Slider

കഥാപാത്രത്തിന് പറയാനുള്ളത് - ചെറുകഥ

0

ചെറുകഥ
------------------
കഥാപാത്രത്തിന് പറയാനുള്ളത്
----------------(പുരുഷു പരോള്‍ )
-'' എടോ ..ദാ..ഇവിടെ. ഞാനാ, നീ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ കഥാ പാത്രം, സുഗതന്‍മാഷ്. ഞാന്‍ സാവിത്രിടീച്ചറുടെ കൈയ്യില്‍ കയറി പിടിക്കാന്‍ തുങ്ങുന്നിടത്താ താന്‍ എഴുത്ത് നിര്‍ത്തി സ്മാളടിക്കാന്‍ പോയത്. ഞാന്‍ ഇപ്പൊ എന്താ ചെയ്യണ്ടേ..ടീച്ചറുടെ കൈയ്യില്‍ കയറി പിടിക്കട്ടോ..''-
-'' നിങ്ങള്‍ ഒരു അദ്ധ്യാപകന്‍ അല്ലെ സുഗതാ. സഹപ്രവര്‍ത്തകയായ സ്ത്രീയോട് ഇങ്ങിനൊക്കെ തോന്നാന്‍ പാടുണ്ടോ..?''-
-'' ഒരു സംശയം ചോദിക്കട്ടെ കഥാകാരാ...നാലു പേര്‍ക്ക് ഒരുമിച്ച് നടന്നു പോകാന്‍ ഇടമുള്ള ഇടനാഴിയിലൂടെ കടന്നു പോകുമ്പോള്‍ എന്‍റെ ഇടുപ്പില്‍ തട്ടിയത് മനപൂര്‍വം അല്ലെന്നാണോ...
അവരുടെ നോട്ടം വളരെ വശ്യമാണെന്ന് കഥയില്‍ എവിടെയോ നിങ്ങള്‍ പറയുന്നുമുണ്ട്.
അതൊക്കെ പോട്ടെ ഒരു ദിവസം ഇരുട്ടിയ നേരത്ത് ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്നോട് വീടുവരെ കൂട്ടു ചെല്ലാന്‍ പറഞ്ഞതില്‍ ഒരു ദുരുദ്ദേശവും ഇല്ലെന്നാണോ..അന്ന് ഒരുമിച്ച് നടക്കവെ അവര്‍ എത്ര വട്ടം എന്നെ സ്പര്‍ശിച്ചിരിക്കുന്നു.''-
''-- ആ ഭാഗം നീ ഒന്നു കൂടെ വായിച്ചു നോക്കു സുഗതാ. ശരിക്കോര്‍ത്തു നോക്കിയെ..അന്ന് ടീച്ചറുടെ കൈയ്യില്‍ മാത്രം കുടയുള്ളതിനാല്‍ നീ മഴ പെയ്യണം എന്ന് ആഗ്രഹിച്ചു. എന്നാല്‍ മഴ പെയ്തില്ല. ടീച്ചറുടെ വീടെത്തും തോറും നിങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്ര വലുതായിരുന്നു. അവസരം പാഴാക്കരുത് എന്ന വ്യഗ്രമായ പരിഭ്രമത്തിനിടയില്‍ ആരുടെ ചുമലാണ് കാന്തികമായി ചരിഞ്ഞതെന്ന് സ്വയം ചോദിച്ചു നോക്കൂ...''-
കുറ്റസമ്മതം നത്താനുള്ള വൈമുഖ്യം സുഗതന്‍റെ മുഖത്ത് പ്രകടമായിരുന്നു.
''- സ്ത്രീയുടെ സ്വതന്ത്രമായ പെരുമാറ്റത്തെ സ്വന്തം ഇച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന വികലമായ മനസിന്‍റെ ഉടമയല്ല സുഗതന്‍മാഷ് എന്ന എന്‍റെ കഥാ പാത്രം.മാത്രമല്ല സ്ത്രീ , പുരുഷനെ പോലെ സദാ ലൈംഗിക സജ്ജരല്ല എന്ന് അറിവുള്ള ഒരു ബയോളജി അദ്ധ്യാപകന്‍ കൂടിയാണ് ഈ കഥാപാത്രം.
എഴുതിയിടത്തോളം കഥ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കഥയില്‍ എവിടെയും സുഗതന്‍മാഷെ കാണാനില്ലായിരുന്നു.
തല കുനിച്ച് ആള്‍ക്കൂട്ടത്തില്‍ തനിച്ച് നടന്നു പോകാറുള്ള തന്‍റെ കഥാപാത്രത്തെ തിരഞ്ഞ് തെരുവില്‍ ഇറങ്ങിയ കഥാകാരന്‍റെ മനസ് ചോദിച്ചുകൊണ്ടേയിരുന്നു.. കഥയുടെ ഏത് വഴിത്തിരിവില്‍ നിന്നാവും അയാള്‍ കഥയില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാവുക.


By
Purushu Parol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo