ചാറ്റല്‍ മഴയത്ത് കരിയിലയില്‍ പതിയുന്ന കാലടി ശബ്ദം വേര്‍തിരിച്ചറിയണമെങ്കില്‍ അയാള്‍ ഏത് നിമിഷവും ഇറങ്ങിപ്പോയേക്കാം എന്ന മുന്‍വിധി അവള്‍ക്ക് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍.
അയാളെ കുറിച്ച് എന്നും അവള്‍ക്ക് സഹതാപമായിരുന്നു.പെട്ടുപോയ ഒരാളുടെ നിരാശയായിരുന്നു എപ്പഴും അയാളുടെ മുഖത്ത്.ഒട്ടും ഇഷ്ടമില്ലാതെയാണ് തന്നോടൊപ്പം ജീവിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മകൂടി മരിച്ചതില്‍ പിന്നെ വിവാഹ ജീവിതം എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചതായിരുന്നല്ലോ..
മൂത്ത ഏട്ടന്‍റെ നിര്‍ബന്ധമായിരുന്നു പാറ പൊട്ടിക്കാന്‍ വന്ന ഈ തമിഴനുമായുള്ള ആലോചന.
....''--പ്രായം ഇത്തിരി കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളൂ..നിനക്കുമില്ലേ മോളെ കുറവുകള്‍..''-
അതെ എനിക്ക് കുറവുകള്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ..
ഒറ്റക്ക് ജീവിച്ചോളാം എന്ന് തന്‍റേടത്തോടെ പറയാന്‍ വിലങ്ങു തടിയായി ബന്ധങ്ങളുടെ കെട്ടംപാടുകള്‍.ഏട്ടന്‍റെ അപേക്ഷാഭാവത്തിലുള്ള ദയനീയമായ നോട്ടത്തെ അവഗണിക്കാന്‍ മാത്രം മനസ് പരുക്കമായിരുന്നില്ല.
അവള്‍ എഴുന്നേറ്റ് വാതില്‍ തുറക്കുമ്പോള്‍ അയാള്‍ നടപ്പാതയുടെ പാതി പിന്നിട്ടിരുന്നേ ഉണ്ടായിരുന്നുള്ളൂ..അയാളുടെ കൈയ്യിള്‍ വരുമ്പോള്‍ കൊണ്ടു വന്ന ബാഗ് കൂടെ ഉണ്ടായിരുന്നു.
അവള്‍ വാതില്‍ പടി ചാരി നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ കുറ്റബോധം കുനിച്ച തലയുമായി തിരിച്ചു വന്നു.
ഒന്നും മിണ്ടാതെ അകത്തേക്ക് കയറവെ ,അവള്‍ തടഞ്ഞു.
.......''- പൊയ്ക്കോളൂ...നിക്ക് സങ്കടില്ല്യ...''-
അവള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന കുടയെടുത്ത് അയാള്‍ക്കു നേരെ നീട്ടി.
...''- പാതി വഴിയില്‍ മഴ നനയണ്ട..''-
അയാള്‍ ഒരു പൊട്ടു പോലെ മാഞ്ഞുപോകുന്നതും നോക്കി അവള്‍ നിന്നു.
അയാള്‍ പോയതില്‍ പിന്നെ മഴ പെയ്തതേ ഇല്ല,,, പാതി വഴിയില്‍ ഇട്ടേച്ചു പോയ ഇടവപ്പാതിയെ പോലും പഴിപറയാനാവാതെ...................
------------------------------പുരുഷു പരോള്‍ --

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക