Slider

കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി വളരട്ടെ..

1
കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി വളരട്ടെ..
***************************************
ചെറിയ കുഞ്ഞുങ്ങൾ എന്നും എല്ലാവർക്കും ഇഷ്ടമാണ്. അവർ എന്ത് കാണിച്ചാലും വളരെ കൗതുകത്തോടെ നമ്മൾ കണ്ടിരിക്കും. ഞാനടക്കം അമ്മമാർ ഫോണും കൊണ്ടു മക്കളുടെ പിറകെ നടക്കാറുണ്ട്. പുതിയതായി എന്ത് ചെയ്താലും അമ്മമാർക്ക് അന്നു ഉത്സവം പോലെയാണ്. ഒട്ടു മിക്കവരും ഇങ്ങനെ തന്നെയാണ്. തന്റെ മകൻ അല്ലെങ്കിൽ മകൾ മിടുക്കനാണ്/മിടുക്കിയാണ് എന്നറിയുന്നതിൽ സന്തോഷിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഞാനും അങ്ങനെ തന്നെ.
എന്റെ മകൾ ആദ്യമായി പറഞ്ഞ വാക്ക്, അവൾ ആദ്യമായി പാടിയ പാട്ട്, ഇതെല്ലാം ഞാൻ നിധി പോലെ എന്റെ മനസ്സിന്റെ കോണിൽ സൂക്ഷിക്കുന്നു. എല്ലാ അമ്മമാരെയും പോലെ ഞാനും സന്തോഷിക്കുന്നു.. എന്റെ മക്കളുടെ മാത്രമല്ല, ഏതൊരു കുഞ്ഞിനെയും ഞാൻ അതു പോലെ സ്നേഹിക്കുന്നു. എന്റെ അനിയത്തിയുടെ മകൾ മേധുവും എന്റെ അടുത്ത വീട്ടിലെ മിടുക്കി പാറുകുട്ടിയും എനിക്ക് സ്വന്തം തന്നെ.. എന്റെ മക്കളുടെ ചെറിയ കൂട്ടുകാർ നന്ദുവും, ആഷുവും, നച്ചപ്പിയും, അക്കുവും, അച്ചുവും എല്ലാം എന്റെയും കൂട്ടുകാർ.. ഇനിയും ഉണ്ട് വലിയൊരു പട്ടാളം. 
എല്ലാ കുഞ്ഞുങ്ങൾക്കും ഈശ്വരൻ കനിഞ്ഞു നൽകിയ നിഷ്കളങ്കത ഉണ്ട്. അതാണ് നമ്മളെ അവരോടു ആകർഷിക്കുന്നത്. അവരുടെ കൊഞ്ചലും, പരിഭവവും കാണാൻ എന്ത് രസമാണ്. പക്ഷെ ഈ അടുത്ത കാലത്തു എന്നെ വിഷമിപ്പിക്കുന്ന ഒന്നുണ്ട്. ചെറിയ മക്കളുടെ റിയാലിറ്റി ഷോ തന്നെ. മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളോട് അച്ഛന്റെയും അമ്മയുടെയും കിടപ്പറ രഹസ്യം വരെ ചോദിക്കുന്ന അവതാരക. അവരുടെ നിഷ്കളങ്കമായ ഉത്തരങ്ങളെ വളച്ചൊടിച്ചു വേറെ ഒരു രീതിയിൽ അവതരിപ്പിക്കുന്നു, കൂടെ ആർത്തു ചിരിക്കാൻ കുറെ പേരും.. എനിക്ക് ഒരു ഫ്രണ്ട്‌ ഉണ്ട് എന്നു ഒരു ആണ്കുട്ടി പറഞ്ഞാൽ, " അത് നിന്റെ ഗേൾ ഫ്രണ്ട് ആണോ, നിങ്ങൾ എന്തോക്കെയാണ് സംസാരിക്കുന്നതു? എപ്പോഴാണ് കല്യാണം?? വീട്ടുകാർ എതിർത്താലോ??" ഇതൊക്കെയാണ് ചോദ്യങ്ങൾ..  
കുഞ്ഞു മനസ്സിൽ ഇതൊന്നും ഇല്ലെന്നെ, എനിക്കു അവളെ അല്ലെങ്കിൽ അവനെ ഇഷ്ടമാണ് എന്നു പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് ഞങ്ങളുടെ മനസിൽ ഉള്ളതൊന്നും അല്ല. വളരെ നിഷ്കളങ്കമായ ഒരു ഇഷ്ടമാണ് അത്..
അതു പോലെ തന്നെയാണ് ഈ ഡാൻസ് റിയാലിറ്റി ഷോകൾ.. ചെറിയ കുട്ടികളെ കൊണ്ടു എന്തോക്കെയാണ് ചെയ്യിക്കുന്നത്? അവരുടെ പ്രായത്തിനു ചേരാത്ത വസ്ത്രവും, തീരെ ആരോചകമല്ലാത്ത നൃത്തച്ചുവടുകളും. കാണുമ്പോൾ നല്ല വിഷമമുണ്ട്. അവരുടെ പ്രായത്തിൽ ചെയ്യേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. അവർ അത് ചെയ്യട്ടെ. ഇത്തരം നൃത്തവും മറ്റും അവർ വലുതായി അവർക്ക് ഇഷ്ടമെങ്കിൽ ചെയ്യട്ടെ. ഒരു മത്സരത്തിൽ വിജയിക്കാതെ പോയ കുട്ടി അവന്റെ കുഞ്ഞു മനസ്സു എത്ര നോവിക്കുന്നുണ്ട് എന്നു നിങ്ങൾക്കറിയാമോ?  
ചാന്നാലുകാർക്ക് വേണ്ടത് TRP, നാട്ടുകാരുടെ മുമ്പിൽ ആളാവാൻ കുറെ മാതാപിതാക്കൾ ( എല്ലാരും ഇല്ല കേട്ടോ) പക്ഷെ ഇതിന്റെ ഒക്കെ നടുവിൽ മുറിവേൽക്കുന്ന ഒരു മനസ്സുണ്ട്. അതു പോട്ടെ, ജയിച്ച കുട്ടിയാകട്ടെ, ഞാൻ ഈ ലോകം കീഴടക്കിയ പോലെയാണ്. ഇല്ല കുഞ്ഞേ, നിനക്കു ഇനിയും ഒരു പാട് യാത്ര ചെയ്യാൻ ഉണ്ട്.
ഇത്തരം പരിപാടികൾ നിർത്തേണ്ടി ഇരിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത commercialise ചെയ്യുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. മാതാപിതാക്കൾ ആണ് ഇത് ശ്രദ്ധിക്കേണ്ടത്.
മക്കൾക്ക് കഴിവുണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കൂ, അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം. പക്ഷെ അത് അവരുടെ മനസ്സു അറിഞ്ഞു കൂടെ ആയിരിക്കണം. അല്ലാതെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പറ്റിയില്ല അതു കൊണ്ടു എന്തോക്കെ ചെയ്തു എന്റെ മോളെ സിനിമയിൽ അഭിനയിപ്പിക്കണം, അല്ലെങ്കിൽ എനിക്ക് നൃത്തം പഠിക്കാൻ പറ്റിയില്ല, മോളെ ഡാൻസർ ആക്കണം.. അതിനു അവർ എന്ത് ചെയ്യാനും തയ്യാർ.
കൊച്ചു മക്കളുടെ പല വീഡിയോകളും ഇന്ന് യൂട്യൂബിൽ വരുന്നുണ്ട്. ചിലതു കാണുമ്പോൾ സന്തോഷം ഉണ്ട്. 2 വയസ്സുള്ള മോള് അച്ചന്റെ കൂടെ "മിനുങ്ങും മിന്നാമിനുങ്ങേ" പാടിയപ്പോൾ ഒരു പാട് സന്തോഷം തോന്നി. നല്ലതു തന്നെ.പക്ഷെ ഈ കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ എന്നെ ഒരു പാട് സങ്കടപെടുത്തി. മൂന്നോ നാലോ വയസ്സുള്ള ഒരു ചെറിയ പെണ്കുട്ടി തന്നെ ചതിച്ച കാമുകനോട് എന്ന പോലെ ഫോണിൽ സംസാരിക്കുകയാണ്. ആ പ്രായത്തിൽ ഉള്ള കുട്ടി ചെയ്യേണ്ടതാണോ ഇതു? അതു ചിരിച്ചു പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരും.
കുട്ടികളുടെ മനസ്സിൽ കളങ്കമില്ല. അവരുടെ മനസിൽ ആവശ്യമില്ലാത്ത ചിന്തകൾ പാകുമ്പോൾ അതു നാളത്തെ വിപത്തു ആണെന്നു കൂടി നമ്മൾ ഓർക്കണം. അഞ്ചു വയസ്സുകാരനെ കൊണ്ട് ഒരു പെണ്കുട്ടിയോട് " I love you" പറയിപ്പിക്കുമ്പോൾ , അല്ലെങ്കിൽ അവനെ കൊണ്ടു അവളോട് പ്രണയം പറയിപ്പിക്കുമ്പോൾ എല്ലാം നമ്മൾ ഒരു കുഞ്ഞു മനസ്സിനെ വേറെ ഒരു തലത്തിലേക്ക് കൊണ്ടു പോവുകയല്ല.
ഈ പ്രായത്തിൽ അവനു ഇഷ്ടമായുള്ളത് ചെയ്യട്ടെ, കൂട്ടുകാരോടൊത്തു കളിക്കട്ടെ, കുറുമ്പു കാണിക്കട്ടെ.. വഴക്കിട്ടോട്ടെ.. അല്ലാതെ പ്രണയം, അമർഷം, അടി ഇടി , രാഷ്ട്രീയം, മതം ഇതെല്ലാം മനസ്സിൽ തിരുകേണ്ട കാര്യമില്ല.
കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണൂ, അവരെ അങ്ങനെ ജീവിക്കാൻ അനുവദിക്കൂ. അവരുടെ നിഷ്കളങ്കതയെ വിറ്റു കാശാക്കുന്നവരോട് പുച്ഛം മാത്രം..
എന്റെ ചിന്തകൾ
രേണു ഷേണായി
(ജയന്തി ശോഭ)
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo