ഒരു തണുത്ത വെളുപ്പാൻ കാലം
********************************
ജോലി കഴിഞ്ഞു വരുമ്പോൾ നേരം നന്നായി ഇരുട്ടി. വഴിയരികിലെല്ലാം കുട്ടിപ്പിശാചുക്കൾ. ഡ്രാക്കുളയും വാംപൈറും സ്കെലിട്ടനും എല്ലാമുണ്ട്. ചില കുഞ്ഞു പിശാചുക്കൾ അമ്മമാരുടെ എളിയിലാണ്. എല്ലാവരുടെയും കയ്യിലുണ്ട് ചെറിയ ബക്കറ്റ്സ്. ട്രിക്ക് ഓർ ട്രീറ്റ് എന്ന് ചോദിച്ചു കൊണ്ട് അവർ വാതിലിൽ മുട്ടും. അവർക്കു കൊടുക്കാനായി ചോക്ലേറ്റ്‌സ് കരുതിയിട്ടുണ്ടാവണം. വിളവെടുപ്പ് കാലത്തിൻ്റെ അവസാനവും മഞ്ഞു കാലത്തിൻ്റെ ആരംഭവും ആഘോഷിക്കുന്ന 'സോവിൻ' എന്ന പഴയ ഒരു യൂറോപ്യൻ ആഘോഷമാണ് പിന്നീട് 'ഓൾ സെയിന്റ്സ് ഡേ' അല്ലെങ്കിൽ 'ഓൾ ഹാല്ലോസ് ഡേ' യുടെ തലേന്ന് വൈകിട്ട് ആഘോഷിക്കുന്ന
'ഹാല്ലോസ് ഈവ്' അല്ലെങ്കിൽ 'ഹാല്ലോവീൻ' ആയി മാറിയത് എന്ന് വായിച്ചു. എന്തായാലും ഈ ആഘോഷം നന്നായി വാണിജ്യവൽക്കരിക്കപ്പെട്ട് മറ്റു നാടുകളിലേയ്ക്കും എത്തിച്ചേർന്നു. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ ഇതിനായി പിശാചുക്കളായി വേഷം കെട്ടുന്നു. ഇതൊക്കെ കണ്ടപ്പോഴാണ് പണ്ടത്തെ ഒരു സംഭവം ഓർമ്മ വന്നത്. കുറേ വർഷങ്ങൾക്കു മുൻപു നടന്ന ഒരു കഥയാണ്. അൽപ്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ടെങ്കിലും സംഗതി സത്യമാണു കേട്ടോ.

അംബര ചുംബികളായ മലനിരകളും കളകളം പാടിയൊഴുകുന്ന കുളിരരുവികളുമുള്ള മനോഹരമായ ഒരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. നേരം പുലർന്നു വരുന്നതേ ഉള്ളു. അകലെ മലമുകളിൽ സ്ഥിതി ചെയ്യുന്ന അമ്പലത്തിൽ നിന്നും കാറ്റിൻ്റെ ദിശയ്ക്കനുസരിച്ച് ഇടവിട്ട് കേൾക്കുന്ന ഗായത്രി മന്ത്രം. അടുക്കളയിൽ നിന്നും അന്തരീക്ഷത്തിൽ അലയടിക്കുന്ന വെന്തു കൊണ്ടിരിക്കുന്ന ഇഡ്ഡലിയുടെയും സാമ്പാറിൻ്റെയും മണം. ദൂരെയുള്ള കോളേജിൽ പഠിക്കുന്ന കഥാനായികയായ ഞാൻ ക്ലാസ്സിൽ പോകാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നിയോൺ ബൾബിൻ്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ വക്ക് പൊട്ടിയ കണ്ണാടിയിൽ നോക്കി കണ്ണെഴുതി, നിറം ഇത്തിരി കുറവാണെന്നുള്ള അപകർഷതാ ബോധത്തെ അതിജീവിക്കാൻ വേണ്ടി മുഖത്ത് നന്നായി പൗഡർ പുരട്ടി, ശിങ്കാർ പൊട്ടു തൊട്ട് , കളഭ കുറിയും വരച്ചു. അമ്മ തന്ന ഇഡ്ഡലി രണ്ടെണ്ണം തിന്നെന്ന് വരുത്തി ഞാനിറങ്ങി ഓടി. പോയ വഴി മുറ്റത്തു നിന്നും ഒരു തുളസി കതിർ പറിച്ച് മുടിയിൽ തിരുകാനും മറന്നില്ല. ഈ ശീലങ്ങളൊക്കെ എൻ്റെ ബാല്യകാല സഖിയിൽ നിന്നും പഠിച്ചതാണ്. അവളുടെ കൂടെ ചില ദിവസങ്ങളിൽ അമ്പലത്തിലും പോകാറുണ്ടായിരുന്നു. വിശാല ഹൃദയരായ എൻ്റെ മാതാപിതാക്കൾ ഒരിക്കലും അതൊന്നും വിലക്കിയിരുന്നില്ല.
കോളേജിലേക്ക് ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂർ യാത്രയുണ്ട്. കുറച്ചു കാലം ഹോസ്റ്റലിൽ നിന്നെങ്കിലും പട്ടിണി കിടന്നു മടുത്തപ്പോൾ യാത്ര ചെയ്താലും വേണ്ടില്ല, രുചിയുള്ള ഭക്ഷണം കഴിക്കാമല്ലോ എന്നോർത്ത്, പോയി വരാൻ തുടങ്ങി. വീടിൻ്റെ മുൻപിൽ കൂടിയുള്ള ആദ്യത്തെ ബസ് എട്ടു മണിക്കാണ്. അതിനു പോയാൽ ക്ലാസ് തുടങ്ങുന്നതിനു മുൻപ് കോളേജിലെത്താം. പക്ഷെ വില്ലനായത് സ്പെഷ്യൽ ക്ലാസ്സുകളാണ്. ഒൻപതു മണിക്ക് ക്ലാസിൽ ചെല്ലണമെങ്കിൽ ഏഴു മണിക്ക് ബസ് കയറണം. ആ ബസ് കിട്ടണമെങ്കിൽ മുക്കാൽ മണിക്കൂർ നടക്കണം. അത് പോയാൽ പിന്നെ എട്ടു മണിയുടെ ഞാൻ സാധാരണ പോകുന്ന ബസേ ഉള്ളു. മൂന്നു നാലു പേരുടെ പറമ്പിൽ കൂടിയുള്ള ഒരു കുറുക്കു വഴിയുണ്ട്. അതിലെ പോയാൽ അരമണിക്കൂർ കൊണ്ട് ബസ് സ്റ്റോപ്പിലെത്താം. ഇടയ്‌ക്ക് വീടുകളൊന്നും ഇല്ലാത്തതിനാൽ അതുവഴി പോകരുതെന്നാണ് വീട്ടിൽ നിന്നുള്ള നിർദ്ദേശം. പക്ഷെ ഞാൻ എത്ര തിരക്ക് പിടിച്ച് ഒരുങ്ങിയാലും ഇറങ്ങുമ്പോൾ ആറര കഴിയും. പിന്നെ കുറുക്കു വഴി തന്നെ ശരണം. ആദ്യം നല്ല ഒരു കയറ്റവും പിന്നെ ഒത്ത ഒരു ഇറക്കവുമാണ്. പരമാവധി സ്പീഡിൽ കയറ്റം നടന്നു കയറിയിട്ട് പിന്നെ ഒറ്റ ഓട്ടമാണ് താഴെ റോഡ് വരെ.
അങ്ങനെ അന്നും ഞാൻ ഓടി ഇറക്കമിറങ്ങുകയാണ്. നേരം നന്നായി പുലർന്നു വരുന്നതേ ഉള്ളു. ജനുവരി മാസമായതിനാൽ കോടമഞ്ഞിൻ്റെ അകമ്പടിയുമുണ്ട്. ഓടുമ്പോൾ എൻ്റെ കുപ്പിവളകൾ കിലുകിലാന്നു കിലുങ്ങുന്നുണ്ട്. കൊലുസുണ്ടായിരുന്നെങ്കിൽ അതും കിലുങ്ങിയേനെ. പക്ഷെ ഇല്ലായിരുന്നു. പപ്പയ്ക്ക് ആ സാധനത്തോട് എന്തോ ശത്രുത ഉണ്ടായിരുന്നെന്ന് തോന്നുന്നു. ആ കഥയൊക്കെ പിന്നീട് പറയാം.
ഞാൻ കുപ്പിവളകളൊക്കെ കിലുക്കി സിന്തോള് സോപ്പിൻ്റെയും കുട്ടിക്യൂറ പൗഡറിൻ്റെയും സുഗന്ധമൊക്കെ പരത്തി ഓടിയിറങ്ങി വരുമ്പോഴുണ്ട് പപ്പയുടെ ഒരു കൂട്ടുകാരൻ ചേട്ടൻ മുൻപിൽ നടന്നു പോകുന്നു. ഒറ്റ വരി പാതയാണ്. ചേട്ടൻ മാറാതെ എനിക്ക് പോകാൻ പറ്റില്ല. ചേട്ടനാണെങ്കിൽ തിരിഞ്ഞു നോക്കാതെ നടക്കുകയാണ്. എനിക്ക് ഒരു തമാശ തോന്നി. ഞാൻ വളകൾ നന്നായി കിലുക്കി കൊണ്ട് ചേട്ടൻ്റെ തൊട്ടു പിറകിൽ ചെന്നിട്ട് ഉച്ചത്തിൽ കിതയ്ക്കാൻ തുടങ്ങി. എന്നിട്ടും ചേട്ടൻ തിരിഞ്ഞു നോക്കിയില്ല. വെളുപ്പാൻ കാലത്ത് ഏതോ യക്ഷി പരീക്ഷിക്കുകയാണെന്നാവും കക്ഷി വിചാരിച്ചത്. എനിക്ക് രസം കൂടി. ചുവന്ന നെയിൽ പോളിഷ് ഇട്ട നീട്ടി വളർത്തിയ നഖം കൊണ്ട് ഞാൻ ചേട്ടൻ്റെ കഴുത്തിൽ മെല്ലെ തോണ്ടി. ചേട്ടൻ അപ്പോഴും തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല നടപ്പു പൂർവാധികം വേഗത്തിലാക്കി. പിന്നെയും തമാശ തുടർന്നാൽ ബസ് പോകുമെന്നുറപ്പായതോടെ ഞാൻ മധുര സ്വരത്തിൽ 'ചേട്ടാ' എന്ന് വിളിച്ചു. 'ആരാ' എന്നുള്ള വിറയ്ക്കുന്ന ചോദ്യത്തിൽ നിന്നും അറിയാമായിരുന്നു ചേട്ടൻ്റെ ധൈര്യം. 'ഞാനാ ..പേടിച്ചു പോയോ?' എന്ന് ചോദിച്ചപ്പോൾ ചേട്ടൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ട് വഴി മാറി തന്നു. പാവത്തിൻ്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ചിരിച്ചു കൊണ്ട് ഞാൻ വീണ്ടും ഓട്ടം തുടർന്നു . ചേട്ടൻ്റെ പ്രാക്ക് ആണെന്ന് തോന്നുന്നു ഓടി ചെല്ലുമ്പോൾ ഞാൻ കാണുന്നത് അടുത്ത വളവു തിരിഞ്ഞു പോകുന്ന ബസിൻ്റെ പിൻഭാഗമാണ്. ചേട്ടൻ ഒരാഴ്ച പനിച്ചു കിടന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത് .
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക