Slider

സായാഹ്‌നപ്പക്ഷികൾ

0
Image may contain: 1 person, smiling, closeup
----------------------------------
നാട്ടിൽ ചെന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞാൽ ഒരു തെക്കോട്ടിറക്കം പതിവുണ്ട്..
പാടത്തേയ്ക്കുള്ള വഴി.
ഉരുളൻ കല്ലുകളും
കുഴികളും നിസ്സാരമാക്കി ചെരിപ്പിടാതെ നിത്യേന വൈകീട്ട് ആ വഴിയിലൂടെ നടന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയിൽ പാദങ്ങൾ മുന്നോട്ട്..
അമ്മയുടെ സമകാലികരായ കുറച്ചു ഇത്തമാരെ (അങ്ങനെയാണ് വിളിച്ചു ശീലിച്ചത് ) കാണാനുള്ള ഒരു പോക്കാണത്.
കണ്ടുമുട്ടുമ്പോഴത്തെ
ആഹ്ലാദപ്രകടനങ്ങൾക്കും
കെട്ടിപ്പിടിത്തത്തിനും
പിന്നാലെ
എന്തിനെന്നറിയാതെ
നിറയുന്ന
മിഴികൾ ..
ആദ്യകുശലങ്ങൾക്കപ്പുറത്തേയ്‌ക്ക്‌
ജീവിതകഥയിലെ ഏടുകൾ ..
മക്കളുടെ ,
മരുമക്കളുടെ
പേരക്കുട്ടികളുടെ
അയൽക്കാരുടെ
വിശേഷങ്ങൾ ..
ആഹ്ലാദനിമിഷങ്ങൾ ..
കഷ്ടപ്പാടുകൾ
പരിഭവങ്ങൾ ...
ഇടയ്ക്കിടെ
പിന്നെയും
നിറഞ്ഞു തോരുന്ന
കണ്ണുകൾ . ..
ഒന്നു രണ്ടു പുസ്തകങ്ങൾ
കൊണ്ടൊന്നും
എഴുതിത്തീർക്കാനാവാത്തത്ര
അനുഭവപാഠങ്ങൾ
സമ്പാദ്യമാക്കി
ജീവിത സായാഹ്നത്തിൽ
എത്തി നിൽക്കുന്നവർ.
അവയെ
(അനുഭവങ്ങളെ )
നെഞ്ചിൻകൂടിലിട്ടയവിറക്കി
സ്നേഹവും വിശ്വാസവുമുള്ള ഒരാളെ
പറഞ്ഞു കേൾപ്പിച്ച്
ഒരഞ്ചു മിനിറ്റ്
ആശ്വാസം കിട്ടാൻ വെമ്പുന്ന
മനസ്സുകൾ...
കേവലം പത്തോ പതിനഞ്ചോ മിനുട്ടിനു ശേഷം
മനസ്സില്ലാ മനസ്സോടെ തിരിച്ചിറങ്ങുമ്പോൾ
അടുത്ത അവധിയ്ക്ക്
ഞങ്ങള് ണ്ടെങ്കി കാണാം
എന്ന് പറഞ്ഞ് കണ്ണുകൾ ഒപ്പി
യാത്രാമൊഴി നൽകുന്ന
സ്നേഹനിധികൾ .
അവരുടെ പരിദേവനങ്ങൾ
ക്ഷമയോടെ,
പുഞ്ചിരിയോടെ
കേട്ടിരിയ്ക്കാൻ
പണ്ടും
എനിയ്ക്കെങ്ങനെയാണ്
സാദ്ധ്യമായിരുന്നത് ?
അവർക്കെങ്ങനെയാണ്
അവരിലൊരാളെപ്പോലെ
എന്നോട് മനസ്സ് തുറക്കാൻ കഴിയുന്നത്?
അറിയില്ലെനിയ്ക്ക്.
അവരുടെ ആ ലോകത്തേക്ക് ഇടയ്‌ക്കൊന്നിറങ്ങിച്ചെല്ലാൻ ..
കൂടുതൽ അറിയാൻ ,
പരിദേവനങ്ങൾ
കേൾക്കാൻ ..
വെറുതെ ഒരാശ്വാസവാക്കു ചൊരിയാൻ
കുറച്ചു നിമിഷങ്ങൾ മാറ്റിവയ്ക്കാനാകും, ആകണം ,
നമുക്ക്..
പ്രത്യേകിച്ചും
അയൽവീടുകളിലേക്കുള്ള പോക്കും
പഴയ സൗഹൃദങ്ങളെ കാണാനുള്ള അവസരങ്ങളും
പരിമിതപ്പെടുത്തി
മതിൽക്കെട്ടുകൾ
ഉയർന്നു നിൽക്കുന്ന
അണുകുടുംബങ്ങളിലെ
ഇന്നിന്റെ ഒറ്റപ്പെടുത്തലിൽ ..
രാജീവ് പഴുവിൽ.
10/05/2019.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo