Slider

1982..

0

1982.. 
ഈ വർഷം എന്റച്ഛന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമായിരുന്നിരിക്കണം.ആ വർഷം അദ്ദേഹത്തിനാദ്യം കിട്ടിയ എട്ടിന്റെ പണി എന്റെ രൂപത്തിലായിരുന്നു.ആ വർഷത്തിലെ കുംഭമാസത്തില് ഈ പാവം ഭൂജാതനായി.അതിന്റെ സന്തോഷത്തില് അച്ഛൻ ആകെയുള്ള പത്തു സെന്റ് പുരയിടത്തില് രണ്ടു തെങ്ങു വെച്ചു.സാധാരണ വാഴയാണ് വെയ്ക്കേണ്ടത് ഒരു ട്വിസ്റ്റിനു വേണ്ടി തെങ്ങു വെച്ചു.ഇന്നുവരെ ഒരു തേങ്ങയുടെ ഉപകാരം ആ തെങ്ങുകൊണ്ടോ ഒരു പൊതി കാജയ്ക്കുള്ള ഉപകാരം എന്നേക്കൊണ്ടോ ആ പാവത്തിനുണ്ടായിട്ടില്ല.ഇനിയും തോൽവികളേറ്റുവാങ്ങാൻ അച്ഛന്റെ ജിവിതം പിന്നേയും ബാക്കി.ഈ സംഭവവും ഞാൻ പറയാൻ പോകുന്ന സംഭവവുമായി പ്രത്യക്ഷത്തിലൊരു ബന്ധവുമില്ല പിന്നെയെന്തിനാണിതിവിടെ പറയുന്നതെന്നു ചോദിച്ചാൽ ഒരു കാര്യവുമില്ല.വെറുതെ! വെറും വെറുതേ!
അങ്ങനെ ഈയുള്ളവൻ ഉന്തിത്തള്ളി പ്രീ ഡിഗ്രിയും കഴിഞ്ഞ് കഴുത്തില് പട്ടിനാക്കും കെട്ടി മാർക്കറ്റിംഗ് എക്സിക്യൂട്ടീവും കളിച്ച് മൂന്നും ഇഞ്ചിയും ഒരുമിച്ചായി നട്ടം തിരിഞ്ഞു വീട്ടിലിരിപ്പായി.വിയർപ്പിന്റസുഖമുള്ളതോണ്ട് ആ നാട്ടിലെ പ്രധാന ആർട്ട്സ് ഏന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ ഭാരവാഹിത്വവും കുറച്ച് രാഷ്ട്രീയവുമായി കാലം കഴിച്ചു കൊണ്ടിരുന്നു.പിന്നെ എനിക്കാവശ്യമുണ്ടായിട്ടല്ല പട്ടിണി കിടക്കണ്ടല്ലോന്നു കരുതി ഒരു സർവ്വീസ് സെന്ററില് ജോലിക്ക് കയറി.
പാപി ചെന്നിടം പാതാളം എന്ന ചൊല്ലന്വർത്ഥമാക്കികൊണ്ട് സാമാന്യം നല്ല രീതിയില് പ്രവർത്തിച്ചിരുന്ന സർവ്വീസ് സെന്റർ എന്റെ തൃക്കാലു കുത്തിയ അന്നു മുതല് പൂച്ചയ്ക്കു പ്രസവിച്ചു കിടക്കാവുന്നൊരിടമായി തീർന്നു.അങ്ങനെ ഒരു തൊഴിലാളി ദിനത്തിൽ എന്റെ ജീവിതത്തിന് അടുത്ത ട്വിസ്റ്റേറ്റു നടുവുളുക്കി.പതിവുപോലെ പല്ലിനിട വലുതാക്കിയിരിക്കുന്ന സാധാരണ ദിവസത്തില് എന്റെ അയൽക്കാരനായ കണ്ണൻ ചേട്ടനതാ അദ്ദേഹത്തിന്റെ ഇരുചക്ര വാഹനം കാലിന്നിടയിൽ തിരുകി സർവ്വീസ് സെന്ററിലേക്ക് വലതു കാൽ കുത്തി നിന്നു.വിശന്നിരിക്കണ കുട്ടിക്ക് ചക്കകൂട്ടാൻ കിട്ടിയ ആക്രാന്തം പോലെ ഞാനങ്ങട് ചാടിവീണു.കണ്ണേട്ടാ ദിപ്പ ശര്യാക്ക്യരാം എന്നു പറഞ്ഞു ഞാനതിൽ കൈ വെച്ച നേരം കണ്ണേട്ടൻ പുസ്തകത്താളുകളിലച്ചടിച്ചു വെച്ചതു പോലെ എന്നോടു പറഞ്ഞു.മോനേ നീ വേഗം വസ്ത്രം മാറൂ, നിന്റമ്മൂമ മരിച്ചു.
സത്യത്തില് ഒരു പൊട്ടിക്കരച്ചില് പ്രതീക്ഷിച്ച പുള്ളി കേട്ടത് എന്റന്തിച്ച ചോദ്യമായിരുന്നു.കണ്ണേട്ടന്റെ ആ ശൈലി കേട്ട് ചിരിയാണ് സത്യത്തില് വന്നത്.
അങ്ങനെ അമ്മൂമയുടെ ശവസംസ്കാരം കഴിഞ്ഞു.സംസ്കാരത്തിന് നേരിട്ടുപോയി ക്ഷണിച്ചില്ല എന്ന കാരണത്താലൊരകന്ന ബന്ധു കൂടിയായ കുഞ്ഞുമോനമ്മാവൻ പിണങ്ങി.പിണങ്ങുവാണേ അങ്ങ് പിണങ്ങട്ടെ എന്നു കരുതിയ എനിക്ക് പതിനാറിന്റെ പണിയാണതെന്ന് മനസ്സിലാക്കിയത് പിറ്റേന്ന് കാലത്തായിരുന്നു.ബലിപീഠം മൂടുന്നതിന് പച്ച ഓല വേണമത്രെ!.
എന്റെ നാട്ടിലെ ആസ്ഥാന തെങ്ങു കയറ്റക്കാരനായിരുന്നു പുള്ളി.ഞാൻ, അമ്മാവന്റെ വീട്ടിലേക്കു സാമാന്യം ഒത്തിരി നന്നായി തന്നെ വലിഞ്ഞു കയറിചെന്നു.സകല കുരുത്തക്കേടുകളും പൂട്ടിക്കെട്ടി ഭവ്യതയോടെ ഞാനമ്മാവന്റെ കാൽക്കല് വീണു.എന്റയല്ലേ അമ്മാവൻ എങ്ങനെ നന്നാവും.പുള്ളി കേശവകണിയാന്റെ വെറ്റിലയില് പോലും വന്നില്ല.തെങ്ങുകയറി ശീലമുള്ള അച്ഛനും ആ ഭാഗത്തേക്കു വരുന്നുമില്ല.പിറ്റേ ദിവസം വരെ കാത്തിരുന്നിട്ടു ഇവരാരും ആ ഭാഗത്തേക്കു ചിന്തിക്കുന്നതു കൂടിയില്ല.ചോരത്തിളപ്പിന്റെ പ്രായമായതോണ്ടാവും ഇത്തിരി ചോര തിളച്ചെന്റെ പുറത്തേക്കു ചാടി.അതോടെ അത്രയും നേരം പിടിച്ചു നിന്ന എന്റെ കുരുവും പൊട്ടി.എന്നാലതു കാണണമല്ലോ, എവിടെ തെങ്ങ് ഇപ്പ ഓല ഞാനിട്ടു തരാം എന്നും പറഞ്ഞു ഞാൻ കയറു ചുറ്റി' തളപ്പുണ്ടാക്കി ഇറങ്ങി.തെങ്ങുകയറാനറിയാത്തതു കൊണ്ട് ഏറ്റവും ചെറിയ തെങ്ങു നോക്കിയ ഞാൻ കണ്ടത് എന്റച്ഛൻ എനിക്കൊപ്പം വെച്ച പ്രസ്തുത തെങ്ങുകളിലൊന്നായിരുന്നു.ഞാനതില് കയറാൻ വരും എന്നു മുൻകൂട്ടികണ്ടതു കൊണ്ടാണെന്നു തോന്നുന്നു അതറ്റമെത്തും തോറും വളഞ്ഞു തിരിഞ്ഞു കോക്രി കാണിക്കുന്നു.പോരാത്തതിന് അടുത്ത പറമ്പിലെ പറങ്കിമാവ് പുതുമണവാളൻ നവവധുവിനെ പുണരുന്ന മാതിരിതെങ്ങിനെ കെട്ടിപുണർന്നു നിൽക്കുന്നു.
സകലമാന ചെത്തുതൊഴിലാളികളെ നിങ്ങൾക്കഭിവാദ്യങ്ങൾ എന്നും ചൊല്ലി മെല്ലെ തളപ്പു കാലുകളിൽ ചാർത്തി മന്ദം മന്ദമങ്ങനെ ഞാൻ മുകളിലേക്കു കയറിത്തുടങ്ങി.മുക്കാൽ ഭാഗമെത്തിയപ്പോൾ ഭീമസേനന്റെ മാർഗ്ഗം മുടക്കിയ ഹനുമാൻ വാലുപോലെ അതാ പറങ്കി മാവിന്റെ ചില്ല എന്റെ മുന്നില് വട്ടം കിടക്കണൂ. ഇതാരാ ഇവിടെ കൊണ്ടു വെച്ചേ എന്ന് പുച്ഛം വാരി വിതറി ഞാനാ ചില്ല വകഞ്ഞുമാറ്റി ഞാൻ മുകളിലേക്ക് കയറി.വാരി വിതറിയ പുച്ഛം അല്പം കൂടിപോയതുകൊണ്ടാണെന്നു തോന്നുന്നു അത് ആ ചില്ലയ്ക്കിഷ്ടായില്ല.അതാരോടും മിണ്ടാതെ കാലിലെ തളപ്പിനുള്ളിലേക്കു കയറി.ഞാൻ മെല്ലെ ഒരു ചുവട് മുകളിലേക്ക് കയറി.അതും ആ തെണ്ടി'' ചില്ലയ്ക്കിഷ്ടായില്ല.അവനെന്നെ ഒരു ചുവട് താഴേക്കു വലിച്ചിറക്കി.ഞാൻ പിന്നേയും മുകളിലേക്കു കയറും അതെന്നെ താഴേക്കു വലിച്ചിറക്കും.അങ്ങനെ കേറിയിറങ്ങി കേറി കൈകളു കഴച്ചു പൊട്ടി ഞാനവശനായി.അപ്പോഴാ നടുക്കുന്ന സത്യം ഞാനറിഞ്ഞു.ഇനി സിവിലാശുപത്രിയിലെ ബഡെനിക്കു സ്വന്തമാകാൻ പോകുവാണെന്ന്.എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി തളപ്പൂരി ഞാൻ താഴെ ഓല വരുന്നതു കാത്തുനിന്നവരുടെ മുന്നിലേക്ക് തെങ്ങിനരികിലൂടെ ഊർന്നിറങ്ങി ഞാൻ തെങ്ങിന്റടിയിലെ മണ്ണിന്റെ ഗുണമേന്മ പരിശോധിച്ചു.ഒപ്പം ശരീരത്തിലെ അവയവങ്ങളു കൂടിയോ എന്നും നോക്കി അഞ്ചാറിടത്ത് കുറച്ചു കോറലുകളും മൂന്നു നാലിടങ്ങളിൽ ഇച്ചിരെ പെയ്ന്റും പോയിട്ടുണ്ട്.അത്രേള്ളൂ.വെർതേ ഹോസ്പത്രീലെ മൊട്ടേം പാലും പാഴായിപോവൂലോന്നോർത്തു ഒന്നും മിണ്ടാതെ ഞാൻ വീട്ടിലെത്തി കിടന്നു.അപ്പോഴാണൊരു ചൊല്ല് എന്നെയൊരമ്മായി ചൊല്ലി കേൾപ്പിച്ചത്.ആന മുക്കണ കണ്ട് ആടുമുക്കിയാ കൂടൂല മോനേന്ന്.ഇതൊക്കെ എന്താ ഇവിടെ പറയുന്നേന്ന് നിങ്ങൾക്കു തോന്നും.ഒന്നുമില്ല വെറുതേ പറഞ്ഞതാ വെറും വെറുതേ!
വെറുപ്പിക്കാനൊന്നും കിട്ടിയില്ല അതാ...😜😜
നന്ദൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo