Slider

#കുടുംബകലഹ#രസായനം

0
#കുടുംബകലഹ#രസായനം
****************************
"ടാ..നിന്റെ ഭാര്യയ്ക്ക് ഭ്രാന്താണെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടടാ അവളെ.
ബാക്കിയുള്ളോരുടെ മണ്ടയ്ക്കിട്ട് താങ്ങാൻ നിൽക്കുവാ അവള്."
ബൈക്കിൽ നിന്നും ഇറങ്ങിയതേ അമ്മയുടെ ഈ അലർച്ച കേട്ടുകൊണ്ടാണ്...അകത്തേക്ക് ചെന്ന് നോക്കുമ്പോൾ ഹേമ കയ്യിൽ കറിക്കത്തിയും പിടിച്ച് കൊണ്ട് സോഫയിൽ തളർന്നിരിക്കുന്നു.ടി.വി നിലത്ത് തകർന്നു തരിപ്പണമായി കിടക്കുന്നുണ്ട്.അടുക്കളയും ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു.
ഉണ്ടായിരുന്നു.
ഞാനടുത്തേക്ക് ചെന്നതും ഹേമ എന്നെ ഒറ്റത്തള്ളലായിരുന്നു.ഭാഗ്യത്തിന് ടേബിളിന്റെ സൈഡിൽ പിടിച്ചതിനാൽ മറിഞ്ഞു വീണില്ല.അപ്പോഴും ശബ്ദം താഴ്ത്തി അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു, അതിനോടൊപ്പം ഇടയ്ക്കിടെ കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
"അമ്മ പറഞ്ഞത് ശരിയാ ഇവൾക്ക് ഭ്രാന്താണെന്നാ തോന്നണത്. ഏതായാലും ഡോക്ടറെ കാണിച്ചിട്ട് വരാം.ഞാൻ ഒരു ടാക്സി വിളിക്കട്ടെ.അമ്മ വരുന്നുണ്ടോ കൂടെ"
"ഫ..ഈ നശിച്ചവളെ കാണിക്കാൻ ഞാനെന്തിനാ കൂടെ വരുന്നത്.എനിക്കതിന്റെ ആവശ്യമില്ല.കാൽക്കാശിന് ഗതിയില്ലാത്തവളെ തൊലിവെളുപ്പ് കണ്ട് കെട്ടിയതല്ലേ.വരുന്നതൊക്കെ നീ തനിയെ അങ്ങ് അനുഭവിച്ചാൽ മതി."
അമ്മയുടെ മനസ്സിൽ ഹേമയോടുള്ള വെറുപ്പ് എത്രത്തോളമുണ്ടെന്നെനിക്കറിയാം.അമ്മയുടെ ആങ്ങളയുടെ മകളെ ഞാൻ കെട്ടാത്തതിലുള്ള ദേഷ്യം മുഴുവൻ പാവം ഹേമയോടാണ് അമ്മ തീർക്കുന്നത്.കണ്ടവന്റെ കൂടെ ഒളിച്ചോടി നാലിന്റന്ന് തിരികെ വന്ന ആ അഹങ്കാരിയെ കെട്ടാൻ എനിക്കിഷ്ടമല്ലെന്ന് അമ്മയോട് പലതവണ പറഞ്ഞതാ.അമ്മയ്ക്കപ്പഴും അമ്മാവന്റെ സ്വത്തിലായിരുന്നു കണ്ണ്.
അമ്മയ്ക്ക് മാത്രമല്ല എന്റെ പെങ്ങൾക്കും അവളെ കെട്ടുന്നതിലായിരുന്നു താല്പര്യം.കാരണം പുഴക്കരയുള്ള അമ്മാവന്റെ പത്ത് സെന്റ് വസ്തു ചുളുവിലയ്ക്ക് അവൾക്ക് കൊടുക്കാമെന്ന് അമ്മായി അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഒരു കാരണത്താൽ അവളെ എന്റെ തലയിൽ കെട്ടി വെക്കാൻ എന്റെ പെങ്ങൾക്കും വല്ല്യ ഉത്സാഹമായിരുന്നു.അല്ലേലും ചില പെണ്ണുങ്ങളങ്ങനാണല്ലോ സ്വത്തും സ്വർണ്ണവും കണ്ടാൽ കണ്ണ് മഞ്ഞളിക്കും.
എനിക്കൊപ്പം പഠിച്ച എന്റെ ഉറ്റ സുഹൃത്ത് ഗിരീഷ് ഒരു ആക്സിഡന്റിൽ മരിച്ചപ്പോ തനിച്ചായിപ്പോയ അവന്റെ അമ്മയേയും ഹേമയേയും സഹായിക്കാൻ അവളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.പക്ഷേ അതെന്റെ അമ്മയുടേയും പെങ്ങളുടേയും എന്നോടുള്ള വെറുപ്പ് കൂട്ടിയതേയുള്ളൂ.കാരണം അവരാഗ്രഹിച്ചതു പോലെ സ്വത്തും സ്വർണ്ണവും ഒന്നും തരാൻ ഹേമയുടെ വീട്ടുകാർക്ക് കഴിവില്ലായിരുന്നു.
മനസ്സില്ലാ മനസ്സോടെ ആയിരുന്നു ഞങ്ങളുടെ വിവാഹത്തിന് അമ്മ സമ്മതിച്ചത്.കെട്ടിക്കൊണ്ട് വന്നതിന്റെ പിറ്റേന്ന് തൊട്ട് അവളോടുള്ള പോര് തുടങ്ങി.ഞാനെന്തെങ്കിലും എതിർത്തു പറഞ്ഞാൽ ഉടനേ അച്ചിക്കോന്തനെന്നുള്ള വിളിപ്പേരും നാട്ടുകാരു കേൾക്കെ .. ഭാര്യയുടെ വാക്കുകേട്ട് അമ്മയെ തെറിവിളിക്കുന്നെന്നുള്ള രീതിയിൽ കള്ളക്കരച്ചിലും.
പലപ്പോഴും എന്റെ അമ്മയുടേയും പെങ്ങളുടേയും കുത്തുവാക്കുകൾ കേട്ട്
എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന അവളെ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നും.ഞാൻ കാരണമാണല്ലോ അവൾക്കീ ഗതി വന്നത്.അമ്മയേയും കൂടപ്പിറപ്പിനേയും ഉപേക്ഷിക്കാൻ വയ്യാത്തതിനാൽ പലപ്പോഴും അവർക്കു മുന്നിൽ ഹേമയോടുള്ള കുറ്റപ്പെടുത്തലുകൾ കണ്ടില്ല കേട്ടില്ലാ എന്ന മട്ടിൽ നടിക്കുവാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
ടാക്സിയിൽ കയറി ഹേമയുമായി ഞാൻ പോകുമ്പോഴും അവളോടുള്ള അമ്മയുടെശാപവാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.....തിരികെ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു.ഡോക്ടർ എന്തു പറഞ്ഞു എന്നുള്ളതറിയാനായിരുന്നു രണ്ടാൾക്കും തിടുക്കം.ഹേമയെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം അമ്മയേയും പെങ്ങളേയും വീടിന് പുറകിലേക്ക് മാറ്റി നിർത്തി ഡോക്ടർ പറഞ്ഞ കാര്യം ഞാൻ വിശദമായി തന്നെ പറഞ്ഞു.
"ഹേമയുടെ മനോനില ഓരോ ദിവസം കഴിയുന്തോറും വഷളായികൊണ്ടിരിക്കുവാണ്.നിങ്ങളോട് രണ്ടാളോടുമുള്ള വൈരാഗ്യം ഒരു പക്ഷേ നിങ്ങളെ കൊല്ലാൻ തന്നെ അവൾ മടിക്കില്ല.സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ അവളെ നോർമലാക്കാൻ പറ്റും.നിങ്ങൾ ഇത്രയും നാൾ അവളെ ദ്രോഹിച്ചതൊക്കെ മനസ്സിൽ ആഴത്തിലേറ്റ മുറിവ് പോലെ അവളുടെ ഉള്ളിലുണ്ട്.അതിൽ നിന്നുമാണ് ഇത്തരത്തിൽ അവളുടെ മാനസികനില തെറ്റാൻ കാരണം.ഇനിയും നിങ്ങളവളെ ദ്രോഹിച്ചാൽ ...നിങ്ങളുടെ മരണത്തിന് ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കും കാരണം അവളൊരു മാനസികരോഗിയായതിനാൽ ഒരു കോടതിയും അവളെ ശിക്ഷിക്കില്ല."
ഞാൻ പറഞ്ഞു തീർന്നതും കണ്ണും തള്ളി മിഴിച്ചു നിന്ന പെങ്ങൾ ഓടി മുറിക്കകത്തേക്ക് കയറി ഡ്രസ്സും മാറി ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഓട്ടോയും വിളിച്ചത് നിമിഷങ്ങൾക്കമായിരുന്നു.അമ്മയാണെങ്കിൽ കൂടെക്കൂടെ സ്വന്തം തല അവിടുണ്ടോയെന്ന് തപ്പി നോക്കുന്നത് കണ്ടപ്പോൾ ചിരിയാണ് തോന്നിയത്.
പിറ്റേന്ന് രാവിലെ ചായയുമായി അതിരാവിലെ തന്നെ ഹേമ എന്നെ വിളിച്ചുണർത്തിയപ്പോ അല്പം ദേഷ്യത്തോടെയാ കണ്ണ് തുറന്നത് , പക്ഷേ കുളിച്ച് പുത്തൻ ഡ്രസ്സും ധരിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.
അതേ മിഴിച്ച് നോക്കണ്ടാട്ടോ വിനുവേട്ടന്റെ ഈ ബുദ്ധി ഏറ്റൂട്ടോ.അമ്മയ്ക്കിപ്പോ എന്നോട് എന്തൊരു സ്നേഹമാണെന്നോ.നമ്മളും രണ്ടാളും കൂടി പുറത്തൊക്കെ പോയി വരാൻ അമ്മ പറഞ്ഞു.ഞാനതാ റെഡിയായി നിൽക്കണത്.ഒന്നെഴുന്നേറ്റ് വേഗം റെഡി യാവൂട്ടോ.ചിരിച്ചുകൊണ്ടതു പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
"ശോ ഒന്നു പതുക്കെ പറ പെണ്ണെ അമ്മ കേട്ടാൽ അതു മതി എല്ലാം കുളമാകാൻ.
ഒന്നു ഭ്രാന്തിയായി അഭിനയിച്ചാലെന്താ അമ്മയുടെ വഴക്കൊഴിവായി കിട്ടിയില്ലേ.അത് തന്നെ ആശ്വാസം"
"അതേ അമ്മ എന്നോട് പറഞ്ഞു പുതിയ ഒരു ടി.വി വാങ്ങണമെന്ന് ചേട്ടനോട് പറയാൻ.എപ്പഴാ ടി.വി വാങ്ങുന്നത്"
ഒരാവേശത്തിന്റെ പുറത്ത് ടി.വി തല്ലിപ്പൊട്ടിക്കാൻ അവളോട് പറഞ്ഞതോർത്തപ്പോ എനിക്കു തന്നെ അത് പാരയാകുമെന്ന് അറിഞ്ഞിരുന്നില്ല.ഇനീപ്പോ അതിനുള്ള പൈസയൊപ്പിച്ചില്ലെങ്കിൽ അടുത്ത കലഹം രണ്ടാളൂം കൂടി എനിക്ക് നേരെ ആകുമല്ലോന്നോർത്തപ്പോ എനിക്ക് ശരിക്കും വട്ടായതുപോലെ..
By....RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo