Slider

കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല പ്രേമവും ഒളിച്ചോട്ടവും

0
കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല പ്രേമവും ഒളിച്ചോട്ടവും എന്ന്
എന്റെ അമ്മ ഉറച്ചു വിശ്വസിച്ചിരുന്നു.....!
അതുകൊണ്ട് തന്നെ ഞാൻ ഒരു ക്രിസ്ത്യൻ ചെറുക്കനെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തതോടെ...,
എന്റെ വീടിന്റെ ഗേറ്റ് എന്നെന്നേക്കുമായി എന്റെ മുന്നിൽ അടഞ്ഞു.....!
അച്ഛന് പിന്നെയും സ്വന്തം മോളല്ലേ എന്നപേരിൽ ഒരു സഹതാപം എന്നോട് ഉണ്ടായിരുന്നു....,
എന്നാൽ
അമ്മ പിന്നീടൊരിക്കൽ പോലും എന്നെ കാണാൻ കൂട്ടാക്കിയില്ല....,
"പുകഞ്ഞ കൊള്ളി പുറത്ത് "
എന്ന നിലപാടായിരുന്നു എന്റെ കാര്യത്തിൽ അമ്മക്ക്....,
ഞാൻ അമ്മയോട് ചെയ്തതിൽ പ്രതിഷേധിച്ച് അമ്മയുടെ ഹൃദയത്തിൽ നിന്നു തന്നെ എന്നെ അമ്മ വെട്ടി മാറ്റിയിരുന്നു.....,
അമ്മയുടെ റൂമിൽ നിന്നുമാത്രമല്ല വീട്ടിലെ എല്ലാ ചുമരിൽ നിന്നും അമ്മ എന്റെ എല്ലാ ഫോട്ടോകളും എടുത്തു മാറ്റി......,
എന്റെതായി അവശേഷിച്ചിരുന്ന പുസ്തകങ്ങൾ,
മേക്കപ്പ് സാധനങ്ങൾ എന്നിവ തീയിട്ടു നശിപ്പിക്കുകയും...,
വസ്ത്രങ്ങളെല്ലാം ഏതോ അനാഥാലയത്തിലേക്ക് കൊടുത്തു വിടുകയും ചെയ്തു....!
ചിലതെല്ലാം അച്ഛൻ എതിർക്കാൻ ശ്രമിച്ചെങ്കിലും അമ്മ വഴങ്ങിയില്ല,
ഞാൻ നേരിട്ട് വിളിക്കരുത് എന്ന് കരുതി അമ്മയുടെ ഫോൺ നമ്പർ പോലും അമ്മ മാറ്റി.
പഴയകാല ആൽബം പോലും അമ്മയെടുത്തു അലമാരയിൽ പൂട്ടി വയ്ച്ചു...,
എന്നെ പറ്റി ആരെങ്കിലും ചോദിക്കുന്നത് പോലും രണ്ടാമതൊന്ന് ആ ചോദ്യം ആവർത്തിക്കാനുള്ള ധൈര്യം അവർക്കില്ലാത്ത വിധമാണ് അമ്മ അവരോടെല്ലാം പ്രതികരിച്ചത് പോലും...,
അമ്മയുടെ അനിയത്തി വഴി എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.
ഈ സംഭവങ്ങളിൽ നിന്നെല്ലാം അമ്മയുടെ മനസ്സിൽ ഞാൻ മരണപ്പെട്ടതായി വേദനയോടെ ഞാൻ മനസിലാക്കി...."
എനിക്കൊരു കുഞ്ഞു ജനിച്ചിട്ട്‌ പോലും അമ്മ വാശി കളയാനോ ആ കുഞ്ഞിനെയൊന്നു കാണാനോ വന്നില്ല...,
അമ്മക്ക് എന്നെ കാണുന്നതു പോലും വെറുപ്പാണ് എന്നു മനസ്സിലാക്കിയ ഞാൻ പതിയെ മറ്റൊരു നഗരത്തിലേക്ക് താമസം മാറി....,
പതിയെ ഞാനെന്റെ ഉത്തരവാദിത്വങ്ങളിൽ ഒതുങ്ങി പതിയെ ഞാൻ അമ്മയെ മറന്നു.
അതൊരു പൂർണമായ മറവി ആയിരുന്നില്ല.
എന്റെ ഓർമകളിലൂടെ ഹൃദയബന്ധം വഴി പോലും എന്റെ ഓർമകളെ അമ്മയുടെ മുന്നിലേക്ക് എത്തിക്കാതിരിക്കാനുള്ള ഒരു പോംവഴിയായി മാത്രം....,
എന്നാൽ ഏതൊരു മകളെയും പോലെ പലപ്പോഴും എന്റെ കണ്ണുകൾ അമ്മക്ക് വേണ്ടി നനയാറുണ്ടായിരുന്നു....
അങ്ങനെ വർഷങ്ങൾ കടന്നു പോയി.....
ഒരു ദിവസം എന്നെ ദുഃഖത്തിലാഴ്ത്തി ഒരു കോൾ കടന്നു വന്നു.
എന്റമ്മക്ക് അൽഷിമേഴ്സ് എന്ന രോഗം പിടിപെട്ടിരിക്കുന്നു എന്ന ദു:ഖസത്യം അറിയിച്ചു കൊണ്ട്....!
തുടക്കമാണ്
എന്നാലും കുറച്ചു വർഷങ്ങൾക്ക് അപ്പുറം
ചുറ്റുമുള്ളതെല്ലാം മറവിയിൽ ആഴ്ത്തിവെക്കാൻ കഴിവും കരുത്തുള്ള രോഗഭീമനാണവൻ.....!
നമ്മളെ സ്വയം സംരക്ഷിക്കാനുള്ള നമ്മുടെ എല്ലാ കഴിവുകളും തകർക്കാൻ കഴിവുള്ള രോഗം.....
വിവരം അറിഞ്ഞതോടെ ഞാൻ ഓടി നാട്ടിലെത്തി....,
അമ്മക്കെന്നെ കാണുന്നത് താല്പര്യമില്ലാത്തത് കൊണ്ട് ഒളിച്ചു നിന്നാണ് ഞാൻ അമ്മയെ കണ്ടത്.....!
ഇപ്പോൾ എന്റെ അമ്മ പ്രസന്നവതിയും ചുറുചുറുക്കും ഉർജ്ജ്സ്വലയുമായ ഒരു സ്ത്രീയാണ്....,
കുറച്ചു വർഷങ്ങൾക്ക് ശേഷം എന്റെ അമ്മയും ആരെയും തിരിച്ചറിയാൻ ആവാത്തവിധം വിധിക്ക് കീഴടങ്ങും എന്നോർത്തപ്പോൾ അറിയാതെ തേങ്ങലുകൾ എന്നെ വാരിപുണർന്നു...,
അമ്മയെ രോഗിയാക്കുക വഴി ദൈവം ഏറ്റവും കൂടുതൽ ക്രൂരത കാട്ടിയത് എന്നോടായിരുന്നു....,
എന്നെങ്കിലും ഒരിക്കൽ അമ്മ എന്നോട് ക്ഷമിക്കും എന്ന് വിശ്വസിച്ചു ജീവിച്ച എന്റെ ജീവനില്ലാതാക്കിയ ദൈവ വിധിയായിരുന്നു അത്...!
ഓർമ്മകൾ നഷ്ടപെടുന്നതിനു മുൻപ്
തന്നെ അമ്മ എന്നെ തിരിച്ചു വിളിക്കുമോ എന്നോടെല്ലാം ക്ഷമിക്കുമോ എന്നറിയില്ല,
എന്നാൽ എപ്പോൾ വേണമെങ്കിലും അമ്മയുടെ ഓർമ്മ നഷ്ടപ്പെട്ടേക്കാം....
അമ്മയുടെ മുന്നിലേക്ക് ചെന്ന് നില്കാനുള്ള ഭയം കൊണ്ട് പലപ്പോഴും അച്ഛന്റെ കൈ പിടിച്ചു മുറ്റത്തുകൂടി നടക്കുന്ന അമ്മയെ ഞാൻ ഒളിച്ചുനിന്നു കണ്ടു....,
പലപ്പോഴും ഞാൻ വരുന്നതറിഞ്ഞു അച്ഛൻ തന്നെയാണ് അമ്മയെ കൂട്ടി വീടിനുപുറത്തിറങ്ങി നടക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അമ്മയറിഞ്ഞില്ല.
രണ്ടര വർഷത്തിനു ശേഷം അമ്മ പൂർണമായി രോഗത്തിനടിമപ്പെട്ട് എല്ലാം മറന്നു.
അതോടെ ഉള്ള ജോലി കളഞ്ഞു ഞാൻ അമ്മയെ ചികിത്സിക്കാനായി വീട്ടിലെത്തി.....!
ഉള്ള ജോലി കളഞ്ഞു എന്തിനു അമ്മയുടെ കൂടെ നിൽക്കണം.....?
ഒരു ജോലിക്കാരിയെ വെച്ചാൽ പോരേ...?
എന്ന് ഭർത്താവും അച്ഛനും ചോദിച്ചപ്പോൾ അവരോടു ഞാൻ പറഞ്ഞു.....,
ചെറുപ്പത്തിൽ ഇതുപോലെ ഒന്നും തിരിച്ചറിയാനാവാത്ത പ്രായത്തിൽ എന്റെ കൂടെ രാവെന്നോ പകലെന്നോ ഇല്ലാതെ എന്റെ സംരക്ഷത്തിനായി നിലനിന്നതിന്റെ ഒരംശമെങ്കിലും എനിക്ക് തിരിച്ചു കൊടുത്തേ പറ്റൂ...
അമ്മക്ക് എന്നെ തിരിച്ചറിയാനാവില്ലെങ്കിലും എനിക്കറിയാല്ലോ എന്റെ അമ്മയാണെന്ന്.....!
പിന്നെ അവരൊന്നും പറഞ്ഞില്ല....
ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനും അമ്മയും കടന്നു പോകുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം....,
എന്നാലും
പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്
" എന്റെ അമ്മ എന്നെയൊന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലൊയെന്ന്......., "
അമ്മക്ക് ഞാൻ അമ്മയെ പോലെ
ആരോ ഒരാൾ മാത്രമായിരുന്നു.....,
എന്നെ അമ്മ തിരിച്ചറിയുമെന്നത്
ഒരിക്കലും സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത കാര്യമായിരുന്നു എങ്കിലും
അതായിരുന്നു എന്റെ സ്വപ്നം...."
അമ്മ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും
ഞാൻ എന്നെ പൂർണമായി അമ്മയ്ക്ക് സമർപ്പിച്ചു....,
രാപകൽ ഇല്ലാതെ അമ്മയുടെ ഒരോ ചെറിയ കാര്യത്തിലും ശ്രദ്ധയൂന്നി ഞാൻ മുന്നോട്ടുപോയി.....,
ഇവിടെയുള്ള ഒരേയൊരു ഗുണം തിരിച്ചറിവില്ലാത്തതു കൊണ്ടു മാത്രം അമ്മക്കരുകിൽ നിൽക്കാനെന്നിക്കായി എന്നതാണ്....,
എങ്കിലും അമ്മയുടെ അസുഖം മാറിയിരുന്നെങ്കിൽ എന്നു മാത്രമായിരുന്നു മനസ്സിൽ അമ്മയാണേൽ ഞങ്ങളാരും ഇല്ലാത്ത ഏതോ ലോകത്തും....!
എന്നാലും പഴയകാര്യങ്ങൾ പലതും കാണിച്ചു കൊടുത്തും മറ്റും അമ്മയുടെ നഷ്ടമായ ഓർമയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിഫലമാണെങ്കിൽ കൂടി ഞങ്ങൾ നടത്തി കൊണ്ടെയിരുന്നു
അതിന്റെ ഭാഗമായാണ് അമ്മ പൂട്ടി വെച്ചിരുന്ന അലമാരകൾ ഞങ്ങൾ തുറന്നത്.
എന്നാൽ ഒരു അലമാരിയുടെ അടിയിലെ ഒരു കള്ളി തുറന്നപ്പോൾ
അതിൽ നിറയെ എന്റെ ഫോട്ടോകളായിരുന്നു. അതിലൊന്നിൽ ഒരു പേപ്പറിൽ അമ്മ
എന്റെ അമ്മു "
എന്ന് എഴുതിവെച്ചിരുന്നു.....!
അത് കണ്ടതും
എന്റെ കണ്ണുകൾ നിറഞ്ഞു.....!
വലിയ പഴക്കമില്ലാത്ത ഒരെഴുത്താണ് എന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി കാരണം എന്റെ അമ്മക്ക് എന്നോടുള്ള പിണക്കത്തിന്റെ പഴക്കം ആ എഴുത്തിനില്ലായിരുന്നു...,
അമ്മ തനിക്ക് മറവികൾ സംഭവിക്കുന്നുണ്ടെന്ന് സ്വയം തോന്നി തുടങ്ങിയ നാളുകളൊന്നിൽ....!
അത് ഒരു രോഗലക്ഷണമായി അമ്മ തിരിച്ചറിഞ്ഞിരിക്കണം ആ തിരിച്ചറിവിന്റെ നേരങ്ങളൊന്നിൽ എഴുതിയതായിരിക്കാം അത്...,
അമ്മയെ ശുശ്രൂഷിക്കാനും കൂടെ നില്ക്കാനും ശ്രമിച്ചില്ലായിരുന്നെങ്കിൽ എനിക്കത് ഒരിക്കലും കണ്ടെത്താനാവില്ലായിരുന്നു.....!
അമ്മ എനിക്ക് അങ്ങനെ ഒരു അത്ഭുതം സൂക്ഷിച്ചു വെച്ചു.....!
തുടർന്ന് കുറേ ദിവസത്തിന് ശേഷം എന്റെ മകന്റെ പിറന്നാളിന്റെയന്ന് ഏട്ടന്റെ കുറച്ചു സുഹൃത്തുക്കളും അയൽപക്കത്തുകാരും മാത്രം ചേർന്നുള്ള വൈകിട്ടുള്ള
ആ ബർത്ത് ഡേ ഫംങ്ങ്ഷൻ നേരത്തും
എന്റെ ചിന്തയും
മനസും അമ്മയുടെ അടുത്തു തന്നെയായിരുന്നു...,
അടുക്കളയിൽ നിന്നും നോക്കിയാൽ എനിക്കു കാണാവുന്ന ദൂരത്തായിരുന്നു ഞാനമ്മയെ ഇരുത്തിയിരുന്നത്...,
പലരും വന്ന് അമ്മയോട് പലതും പറയുന്നുണ്ടെങ്കിലും അമ്മ അവരെയെല്ലാം പറയുന്നത് കേൾക്കുകയും അവിടെ ഇരുന്നു കൊണ്ടു തന്നെ അവരെ നോക്കുകയും മാത്രം ചെയ്തു...,
കുറച്ചു കഴിഞ്ഞതും ആരോ എന്തോ ചോദിച്ചത് എടുത്തു കൊടുക്കാനായി ഞാനൊന്ന് മാറിയതും അമ്മ പെട്ടന്നവിടുന്ന് എഴുന്നേറ്റ് അടുക്കളയിലെക്ക് നടന്നു വന്നു
അമ്മ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് നടന്നതും അതു കണ്ട് രണ്ടാാം നിലയിൽ നിന്നു എന്റെ ഭർത്താവും വീടിനു പുറത്തു നിൽക്കുകയായിരുന്ന അച്ഛനും പെട്ടന്നാരംഗം കണ്ട് അങ്ങോട്ടെക്കോടി വന്നു
അമ്മ നടന്നു വന്ന് പുറം തിരിഞ്ഞു നിൽക്കുന്ന എന്റെ ചുമലിൽ കൈ വെച്ചപ്പോഴാണ് ഞാനും തിരിഞ്ഞമ്മയെ നോക്കുന്നത്
അപ്പോൾ അമ്മയെഴുന്നേറ്റ് വന്നതു കണ്ടാണ് ഭർത്താവും അച്ഛനും അങ്ങോട്ടോടി വന്നത് എന്നു കണ്ട എനിക്കതു വലിയ സന്തോഷം നൽകി എന്നെ പോലെ അന്ന് അവരുടെ പൂർണ്ണശ്രദ്ധയും അമ്മയിലായിരുന്നെന്നത് എന്നെ സംബന്ധിച്ചിടത്തോള്ളം വലിയ കാര്യമായിരുന്നു....,
അവർ നോക്കി നിൽക്കേ അമ്മയിലെക്കു തിരിഞ്ഞു നോക്കിയ എന്നോട് ഒരു നിമിഷം സസൂക്ഷ്മം എന്നെ നോക്കി അമ്മ എന്നോടു ചോദിച്ചു.....,
എല്ലാവരും പറയുന്നു " നീ എന്റെ മകളാണെന്ന് ശരിയാണോ....? എന്ന് ?
അമ്മയുടെ ആ ചോദ്യം കേട്ടതും വികാരത്തിന്റെ തിരത്തള്ളലിൽ ഞാൻ കരഞ്ഞു..,
ഞാൻ പറഞ്ഞു
"അതേ അമ്മേ, അതു സത്യമാണ് ."
ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം അങ്ങിനെ അവിടെ പിറവി കൊണ്ടു.....
അടുത്ത നിമിഷം ഞാനമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു....,
അതെ നിമിഷം എന്റെ ഭർത്താവിന്റെയും അച്ഛന്റെയും കണ്ണുകൾ കൂടി ആ നിമിഷം നിറഞ്ഞുകവിഞ്ഞു.....,
ഇപ്പോൾ വന്ന ഒാർമ്മ വന്നപ്പോലെ അടുത്ത നിമിഷം ഇല്ലാതെയാവാം എന്നെനിക്കറിയാം എന്നാലും
അവർ പറയുന്നതു കേട്ടിട്ടാണെങ്കിലും ആ വാക്കുകളെ ഒരു നിമിഷം മനസ്സിൽ ഒാർത്തു വെച്ച് അമ്മയെന്നെ തിരിച്ചറിഞ്ഞല്ലോ......?
ഒരു നിമിഷത്തേക്കുള്ള ഭാഗ്യമായിരിക്കാം ചിലപ്പോഴത്
എന്നാലും അമ്മ എന്നെ തിരിച്ചറിഞ്ഞല്ലോ എന്ന സമാധാനം നൽകുന്ന ആനന്ദത്തിലായിരുന്നു ഞാനപ്പോൾ.......!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo