Slider

പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു..

0
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു..
"എങ്ങിനെ നിനക്കിഷ്ടായോ.."?
പ്ലേറ്റിലുണ്ടായിരുന്ന മിച്ചർ
കൊറിക്കുന്നതിനിടയിൽ കൂടെവന്നവൻ ചെക്കനോട് ചോദിച്ചു..
"ലേശം എരിവ് കൂടുതലാണ്.."
"പഹയാ പെണ്ണിനെ ഇഷ്ടായോന്നാണ് ചോദിച്ചതു.."
"ഹിഹി അതാണോ..
ഇഷ്ടായി.."
എന്നും പറഞ്ഞവൻ ഗ്ലാസ്സിലുണ്ടായിരുന്ന ബാക്കി ചായ വലിച്ചുകുടിച്ചു..
"ചെക്കന് പെണ്ണിനോടെന്തെലും ചോദിക്കണേൽ ആവാം.."
കാരണവന്മാരിൽ ആരോ പറയേണ്ട താമസം ചെക്കനോടി പെണ്ണിന്റെ അടുത്തെത്തി..
അതല്ലേലും അങ്ങനല്ലേ..
കല്യാണത്തിന് മുന്നെ കെട്ടാൻ പോവുന്ന പെണ്ണിനോട് എത്ര മിണ്ടിയാലും മതിയാവത്തില്ല..
കല്യാണത്തിനു ശേഷമാണെൽ മിണ്ടാനൊട്ടു നേരം കാണുകേമില്ല..
ആദ്യത്തെ കൂടിക്കാഴ്ച..
ചെറുതായൊന്നു വിയർക്കുന്നുണ്ടോ ചെക്കന്..
പെണ്ണൊരു കൂസലുമില്ലാതെ ജനാലവഴി പുറത്തേക്ക് നോക്കി നിപ്പാണ്..
ഇവൻ ചെന്നു മുരടനക്കിയതും അവള് തിരിഞു നോക്കി..
പിന്നെ നാണമൊന്നും കൂടാതെ ഒന്നു ചിരിച്ചു..
(നാണത്തോടെ ചിരിക്കുന്നതൊക്കെ ഓൾഡ് ഫാഷനാണ്..
നോട് ദ പോയിന്റ്...)
ചിരികണ്ടതോടെ ചെക്കന്റെ കാറ്റുപോയി..
എന്താണു ചോദിക്കേണ്ടതെന്നുള്ളത് പോലും മറന്നു പോയി..
അതൊടെ പെണ്ണിന്റച്ഛനോടു അവളുടെ വാട്സ്ആപ് നമ്പരും വാങ്ങി ചെക്കനും കൂട്ടരും മടങ്ങി..
നേരം സന്ധ്യ മയങ്ങിത്തുടങ്ങി..
കിളികൾ കൂടണയാൻ പോവുന്ന സമയം..
എന്നാൽ ഇന്നത്തെ കിളികൾ കൂട്ടിൽനിന്നു പുറത്തിറങ്ങുന്നത് തന്നെ സന്ധ്യ ആവുമ്പോഴാണ്..
കാലം പോയ പോക്കേ..
സന്ധ്യ കഴിഞ്ഞാലേ പെമ്പിള്ളേർക്ക് മെസ്സേജ്‌ അയക്കാവുന്നതാണ് നാട്ടുനടപ്പ്..
അതും പതിവു രീതിയിൽ ചായ കുടിച്ചോ..
അത്താഴത്തിനെന്താണ് എന്നുള്ള മട്ടിൽ ആരംഭിക്കണമെന്നും നിയമമുണ്ടത്രെ..
ചെക്കനും പതിവു തെറ്റിച്ചില്ല..
കെട്ടാൻ പോണ പെണ്ണിനു ഹായ് വിട്ടു..
അവള് തിരിച്ചും..
അങ്ങിനെ പതിവു ചടങ്ങുകളൊക്കെ കഴിഞപ്പോ ചെക്കനൊരു മോഹം...
പെണ്ണു പതിവ്രതയാണോന്നറിയാൻ..
പിന്നെ വൈകിച്ചില്ല..
വേഗം മെസ്സേജ് അയച്ചു..
'നിന്നെയാരെലും സ്പർശിച്ചിട്ടുണ്ടോ..'?
അപ്പൊത്തന്നെ റിപ്ലൈ വന്നു..
"ഉണ്ട്.."
ങേ ഇവളിത്തരക്കാരിയായിരുന്നോ..
എന്നിട്ടും ഒരു നാണവുമില്ലാതെ അതു സമ്മതിക്കുന്നത് കണ്ടില്ലേ..
ചെക്കന്റെ മനസിൽ നൂറുകൂട്ടം ചിന്തകൾ ടിപ്പർലോറി കണക്കെ പാഞ്ഞുപോയി..
അപ്പോഴേക്കും അവളുടെ മെസ്സേജ്‌ പിന്നെം വന്നു..
"ഞാനിനി ചേട്ടനോട് ഒന്നും ഒളിക്കുന്നില്ല..
അയൽപക്കത്തുള്ള അങ്കിൾ ഇടയ്ക്കിടെ എനിക്കു സ്വീറ്റ്‌സ് തന്നു ഉമ്മവെക്കാറുണ്ടായിരുന്നു..
പാത്രം വിക്കാൻ വരാറുണ്ടാരുന്ന തമിഴൻ ചേട്ടൻ കവിളിൽ പിടിച്ചു വലിക്കാരുണ്ടാരുന്നു..
ഒത്തിരി രാത്രികൾ ഞാൻ കസിന്റെ കൂടേ ഉറങ്ങീട്ടുണ്ട്..."
വായിച്ചതും ചെക്കൻ വിയർത്തു തുടങി..
മീ ടു ഹാഷ്ടാഗ് വെച്ചു ഫേസ്ബുക്കിൽ പോസ്റ്റിടാറുണ്ടായിരുന്ന സിനിമാനടിമാർ പോലും ഇത്രേം അനുഭവങ്ങൾ പച്ചക്കു പറഞ്ഞിട്ടില്ല..
ഇതിപ്പോ വല്ലാത്തൊരു ചതിയായിപ്പോയല്ലോ ദൈവമേ..
ബ്രോക്കറെ വിളിച്ചു ഈ ആലോചന കാൻസൽ ചെയ്യാമെന്നു മനസ്സിലുറപ്പിച്ചു കാൾ ചെയ്യാൻ നോക്കുമ്പോഴാണ് വീണ്ടും അവളുടെ കാൾ വന്നതു..
ഇതെന്തിനാണാവോ പിന്നെം വിളിക്കുന്നെ..
മനസ്സില്ലാ മനസോടെ ഫോണെടുത്തു..
"ഒരു നിമിഷം പേടിച്ചില്ലേ...
എന്നെ സംശയിച്ചില്ലെ.."
എന്നും ചോദിച്ചവൾ പൊട്ടിച്ചിരിച്ചു..
"അപോ ഈ പറഞ്ഞതൊക്കെ.."?
ചെക്കന്റെ സംശയം മാറീട്ടില്ലാരുന്നു..
"പറഞ്ഞതൊക്കെ സത്യമാ..."
അവൾതുടർന്നു..
"പക്‌ഷേ അതൊക്കെ നടന്നത് എനിക്കു മൂന്നുവയസ്സുള്ളപ്പോഴോ മറ്റോ ആണ്..
ഞാൻ ചുമ്മാ ചേട്ടനെ പറ്റിക്കാൻ പറഞ്ഞതല്ലേ.."
"എടീ ദുഷ്ടേ മനുഷ്യനെ വെറുതെ തീ തീറ്റിച്ചു...
നിനക്കു ഞാൻ വെച്ചിട്ടുണ്ട്.."
എന്നും പറഞ്ഞവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു..
അവളപ്പോഴും കുപ്പിവളകണക്കെ ചിരിച്ചോണ്ടിരിക്കയാരുന്നു..
ഒരു പെരുമഴ നനയുന്നതുപോലെ അവനാ ചിരിയിൽ അലിഞ്ഞിറങ്ങി കണ്ണുകൾ ഇറുകെയടച്ചു

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo