Slider

...നാലാമത്തെ പത്രം...

0
...നാലാമത്തെ പത്രം...
കുളിരുള്ള ആ പ്രഭാതത്തിൽ വണ്ടിയിലെ പത്രക്കെട്ടുകൾക്കിടയിൽ ഞെരുങ്ങിയിരിക്കുമ്പോൾ എനിക്കു എങ്ങോട്ടു പോകുന്നു എന്നു യാതൊരു നിശ്ചയവുമില്ലായിരുന്നു. ഞങ്ങൾ എല്ലാവരും ഒരു പോലെയിരുന്നതിനാൽ ഒരുമിച്ചിരിക്കുന്നതിൽ യാതൊരു വിഷമവുമുണ്ടായില്ല. അല്ലെങ്കിലും ഞങ്ങൾ പത്രങ്ങൾക്കു നിങ്ങൾ മനുഷ്യരെ പോലെ ജാതിയും മതങ്ങളും വ്യത്യാസങ്ങളും ഒന്നുമില്ല. അക്ഷരങ്ങളിലൂടെ ചിത്രങ്ങളിലൂടെ ഞങ്ങൾ നിങ്ങളോടു സംസാരിക്കുന്നു. . താളുകളിലെ ചില വാർത്തകൾ വേദനകളാവുന്നു. മറ്റു ചിലതു സന്തോഷങ്ങളും. എങ്കിലും പുലരിയിൽ കൈയ്യിൽ ആവി പറക്കുന്ന ചായ ഊതിക്കുടിച്ചു നിങ്ങൾ അക്ഷരങ്ങൾ ചികയവേ ശബ്ദമില്ലാതെ ഞങ്ങൾ ചിരിക്കാറുണ്ട്. നിങ്ങളുടെ കൃഷ്ണമണികളിൽ ഞങ്ങളെ പ്രതിഫലിച്ചു കാണാറുമുണ്ട്.
വണ്ടിയെവിടെയോ നിർത്തിയപ്പോൾ ഒരേ രൂപത്തിൽ ഉള്ള ഞങ്ങൾ പരസ്പരം നോക്കി. ഒരു വലിയ നാൽക്കവലയിലെ കടയ്ക്കുമുന്നിലേക്കു വണ്ടിയുടെ ഡ്രൈവർ ഞങ്ങളെ എടുത്തെറിഞ്ഞു. അടുക്കി കെട്ടിവച്ച മൂന്നു കെട്ടുകളിൽ ഞാനും എന്റെ പ്രതിരൂപങ്ങളും വണ്ടിയിൽ യാത്രയാവുന്ന മറ്റു കെട്ടുകളെ നോക്കി മൗനമായി യാത്ര പറഞ്ഞു. എന്നേയ്ക്കുമായി പിരിയുന്ന വേർപാടിന്റെ വേദനയിലും ഇതാ ഞങ്ങൾ നിങ്ങളെക്കുറിച്ചോർക്കുന്നു.
ഇന്നു രാവിലെ എന്നെ ആരായിരിക്കും ആദ്യം വായിക്കുക?
ആദ്യ പേജിലെ താഴത്തെ വാർത്ത നോക്കൂ മരിച്ചു കിടക്കുന്ന ഒന്നര വയസ്സുള്ള കുട്ടിയുടെ ചിത്രം. അതു നോക്കി നെടുവീർപ്പുതിർക്കുന്നതു ആരായിരിക്കും? പ്രതീക്ഷയോടെ ജോലി അവസരങ്ങളിലേക്കും, ആരാധനയോടെ കായിക വാർത്തകളിലേക്കും, ഭീതിയോടെ മരണവാർത്തകളിലേക്കും നോക്കുന്ന കണ്ണുകൾ ആരുടേതാവും?
ചിന്തകളെ മുറിച്ചു കൊണ്ടു ഒരു ടോർച്ചിന്റെ അരണ്ട വെളിച്ചം അടുത്തടുത്തു വന്നു.
മൂന്നു കെട്ടുകളിൽ അടുങ്ങിക്കിടന്ന ഞങ്ങളെ എടുത്തു കൊണ്ടവർ കടയ്ക്കുള്ളിലേക്കു പോയി.
മുറുകെ കെട്ടിയ കെട്ടുകൾ മുറിച്ചു എന്നേയും എന്റെ പ്രതിരൂപങ്ങളേയും അവർ മോചിപ്പിച്ചു.പുഴയിലെ ഓളങ്ങളെ പോലെ ഞങ്ങളെ ആ തിണ്ണയിൽ വിരിച്ചിട്ടു.
ഇതാ വീണ്ടുമൊരു വിടപറയൽ..ഇനിയൊന്നു കാണുമെന്ന പ്രതീക്ഷയില്ലാത്ത യാത്ര ചോദിക്കൽ..
അതാ ഉറക്കെ ഒരു ശബ്ദം ..
കണ്ണപ്പാ വേഗം സമയം വൈകി..
അങ്ങനെ ഒരു സൈക്കിളിന്റെ ക്യാരിയറിലേക്കു ഞാനും മറ്റു പ്രതിരൂപങ്ങളും എത്തപ്പെട്ടു.
പ്രിയപ്പെട്ടവരേ ....
ഇന്നത്തെ ഈ പുലരിയിൽ കണ്ണപ്പന്റെ സെക്കിളിൽ മുകളിൽ നിന്നു നാലാമത്തെ പത്രം ഈ ഞാനാണ്. .
എന്റെ യജമാനനെ കാണുവാനുള്ള യാത്ര.. ഇതാ തുടങ്ങുകയാണ്.
ആരായിരിക്കും അത്?
തടിച്ച ഫ്രെയിമുള്ള കണ്ണട ധരിച്ച ഒരാൾ.. ആർത്തിയോടെ എന്റെ പേജുകൾ മറിയ്ക്കും. എന്റെ ഓരോ അക്ഷരങ്ങളിലും ആ കണ്ണുകൾ പരതും. ഒടുവിൽ വായിച്ചു തീരുമ്പോൾ എന്തോ ആലോചിച്ചു എന്റെ പേജുകൾ മടക്കി അലക്ഷ്യമായി എന്നെ ഉപേക്ഷിക്കും. പിന്നെ ആരും കാണാതെ ഒരു മൂലയിൽ... ഒരു ദിവസത്തെ ആയുസ്സുമായി...
പത്രം.... കണ്ണപ്പന്റെ ഉറക്കെയുള്ള വിളി കേട്ടു നോക്കി. ഇതാ ആദ്യത്തെ പത്രം ഒരു വെള്ള കൊറ്റിയെ പോലെ ഗേറ്റിനു മുകളിലൂടെ പറക്കുന്നു..
പറന്നകലുന്ന എന്റെ പ്രതിരൂപം...
പെട്ടെന്നാണതു കണ്ടത്. ഒരു നായ ഗേറ്റിനരികിലേക്കു ഓടി വന്നു കണ്ണപ്പനെ നോക്കി ശക്തിയായി കുരച്ചു.
പിന്നെ വർദ്ധിച്ച ദേഷ്യത്തോടെ എന്റെ പ്രതിരൂപത്തെ കടിച്ചു കീറി...
കീറിയ പത്രക്കടലാസ്സുകൾക്കിടയിൽ ബന്ധങ്ങൾ മുറിഞ്ഞ അക്ഷരങ്ങളുടെ രൂപം. നഷ്ടപ്പെട്ടു പോയ മുഖങ്ങൾ. വായിക്കാതെ നശിപ്പിക്കപ്പെട്ട വാക്കുകൾ.
ഇനി ഒരു പക്ഷെ ഞാനും ....?
രണ്ടാമത്തെ പത്രം ഒരു വായനശാലയിലാണ് വീണത്. ഒത്തിരി പേർക്കു വായിക്കുവാനായി ചിരിച്ചു കിടന്ന എന്റെ പ്രതിരൂപം... ഭാഗ്യമുള്ള അക്ഷരങ്ങൾ...
മൂന്നാമത്തെ പത്രം കടലാസ്സു പൂക്കൾ വിരിഞ്ഞു നിന്ന മതിൽ കെട്ടിലേക്കു പറന്നു ചെന്നു.. സ്വീകരണമുറിയിൽ മാല ചാർത്തിയ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിന്ന ഒരു യുവതി തലയുയർത്തി നോക്കി.. മുറ്റത്തു വീണ പത്രത്തെ സുന്ദരമായ ചിരിയോടെ സ്വാഗതം ചെയ്തു.
മിത്രമേ വിട...
നാലാമത്തെ പത്രം... ഇതാ എന്റെ ഊഴം.
എവിടെ ആകാംക്ഷയുടെ കണ്ണുകളുള്ള എന്റെ വായനക്കാരൻ? ആരായിരിക്കും അത്?
ചിന്തകൾ തീരും മുൻപേ കണ്ണപ്പൻ എന്നെ ആ മതിൽക്കെട്ടിലിലേക്കു എറിഞ്ഞിരുന്നു. പുലരിയുടെ തണുപ്പിൽ
പറക്കുന്ന പക്ഷിയെ പോലെ കടലാസ്സുകളനക്കി ഞാൻ ഗേറ്റിനരുകിൽ ചെന്നു വീണു. അക്ഷരങ്ങൾ വിടർത്തിയ മുഖപേജിലെ പുഞ്ചിരിയുമായി ഞാൻ കാത്തു കിടന്നു. ആരുടെയോ ശബ്ദം. ആരോ വരുന്നുണ്ട്.
ഇന്നലെ ഈ സമയത്തു പത്രം വായിച്ചു ആ ചാരുകസേരയിലിരുന്ന ആളാ.. അത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം.
നിലത്തു കിടന്ന എന്നെ നോക്കുക പോലും ചെയ്യാതെ അവർ നടന്നകലവേ
ഞാൻ കണ്ടു..
നീലsർപ്പോള വലിച്ചുകെട്ടിയ പന്തലിൽ കത്തിച്ചു വച്ച നിലവിളക്കിനു ചുവട്ടിൽ വെള്ളപുതപ്പിച്ച മൃതദേഹം. തലയ്ക്കരുകിൽ പുകയുന്ന ചന്ദനത്തിരി... ആരൊക്കെയോ കരയുന്നു..
ദു:ഖത്തിന്റെ നടുവിലേക്കു ഒന്നുമറിയാതെ കണ്ണപ്പൻ എറിഞ്ഞിട്ട പത്രം.. മരണ വീട്ടിലെ പത്രം ... ഈ ഞാൻ.
തേങ്ങലുകൾക്കിടയിൽ ഓടിയെത്തുന്ന പഴയ ഓർമ്മകളെ താലോലിച്ചു കണ്ണീരു തുടയ്ക്കവേ ഗേറ്റിനു മുന്നിൽ ആർക്കും വേണ്ടാതെ കിടക്കാൻ വിധിക്കപ്പെട്ട ഇന്നത്തെ പത്രം ഈ ഞാൻ.
യജമാനനില്ലാതെ, വായിക്കാതെ , ആർക്കും വേണ്ടാതെ എന്റെ അക്ഷരങ്ങൾ...
ഇതാ ആരോ എന്നെ എടുത്തുയർത്തുന്നു. നിറഞ്ഞ കണ്ണുകളുമായി ഒരു ചെറുപ്പക്കാരൻ..
മുറ്റത്തെ തുളസിത്തറയ്ക്കരികിൽ എത്തിയപ്പോഴേയ്ക്കും കരച്ചിലിന്റെ ശബ്ദം ഉയർന്നു.
" അച്ഛൻ പോയെടാ മോനേ " ഉറക്കെ കരയുന്ന ഒരു സ്ത്രീ..
അപ്പോഴേയ്ക്കും ഞാൻ അയാളുടെ കൈയ്യിൽ നിന്നും ഊർന്നു താഴെ വീണു.. പുലരിയുടെ കണ്ണുനീരു പറ്റി ഈറനായ പുല്ലിൽ മുഖം ചേർത്തു വെറുതെ കിടന്നു..
എപ്പോഴോ അറിയുന്നു..
ആരും വായിക്കാത്ത എന്റെ അക്ഷരങ്ങൾ ആ കണ്ണുനീരിന്റെ നനവിൽ കുതിരുകയാണ്..
ഞാനറിയുന്നു..
തേങ്ങലോടെ ഓടി വന്ന കാറ്റെന്നെ തൊടുന്നു പിന്നെ തലോടുന്നു.. എന്റെ പേജുകൾ നിസഹായതയോടെ തലയിളക്കുന്നു..
അപ്പോൾ...
ഇളം വെയിലിൽ ഒരു തുമ്പി എന്റെ നനഞ്ഞു കുതിർന്ന അക്ഷരങ്ങളിലേക്കു പാറി പറന്നു വന്നു. അതെന്റെ ഏറ്റവും സങ്കടമുള്ള വാക്കുകളിലേക്കു തിളങ്ങുന്ന സ്വർണ്ണകണ്ണുകളാൽ ഒന്നു നോക്കി ചിരിച്ചു..
...പ്രേം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo