നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നങ്ങളുടെ രാജകുമാരൻ - കഥോദയം - 2


സിവിൽ സർവ്വീസ് പരീക്ഷയുടെ ഫലം വരുന്ന ദിവസമാണിന്ന്.
രോഹിത് , പതിവുപോലെ ചുമട് എടുക്കാൻ റെയിവേ സ്റ്റേഷനിലേക്ക് പോയി. പ്ലാറ്റ്ഫോമിൽ എത്തിയ അവൻ, ചുമട് എടുക്കാൻ തയ്യാറായി നില്ക്കുന്ന സേവ്യറേട്ടനെ കണ്ടു.
അവിടെ നിറുത്തിയിട്ടിരിക്കുന്ന ഗുഡ്സ് വാഗണിൽ നിന്ന് ചരക്കുകൾ ചുമടായി എടുത്ത്, വാഗണിനോട് ചേർത്തിട്ടിരിക്കുന്ന ലോറിയിൽ ഇറക്കി അട്ടിയായി അടുക്കി വയ്ക്കണം. കഠിനാദ്ധ്വാനമുള്ള ജോലിയാണ്.
മോനേ.. രോഹിത്, വേഗം വാടാ.... സേവ്യർ കൈക്കൊട്ടി രോഹിതിനെ ഉറക്കെ വിളിച്ചു.
ദാ.... വരുന്നു സേവ്യറേട്ടാ... എന്നു പറഞ്ഞ് രോഹിത് വേഗം വസ്ത്രം മാറ്റി, കൈവശമുണ്ടായിരുന്ന കവറിൽ നിന്ന് തോർത്ത്മുണ്ടെടുത്ത് ധരിച്ചു. ഒരു തോർത്ത് എടുത്ത് തലയിൽ ചുറ്റിക്കെട്ടിയതിനു ശേഷം ഓടി വന്ന് സേവ്യറിനു നേരെ കൈ നീട്ടി.
സേവ്യർ, അവന്റെ കൈയ്യിൽ പിടിച്ച്, രോഹിതിനെ വാഗണിൽ കേറാൻ സഹായിച്ചു. അവർ ചുമട് എടുത്ത് , പതിവു പോലെ ലോറിയിൽ ഇറക്കി വയ്ക്കാൻ തുടങ്ങി.
ഏറെ നേരം കഴിഞ്ഞ് , ചുമട് എടുത്ത് തളർന്ന അവർ , റേയിൽവേ പ്ലാറ്റ്ഫോമിലുളള ഒരു വില്പന ശാലയിൽ നിന്ന് ഒരു കുപ്പി വെള്ളം, രണ്ടു പഫ്സ് എന്നിവ വാങ്ങി , സൗകര്യപ്രദമായ സ്ഥലത്ത് കൊണ്ട് വച്ച്, തലയിൽ കെട്ടിയിരുന്ന തോർത്ത് എടുത്ത് മുഖവും , വിയർത്തൊലിച്ച ദേഹവും തുടച്ച് രോഹിത്തും, സേവ്യറും അവിടെയിരുന്ന് കഴിക്കാൻ തുടങ്ങി.
പഫ്സ് കഴിച്ചു കൊണ്ടിരിക്കുന്നതിനി ടയിൽ, സേവ്യർ ചോദിച്ചു,
'' ഇന്നല്ലേടാ... ആ പരീക്ഷയുടെ ഫലം വരുന്നത്?"
''അതെ.. സേവ്യറേട്ടാ... ഉച്ചക്കഴിയുമ്പോൾ അറിയും എന്ന് തോന്നുന്നു"... രോഹിത് മറുപടി നല്കി.
റെയിൽവേ പ്ലാറ്റ്ഫോമിലേയ്ക്ക് വീശിയടിക്കുന്ന സമ്മിശ്രഗന്ധമുള്ള കാറ്റിന്റെ തലോടൽ കൊണ്ട്, വെള്ളവും കുടിച്ച്, പഫ്സും തിന്ന് ഇരിക്കുമ്പോൾ രോഹിത്, തന്റെ കഴിഞ്ഞകാല ചിന്തകളിലേയ്ക്ക് ഊളിയിട്ടു.
അവന് ഇപ്പോഴും തന്റെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ അത്ഭുതമാണ്. ഇവിടം വരെ എത്തിയതിന്റെ പ്രേരണയും, സഹായവുമെല്ലാം സേവ്യറേട്ടൻ എന്ന ഒരൊറ്റ മനുഷ്യനാണ്. തനിക്ക് സേവ്യറേട്ടൻ ആരായിരുന്നു. ആ മനുഷ്യനില്ലായിരുന്നെങ്കിൽ, തനിക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്നോ?
ഒരു ദിവസം പോലും , ചുമട് എടുക്കാൻ പോയില്ലെങ്കിൽ, വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റും. അച്ഛൻ മദ്യപാനി ആയതിനാൽ , കുടുംബത്തെ ശ്രദ്ധിക്കാറില്ല. നേരം വെളുക്കുന്നതിനു മുമ്പേ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന അച്ഛൻ, രാത്രി ഏറെക്കഴിഞ്ഞ് മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ആണ് വരുന്നത്. വന്നപാടെ വീടിന്റെ കോലായിൽ കേറി കിടക്കും. വളർന്നു വരുന്ന മക്കളുണ്ടെന്ന ചിന്ത പോലും അച്ഛനുണ്ടായിരുന്നില്ല.
തൊണ്ടു തല്ലി അതിൽ നിന്നും, അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മയും, താനും , അനിയത്തിയും അടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നത്. തൊട്ടടുത്ത സർക്കാർ സ്കൂൾ ഉണ്ടായിരുന്നതു കൊണ്ടും, ഫീസ് കൊടുക്കേണ്ടി വരില്ലാത്തതിനാലും, തനിക്കും, അനിയത്തിക്കും അവിടെ പഠിക്കാൻ സാധിച്ചു. അതിലേറെ തന്റെ അമ്മയ്ക്ക് പ്രാധാന്യം തോന്നിയത് , മക്കൾക്ക് ഒരു നേരം വയറു നിറച്ചു കഴിക്കാൻ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കിട്ടുമല്ലോ എന്നതായിരുന്നു.
മുതിർന്നു വളരുന്തോറും , അമ്മ കഷ്ടപ്പെട്ട് തൊണ്ടു തല്ലിക്കിട്ടുന്ന വരുമാനം കൊണ്ട് , തന്റേയും അനുജത്തിയുടേയും പഠനാവശ്യങ്ങളും, മറ്റും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് കണ്ട താൻ , പന്ത്രണ്ടാം ക്ലാസിൽ തന്നെ പഠനം അവസാനിപ്പിച്ചു. അമ്മയെ സഹായിക്കാൻ വേണ്ടി, തടിമില്ലിൽ സഹായി ആയി പണിക്ക് പോകേണ്ടതായി വന്നു.
ഒരു നേരമെങ്കിലും നേരാംവണ്ണം കഴിക്കണം, തന്റെ അനുജത്തിക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കണം, അവൾക്ക് നല്ലൊരു ഭാവി ജീവിതം വേണം എന്നുള്ളത് തന്റെ ലക്ഷ്യമായിരുന്നു. അതിന് അമ്മയെ സഹായിച്ചേ പറ്റൂ...
ഈ ഏട്ടന്റെ ലക്ഷ്യത്തിനൊപ്പം നില്ക്കാൻ , തന്റെ പ്രിയപ്പെട്ട അനുജത്തി മീനുവിന് കഴിഞ്ഞു. അദ്ധ്യാപിക ആകണമെന്ന അവളുടെ ആഗ്രഹം ,തന്റെ കഠിനാദ്ധ്വാനവും, പ്രോത്സാഹനവും കൊണ്ട് സാധ്യമാകുകയും ചെയ്തു.
പിന്നെയുള്ള തന്റെ സ്വപ്നം, അവളുടെ വിവാഹം മികച്ച രീതിയിൽ നടത്തുക എന്നതായിരുന്നു. അതിനു വേണ്ടി, മൊബൈൽ കടയിലെ സെയിൽസ്മാൻ ആയും, റോഡു പണിയ്ക്കും പോയി.
പിന്നീട് റെയിൽവേയിൽ ചുമട് എടുക്കാൻ, തനിക്ക് അവസരം കിട്ടി.
ആദ്യത്തെ ദിവസം പകലന്തിയോളം ചുമട് എടുത്ത തനിക്ക്, പിറ്റേന്നു തന്നെ, കടുത്ത മേലുവേദന മൂലം, ഇത് തുടരണോ.. എന്ന് ഓർത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വിഷമിച്ചിരിക്കുമ്പോഴാണ്.., തന്റെ തോളിൽ ഒരു പരുക്കൻ കൈ അമർന്നത്. തിരിഞ്ഞു നോക്കിയപ്പോൾ അത് സേവ്യറേട്ടൻ ആയിരുന്നു.
''എന്താണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?'' സേവ്യറേട്ടൻ ചോദിച്ചു.
''ഒന്നുമില്ല അണ്ണാ....ദേഹം മുഴുവൻ വേദന.. ''
''സാരമില്ല .. പരിചയമില്ലാത്തതു കൊണ്ടാണ്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ശരിയാകും.''
അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതി നിടയിൽ, തന്റെ ജീവിതകഥ സേവ്യറേട്ടനോട് പറഞ്ഞു .
ബീഡി വലിയ്ക്കുകയായിരുന്ന സേവ്യറേട്ടൻ, ബീഡിയുടെ അവസാനത്തെ പുക എടുത്തിട്ട്, പ്ലാററ്ഫോമിന്റെ പരുക്കൻ തറയിൽ ബീഡി ഉരസി അതിലെ തീ കെടുത്തിയതിനു ശേഷം ദൂരേയ്ക്ക് അത് വലിച്ചെറിഞ്ഞു. പിന്നെ തന്റെ രോമ നിബിഡമായ നെഞ്ചിൽ പറ്റിപ്പിടിച്ചിരി ക്കുന്ന ബീഡിയുടെ ചാരം തട്ടിക്കളഞ്ഞു കൊണ്ട്, എന്തോ ഓർത്തിട്ടെന്നപോലെ -
'' എല്ലാം ശരിയാകും'' എന്നു പറഞ്ഞ് തന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
ചുരുങ്ങിയ നാളുകൾക്കൊണ്ട് തങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി.
തന്റെ അനിയത്തി മിന്നുവിന്റെ വിവാഹം ഇതിനിടയിൽ ശരിയായി വന്നു. പണി കഴിഞ്ഞ ഒരു വൈകുന്നേരം, സേവ്യറേട്ടൻ തന്നെ വിളിച്ചു .
''രോഹിത് നീ ഇങ്ങോട്ട് വന്നേ... " എന്നു പറഞ്ഞു , തന്നെ അവിടെ നിന്ന് മാറ്റി നിർത്തിയിട്ട് കൈയിൽ പല സംഖ്യകൾ അടങ്ങിയ നോട്ടുകളുടെ ഒരു കെട്ട് തന്നു.
സംശയത്തോടെ സേവ്യറേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. സേവ്യറേട്ടൻ പറഞ്ഞു,
" സംശയിക്കണ്ട. ഇത് നിന്റെ അനുജത്തിയ്ക്കുള്ള എന്റെ ഒരു വിവാഹ സമ്മാനമാണ്. "
"ഇത്രയും തുക...'' താൻ അവിശ്വാസ ത്തോടെ ചോദിച്ചു.
'' ഇരിക്കട്ടെടാ... സ്വന്തം എന്നു പറയാനില്ലാത്ത, ഒറ്റത്തടിയായ എനിക്കെന്തിന് ഇത്രയും പൈസ... , നിനക്ക് ഒരു പാട് ആവശ്യം വരും." അതും പറഞ്ഞ് തന്റെ തോളിൽ തട്ടിക്കൊണ്ട്, സേവ്യറേട്ടൻ പോക്കറ്റിൽ കിടന്ന ബീഡി എടുത്ത് ചുണ്ടിൽ തിരുകി വച്ച് , തീ കൊളുത്തി, ആദ്യത്തെ പുക എടുത്തതിനു ശേഷം, പിന്നെക്കാണാം എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് കൈയും വീശി പോയി.
ആഗ്രഹിച്ച പോലെ അനിയത്തിയുടെ വിവാഹം കഴിഞ്ഞു, ഇപ്പോൾ താനും, അമ്മയും , അച്ഛനും മാത്രമാണ് ഉള്ളത്. ഇനി തന്റെ അടുത്ത സ്വപ്നം, നിറുത്തിപ്പോയ പഠനം പുന:രാരംഭിക്കണം എന്നുള്ളതാണ്.
തന്റെ ഈ ആഗ്രഹം , സേവ്യറേട്ടനോട് പങ്കുവച്ചു.
സേവ്യർ പ്രോത്സാഹിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എൺപത്തിയെട്ട് ശതമാനം മാർക്കുണ്ടായിരുന്ന തനിക്ക്, ഇഷ്ട മേഖലയായ എഞ്ചിനീയറിങ്ങിന് ചേരാൻ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല.
ബി.ടെക് - നായി സായാഹ്ന ക്ലാസ്സിൽ പോകാനായിരുന്നു തന്റെ തീരുമാനം.
പകൽ മുഴുവൻ ചുമടെടുത്തതിനു ശേഷമുള്ള, വൈകുന്നേരങ്ങളിൽ, ക്ലാസുകളിൽ പങ്കെടുക്കുകയും, പഠനം മുന്നോട്ടു പോകുകയും ചെയ്തു പോന്നു .
പിന്നീട് ബി.ടെക് മികച്ച രീതിയിൽ പാസായി. ഐ.ഐ.ടിയിൽ നിന്നും ഉയർന്ന റാങ്കോടെ എം‌.ടെകും നേടി. അതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയിൽ പുറകിലായിരുന്ന താൻ ബുദ്ധിമുട്ടിയാണെങ്കിലും, അതിലും പ്രാവീണ്യം നേടാൻ കഴിഞ്ഞു . ഐ.ഐ.ടിയിലെ പഠനകാലത്താണ്‌, സേവ്യറേട്ടന്റ മനസ്സിന്റ നന്മ കൂടുതലായി മനസ്സിലാക്കിയത്. തനിക്കു വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നത് സേവ്യറേട്ടനായിരുന്നു.
പഠനം കഴിഞ്ഞിട്ടും, മികച്ച ജോലി ലഭിക്കുമായിരുന്നിട്ടും, തന്റെ ലക്ഷ്യം പൂർത്തിയായിട്ടില്ല എന്നും, ഇനിയും പഠിക്കണം, സമൂഹത്തിനു വേണ്ടി തന്നാലാൽ കഴിയും വിധം എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ പുലർത്തിക്കൊണ്ടു പോന്നു.
തന്റെ എല്ലാക്കാര്യത്തിനും സേവ്യറേട്ടന്റെ പിന്തുണ ഉണ്ടായിരുന്നു. ഇനിയും പഠിക്കണമെന്ന തന്റെ ആഗ്രഹം കേട്ടപ്പോൾ , സേവ്യറേട്ടൻ പറഞ്ഞു,
''നിനക്ക് കലക്ടർ ആയിക്കൂടെ... അതാകുമ്പം പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമല്ലോ... "
അതു കേട്ട് ഒന്നു ഞെട്ടിയ താൻ പറഞ്ഞു,
' കലക്ടർ ആവാൻ പ്രയാസമാണ് സേവ്യ റേട്ടാ... അതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടതുണ്ട്.'
'മോനേ... നിനക്ക് പറ്റും. '
ഒടുവിൽ സേവ്യറേട്ടന്റെ നിർബന്ധത്തിനു വഴങ്ങി, സിവിൽ സർവീസിന് ശ്രമിക്കാം എന്ന് ഉറപ്പു കൊടുത്തു.
പക്ഷേ വൻ ഫീസ് നല്കി, കോച്ചിംഗ് ക്ലാസുകളിൽ പോകാൻ, തന്റെ സാഹചര്യം അനുവദിച്ചിരുന്നില്ല.
ആയതിനാൽ പകൽ ജോലിയ്ക്കു പോയി, വൈകുന്നേരം വന്ന് , രാത്രി വൈകുവോളം , വീട്ടിലെ മറ്റംഗങ്ങൾക്ക് ശല്യമാകാത്ത വിധത്തിൽ, മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ, താൻ പുസ്തകങ്ങളുമായി കൂട്ടുകൂടി.
ഒടുവിൽ തന്റെ അദ്ധ്വാനം.. ഫലം കണ്ടു. സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രിലിമിനറിയും, മെയിനും പാസായി.
ഡൽഹിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനും, വഴിച്ചെലവിനും, വേണ്ടി അപ്പോഴും സേവ്യറേട്ടൻ തനിക്ക് പണം തന്നു സഹായിച്ചു.
ഇന്ന്... , രാവിനെ പകലാക്കി മാറ്റിയ തന്റെ അദ്ധ്വാനത്തിന്റെ ഫലം ഏതു നിമിഷവും അറിയാം. ചിന്തകൾ മുറുകിക്കൊണ്ടിരിക്കുന്നതിനിടയിൽ , പെട്ടെന്ന് തൊട്ടടുത്തുണ്ടായിരുന്ന അവന്റെ കവറിൽ നിന്ന് , മൊബൈൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു .
ഒന്നു ഞെട്ടിയ അവൻ കൈ തുടച്ച്, കവറിൽ നിന്ന് ഫോണെടുത്ത് നോക്കി. ഫോണിന്റെ സ്ക്രീനിൽ , അവിനാശ് എന്ന പേര് കണ്ടു. ഇന്റർവ്യൂവിൽ രോഹിത്തിനൊപ്പം പങ്കെടുത്ത ഹിന്ദിക്കാരനാണ് അവിനാശ് .
അവൻ വേഗം കോൾ അറ്റൻഡു ചെയ്തു.
അങ്ങേത്തലയ്ക്കൽ നിന്നും വളരെയധികം സന്തോഷകരമായ വാർത്തയായിരുന്നു കേട്ടത്. രണ്ടു പേർക്കും സിവിൽ സർവ്വീസിൽ റാങ്ക് ലഭിച്ചതായിരുന്നു ആ വാർത്ത .
രോഹിത് ഫോണിൽ അല്പനേരം കൂടി സംസാരിച്ചതിനു ശേഷം കട്ടു ചെയ്തു.
''സേവ്യറേട്ടാ... ഫലമറിഞ്ഞു. എനിക്ക് നാല്പത്തിരണ്ടാം റാങ്ക് കിട്ടി.''
അതു കേട്ട, ആ നന്മ നിറഞ്ഞ മനുഷ്യൻ , രോഹിത്തിനെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ട് പറഞ്ഞു,
'' എനിക്കറിയാമായിരുന്നു നീ നേടും
എന്ന് ''
സേവ്യറേട്ടൻ വേഗം റെയിൽവേസ്റ്റേഷനു മുമ്പിലുള്ള ബേക്കറിയിൽ നിന്ന് ലഡു വാങ്ങി, തന്റെ സഹപ്രവർത്തകരായ ചുമട്ടുതൊഴിലാളികൾക്ക് വിതരണം ചെയ്തു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.
ഐ.എ.എസ് ലഭിച്ച രോഹിത് ട്രെയിനിംഗിനായി 'മസൂറി' (ഉത്തരാഖണ്ഡ്) -യിലേയ്ക്ക് പോകുന്നതിനു മുമ്പ് , സേവ്യ റേട്ടൻ അവന്റെ കൈയ്യിൽ ഒരു പുസ്തകം കൊടുത്തുകൊണ്ട് പറഞ്ഞു ,
'' ഇത് നിനക്കുള്ള സമ്മാനമാണ്. ഈ പുസ്തകം നീ വായിച്ചിട്ടുണ്ട് എന്നറിയാം. എങ്കിലും, ഇത് നിനക്കിരിക്കട്ടെ."
ട്രെയിൻ നീങ്ങിത്തുടങ്ങി. സേവ്യറേട്ടൻ കൈ വീശുന്നതോടൊപ്പം, കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. സേവ്യറേട്ടൻ കണ്ണിൽ നിന്നും മറയുന്നതു വരെ രോഹിത് കൈ വീശിക്കൊണ്ടിരുന്നു.
ശേഷം, തന്റെ സീറ്റ് നമ്പർ കണ്ടു പിടിച്ച്, കൈയ്യിലെ ബാഗ് സീറ്റിനടിയിൽ വച്ച്, സേവ്യറേട്ടൻ തന്ന , മനോഹരമായി പൊതിഞ്ഞ പുസ്തകം എടുത്ത് മറിച്ചു നോക്കി. അത് വിശ്വവിഖ്യാത എഴുത്തുകാരൻ ,പൗലോകൊയ്ലോയുടെ ' ദി ആൽകെമിസ്റ്റ് ' എന്ന പുസ്തകമായി രുന്നു അത്.
യാത്രയിൽ വീശിയടിച്ച കാറ്റിൽ പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു . ആ പുസ്തകം വായിച്ചിട്ടുള്ള എല്ലാവരേയും ഹഠാദാകർഷിച്ച പ്രശസ്തമായ ആ വാക്കുകൾ അവന്റെ ദൃഷ്ടിയിൽ പതിഞ്ഞു, ആ മനോഹരമായ വാക്കുകൾ ഇവയായിരുന്നു.
" നമുക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യത്തിലെത്താന്‍ , നമ്മള്‍ അതികഠിനമായി ആഗ്രഹിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ , ലക്ഷ്യപ്രാപ്തിയിലെത്താന്‍ വേണ്ടി , ഈ ലോകം തന്നെ നമ്മെ സഹായിക്കും. "
സുമി ആൽഫസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot