Slider

വ്യർത്ഥ

0
Image may contain: Jayasree Menon, outdoor
കുഞ്ഞിക്കഥ
ജയശ്രീ മേനോൻ കടമ്പാട്ട് ✍🏻
താമ്പൂലത്തിലെ വെറ്റിലപ്പുറത്തിരുന്ന് കളിയടയ്ക്ക ഒറ്റനാണയത്തിനോട് എന്തോ തമാശ പറഞ്ഞു. അതു കേട്ട് വെള്ളിനാണയം കിലുകിലാ ചിരിച്ചു. വെറ്റില ആകാംക്ഷയോടെ കളിയടയ്ക്കയുടെ ചെവിയിൽ മന്ത്രിച്ചു.
"എന്നോടുകൂടി പറയൂ ആ രഹസ്യം"
അപ്പോൾ കിന്നാരിയടയ്ക്ക മൊഴിഞ്ഞു,
"അല്ല.. എന്തൊക്കെ തരത്തിലെ കാട്ടിക്കൂട്ടായ്കളാണ് ഇവിടെ നടക്കുന്നത്... അമ്മയും, അച്ഛനും പുന്നാരിച്ചു വളർത്തുന്നതെല്ലാം വെറുതെയാ.. ഇന്നത്തെ കല്ല്യാപെണ്ണിന്റെ യഥാർത്ഥ സ്വഭാവം ഞാൻ പറയുകയായിരുന്നു...."
" എന്താണ് ?"
"നമ്മളെ മുതിർന്നവർക്കു കൈ മാറുന്ന ഈ പെൺമണിയുണ്ടല്ലോ, അവൾ ആളത്ര ശരിയല്ല. കല്ല്യാണം കഴിഞ്ഞ് ഇന്നു രാത്രി തന്നെ അവൾ അവളുടെ കാമുകനോടൊപ്പം ഒളിച്ചോടും... ഞാൻ നാണയത്തോട് പറയുകയായിരുന്നു ഈ താമ്പൂലം കൈമാറലൊക്കെ ഇവൾക്ക് വെറുമൊരു പ്രഹസനം മാത്രമാണെന്ന്... പവിത്രത നഷ്ടപ്പെടുത്തി കൊണ്ടുള്ളൊരു ചടങ്ങ്".
"ങേ"
അതു കേട്ട് വെറ്റിലയൊന്ന് ഞെട്ടി...
"അപ്പോൾ ആ പയ്യനും, കുടുംബവും, പിന്നെ അവളുടെ മാതാപിതാക്കളും??"
"ഉം... എന്തു ചെയ്യാം...! ഇപ്പഴത്തെ കുട്ടികളല്ലേ, ആലോചനശക്തി കുറഞ്ഞും, തന്റേടം കൂടിയുമിരിക്കും.. എനിക്കീ അസംബന്ധങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് ഇവളുടെ കയ്യിൽ നിന്നും ഞാൻ ഈ ആൾക്കൂട്ടത്തിലേക്കിറങ്ങി പോവുകയാണേ..."
പറഞ്ഞു തീർന്നതും, കളിയടയ്ക്ക വെറ്റിലയുടെ അഗ്രത്തിലുള്ള നീണ്ട ചായം തേച്ച, മൈലാഞ്ചി വിരലുകൾക്കിടയിലൂടെ താഴേയ്ക്ക് ഊർന്ന് തെന്നിത്തെറിച്ചു പോയി. അതു കണ്ട്, കൂട്ടു കൂടിയിരുന്ന വെള്ളി നാണയവും, കളിയടയ്ക്കക്കു പിന്നാലെ ഉരുണ്ടു നീങ്ങി. വെറ്റില വിഷണ്ണയായി കൈപത്തിക്കുള്ളിൽ അമർന്നിരുന്നു.
"എന്താ കുട്ടി, അത് നേരെ ചൊവ്വേ പിടിക്കണ്ടേ... നാണയവും അടയ്ക്കയും താഴേയ്ക്കു പോയല്ലോ.."
ബന്ധുവായ ഏതോ കെട്ടിലമ്മ ശബ്ദം താഴ്ത്തി പെണ്ണിനെ ശാസിച്ചു. ചുറ്റും നിന്ന കാലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി രണ്ടു പേരേയും തിരഞ്ഞു...
രണ്ടും കണ്ടു കിട്ടാതെ, മറ്റൊരു കളിയടയ്ക്കയും, നാണയവും എടുക്കാൻ തലനരച്ചൊരു കാർന്നോർ
"അപശകുനം...!" എന്നു പിറുപിറുത്തുകൊണ്ടു നിർദ്ദേശം നൽകി.

By :JayaSreeMenon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo