നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നാമ്മച്ചേട്ടത്തിയുടെ ബ്രാണ്ടിക്കുപ്പി

Image may contain: 1 person, closeup

*************************************
ദേ... നോക്ക് ... അച്ചായോ... അന്നാമ്മച്ചേടത്തി , ലോനപ്പൻ ചേട്ടനെ വിളിക്കുകയാണ്.
ങും... എന്താ ... പത്രത്തിൽ നിന്നും മുഖമുയർത്താതെ തന്റെ ശ്രീമതിയോട് ചോദിച്ചു.
ങ്ഹാ... ഇങ്ങോട്ടൊന്ന് നോക്ക് ന്നേ.... നമ്മുടെ മോള് സൂസി ക്കൊച്ച് വിളിച്ചായിരുന്നു.
എന്താണ് അവളുടെ വിശേഷം?
ദേ... അടുത്താഴ്ച അവളുടെ പെര കേറി താമസമാണ്. നമ്മളോടൊന്ന് ചെല്ലാൻ പറഞ്ഞേക്കണു.
ആണോ ... ഒരു കാര്യം ചെയ്യ്, നീ പോയ്ക്കോ.
അപ്പോ നിങ്ങള് വരുന്നില്ലേ ..?
ഓ.. വയസ്സായില്ലെടീ...അത്രേം ദൂരം യാത്ര ചെയ്യാനെന്നെക്കൊണ്ടൊന്നും പറ്റുകേല ടീ... നീ പോയ്ക്കോ. നിന്റെ ആങ്ങള വർഗ്ഗീസിനേയും പിള്ളേരേയും വിളിച്ചിട്ടുണ്ടായിരിക്കും. അങ്ങനെയെങ്കിൽ അവർക്കൊപ്പം പോയ്ക്കോ...
ശ്ശൊ ! നിങ്ങളെ ഒറ്റയ്ക്ക് ഇവിടെ ഇട്ടിട്ട് പോകാൻ ഒരു വിഷമം.
അതിന് ഞാൻ ഒറ്റയ്ക്കല്ലല്ലോ.. എനിക്കു കൂട്ടിന് കൈസർ ഇല്ലിയോ ... പിന്നെ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ മതി പോകുന്ന കാര്യത്തിൽ.
എനിക്ക് പോണം. അല്ലേലും സൂസി ക്കൊച്ചിനെ കണ്ടിട്ട് എത്ര നാളായി. മാത്രമല്ല ബാംഗ്ലൂളൂരും കാണാമല്ലോ.
ഉം.. ശരി ശരി. ലോനപ്പൻ ചേട്ടൻ വീണ്ടും പത്ര പാരായണത്തിലേക്ക് മുഴുകി.
അന്നാമ്മച്ചേട്ടത്തി തന്റെ ബ്രദറായ വർഗ്ഗീസിനെ വിളിക്കാൻ ഡയറിയിൽ നിന്ന് നമ്പർ തപ്പിയെടുത്ത് , ലാൻഡ് ഫോണിൽ നമ്പർ കറക്കി വിളിച്ചപ്പോൾ, അങ്ങേത്തലയ്ക്കൽ ഫോൺ എടുക്കുന്ന ശബ്ദം കേട്ടു .
ഹലോ.... വർഗീസിന്റെ ഭാര്യ ജെസി ആയിരുന്നു ഫോൺ എടുത്തത്.
ആ .. ജെസീ... ഇത് ഞാനാടീ നിന്റെ നാത്തൂൻ .
ആ .. അന്നാമ്മച്ചേടത്തിയേ ... എന്നാണ്ട് വിശേഷങ്ങൾ‌? ദേ... ഇപ്പം സൂസിക്കൊച്ച് ഫോൺ വിളിച്ച് വച്ചതേയുള്ളൂ. അടുത്താഴ്ച അവളുടെ വീടു കേറിത്താമസത്തിന് ചെല്ലണംന്നു പറഞ്ഞു.
ങ്ഹാ... അതിനെക്കുറിച്ച് പറയാനാ ഞാനിപ്പ വിളിച്ചേ .. നമുക്ക് പോകണ്ടേ..
ആ പിന്നെ നമുക്ക് പോകണ്ടായോ...
അച്ചായൻ വരുന്നില്ല എന്നാണ് പറഞ്ഞത്. നിങ്ങൾ എങ്ങനെയാണ് പോകുന്നത് എന്നു തീരുമാനിച്ചാൽ എനിക്കും കൂടി യങ്ങ് ടിക്കറ്റ് ബുക്കു ചെയ്തോളൂ..
ങ്ഹാ...ശരി നാത്തൂനേ ...
അല്ലാ വർഗ്ഗീസ് എന്തിയേ?
അച്ചായൻ പറമ്പിലാണ്. വിളിക്കണോ...?
ഓ... വേണ്ട . വിവരങ്ങൾ പറഞ്ഞാൽ മതി. ടോമിച്ചനും ,മറ്റും എവിടെ?
ങ്ഹാ... അവനും, അവന്റെ കെട്ടിയോളും പിള്ളേരും കൂടി സിനിമയ്ക്ക് പോയിരിക്കുവാ..
എന്നാൽ ശരി, ഫോൺ വയ്ക്കട്ടെ..
ശരി നാത്തൂനേ ....
അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി. ബാംഗ്ലൂർക്ക് പോകാൻ അവർ ഒരു 'ടാറ്റാ സുമോ' ആയിരുന്നു ഏർപ്പാടാക്കിയത്. വർഗ്ഗീസും, ജെസി യും , ടോമിച്ചൻ, ഭാര്യ ട്രീസയും അവരുടെ രണ്ടു പിള്ളേർ, അന്നമ്മച്ചേട്ടത്തി, അന്നാമ്മ ച്ചേടത്തിയുടെ രണ്ടാമത്തെ മോളുടെ മോൻ എന്നിവരായിരുന്നു ഡ്രൈവറെക്കൂടാതെയുള്ള യാത്രക്കാർ .
വൈകുന്നേരം അവർ എല്ലാവരും കൂടി ബാംഗ്ലൂർക്ക് തിരിച്ചു. യാത്രയിൽ നർമ്മ സംഭാഷണങ്ങളും പൊട്ടിച്ചിരികളും മുഴങ്ങിക്കൊണ്ടേയിരുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അവർ ബാംഗ്ലൂരിൽ എത്തി.
ആഘോഷമായിട്ടായിരുന്നു വീടു കേറി താമസത്തിന്റെ ചടങ്ങുകളെല്ലാം .നല്ലൊരു വീടായിരുന്നു സൂസി ക്കൊച്ചിന്റേത്. അന്നാമ്മച്ചേടത്തി അതിൽ അഭിമാനം കൊണ്ടു. തന്റെ മോളുടെ വീട് കണ്ടിട്ട് നാത്തൂന്റെ മുഖഭാവം എങ്ങനെയുണ്ടെന്നറിയാൻ അന്നാമ്മച്ചേടത്തി നാത്തൂന്റെ മുഖത്തേക്ക് ഏറുകണ്ണിട്ടു നോക്കി.
അങ്ങനെ രണ്ടു ദിവസം അവർ അവിടെ താമസിച്ചു. അതിനിടയിൽ അവർ ബാംഗ്ലൂർ മുഴുവൻ ചുറ്റിക്കണ്ടു. പാർക്കുകളും എല്ലാം കണ്ടപ്പോൾ അന്നാമ്മച്ചേടത്തി ബാംഗ്ലൂർ നന്നായിട്ടങ്ങു പിടിച്ചു. അച്ഛായൻ ഇതെല്ലാം കാണ്ടേണ്ടതായിരുന്നു എന്നോർത്ത് ചേട്ടത്തി വ്യാകുലപ്പെട്ടു.
തിരിച്ച് നാട്ടിൽ പോകാൻ നേരത്ത് ചേടത്തി സൂസി ക്കൊച്ചിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
പിറ്റേന്ന് നാട്ടിലെത്താറായപ്പോൾ , അന്നാമ്മച്ചേടത്തിക്ക് ഒരു ചിന്ത.
തന്റെ വക ഒരു സ്പെഷ്യൽ അച്ചായന് കൊടുക്കണം. അച്ചായന് ഏറ്റവും ഇഷ്ടമുള്ളത്. അതിനായി അവർ ജെസിയും മക്കളും കേൾക്കാതെ സ്വകാര്യമായിട്ടങ്ങു അവതരിപ്പിക്കാൻ തന്റെ ആങ്ങള ആയ വർഗ്ഗീസിനെ വിളിച്ചു .
ശ്യു... ശ്യു... ശബ്ദം ഉണ്ടാക്കിയിട്ട് വർഗ്ഗീസിനെ തോണ്ടി. വർഗ്ഗീസ് തിരിഞ്ഞു നോക്കി. അപ്പോൾ അന്നാമ്മച്ചേടത്തി തന്റെ കൈമുട്ടുവരെ ഉയർത്തിപ്പിടിച്ച് 'കുപ്പി' എന്നർത്ഥത്തിൽ ശബ്ദമുണ്ടാക്കാതെ ബ്രാ.....ണ്ടി...., ബ്രാ......ണ്ടി ...., എന്നു ചുണ്ടും,വായും കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പോൾ വർഗ്ഗീസ് തിരിച്ച് കൈക്കൊണ്ട് ആക്ഷൻ കാണിച്ചിട്ട് 'എനിക്കു വയ്യ, വാങ്ങാൻ' എന്നു മറുപടി പറഞ്ഞു.
എന്റെ പൊന്നു ആങ്ങളയല്ലേ .. എന്നു ആംഗ്യ ഭാഷയിൽ കാണിച്ചിട്ട് വീണ്ടും വീണ്ടും ബ്രാണ്ടി കാര്യം അവതരിപ്പിച്ചു.
ചേച്ചിയുടെ തോണ്ടൽ സഹിക്കാൻ വയ്യാതായപ്പോൾ, വർഗ്ഗീസ് ഡ്രൈവറോട് വണ്ടി റോഡരികിൽ നിർത്താൻ നിർദ്ദേശം കൊടുത്തു.
വണ്ടി നിറുത്തിയപ്പോൾ, വർഗ്ഗീസ് ഇപ്പം വരാം എന്നു പറഞ്ഞിട്ടു പോയി.
ജെസി ചേടത്തിയോട് ചോദിച്ചു, അച്ചായൻ എവിടെ പോകുന്നതാ..?
ആ ...ആർക്കറിയാം എന്നു ചേടത്തി പറഞ്ഞു. എന്നിട്ട് ഗൂഢസ്മിതത്തോടെ ആങ്ങള വരുന്നതും നോക്കിയിരുന്നു.
അല്പം കഴിഞ്ഞ് വർഗ്ഗീസ് വന്നു. എന്നിട്ട് ആരും കാണാതെ പിന്നിലൊളിപ്പിച്ച ഒരു പൊതി എടുത്ത് അന്നാമ്മ ച്ചേടത്തിയുടെ കൈയിൽ കൊടുത്തു .
അന്നാമ്മ ചേടത്തി അതു മേടിച്ച് വേഗം തന്റെ ബാഗിൽ വച്ചു.
വർഗ്ഗീസ് ചേടത്തിയോട് പറഞ്ഞു, ഞാൻ, ജെസി ആവശ്യപ്പെട്ടിട്ടുപോലും ഒരിക്കലും മേടിക്കാത്ത ആളാണ്. അവൾ ഇത് കാണണ്ട ... ഇത്തരം കാര്യങ്ങളിൽ അവനവന് ആവശ്യമുള്ളത് അവനവൻ തന്നെ പോയി വാങ്ങണം അതാണ് എന്റെ ലൈൻ.
അതെങ്ങനെയാടാ... പെണ്ണുങ്ങള് ഇക്കാര്യത്തിന് പോകുന്നത്? നിങ്ങൾ ആണുങ്ങൾ അല്ലേ.. ഇതിനൊക്കെ പോകാ...
ഓ...പിന്നേ.. . ചേച്ചി ചുമ്മായിരി...ഇനി ജെസി അറിയണ്ട, എന്നു പറഞ്ഞിട്ട് വർഗ്ഗീസും പിന്നാലെ ചേടത്തിയും വണ്ടിയിൽ കയറി. വണ്ടി നിറുത്തിയ സമയത്ത് ഫ്രൂട്ട്സും, മറ്റും വാങ്ങാൻ പോയ ബാക്കിയുള്ളവർ അപ്പോഴേക്കും മടങ്ങിയെത്തി വണ്ടിയിൽ കയറി യാത്ര തുടർന്നു.
പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും, അവരുടെ വണ്ടി അന്നാമ്മച്ചേടത്തിയുടെ വീട്ടിൽ എത്തി. ലോനപ്പൻ ചേട്ടൻ വീടിന്റെ മുറ്റത്ത് ചെടി നനയ്ക്കുന്നുണ്ടായിരുന്നു.
അന്നാമ്മ ച്ചേടത്തിയെ അവിടെ ഇറക്കിയിട്ട്, അളിയാ... പിന്നെ കാണാട്ടോ ... എന്നു പറഞ്ഞ് പരസ്പരം കൈ വീശി കാണിച്ചിട്ടു പോയി.
എങ്ങനെയുണ്ടായിരുന്നെടീ ബാംഗ്ലൂർ യാത്ര..?
ഒന്നും പറയണ്ട അച്ചായാ... നല്ല രസമുണ്ടായിരുന്നു. സൂസി ക്കൊച്ചിന്റെ വീട് അടിപൊളിയാണ് കേട്ടോ. ജെസിക്ക് കുശുമ്പുണ്ടോന്ന് ഒരു സംശയം എനിക്ക് തോന്നാതിരുന്നില്ല...
അതു നിന്റെ തോന്നാലായിരിക്കും....
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അവർ രണ്ടാളും വീടിനകത്തേക്ക് കയറി.
വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക്, ലോനപ്പൻചേട്ടൻ ചോദിച്ചു ..
നീയൊക്കെ അടിച്ചു പൊളിച്ചല്ലോ... എന്നെക്കുറിച്ച് നീ ഓർത്തോ ...?
പിന്നല്ലാതെ അച്ചായാ... ഞാൻ അച്ചായനെ മറക്കുമോ?... ഞാൻ അച്ചായന് എന്നതാ കൊണ്ടു വന്നിരിക്കുന്നത് എന്നു നോക്കിയേ... എന്നു പറഞ്ഞു കൊണ്ട് അന്നാമ്മച്ചേടത്തി വർഗ്ഗീസ് തന്ന പൊതി എടുത്ത് അച്ചായന് കൊടുത്തു.
കൊടുക്കുമ്പോൾ തന്നെ ചേടത്തിക്ക് സംശയം വന്നു, ഈ പൊതി എന്താണ്
പതുപതുത്തിരിക്കുന്നത്‌ എന്ന് ? ആ ... ചിലപ്പോൾ കുപ്പി പൊട്ടാതിരിക്കാൻ തുണി ചുറ്റിച്ചതായിരിക്കും എന്ന് ഓർത്തു സമാധാനിച്ചു.
ലോനപ്പൻ ടെക്സ്റ്റയിൽസിന്റെ പൊതി വാങ്ങി അതിനുള്ളിലുള്ള സാധനം പുറത്തേക്കെടുത്തപ്പോൾ , അച്ചായനോടൊപ്പം, ഞാനെന്താ അച്ചായന് കൊണ്ടു വന്നേന്നു നോക്കിക്കേ... എന്നു പറഞ്ഞു സന്തോഷിച്ചിരിക്കുന്ന അന്നമ്മാ ചേടത്തിയും ....ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.
അപ്പോഴാണ് അന്നാമ്മ ചേടത്തിയ്ക്കു മനസ്സിലായത്, താൻ ആംഗ്യ ഭാഷയിൽ വർഗ്ഗീസിനോട് പറഞ്ഞ ബ്രാ...ണ്ടി...യ്ക്കു പകരം .... വർഗ്ഗീസിനു പകുതിയേ തിരിഞ്ഞുള്ളൂ എന്ന് .
സുമി ആൽഫസ്
*****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot