്ടിലേക്ക് പുറപ്പെട്ടു.. അമ്മ ആധിയോടെ ഉമ്മറത്തിരിപ്പുണ്ടായിരുന്നു..മാധവനെ കണ്ടതും അമ്മ ഓടിവന്നു വാരിപ്പുണർന്നു.. നെഞ്ചിലെ സങ്കടമെന്ന അണകെട്ട് പൊട്ടിത്തകർന്ന നിലയിലാണ് അമ്മ..അകത്തളത്തിലിരുന്ന അച്ഛനും വന്നു.. അച്ഛന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി അവനുണ്ടായില്ല.. അച്ഛനോട് പിണങ്ങി നാട് വിട്ടതാണ്.. പിന്നെ വരാനോ അന്വേഷിക്കാനോ ശ്രമിച്ചിട്ടില്ല..പക്ഷെ അച്ഛന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവനു സഹിച്ചില്ല.. ആ കാൽക്കൽ വീണു കരഞ്ഞു...അച്ഛൻ വാത്സല്യം കൊണ്ട് ചൊരിയുകയാണ്..വർഷങ്ങളായി ആളി കത്തിയിരുന്ന നെഞ്ചിലെ തീ അണച്ച് എല്ലാവരും സന്തോഷത്തോടെ അകത്തേക്കു നടന്നു... ശ്രീകുട്ടിയെ കുറിച്ച് തിരക്കി.. അവളും ഭർത്താവും കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോ കാണിച്ച് കൊടുത്തു.. അമ്മ "കുഞ്ഞുവാവയ്ക്ക് അമ്മാവന്റെ മുഖച്ഛായയാണ് ".. മാധവൻ ഒരു നിമിഷം ദൈവത്തോട് തന്റെ കടപ്പാട് അറിയിച്ചു.. ഇത്രെയും സന്തോഷകരമായ ഒരു ദിനം വർഷങ്ങൾക്ക് ശേഷമാണ് വന്നെത്തിയത്.. അവന്റെ മുറിയിലെത്തിയപ്പോൾ തന്റെ സമ്പാദ്യമായ മഞ്ചാടികുരുവും മയിൽപീലിയും കഥകളും കവിതകളും അമ്മ സൂക്ഷിച്ച് വെച്ചിരിക്കുന്നു..അലമാരയിലെ കുഞ്ഞുപെട്ടി തുറന്നു നോക്കിയപ്പോൾ നന്ദിനിയുടെ ഒരു കൊലുസ്സ്.. വർഷങ്ങൾക്ക് മുൻപ് ശ്രീകുട്ടിയും നന്ദിനിയും ജയേന്ദ്രനും ഞാനും തൊടിയിൽ കളിക്കുമ്പോൾ നന്ദിനിയുടെ കൊലുസ്സ് കാണാതെപോയതാ...ഞാൻ കണ്ടെത്തിയിട്ടും തിരിച്ച് നൽകാൻ തോന്നിയില്ല..സുന്ദരികുട്ടിയുടെ ഓർമ്മക്ക് എടുത്ത് വച്ചതാ..പിന്നെ ഓരോന്നോർത്ത് മാധവൻ മയങ്ങി..രാവിലെ എഴുനേറ്റ് അച്ഛനോടൊപ്പം കുളക്കടവിലേക്ക് നടന്നു.. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും അമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിരുന്നു.. തനിക്ക് ഏറെ പ്രിയപ്പെട്ട പ്രാതൽ കഴിക്കുന്നതിനിടയിൽ മാധവൻ "ഇന്നലെ നന്ദിനിയെ കണ്ടു.. അവൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലലോ.. പണ്ടത്തെപോലെതന്നെ "..അമ്മയും അച്ഛനും ഒരു നിമിഷം അവനെ നോക്കിയിട്ട് പരസ്പരം നോക്കുകയാണ് .. അച്ഛൻ "മാധവാ നന്ദിനി മരിച്ചിട്ട് ഏഴ് വർഷമായി.. യക്ഷിക്കാവിൽ മരിച്ചനിലയില കണ്ടത്.. എങ്ങനെയാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല..അവൾ പോയതോടെ ഇല്ലം ക്ഷയിച്ചു "..കഴിച്ചുകൊണ്ടിരുന്ന ദോശ തുണ്ടയിൽ കുരുങ്ങിയപോലെ അവനു തോന്നി..അച്ഛൻ തുടർന്നു "നീ ആരെയാ ഇന്നലെ കണ്ടേ.. നന്ദിനിക്കുട്ടിയെ പോലെ വേറെ ആരെയെങ്കിലുമാവും "..അവൻ മറുപടിയൊന്നും പറഞ്ഞില്ല.. കൈ കഴുകി മുറിയിലേക്ക് നടന്നു.. സൂക്ഷിച്ച് വെച്ചിരുന്ന കോലുസ്സെടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു.. ഞാൻ കണ്ടത് എന്റെ നന്ദിനിക്കുട്ടിയെ തന്നെ...കൃഷ്ണാ....ഞാനൊന്നും അറിഞ്ഞില്ലാലോ..നാട് വിട്ടലയുമ്പോഴും നന്ദിനി കല്യാണം കഴിച്ച് സുഖമായി ജീവിക്കുകയാണെന്ന കരുതിയത്...ഇന്നലെ കണ്ടപ്പോൾ മനസിലുണ്ടായ സന്തോഷം മറച്ചുവെച്ച് വിശേഷങ്ങൾ തിരക്കി.. വേളി ആയിട്ടില്ലായെന്ന് കേട്ടപ്പോൾ ഒരു പ്രതീക്ഷയുടെ മിന്നൽ വെളിച്ചം പ്രകാശിക്കുന്നപോലെ തോന്നി.. അപ്പോൾ ഇന്നലെ കണ്ടത് നന്ദിനിയെയല്ലേ ..ഒരുപാട് ചോദ്യങ്ങളുടെ ചുഴലിക്കാറ്റിൽ അകപ്പെട്ട് നെഞ്ചിലെ നീറുന്ന നെരിപ്പോടുമായി മാധവൻ കിടന്നു.....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക