"ഡാ മോനേ, നീയെന്തൂട്ടാണ്ട്രാ ചെയ്യണേ? "
" ഞാൻ ബിടെക് കഴിഞ്ഞു ചേട്ടാ "
" ന്തൂട്ട് ബിട്ടെക്ക്! നീയൊക്കെ ഇപ്പഴല്ലേ ഈ ബിട്ടെക്ക് കഴിഞ്ഞേ? ഞാനേ, പഴേ ബികോമാ, ബികോം. അതും മഹാരാജാസീന്നു. നീ മഹാരാജാസ്‌ന്നു കേട്ട്ണ്ട്രാ? "
കുരിശായല്ലോ ദൈവമേ എന്ന് തല ചൊറിയുന്ന പയ്യൻ..
" ഡാ, നീയേ ജനറൽ നോളജ് പഠിച്ചിട്ടണ്ടാ? "
പയ്യൻ തല ചൊറിയൽ തുടർന്നു. എണീറ്റ് പോകാനും വയ്യ, ട്രെയിനിൽ നല്ല തിരക്ക്.
" പീയെസ്സി എഴുതി ജോലിക്ക് കേറാൻ പോണോനല്ലേ നീയ്യ്? ഞാനൊരു ജനറൽ നോളജ് ചോദ്യാ ചോയ്ക്കട്ടെ?"
മറുപടിക്കു വെയിറ്റ് ചെയ്യാതെ ശരവേഗത്തിൽ ചോദ്യവുമെത്തി.
" ഡാ, ചവിട്ടിയാൽ വഴുക്കി വീഴണ രാജ്യേതാണ്ട്രാ? "
പയ്യൻ തല ചൊറിഞ്ഞുകൊണ്ടേയിരുന്നു. അതുവരെ താല്പര്യത്തോടെ, ചെറുചിരിയോടെ കേട്ടിരുന്ന സഹയാത്രികർ പതിയെ 'എന്നെ വിളിച്ചോ' എന്ന ഭാവത്തിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു.
" നീ പറേഡാ, ഏതാ ആ രാജ്യം? "
" അത്.. അറീല്ല ചേട്ടാ. ഏതാ? "
" നീ ന്തൂട്ട് തേങ്യാണ്ടാ പിന്നെ പഠിച്ചേ? ഡാ, ഉത്തരം ഗ്രീസ്. മനസിലായാ? ഇനി മറക്കരുത്. " 😎
" ഇല്ല ചേട്ടാ.. "
" ഓരോരോ ശവ്യോളെറങ്ങിക്കോളും. ബിട്ടെക്കാത്രേ, ബിടെക്ക്!"
വണ്ടിയപ്പോഴേക്കും സ്റ്റേഷനിലെത്തി. അന്തം വിട്ടു കണ്ണുമിഴിച്ചിരിക്കുന്ന പയ്യനെ തിരിഞ്ഞുനോക്കാതെ, വാതിൽക്കൽ തിരക്കുകൂട്ടുന്ന മനുഷ്യരെ ഒരു തെറിയാൽ വകഞ്ഞുമാറ്റി, വേച്ചു വേച്ചു പഴേ ബികോം പ്ലാറ്റ്‌ഫോമിലേക്കിറങ്ങി..
by: Wincent joseph

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക