ഉപ്ലയിലെ പ്രാന്തന്‍മാര്‍(കഥ)
-------------------
"..ഡോക്‌ടര്‍ , നോക്കൂ..എന്‍റ തലമുടി നല്ല ഭംഗിയില്ലെ, റിമിയെ പോലെ ചുരുണ്ട് ഞാന്നു കിടക്കുന്നത് കാണാന്‍.എന്‍റ ജഹന്‍ഷക്ക് എന്തിഷ്‌ടാന്നൊ, ന്‍റ മുടി.."-മാനസിക രോഗിയായ റംല ഡോക്‌ടറെ കാണുമ്പോള്‍ എന്നും ഈ ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.."ന്‍റ മുടി നല്ല ഭംഗില്ലെ ഡോക്‌ടര്‍"? -ഡോക്‌ടര്‍ ഉണ്ടെന്ന് ആശ്വസിപ്പിച്ചുകോണ്ട് അവളുടെ മുണ്ഡനം ചെയ്‌ത തലയില്‍ വെറുതെ തലോടും.അടുത്ത ബെഡിലേക്ക് പോകുമ്പോള്‍ റംലയുടെ പരിഭവിച്ച മുഖം അയാള്‍ ഇടംകണ്ണിട്ട് സങ്കടത്തോടെ നോക്കിയിരുന്നു.-"..ഹും..പൊയ്‌ക്കൊ, എല്ലാര്‍ക്കും പ്രാന്താ..ഉപ്ലയിലെ പ്രാന്തന്‍മാര്‍. കശുവണ്ടി തോട്ടത്തില്‍ പിടിച്ചു നിര്‍ത്തി നിന്‍റ തല ഞാന്‍ മൊട്ടയടിക്കും ,നോയിക്കൊ..-ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ അവയവങ്ങള്‍ വൃത്തിയായി സൂക്‌ഷിക്കുക എന്ന ബോധത്തില്‍ നിന്നാണ് ഭംഗിയായി കൊണ്ടുനടക്കുക എന്ന മറ്റൊരു തലത്തിലേക്ക് റംല ചിന്തിച്ചു തുടങ്ങുന്നത്.വൃത്തിയായി സൂക്‌ഷിക്കുക എന്ന വ്യക്‌തിപരമായ കാര്യത്തില്‍ ആയിരുന്നില്ല ഭംഗിയായി കൊണ്ടു നടക്കുന്നത് അപരന്‍റ കാഴ്‌ചയെ ആശ്രയിക്കുന്നു എന്ന വസ്‌തുതയിലായിരുന്നു റംലയുടെ ആശയക്കുഴപ്പം. മുടി മറച്ചുവെക്കുന്ന പല പെണ്‍കുട്ടികളും ചുരിദാറിന്‍റ ഷാള്‍ തലയില്‍ നിന്നും ഊര്‍ന്നു പോകുമ്പോള്‍ ഇത്തിരി നേരമെങ്കിലും ആരെങ്കിലും കാണണം എന്നു മനസു കൊണ്ട് കൊതിക്കുന്നത് കൊണ്ടല്ലേ.. ഹെയര്‍പിന്നില്‍ ഒതുക്കിവെച്ച് മുല്ലപ്പൂവില്‍ അലങ്കരിച്ച് വെക്കുന്നത്.എന്തുകൊണ്ടൊ ആര്‍ത്തവത്തിനു മുന്‍പ് റംലയുടെ സൌന്തര്യം ഉമ്മയുടെ ഇഷ്‌ടാനുസരണം മാത്രമായിരുന്നു. ഉമ്മ മുടിചീകി ഒതുക്കുമ്പോഴൊ പൊട്ടുകുത്തുമ്പൊഴൊ,മൈലാഞ്ചി ഇടുമ്പോഴൊ റംല കണ്ണാടിയിലേക്കല്ല, തൊടിയിലെ ചാമ്പക്കാ മരത്തിലേക്കാണ് നോക്കിയിരുന്നത്.പിന്നീടെപ്പഴാണ് അവള്‍ അവളിലേക്ക് നോക്കി തുടങ്ങിയത്,വിലക്കപ്പെട്ട കനി തിന്ന ശേഷം ഹവ്വയില്‍ ഉണ്ടായ ഉള്‍ക്കാഴ്‌ച പോലെ..ഭംഗിയായി ചീകിയൊതുക്കിയ തന്‍റ തലമുടി തട്ടത്തിനുള്ളില്‍ ആരും കാണാതെ ഒളിച്ചുവെക്കുന്നതിന്‍റ കാരണം ഉമ്മക്കൊ ഉമ്മുമ്മക്കൊ അറിയില്ലായിരുന്നു.കൂട്ടുകാരി തുളസിയുടെ പിന്നിയിട്ട് റിബണ്‍ കെട്ടിയിട്ട ഇടതൂര്‍ന്ന മുടിയിലേക്ക് അവള്‍ കൊതിയൊടെ നോക്കി നിന്നിട്ടുണ്ട്.അപ്പോഴാണ് പലപ്പൊഴും റംലക്ക് തട്ടം വലിച്ചെറിയാന്‍ തോന്നിയിട്ടുള്ളത്.
ഒരു ദിവസം കവലയിലൂടെ നടന്നു പോകുന്ന റംലയെ കണ്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയിച്ചു നിന്നു.
തട്ടമിടാതെ ഭംഗിയായി ചീകിയോതുക്കിയ മുടിയും കാണിച്ച് കോളജിലേക്ക് പോകുന്ന റംല.
പള്ളിമുസ്ള്യാര്‍ ഹസ്സനക്കയുടെ കണ്ണ് തള്ളിപ്പോയി.
അതെ അവള്‍ ബോധവതിയായ അന്നു തന്നെയായിരുന്നില്ലേ..അവളുടെ സ്വബോധവും അവര്‍ കവര്‍ന്നെടുത്തത്...
കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങവെ ആളൊഴിഞ്ഞ കശുവണ്ടിത്തോട്ടത്തില്‍ പിടിച്ചു നിര്‍ത്തി അവര്‍ മുടി പറ്റെ വെട്ടിയെടുക്കുമ്പോള്‍ അവളുടെ നിലവിളി ആരുടെയും ചെവികളില്‍ എത്താതെ ഒഴുകിയകന്നു പോയി.
' ഡോക്ടര്‍ അവര്‍ക്കൊക്കെ നീണ്ട മുടിയുണ്ടല്ലോ..എനിക്കെന്താ മുടി യില്ലാത്തെ..''
-'' റംലക്കുട്ടി ആശുപത്രി വിട്ടു പോകുമ്പഴേക്ക് മുടി അതിനെക്കാള്‍ വളരും...'
അവളെ ആശ്വസിപ്പിച്ച് ഡോക്ടര്‍ നടന്നു മറയവെ അവള്‍ ഉറക്കനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു
...........' അതുവഴി പോകല്ലേ....ഉപ്പളയിലെ പ്രാന്തന്‍മാര്‍ കശുവണ്ടിത്തോട്ടത്തില്‍ ഒളിച്ചിരിപ്പുണ്ട്....'
---പുരുഷു പരോള്‍ --'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക