Slider

എന്റെ കുട്ടുസ്..

0
എന്റെ കുട്ടുസ്..
"കൃഷ്ണേട്ട ബിസ്ക്കറ്റ് കിട്ടിയില്ല ".
"ദാ മോളെ"
ബിസ്ക്കറ്റ് വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി. കാത്തു നിൽപ്പുണ്ട് ആശാൻ
"കുട്ടുസെ... " ഒറ്റവിളിക്ക് ഓടി അരികിലെത്തി. പാക്കറ്റ് പൊട്ടിച്ച് ഓരോന്നായി ഇട്ടുകൊടുക്കുമ്പോൾ ആവേശത്തോടെയാണ് അകത്താക്കുന്നത്..
"എന്റെ ഗീതു മതി പട്ടിയെ തീറ്റിച്ചെ.. ഇപ്പൊതന്നെ വൈകി.. "
"ദാ വരുന്നെടി "
സ്പീഡിൽ ഓരോന്ന് ഇട്ടുകൊടുത്തു.
കുറച്ചുമാസം മുൻപ് വെറുതെ ഒരു കരുണതോന്നി കൈയിലിരുന്ന ബിസ്ക്കറ്റ് പൊട്ടിച്ചിട്ട് കൊടുത്തതാണ്. പിന്നെയത് ശീലമായി.
ആശാൻ ഇപ്പൊ എന്നും വൈകിട്ട് ഞാൻ വരുന്ന സമയത്ത് അവിടെ കാണും.
"ഞാൻ പോവാ ഗീതു... ഇനിയും നിന്നാൽ വഴിയിൽ ഇരുട്ട് വീഴും".
ലാസ്റ്റ് ബിസ്ക്കറ്റ് ഇട്ടുകൊടുത്തിട്ടു അവന്റെ നിറുകയിൽ ഒന്ന് തലോടി തിരിച്ചു നടന്നു. പിന്നാലെ വരില്ല. ഇടവഴി കേറുന്നത് വരെ തന്നെ നോക്കി ഇരിക്കും.
വീട്ടിലേക്കുള്ള ഇടവഴിയുടെ ഇരുവശവും റബ്ബർതോട്ടമാണ്‌. കുറച്ചുനടന്നാൽ അല്ലാതെ ആളനക്കം പോലുമില്ല. കൃഷ്ണേട്ടന്റെ ഈ പലചരക്കുകടയല്ലാതെ അടുത്ത് വേറെ കട ഒന്നും ഇല്ല. രാത്രി 8.30 യാവുമ്പോൾ അടച്ചിട്ടു പോകും.
കീർത്തിടെ വീടും കഴിഞ്ഞാണ് തന്റെ വീട്.
നേരിയ ഇരുട്ട് വീണു തുടങ്ങിയിരുന്നു.
അമ്മ ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. അച്ഛൻ വയ്യാണ്ട് കിടപ്പിലായതിൽ പിന്നെ അമ്മ വില്ലേജ് ഓഫീസറുടെ വീട്ടിൽ ജോലിക്ക് പോകും . പകൽ താൻ അച്ഛന്റെ അടുത്ത് ഇരിക്കും. അമ്മ 3 മണി ആവുമ്പോൾ എത്തും. ഞാൻ വൈകിട്ടു മൂന്നാലു കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുണ്ട്. ഇന്ന് വൈകിയതിനാണ് നോക്കി നിൽപ്പ്.
"എന്താ ഇത്രേം വൈകിയേ.. "
"7 അല്ലേ ആയുള്ളൂ...കുട്ടികൾക്ക് എക്സാം അല്ലേ.. "
"മ്മം.. നാളെ ഇന്റർവ്യൂന് പോവണ്ടതല്ലേ ".
"മ്മം "
"മോളോറ്റക്ക് പോവ്വോ... അമ്മ കൂടി വരട്ടെ ".
"അമ്മ എന്റെ കൂടെ വന്നാൽ അച്ഛന്റെ കൂടെ ആരാ. 3 മണിക്കൂർ യാത്രയല്ലേ ഉള്ളു. ഞാൻ തനിയെ പൊക്കോളാം ".
രാവിലെ കുളികഴിഞ്ഞു ഒരുങ്ങിയിറങ്ങി വന്നപ്പോഴേക്കും അമ്മ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു.
" ഇന്നലെ വൈകിട്ട് അമ്പലത്തിൽ പോയിരുന്നു അമ്മ. ഒക്കെ ശരിയാവും ".
അച്ഛന്റെ മുറിയിലേക്ക് ചെന്നു.
"അച്ഛാ പോയിട്ടു വരാം ".
കണ്ണു നിറഞ്ഞു. കാല് തൊട്ടു വണങ്ങി ഇറങ്ങി.
"പോയിട്ടു വരാമ്മേ ".
" ഒരുപാട് വൈകല്ലേ മോളെ ".
"നോക്കാം അമ്മേ... ഒത്തിരിപേര് apply ചെയ്തിട്ടുണ്ടെന്ന കേട്ടെ... "
*****************
ബസിറങ്ങി വാച്ചിൽ നോക്കി. ഒമ്പതര. നല്ല ഇരുട്ട് വീണിരിക്കുന്നു. അമ്മ ഇതിനോടകം ഒരു നൂറു തവണ വിളിച്ചു.
ചുറ്റും നോക്കി. ഓട്ടോ പോലും ഇല്ല. ഫോൺ ലൈറ്റ് on ചെയ്തു കുറച്ചു നടന്നതും ഒരു ഓട്ടോ വന്നു. കൈ കാണിച്ചു നിർത്തി.
"ചേട്ടാ ഇല്ലിവളവ് ".
ഓട്ടോയിൽ കയറിയതും അറിയാതെ ഒരു പരിഭ്രാന്തി. അയാളുടെ നോട്ടം തന്നെ ശരിയല്ല. അതോ താൻ ഇനി ഒറ്റക്ക് ആയതുകൊണ്ട് തോന്നണതാണോ... ഹേയ് അല്ല. കൃഷ്ണേട്ടൻ കടയടച്ചു പോയി കഴിഞ്ഞു.
ഇടവഴി കേറി പാതിയെത്തിയതും കയ്യാലയിൽ രണ്ടുപേര് ഇരിക്കുന്നു. അതിലൊരുത്തൻ ഡ്രൈവറെ നോക്കി കൈ ഉയർത്തി കാണിച്ചു. നെഞ്ചിലുടെ ഒരു കൊള്ളിയാൻ മിന്നി. അവർ കയ്യാലയിൽ നിന്ന് താഴെ ഇറങ്ങി. ഡ്രൈവർ വണ്ടികൊണ്ട് അവരുടെ അടുത്ത് നിർത്തി.
"എന്തിനാ നിർത്തിയെ ". ഭയം പുറത്തുകാട്ടാതെ ഒരുവിധം ചോദിച്ചു.
"മോളെന്തിനാ പേടിക്കുന്നെ ഓട്ടോയിൽ ഇനിം സ്ഥലം ഉണ്ടല്ലോ...ഞങ്ങളുടെ വരാന്നേ... " ഒരുത്തൻ ഓട്ടോയുടെ അരികിൽ എത്തി പറഞ്ഞു.
കൈയിലിരുന്ന ബാഗ് എടുത്തു അവന്റെ മുഖത്ത് ആഞ്ഞടിച്ചു. അവൻ ഒരു വശത്തെക്ക് ചാഞ്ഞു. ആ സമയം കൊണ്ട് ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. കൂടെ നിന്നവൻ എന്റെ കൈയിൽ കയറി പിടിച്ചു. മുട്ട് മടക്കി അവനൊരു തൊഴി കൊടുത്തു. കൈയിലേ പിടി വിട്ടപ്പോൾ രണ്ടു കൈപത്തി കൊണ്ടും അവന്റെ ചെവി രണ്ടും പൊത്തി ആഞ്ഞടിച്ചു. അടുത്ത പിടി വീഴും മുൻപേ തിരിഞ്ഞോടി.
ഓടുന്ന ഓട്ടത്തിൽ വിമൻസ് സെൽ ക്ലാസ്സ്‌ എടുക്കാൻ വന്ന ടീച്ചർക്ക് മനസ്സിൽ നന്ദി പറഞ്ഞു.
ഇടവഴി കേറി റോഡിൽ എത്തി. ഓടി കൃഷ്ണേട്ടന്റെ കട എത്തിയതും അറിയാതെ നിന്നു.
കുട്ടൂസ്...
കടയുടെ തിണ്ണയിൽ കിടന്നു നല്ല ഉറക്കം. ഓടി അവന്റെ അരികിൽ ചെന്നിരുന്നു.
"കുട്ടുസേ.. " ചാടി എഴുനേറ്റു എന്നെ നോക്കി..
ആ മിണ്ടാപ്രാണിയോട് ഏതു ഭാഷയിലാണ് പറയേണ്ടതു. നിറഞ്ഞ കണ്ണുകളോടെ ഞാൻ അതിനെ നോക്കി. അപ്പോഴേക്കും ഓട്ടോ കടയുടെ മുന്നിൽ വന്നു നിന്നു.
അതിലൊരുത്തൻ ഇറങ്ങി എന്റെ അരികിലേക്ക് വരാൻ ഒരുങ്ങിയതും കുട്ടൂസ് കുരച്ചു കൊണ്ട് മുന്നിലേക്ക് ചാടി. അവൻ പേടിച്ചു പിന്നിലേക്ക് മാറി. കുട്ടൂസ് നിർത്താതെ കുര തുടങ്ങി കടയുടെ പിന്നിൽ നിന്നും മൂന്നുപേരും കൂടി ഇറങ്ങി കുട്ടൂസിന്റെ അരികിൽ സ്ഥാനം പിടിച്ചു. ഈശ്വര ഇത്രയും പട്ടികൾ ഇവിടെ ഉണ്ടാരുന്നോ....
അത്രയും പേര് ഒരുമിച്ചു കുരച്ചുകൊണ്ട് ചാടിയതും അവൻ ഓടി ഓട്ടോയിൽ കയറി. നിന്നെ എടുത്തോളാടി എന്ന മട്ടിൽ എന്നെയൊന്നു നോക്കി അവര് വണ്ടി എടുത്തു പോയി.
കുട്ടൂസ് എന്റെ അരികിലേക്ക് വന്നിരുന്നു. ഞാൻ അതിനെ നോക്കി. നായ എന്നും നന്ദി ഉള്ളവൻ എന്ന് കേട്ടിട്ടുണ്ട്. എനിക്കതു നേരെ തിരിച്ചാണ് തോന്നിയത്.
ഒരു ജീവിതം മുഴുവൻ താൻ ആ മിണ്ടാപ്രാണിയോട് കടപ്പെട്ടിരിക്കുന്നു.
"കുട്ടൂസെ.... എന്നെ വീട്ടിൽ കൊണ്ടാക്കാമോ ".
ആ ഇരുട്ടിലും ഇടവഴി ഇറങ്ങി നടക്കുമ്പോൾ ഞാൻ ആരെയും ഭയന്നില്ല. എനിക്ക് ചുറ്റും ആളുകൾ ഉണ്ട്. ഒരുപക്ഷെ മനുഷ്യനുപോലും മനസിലാകാത്ത ഭാഷ അതുങ്ങൾക്ക് വശമായിരുന്നു.

Beema
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo