സുസാനേ കൊമാലയിലെ ആത്മാക്കളില്‍ പെഡ്രോപരാമൊയെ തിരയുന്നത് എന്തിനാണ്.
കൊമാല , ശവങ്ങളുടെ ഗന്ധമുള്ള ഒരു പൗരാണിക നഗരം.മഞ്ഞുരുകി ഇറങ്ങുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട കരിമ്പാറക്കൂട്ടങ്ങള്‍ മാത്രമുള്ള ചതുപ്പു നിലം.
ഇന്നുവരെ വെളിച്ചം വീണിട്ടില്ലാത്തതിനാല്‍ അവിടം എന്നും രാത്രിയാണ്.
കൊമാലയില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഒരേ ഒരു മനുഷ്യ ജീവി സുസാനേ മാത്രമാണ്.അവളുടെ കാലുകള്‍ ഭ്രാന്ത് വരിഞ്ഞുമുറുക്കിയ ചങ്ങലകളാല്‍ വ്രണം വന്ന് പൊട്ടിയൊലിച്ചുകൊണ്ടിരുന്നു.
നീരു വീണ് വീര്‍ത്ത കാലുകള്‍ കൂര്‍ത്ത കല്ലുകളില്‍ അമരുമ്പോള്‍ സുസാനേക്ക് വേദനിച്ചില്ല. ചിലപ്പൊഴൊക്കെ അവള്‍ വലിയ ഉരുളന്‍ കല്ലുകളില്‍ വീഴുമ്പോഴും ഉറക്കെ വിളിച്ചുകൊണ്ടിരുന്നു..''- പെഡ്രോ പരാമോ....പെഡ്രോ..നീയ്യെവിടെയാണ്..''- മലനിരകളില്‍ തട്ടി വെറുതെ പ്രതിധ്വനിക്കുക മാത്രം ചെയ്തു സുസാനേയുടെ നിലവിളികള്‍.
വെടിപ്പുകയില്‍ ,കരിഞ്ഞ കുറ്റിക്കാടുകളില്‍ മറഞ്ഞിരുന്ന പരേതാത്മാക്കളുടെ കല്ലറകളില്‍ കര്‍മഫലങ്ങളുടെ പാപഭാരവും പേറി പെഡ്രോ....
ശവക്കല്ലറകളിലെ ലിപികളിലൊന്നും പെഡ്രോയുടെ പേര് ആലേഖനം ചെയ്തതായി കണ്ടില്ല.
...''- പ്രിയപ്പെട്ട പെഡ്രോ...ഓര്‍ക്കുന്നില്ലെന്നുണ്ടോ...നമ്മുടെയാ പ്രണയകാലം.
കൊമാലയില്‍ ആദ്യമായി വസന്തമഴ പെയ്യിച്ചത് നമ്മളായിരുന്നില്ലേ..പിന്നീടെപ്പഴാണ് പെഡ്രോ നീ എന്നെ വെറുത്ത് തുടങ്ങിയത്.ഒരുവേള പിതാവിനൊപ്പം എനിക്ക് കൊമാല വിടേണ്ടി വന്നപ്പൊഴോ..
എന്‍റെ മനസില്‍ എന്നും നീ ഉണ്ടായിരുന്നു പെഡ്രോ..എന്‍റെ പിതാവിനെ നീ വധിച്ചപ്പോള്‍ പോലും എനിക്ക് നിന്നെ വെറുക്കാന്‍ തോന്നിയില്ലെന്നറിയുക.
പ്രിയപ്പെട്ട പെഡ്രോ നീ എവിടെയാണ്...
സുസാനെയുടെ നരച്ച കണ്ണുകളില്‍ എവിടെ നിന്നോ ഒരു വെളിച്ചം ഒഴുകിയെത്തി, വെളിച്ചം അഗ്നിയായി , അവളുടെ ദേഹത്തില്‍ നിന്നും മാംസം ഉരുകിയിറങ്ങി. മുന്നില്‍ പെഡ്രോയെ കാണുന്ന പ്രതീതിയില്‍ സുസാനേ ചിരിച്ചുകൊണ്ടിരുന്നു.
-- പുരുഷു പരോള്‍--

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക