അധ്യായം-36
ചങ്ങലവട്ടയില്‍ നിന്നുള്ള വെളിച്ചം വേദവ്യാസിന്റെ മുഖത്ത് തീപോലെ പ്രതിഫലിച്ചു
അയാള്‍ പാദങ്ങള്‍ അമര്‍ത്തി ചവുട്ടി അവള്‍ക്കു മുന്നില്‍ വന്നു നിന്നു
ദുര്‍ഗ ചലിക്കാനാവാതെ നിന്നു.
' നീ വരുമെന്ന് എനിക്കറിയാമായിരുന്നു.ഇനി വലിയേടത്ത് മനയ്ക്ക് കാവല്‍ക്കാരനായി ഞാനുണ്ട്'
അയാളുടെ വാക്കുകളില്‍ അഗ്നി ജ്വലിച്ചു.
' ഒരിക്കല്‍ കൂടി ദുര്‍ഗ ഭാഗീരഥി ഈ നിലവറയില്‍ കടക്കില്ല. അതെന്റെ വാക്ക്.'
വേദവ്യാസ് പരിഹാസത്തോടെ അവളെ നോക്കി
' വലിയേടത്തിനും ദേവദത്തനും എല്ലാ സിദ്ധികളും തിരിച്ചു കിട്ടുന്ന കാലമായി ദുര്‍ഗ.. നിന്നെ ആവേശിച്ച അവള്‍ക്കിനി അധികകാലമില്ല. സൂക്ഷിച്ചോ'
അയാള്‍ വെളിച്ചത്തിന്റെ നാളങ്ങള്‍ പാമ്പുകളെ പോലെ പിടയുന്ന അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
തോല്‍വി അടഞ്ഞ ഭാവത്തിന് മീതെ താന്‍പോരിമ തെളിയുന്നത് അയാള്‍ കണ്ടു.
വലിയേടത്തെ രക്തഗുണം
ആരുടെ മുന്നിലും പതറാത്ത കാഠിന്യം അവളില്‍ പ്രകടമാകുന്നു.
' വഴിയില്‍ നിന്ന് മാറ്' വേദവ്യാസ് കല്‍പിച്ചു.
ദുര്‍ഗ അനങ്ങിയില്ല
' ദുര്‍ഗ..'
വേദവ്യാസ് ശബ്ദമെടുത്തു.
' ഞാന്‍ നിലവറയില്‍ കയറും.. വ്യാസേട്ടന്‍ തടയരുത്.. എനിക്കത് വേണം.. '
ദുര്‍ഗയുടെ ശബ്ദത്തില്‍ വാശി കലര്‍ന്നു.
വേദവ്യാസിനെ കടന്ന് അവള്‍ നിലവറ വാതിലിനരികിലേക്ക് പാഞ്ഞു ചെന്നു.
വേദവ്യാസ് മന്ദഹാസത്തോടെ എല്ലാത്തിനും സാക്ഷികളായി നിന്നിരുന്ന ജാസ്മിനെയും നേഹയെയും സ്വാതിയേയും നോക്കി.
അന്ധാളിച്ച് നില്‍ക്കുകയായിരുന്നു അവര്‍.
വേദവ്യാസ് എന്ന ഒരു തടസം ആരും പ്രതീക്ഷിച്ചിരുന്നില്ല.
അവന്റെ തേജസുള്ള മുഖത്തേക്ക് നോക്കാന്‍ തന്നെ അവര്‍ ഭയപ്പെട്ടു
വേദവ്യാസ് ഒരു ഉരുക്കു പ്രതിമ പോലെ അവരുടെ മുന്നില്‍ ചെന്ന് ഒരു നിമിഷം നിന്നു.
പിന്നെ ആ ചിരി മായാതെ തന്നെ മുന്നോട്ട് നടന്നു.
ദുര്‍ഗ നിലവറ വാതിലില്‍ തൊട്ടു
മനസ് ഏകാഗ്രമാക്കി.
ചുണ്ടുകള്‍ മന്ത്രജപത്താല്‍ വിറപൂണ്ടു.
അടുത്ത നിമിഷം വാതില്‍പ്പാളികള്‍ വിറച്ചു.
പഞ്ചലോഹനിര്‍മിതമായ അതിന്റെ അലങ്കാരങ്ങള്‍ ചുട്ടുപഴുത്തു
ദുര്‍ഗയുടെ കൈപൊള്ളി
ഒരു ദീനവിലാപത്തോടെ അവള്‍ കൈ പിന്‍വലിച്ചു
ഉള്ളില്‍ വീണ്ടും വാശി നിറഞ്ഞു.
ഒന്നു കൂടി വാതിലിന് നേരെ ചെന്നതും ആരോ അടിച്ചു തെറിപ്പിച്ചത് പോലെ ഒരു നിലവിളിയോടെ ദുര്‍ഗ പിന്നോട്ട് തെറിച്ചു വീണു.
ജാസ്മിനെയും നേഹയെയും സ്വാതിയേയും കടന്ന് നേരെ വേദവ്യാസിന്റെ മുമ്പിലേക്ക്.
ഒരു യാചകിയെ പോലെ അവള്‍ അയാളുടെ കാല്‍ക്കല്‍ കിടന്നു.
നിലത്തിടിച്ച് പൊട്ടിയ നെറ്റിയില്‍ നിന്ന് രക്തം ചാലിട്ടൊഴുകി.
ഭദ്രകാളിയുടെ രൂപമായിരുന്നു അവള്‍ക്ക്.
' എഴുന്നേറ്റ് പോ'
വേദവ്യാസ് കൈചൂണ്ടി
' കിഴക്കേടത്തില്ലത്തെ കുഞ്ഞുകുട്ടന്‍ ഭട്ടതിരി എന്നെ പഠിപ്പിച്ച മന്ത്ര തന്ത്രങ്ങളൊന്നും ദുര്‍ഗ പഠിച്ചിട്ടില്ല.'
അവന്റെ ശബ്ദം മുഴങ്ങി
ദുര്‍ഗ കിതപ്പോടെ അവനെ നോക്കി.
വേദവ്യാസ് വലതു കൈ അവള്‍ക്കു നേരെ ഉയര്‍ത്തി
അതിലൊരു പഴയ ഗ്രന്ഥം അവള്‍ കണ്ടു
' നിനക്ക് വേണ്ടത് ഇതല്ലേ.. ഒരു പ്രേതാത്മാവിനെ മറ്റുള്ളവര്‍ക്ക് കൂടി ദൃശ്യമാക്കേണ്ട മന്ത്രങ്ങള്‍... ഇത് നിനക്കിനി കിട്ടില്ല ദുര്‍ഗ'
വേദവ്യാസ് അവളെ അവിടെ ഉപേക്ഷിച്ച് ഇടനാഴി തിരിഞ്ഞ് നടന്നു പോയി
തോറ്റു പോയവളുടെ നിസഹായതയോടെ ദുര്‍ഗ നിലത്തേക്ക് മുഖം ചെരിച്ചു വെച്ചു കിടന്ന് തേങ്ങി
' ദുര്‍ഗ'
ജാസ്മിന്‍ വന്ന് അവളെ തൊട്ടു.
' മതി.. എഴുന്നേറ്റ് വാ'
നേഹയും സ്വാതിയും കൂടി അവളെ പിടിച്ചെഴുന്നേല്‍പിച്ചു
കണ്‍മുമ്പില്‍ അവിശ്വസനീയമായ പലതും കണ്ടതിന്റെ അമ്പരപ്പ് വിട്ടുമാറാതെ അവര്‍ ദുര്‍ഗയെ നോക്കി.
' ധ്വനി'
ദുര്‍ഗ നിലത്ത് എഴുന്നേറ്റിരുന്ന് കാല്‍മുട്ടുകളില്‍ മുഖം അമര്‍ത്തി വിതുമ്പി
' എല്ലാവരും ചേര്‍ന്ന് അവളെ പറഞ്ഞയക്കും.. എനിക്ക് ഉറപ്പാണ്'
ദുര്‍ഗ പറയുന്നതെല്ലാം യാഥാര്‍ഥ്യമാണെന്ന് ആ നിമിഷം കൂട്ടുകാരികള്‍ക്ക് തോന്നി
' തങ്കം നീ എഴുന്നേല്‍ക്ക്.. വേദവ്യാസ് ആ ഗ്രന്ഥം എവിടെ വെച്ചു എന്ന് കണ്ടെത്തിയാല്‍ പോരേ.. അതു നമുക്ക് കണ്ടെത്താം.. നീ എഴുന്നേറ്റ് വാ'
അവര്‍ അവളെ പിടിച്ചെഴുന്നേല്‍പിച്ചു.
അപ്പോഴേക്കും എല്ലായിടത്തും പകല്‍ പോലെ വൈദ്യുത വെട്ടം പരന്നു.
പെണ്‍കുട്ടികള്‍ ഞെട്ടി.
ഇടനാഴിയിലൂടെ പവിത്രയും രുദ്രയും ഓടി വന്നു.
' എന്താ ഒരൊച്ച കേട്ടത്.' അവര്‍ വിറയലോടെ തിരക്കി
' ഒന്നൂല്യാ പവിയേട്ടത്തി.. ഞങ്ങള്‍ കിടന്നിട്ട് ഉറക്കം വരാതെ ഇവിടെയൊക്കെ വെറുതേ ചുറ്റി നടന്നതാ... ദുര്‍ഗ കാലുതെന്നി വീണു'
നേഹ വിക്കി
' വീണൂന്നോ.. എന്നിട്ടെന്തേലും പറ്റിയോ'
രുദ്ര ഓടിവന്ന് ദുര്‍ഗയെ പിടിച്ചു
' ഈശ്വരാ നെറ്റിപൊട്ടീട്ടുണ്ടല്ലോ'
അവള്‍ ബഹളം വെക്കുമെന്ന് അവര്‍ക്കു തോന്നി
' രുദ്രേച്ചി നിലവിളിക്കല്ലേ.. ദത്തേട്ടന്‍ വന്നാല്‍ എന്നെ കൊല്ലും'
ദുര്‍ഗ അവളുടെ വായ്‌പൊത്തി.
അവളുടെ കണ്ണുകളില്‍ ഭയം പിടയുന്നത് പവിത്ര കണ്ടു.
' മതി.. ഓരോ അഹങ്കാരങ്ങള്‍.. നിലവറേടെ ഭാഗത്താണോ കളി.. ഞാന്‍ പറഞ്ഞിട്ടില്ലേ കുട്ടികളേ സ്ത്രീ സാന്നിധ്യം പാടില്ലാത്ത സ്ഥലങ്ങളാണ്. വലിയേടത്ത് സ്ത്രീകളാരും താന്ത്രികരോ മാന്ത്രികരോ ആയിട്ടില്ല'
പവിത്ര ശബ്ദമടക്കി അവരെ ശാസിച്ചു
' നടക്ക്.. മതി.. ഇനി മേലില്‍ രാത്രി ഇറങ്ങി നടക്കരുത്.. വലിയച്ഛന്‍ കാണാത്തത് നന്നായി.. അേ്രത ഞാന്‍ പറയുന്നുള്ളു'
' നോക്ക്.. നെറ്റി നല്ലോണം മുറിഞ്ഞിട്ടുണ്ട്.. ' രുദ്ര സാരിത്തലപ്പു കൊണ്ട് കിനിഞ്ഞിറങ്ങുന്ന രക്തം ഒപ്പി.
' എനിക്ക് പേടിയാവുന്നു'
' അത് കുഴപ്പമൊന്നുമില്ല.. തങ്കം മുഖം കഴുകി മരുന്നുവെച്ചാല്‍ മതി..'
അവര്‍ക്കൊപ്പം തിരിച്ചു നടക്കുമ്പോഴും വേദവ്യാസ് കൈവശപ്പെടുത്തിയ ഗ്രന്ഥം തന്നെയായിരുന്നു ദുര്‍ഗയുടെ മനസില്‍.
അത് തനിക്ക് വേണം.
ഇനിയത് വേദവ്യാസിനോടുള്ള വാശി കൂടിയാണ്.
കിടപ്പുമുറിയിലെത്തിയ ഉടനെ രുദ്ര അവളുടെ മുഖം കഴുകിച്ചു.
പവിത്ര മാറി ധരിക്കാനുള്ള വസ്ത്രങ്ങളെടുത്തു വെച്ചു.
മുറിവിനുള്ള ഓയില്‍മെന്റ് പുരട്ടി ബാന്‍ഡേജും ഒട്ടിച്ചതിന് ശേഷം പവിത്രയും രുദ്രയും തിരിച്ചു പോയി.
്അവര്‍ പോയ ഉടനേ നേഹ ചെന്ന് വാതിലടച്ചു.
' എടാ.. ഇനി എന്തു ചെയ്യും'
അവള്‍ നിരാശയോടെ ദുര്‍ഗയെ നോക്കി.
' ധ്വനിയെ ഇവിടേക്ക് വിളിക്കണം. അവള്‍ക്കേ അതിനി വീണ്ടെടുക്കാനാവൂ'
ദുര്‍ഗ ഒട്ടും സംശയമില്ലാതെയാണ് പറഞ്ഞത്.
' ഭ്രാന്ത്'
സ്വാതി പിറുപിറുത്തു
ദുര്‍ഗ മുഖമുയര്‍ത്തി അവളെ ഒന്നു നോക്കി
ചുട്ടുപഴുത്തൊരു നോട്ടം
സ്വാതി മുഖം കുനിച്ചു
' ധ്വനിയെ നിങ്ങള്‍ക്ക് കാണാന്‍ പറ്റണം.. ഇനി അതെന്റെ വാശിയാണ്... അതുവരെ കുത്തുവാക്കുകള്‍ വേണ്ട'
നേഹയും ജാസ്മിനും സ്വാതിയെ നോക്കി അരുതെന്ന് ആംഗ്യം കാട്ടി.
............ ............... ..........................
' ഉറക്കം ഒട്ടും ശരിയായില്ല.. രാത്രി എന്തൊക്കെയോ ദു.സ്വപ്‌നങ്ങള്‍ കണ്ടു.. ആരോ നിലവിളിക്കുന്നതായൊക്കെ..'
കോളജില്‍ പോകാനുള്ള വേഷത്തില്‍ ദേവദത്തന്‍ ചുറ്റുവരാന്തയിലേക്ക് വന്നു.
നടുമുറ്റത്ത് ചെറുതായി ഉലാത്തി വെയില്‍ കൊള്ളുകയായിരുന്നു പത്മനാഭന്‍ ഭട്ടതിരി.
' ഞാനും എന്തൊക്കെയോ ശബ്ദം കേട്ടു.. കാതോര്‍ത്തപ്പോള്‍ ഒന്നൂല്യ.. സ്വപ്‌നമാകാം'
അയാള്‍ പറഞ്ഞു.
അപ്പോള്‍ മച്ചകത്തെ പൂജ പൂര്‍ത്തീകരിച്ച് വേദവ്യാസ് ഇറങ്ങി വന്നു.
' ദത്തന്‍ പോകാനിറങ്ങിയോ'
വേദവ്യാസ് അവര്‍ക്കടുത്തേക്ക് ചെന്നു
' ഉം.. ഇപ്പോ പിടിച്ചാലേ ബ്ലോക്ക് ഒക്കെ പിന്നിട്ട് നയന്‍ തേര്‍ട്ടിയ്ക്ക് കോളജിലെത്തൂ'
അയാള്‍ വാച്ചില്‍ നോക്കിക്കൊണ്ട് പറഞ്ഞു.
' എങ്കില്‍ എനിക്കൊരു പ്രധാനപ്പെട്ട വിഷയം പറയാനുണ്ട്.. ചടങ്ങുകളൊന്നും വേണ്ടെന്നു വെക്കണ്ട.. വീടുകാണല്‍ ചടങ്ങിന് രണ്ടു ദിവസത്തിനകം ഇവിടെ നിന്നും കിഴക്കേടത്തേക്ക് വരണം.. ഗുരുകാരണവന്‍മാരോടുള്ള പ്രായച്ഛിത്ത പൂജ നടത്തുന്നതിന് മുമ്പേ വേളി നടക്കണമെന്നാണ് ഞാന്‍ കരുതുന്നത്'
വലിയേടത്ത് അത്ഭുതത്തോടെ അവനെ നോക്കി.
' വൈകിയാല്‍ പിന്നെ ഈ വിവാഹം ഒരിക്കലും നടക്കില്ല.. ചില അദൃശ്യ ശക്തികള്‍ നടത്തില്ല.. ഞാനീ മനയുമായി ഒരു ബന്ധം പാടില്ലാന്ന് കരുതുന്ന ചിലതൊക്കെ..'
വലിയേടത്തിന്റെ നെറ്റി ചുളിഞ്ഞു
' വശ്യപ്പൊരുത്തം മാത്രം ആധാരമാക്കി ഇത് മുന്നോട്ട് കൊണ്ടുപോകണോ മോനേ..'
അയാളുടെ ചോദ്യത്തില്‍ വാത്സല്യവും കുറ്റബോധവും തിങ്ങി
' രുദ്രയുടെ വിവാഹത്തിനും ഇപ്പോഴേ യോഗംള്ളുന്ന് വലിയമ്മാമ്മ കരുതിയാല്‍ മതി'
അവന്‍ എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന് വലിയേടത്തിന് തോന്നി.
പക്ഷേ അതിപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താവാം.
' കുട്ടന്‍ എന്തു പറയണൂ'
പത്മനാഭന്‍ ഭട്ടതിരി ദേവദത്തനെ നോക്കി
' ഇനിയിപ്പോ വെച്ചു നീട്ടണതില്‍ അര്‍ഥമില്ല. അതാണ് എന്റെയും മനസ് പറയുന്നത്. നാളെ കഴിഞ്ഞ് മറ്റന്നാള്‍ ഞങ്ങള്‍ വരാം'
ദേവദത്തന്‍ പറഞ്ഞു
' അവിടെ വെച്ച് വിവാഹ തീയതി തീരുമാനിക്കണം.. വിവാഹ നിശ്ചയം നടത്തേണ്ടന്നാണ് എന്റെ മനസില്‍' വേദവ്യാസ് അവരുടെ അഭിപ്രായം അറിയാനായി നോക്കി.
വലിയേടത്ത് ഒരു നിമിം ഏകാഗ്രതയോടെ ധ്യാനിച്ചു
പിന്നെ കണ്ണുതുറന്ന് അവനെ നോക്കി
' ശരിയാണ്.. അനര്‍ഥങ്ങള്‍ എത്തുന്നതിന് മുമ്പേ ശുഭകാര്യങ്ങള്‍ നടക്കട്ടെ...'
' ഒരാഴ്ചയ്ക്കകം വിവാഹം.. അങ്ങനെ തീരുമാനിക്കാം അല്ലേ'
ദേവദത്തന്‍ ഞെട്ടലോടെ വേദവ്യാസിനെ നോക്കി
രണ്ടാഴ്ചക്കകം വിവാഹം.. അതും വലിയേടത്ത് നടക്കുന്ന ആദ്യ വിവാഹം.
ദേവദത്തന്റെ നോട്ടം കണ്ട് വേദവ്യാസ് ചിരിച്ചു
' വലിയേടത്തെ രണ്ടു വിവാഹങ്ങള്‍ അനാര്‍ഭാടമായിട്ടേ നടക്കൂ.. പിന്നെ ഞാനും രുദ്രയും തമ്മിലുള്ള വിവാഹത്തിന് മുമ്പേ മറ്റൊരു മാംഗല്യത്തിനും ഇവിടെ യോഗംണ്ട്'
അവന്റെ മുഖത്തെ മന്ദഹാസത്തിലേക്ക് ദേവദത്തന്‍ കൗതുകത്തോടെ നോക്കി
' ആരുടെ.. തങ്കത്തിന്റേയോ.'
' അതെനിക്കറിയില്ല.. ഉടനുണ്ടാവും.. കരുതിയിരുന്നോളൂ'
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി അര്‍ഥഗര്‍ഭമായി വേദവ്യാസിനെ നോക്കി.
അദ്ദേഹത്തിന്റെ മുഖത്തും ഒരു കുസൃതിച്ചിരി തങ്ങി നിന്നിരുന്നു.
............ .................... ....................
' ദത്തേട്ടാ..'
ജാസ്മിന്റെ ഉറക്കെയുള്ള വിളികേട്ട് പവിത്ര തെക്കിനി വരാന്തയിലേക്ക് ചെന്നു.
ഗോവണി ചുവട്ടില്‍ നിന്നും മുകളിലേക്ക് നോക്കി നിന്ന് വിളിക്കുകയാണവള്‍.
' ജാസ് ദാ വരണൂ'
മുകളില്‍ നിന്നും ദേവദത്തന്റെ ശബ്ദം അവള്‍ കേട്ടു
' എന്താ ജാസ് ഇവിടെ കിടന്ന് വിളിച്ചു കൂവുന്നത്.'
സൗഹൃദ ഭാവത്തില്‍ അവള്‍ തിരക്കി.
' കോളജില്‍ നിന്നു വന്നാല്‍ തട്ടിന്‍പുറത്ത് കയറാന്‍ എന്റെ കൂടെ വരാമെന്ന് ദത്തേട്ടന്‍ പറഞ്ഞിരുന്നു'
ജാസ്മിന്‍ ചിരിയോടെ പവിത്രയെ നോക്കി.
' തട്ടിന്‍പുറത്തോ.. അവിടെന്താ'
പവിത്ര അന്ധാളിച്ചു നിന്നു
അവളുടെ മുഖഭാവത്തില്‍ നിന്നും അതൊട്ടും ഇഷ്ടമായിട്ടില്ലെന്ന് ജാസ്മിന്‍ കണ്ടു.
ചിലപ്പോള്‍ വലിയേടത്തെ പാരമ്പര്യം കൊണ്ടാവാം
പുരുഷന്‍മാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയാണല്ലോ വലിയേടത്തുള്ള പെണ്‍കുട്ടികളുടെ ശീലം.
ജാസ്മിന്റെ ചുണ്ടില്‍ ഒരു പുച്ഛച്ചിരി മൊട്ടിട്ടു
' തട്ടിന്‍പുറത്ത് ഒളിച്ചു കളിക്കണംന്ന് ഞാന്‍ ദത്തേട്ടനോട് പറഞ്ഞു.. ഞാനിപ്പോ എന്തു പറഞ്ഞാലും ദത്തേട്ടന്‍ കേള്‍ക്കും. എന്നെ അ്ത്രയ്ക്കിഷ്ടാണ്'
പവിത്രയുടെ മുഖം മങ്ങിപ്പോയി
ദത്തേട്ടന് അവളോടിത്തിരി അടുപ്പക്കൂടുതലുണ്ടെന്ന് പലതവണ ശ്രദ്ധിച്ചിരുന്നു.
ആര്‍ക്കുമില്ലാത്ത സ്വാതന്ത്ര്യമാണ് അവള്‍ക്ക് വകവെച്ചു കൊടുക്കുന്നത്.
കൈയ്യില്‍ പിടിച്ചേ നടക്കൂ
ഒന്നിച്ചേ ഭക്ഷണം കഴിക്കൂ.
രാത്രി വൈകും വരെ അവളോട് സംസാരിച്ചിരുന്നിട്ടേ ഉറങ്ങാന്‍ പോകൂ.
ഇളംനീല ഷര്‍ട്ടും കാവി മുണ്ടുമുടുത്ത് ദേവദത്തന്‍ ഗോവണി ഇറങ്ങി വന്നു.
' വൈകിയോ സോറി.. ' അയാള്‍ പവിത്രയെ നോക്കി ചിരിച്ചിട്ട് ജാസ്മിന്റെ അടുത്തു ചെന്നു.
' നിനക്കേത് പുസ്തകം വേണമെന്നാ പറഞ്ഞത്'
ദേവദത്തന്‍ അവളെ നോക്കി.
' ഓള്‍ഡ് മാന്‍ ആന്റ് സീ..അതിന്റെ ഇംഗ്ലീഷ് പുസ്തകം.. മലയാളം വിവര്‍ത്തനം ഞാന്‍ വായിച്ചിട്ടുണ്ട്'
' വാ.. തട്ടിന്‍പുറത്ത് അതില്ലെങ്കില്‍ താന്‍ എന്റെ കൂടെ ലൈബ്രറിയിലേക്ക് വരേണ്ടി വരും.. അവിടുണ്ട്.. അതെനിക്ക് ഉറപ്പാണ്.'
' താങ്ക്യൂ'
ജാസ്മിന്‍ ഓടിച്ചെന്ന് അയാളുടെ കൈയ്യില്‍ തൂങ്ങി.
' ദത്തേട്ടന്‍ എനിക്കു തരുന്ന ഈ സപ്പോര്‍ട്ടുണ്ടല്ലോ.. ഇതെനിക്ക് എവിടെ നിന്നും കിട്ടീട്ടില്ല. ഒറ്റമോളാണ് ഞാന്‍.. എനിക്കുവേണ്ടി വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ കിടന്ന് സമ്പാദിച്ച് കുന്നുകൂട്ടുകയാണ് പേരന്റ്‌സ്.. എന്റെ ഫ്രണ്ട്‌സിന്റെ അടുത്തൂന്ന് മാത്രമാണ് എനിക്കിത്തിരി സ്‌നേഹം കിട്ടീട്ടുള്ളത്.. അതു കഴിഞ്ഞ് ഇപ്പോ.. എന്റെ ദത്തേട്ടന്റെ അടുത്തൂന്നും'
' അപ്പോള്‍ എനിക്ക് സ്‌നേഹമുണ്ടെന്ന് ജാസ് ഉറപ്പിച്ചോ' ദേവദത്തന്‍ അവളെ നോക്കി കണ്ണുരുട്ടി
' പവി കേട്ടില്ലേ ഈ കാന്താരീടെ സംസാരം'
അയാള്‍ ജാസ്മിന്റെ തലയില്‍ ഒന്നു കിഴുക്കി.
പവിത്ര മിണ്ടിയില്ല.
' പവി വരുന്നോ തട്ടിന്‍പുറത്തേക്ക്..'
ഇടയ്ക്ക് ദേവദത്തന്‍ അവളോട് ചോദിച്ചു
' സ്വര്‍ഗത്തിലെ കട്ടുറുമ്പാകുന്നില്ലെന്ന്' പറയാനാണ് പവിത്രയ്ക്ക് തോന്നിയത്. ജാസ്മിന്റെ മുഖത്തെ ലോകം വെട്ടിപ്പിടിച്ച ഭാവം കണ്ടപ്പോള്‍ അവള്‍ക്കു ദേഷ്യം വന്നു.
' ഞാനുംണ്ട് .. വായിക്കാനൊന്നുമില്ലാതെ ഞാനും ബോറടിച്ചിരിക്യായിരുന്നു'
പവിത്ര അതിന് തയാറാകുമെന്ന് ദത്തനും ജാസ്മിനും കരുതിയിട്ടുണ്ടായിരുന്നില്ല
ജാസ്മിന്റെ മുഖം ഇരുണ്ടു.
ദത്തന് പുറകെ രണ്ടുപേരും തട്ടിന്‍പുറത്തെ ഇരുട്ടിലേക്ക് ഗോവണി കയറിച്ചെന്നു.
ദേവദത്തന്‍ കൈനീട്ടി സ്വിച്ചിട്ടു.
അതോടെ വിശാലമായ ഒരു നിലപോലെ തട്ടിന്‍പുറം ദൃശ്യമായി. മിന്നിത്തിളങ്ങുന്ന നിലവിളക്കുകളുടെയും ഓട്ടുപാത്രങ്ങളുടെയും വന്‍ ശേഖരം കണ്ട് ജാസ്മിന്റെ കണ്ണഞ്ചി.
അതിനപ്പുറത്തായിരുന്നു പുസ്തകങ്ങള്‍ നിറഞ്ഞ പഴയ ഉയരം കുറഞ്ഞ അലമാരകള്‍ വെച്ചിരുന്നത്.
ദത്തനും ജാസ്മിനും ഒന്നിച്ച് ഉത്സാഹത്തോടെ പുസ്തകങ്ങള്‍ പരതുന്നത് പവിത്ര കണ്ടു.
അവര്‍ക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് അവള്‍ക്ക് തോന്നി.
പവിത്ര തനിച്ച് നിന്ന് പഴയ പത്രമാസികകള്‍ ഒന്നുകൂടി അടുക്കിവെച്ചു
ദത്തനും ജാസ്മിനുമായുള്ള കളിചിരികള്‍ കണ്ടപ്പോള്‍ തിരിച്ചിറങ്ങിപ്പോയാലോ എന്ന് പവിത്ര ചിന്തിക്കാതിരുന്നില്ല.
അപ്പോഴാണ് പഴയ നോട്ട് ബുക്കുകള്‍ക്കിടയില്‍ കാവി പുറംചട്ടയുള്ള ആ ഡയറി അവളുടെ കണ്ണില്‍പെട്ടത്.
ആകാംക്ഷയോടെ പവിത്ര അതുവലിച്ചെടുത്തു.
ദേവദത്തനും ജാസ്മിനും പുറംതിരിഞ്ഞു നി്ന്ന് അത് അവള്‍ നിവര്‍ത്തി നോക്കി
പവിത്രയുടെ നെഞ്ചിടിപ്പു കൂടി.
മുഖം വിയര്‍പ്പണിഞ്ഞു.
അതെ.. അതേ പഴയ ഡയറി തന്നെ.
ഒരിക്കല്‍ ദത്തേട്ടന്റെ അലമാരയാകെ താന്‍ തപ്പിതിരഞ്ഞു നടന്ന അതേ ഡയറി.
തീക്കനല്‍ കൈയ്യിലെടുത്തത് പോലെ പവിത്ര പൊള്ളി. അവള്‍ വേഗത്തില്‍ അത് മറച്ചു പിടിച്ചു.
' ജാസ് ഞാന്‍ താഴേക്ക് പോവാട്ടോ..' അവള്‍ തിടുക്കത്തില്‍ പറഞ്ഞു.
' എന്താപ്പോ അര്‍ജന്റായിട്ട്'
ജാസ്മിന്‍ കൗതുകത്തോടെ നോക്കി
' ഒന്നൂല്യ.. പോവാണ്.'
പവിത്ര പിന്തിരിഞ്ഞ് വേഗത്തില്‍ നടന്നു.
അവള്‍ ഗോവണി ഇറങ്ങിച്ചെല്ലുമ്പോള്‍ അകത്തേക്കു വരികയായിരുന്നു വലിയേടത്ത്.
' നീയെന്താ തട്ടിന്‍പുറത്ത് കയറിയോ'
അദ്ദേഹം അത്ഭുതപ്പെട്ട് നോക്കി
' ങാ.. ദത്തേട്ടനും ജാസ്മിനും അവിടെയുണ്ടായിരുന്നു'
പവിത്ര കിതച്ചു
' അവരിപ്പോഴും അവിടെ തന്ന്യാ.. എനിക്കെന്തോ ഒരു ദു.സൂചന തോന്നണു.. എല്ലാവരും തന്നിഷ്ടത്തിന് വേളി കഴിക്കാനുള്ള പുറപ്പാടാണോ ഇവിടെ.. ആ കുട്ടിയാണെങ്കില്‍ ഒരു ക്രിസ്ത്യാനി.. ഇവിടുത്തെ ചിട്ടയൊപ്പിച്ച് കഴിയാനൊക്കെ അതിന് പറ്റുമോ'
പവിത്ര ഞെട്ടിപ്പോയി.
അവള്‍ അമ്പരന്ന് വലിയച്ഛനെ നോക്കി.
' ഞാനെന്താ ഇത്രയ്ക്ക് കടന്നു ചിന്തിക്കണേന്നല്ലേ.. വഴിയേ മനസിലാവും'
അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ചു കൊണ്ടു തന്നെ അ്‌ദ്ദേഹം അകത്തേക്ക് പോകുന്നത് പവിത്ര വ്ല്ലായ്മയോടെ നോക്കി നിന്നു.
ദുര്‍ഗയും സ്വാതിയും നേഹയും മൊബൈലില്‍ കുത്തിക്കൊണ്ട് അവരുടെ ബെഡ്‌റൂമില്‍ കിടക്കുന്നത് നടന്നു പോകുന്നതിനിടെ പവിത്ര ശ്രദ്ധിച്ചു
' പവിയേട്ടത്തി..' അവളെ കണ്ട് നേഹ കിടക്കയില്‍ എഴുന്നേറ്റിരുന്ന് വിളിച്ചു
പവിത്ര മുറിവാതില്‍ക്കല്‍ നിന്നു
' ജാസിനെ കണ്ടോ ' അവള്‍ തിരക്കി
' ദത്തേട്ടനൊപ്പം തട്ടിന്‍പുറത്ത് കയറീട്ടുണ്ട്'
കൂടുതലൊന്നും വിശദീകരിക്ക്ാന്‍ നില്‍ക്കാതെ പവിത്ര പോയി
' ഈ ജാസിനെന്താ പറ്റിയത്.. അവള്‍ക്ക് ദത്തേട്ടനോടെന്തോ താത്പര്യം ഉള്ളതു പോലെ'
സ്വാതി അര്‍ഥഗര്‍ഭമായി ദുര്‍ഗയെ നോക്കി.
ദുര്‍ഗ മറുപടി നല്‍കിയില്ല. പക്ഷേ അവളുടെ മുഖത്തും സംശയം കാണാമായിരുന്നു.
ഒരുപക്ഷേ ഇനി പവിയേട്ടത്തിയെ മനസില്‍ പ്രതിഷ്ഠിക്കേണ്ടന്ന് ദത്തേട്ടനും കരുതിയിട്ടുണ്ടാകുമോ.
മനസില്‍ തോന്നിയ ആശങ്ക അവള്‍ ആരോടും പങ്കുവെച്ചില്ല.
'ധ്വനിയുടെ കാര്യത്തില്‍ ഇതുവരെ ഒന്നുമായില്ല തങ്കം.. വേദവ്യാസിന്റെ കൈയ്യീന്ന് ആ ഗ്രന്ഥം കിട്ടാതെ ഒന്നും നടക്കൂല'
നേഹ വിഷയം മാ്റ്റി.
' വേദവ്യാസിന്റെ കൈയ്യില്‍ നിന്നും ആ ഗ്രന്ഥം എന്റെ കൈയ്യിലെത്തും.. അതിന് അധിക സമയമൊന്നും വേണ്ട'
ദുര്‍ഗ മുടിവാരിക്കെട്ടിക്കൊണ്ട് എഴുന്നേറ്റു.
' അതിനൊരാള്‍ ഇവിടെ വരണം. '
' ആര്' സ്വാതി അത്ഭുതപ്പെട്ടു
' ധ്വനി തന്നെ'
' തുടങ്ങി'
സ്വാതിയുടെ മുഖം വീര്‍ത്തു
' ഞാനവളെ വിളിച്ചിട്ടുണ്ട്.. അവള്‍ വരും... വരട്ടെ.. കിഴക്കേടത്തില്ലത്തെ വേദവ്യാസിനോട് തോല്‍ക്കാനാവില്ല വലിയേടത്തെ ദുര്‍ഗ ഭാഗീരഥിയ്ക്ക്'
അപ്പോള്‍ ത്രിസന്ധ്യയ്ക്ക് തൊട്ടു മുമ്പുള്ള ആ നേരത്ത് ദൂരെ നിന്നും ഒരു കൂമന്റെ ശബ്ദം നിലവിളി പോലെ ഉയര്‍ന്നു.
ഇടനാഴിലൂടെ ഒരു കാലൊച്ച താളാത്മകമായി കേള്‍ക്കുന്നത് പോലെ ദുര്‍ഗയ്ക്ക് തോന്നി.
ജനല്‍കര്‍ട്ടനുകള്‍ ചുഴലിക്കാറ്റില്‍ പെട്ടത് പോലെ ഉലഞ്ഞു.
' മഴയോ.. അതോ പ്രളയമോ'
സ്വാതിയും നേഹയും അമ്പരപ്പോടെ പരസ്പരം നോക്കി.
ധ്വനി
ദുര്‍ഗയുടെ ചുണ്ടുകള്‍ ചലിച്ചു
അവള്‍ എത്തി
..... ......... തുടരും ....
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക