Slider

കുമാരസംഭവം

0
Image may contain: 2 people, people smiling, people standing and indoor

കള്ള് കുടിക്കാൻ പണം കൊടുക്കാത്തതിന് ഇന്നെലെ അനാവശ്യം പറയുകയും അച്ഛന് വിളിക്കുകയും ചെയ്ത കുമാരൻ ഒരു രാത്രിക്കു ശേഷം സന്തോഷവാനായി കാണപ്പെട്ടത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും കമലക്ക് പിടികിട്ടിയില്ല. രാത്രി വളെരെ വൈകിയും ടിവി കണ്ടുകൊണ്ടിരുന്ന അയാൾ എപ്പോഴാണ് കിടക്കപ്പായ പൂകിയതെന്നുo കമലയറിഞ്ഞില്ല. മുറ്റമടിച്ചുകൊണ്ടിരുന്നപ്പോൾ വലിയവായിൽ സന്തോഷവുമായി അയാൾ എഴുനെറ്റുവന്നതുകണ്ടു അവൾ അന്തം വിട്ടു പോയി.
" കാപ്പിയെടുക്കട്ടെ?" ചൂല് വീടിന്റെ കോണിൽ ചാരിവെച്ചിട്ടു വേദനയുള്ള നടുവിൽ കൈകൊണ്ടു താങ്ങി നിന്ന് അവൾ ചോദിച്ചു.
ചിരിച്ചുകൊണ്ട് അയാൾ തലയാട്ടി. അപ്പോൾ അവൾ കൂട്ടിച്ചേർത്തു. “പഞ്ചസാരയില്ല കേട്ടോ " പച്ചത്തെറിയാണ് അവൾ പ്രതീക്ഷിച്ചത്‌. എന്നാൽ ഒന്നും പറയാതെ തകരകൊണ്ട് മറച്ച കക്കൂസിൽ ഒരു ബീഡിയും പുകച്ചു അയാൾ പ്രവേശിച്ചു. രാവിലെ എഴുന്നേറ്റാൽ കട്ടംകാപ്പിക്കുമുതൽ കുറ്റം പറയുകയും ശപിക്കുകയും ചെയ്യുന്ന ഇയാൾക്കെന്തു പറ്റി ?
ഇന്നലെ രാത്രിയിലും തന്നെ വളെരെയധികം സന്തോഷിപ്പിക്കുകയും . വളരെ സന്തോഷവാനായി കാണപെട്ടവനുമായ ചാക്കോ രാവിലെ ആരുടെയോ ഫോൺ വന്നതിൽപ്പിന്നെ മ്ലാനവദനനായത് മറിയാമ്മയെ വിഷമിപ്പിച്ചു ചോദിച്ചിട്ട് അയാൾ ഒന്നും പറയുന്നില്ല. കടയിൽ എന്തെങ്കിലും പ്രശ്നമുണ്ടാവാം. അവൾ ആശ്വസിക്കുവാൻ ശ്രമിച്ചു . പള്ളിയിൽ പോകുവാൻ ഒരുങ്ങുന്നതിനിടെ അവൾ അയാളോട് ചേർന്ന് നിന്ന് ചോദിച്ചു
" എന്താണ് ചാക്കോച്ചാ കാര്യം? ആരാണ് ഫോൺ ചെയ്തത്? അയാൾ അവളെ നോക്കി ചിരിക്കുവാൻ ശ്രമിച്ചു. പിന്നെ പതുക്കെ പറഞ്ഞു "ഇന്നെലെ രാത്രിയിൽ നോട്ടുകൾ നിരോധിച്ചു" അയാൾ അത് പറഞ്ഞു കഴിഞ്ഞതും മറിയാമ്മ തലചുറ്റിവീണു. ചാക്കോ അവളെ താങ്ങിയെടുത്തു കട്ടിലിൽ കിടത്തി.
കുമാരനും ചാക്കോയും അയൽവാസികളാണ് . കൂടാതെ പഴയ സുഹൃത്തുക്കളും. രണ്ടുപേരും ഒരുമിച്ചാണ് തുണിക്കച്ചവടം തുടങ്ങിയത്. ദൂരെയുള്ള പട്ടണത്തിൽ നിന്നും തുണികൾ എടുത്തു വീടുകൾ തോറും കയറിയുള്ള കച്ചവടം. ഒരുവിധം നന്നായി കച്ചവടം നടന്നിരുന്നു.. എന്നാൽഎതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കുമാരൻ അങ്ങ് നിർത്തി. അതിനെക്കുറിച്ചു അയാൾ കമലയോടു പറഞ്ഞതിങ്ങനെ,
'വല്ലവന്റെയും വീട്ടിൽ പോയി തുണിവിൽക്കാനൊന്നും എന്നെ കിട്ടില്ല. തറവാട്ടിൽ ജനിച്ചവർക്ക് പറ്റുന്ന പണിയാണോ അത്?”
ചാക്കോ നിർത്തിയില്ല. അയാൾ പടിപടിയായി ഉയർന്നു. ഇപ്പോൾ ഒരു തുണിക്കടയുടെ ഉടമസ്ഥനായ അയാളുടെ സുഖ ജീവിത സകാര്യങ്ങൾ കുമാരനിൽ എന്തോ ഒരു അസന്തുഷ്ട്ടിയും അസഹ്യതയുമാണ് വരുത്തിവച്ചത് .
കമലയെ വിവാഹം കഴിച്ചപ്പോൾ പത്തു പവനും ഇരുപതിനായിരം രൂപയും അയാൾ സ്‌ത്രീധനമായി വാങ്ങിച്ചു.ആറുമാസം കൊണ്ട് അതെല്ലാം അപ്രത്യക്ഷമായി . അവളുടെ കഴുത്തിൽ എപ്പോൾ ഒരു കറുത്ത ചരടിൽ കോർത്ത താലി മാത്രം .അഭിമാനിയായ കുമാരൻ ഒരു പണിക്കും പോവുകയില്ല. കമലയുടെ നിർബന്ധത്തിനു വഴങ്ങി പോയാൽ തന്നെ അയാൾ കുറച്ചുകഴിയുമ്പോൾ നിർത്തും. ജീവിക്കുവാൻ മാർഗ്ഗമില്ലാതായപ്പോഴാണ് അവൾ ചാക്കോയുടെ വീട്ടിൽ ജോലിക്കുപോകുവാൻ തുടങ്ങിയത്. അത് കുമാരന് അഭിമാനക്ഷതം വരുത്തിയെങ്കിലും വല്ലപ്പോഴും കുടിക്കുന്നതിനായി അവൾ പണം കൊടുക്കുന്നതുകൊണ്ട് വലിയ എതിർപ്പില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകുന്നു.
ചിലപ്പോൾ കുമാരൻ പറയും " പണം വാരിക്കോരിയുണ്ടാക്കിയിട്ടു എന്തു കാര്യം അനുഭവിക്കാൻ ആളില്ലല്ലോ ?"
ഇവിടെ അനുഭവിക്കാൻ രണ്ടു കുട്ടികൾ ഉണ്ടായിട്ടു അനുഭവിക്കാൻ ഒന്നും ഇല്ലല്ലോ എന്ന് കമല മനസ്സിൽ ഓർക്കും.
കക്കൂസിൽ നിന്നും ഇറങ്ങിയ കുമാരൻ കുറ്റിബീഡി വലിച്ചെറിഞ്ഞു . മുഖത്തെ സന്തോഷം മാഞ്ഞിട്ടില്ല . ഒരു മൂളിപ്പാട്ടും പാടി കമലയിൽ നിന്നും കട്ടൻകാപ്പി വാങ്ങി. കാപ്പി ഊതി കുടിക്കുന്ന അവനെ അവൾ കൗതുകപൂർവ്വം നോക്കി. അവന്റെ സന്തോഷം നിറഞ്ഞ മുഖമാണ് അവൾക്കു ചന്തമുള്ളതായി തോന്നുന്നത് .അല്ലെങ്കിൽ ഒരു അസുര ഭാവമാണ് അവൾക്ക് തോന്നാറ്.
കാലൊടിയാറായ ബെഞ്ചിൽ അയാളോട് ചേർന്നിരുന്ന് അവൾ ചോദിച്ചു.
"എന്താണ് ഇത്ര സന്തോഷം? ലോട്ടറിയടിച്ചോ?”
ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി ചിരി ഉയർന്നു ഉയർന്നു വന്നു . അവൾക്കും ചിരി വന്നു ചിരിച്ചു അയാളുടെ കണ്ണുകൾ നിറഞ്ഞു .പിന്നെ അയാൾ ചാക്കോയുടെ വീട്ടിലേക്കു ചൂണ്ടി . അങ്ങോട്ട് നോക്കിയ അവൾ കണ്ടത് മറിയാമ്മയെ താങ്ങി കാറിൽ കയറ്റുന്ന ചാക്കോയെ ആണ് . അവൾ അങ്ങോട്ട് ഓടി. അവൾ ചെന്നപ്പോൾ കാർ ഗേറ്റ് കടന്നിരുന്നു.
അവൾ തിരിച്ചു വീട്ടിലെത്തി. അപ്പോഴും കുമാരൻ ചിരി തന്നെ, . അവൾക്കു ഈർഷ്യ തോന്നി .
"എന്താ മനുഷ്യാ എത്ര ചിരിക്കുവാൻ?
അയാൾ ചിരി നിർത്തി. അകത്തുപോയി ടി വി ഓൺ ചെയ്തു . അവളും അകത്തേക്ക് കയറി. ഫ്ലാഷ് ന്യൂസ് ആയി എഴുതികാണിക്കുന്നത് അവൾ വായിച്ചു നോക്കി 'ഇന്നലെ അർത്ഥരാത്രിമുതൽ നിലവിലുള്ള നോട്ടുകൾ നിരോധിച്ചിരിക്കുന്നു. അവൾ വീണ്ടും വീണ്ടും വായിച്ചുനോക്കി.
"പണം കൂട്ടിവെച്ചിരിക്കുന്നവൻമാരുടെയെല്ലാം നോട്ടുകൾ ഇനി കടലാസുകഷ്ണങ്ങൾ മാത്രം." കുമാരൻ അലറി ചിരിച്ചു .
കമലക്കു തലകറങ്ങി. കുമാരനറിയാതെ കുറച്ചുപണം അവൾ സൂക്ഷിച്ചിരുന്നു. ഒരുവിധത്തിൽ പിടിച്ചുനിന്നു .
"പണം കൂട്ടിവെച്ചിട്ടു കാര്യമില്ല എന്ന് ഞാൻ പറയാറില്ലേ.? മറിയാമ്മയുടെ ഹൃദയം നിന്നുപോയിക്കാണും . അവന്റെ താങ്ങിപിടിച്ചുകൊണ്ടുള്ള ഒരു പോക്ക് ഇതു ഞാൻ പ്രതീക്ഷിച്ചതാണ് "
കുമാരന്റെ സന്തോഷത്തിനുള്ള കാര്യം അവൾക്കു മനസിലായി.
ഏതാണ്ട് രണ്ടുമണിക്കൂറു കഴിഞ്ഞപ്പോൾ ചാക്കോ മറിയാമ്മയെയും കൊണ്ട് തിരിച്ചു വന്നു. കാർ കണ്ടപ്പോൾ കുമാരൻ പിറുപിറുത്തു.
"ആംബുലൻസ് പിറകെ ഉണ്ടാവും" എന്നാൽ ആംബുലൻസ് വന്നില്ല. മറിയാമ്മയുംചാക്കോയും കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കു കയറിപ്പോയി. കുമാരന്റെ മുഖത്തു ഒരു മ്ലാനത പടർന്നു.
കമല അങ്ങോട്ടോടിച്ചെന്നു. കതകിൽ മുട്ടി വിളിച്ചു. ഇറങ്ങിവന്ന മറിയാമ്മയെയും ചാക്കോയേയും മാറിമാറി നോക്കി . അവരുടെ മുഖത്തു യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. പതിവിൽ കവിഞ്ഞ സന്തോഷം അവൾ ദർശിച്ചു.
"മറിയാമ്മക്ക് എന്തുപറ്റി? അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
"ചെറിയൊരു തലകറക്കം. ഡോക്ടറെ ഒന്ന് കാണുവാൻ പോയി " ചാക്കോയാണ് പറഞ്ഞത്.
പച്ചക്കറി അറിഞ്ഞുകൊണ്ടിരുന്ന കമലയുടെ ദുഃഖഭാവം കണ്ടു മറിയാമ്മ ചോദിച്ചു,
“എന്ത് പറ്റി? കുമാരൻ വഴക്കുണ്ടാക്കിയോ ?" ഇല്ലെന്നവൾ തലകൊണ്ട് വ്യക്തമാക്കി . എങ്കിലും കരച്ചിലടക്കുവാൻ അവൾ പാടുപെട്ടു . അവളുടെ സമ്പാദ്യത്തെക്കുറിച്ചും നോട്ടുനിരോധനത്തെക്കുറിച്ചും അവൾ പറഞ്ഞു . അപ്പോൾ അടുക്കളയിലേക്കു വന്ന ചാക്കോ പറഞ്ഞു
" വിഷമിക്കാതിരിക്ക്. പണം അടുത്ത ആഴ്ച്ച ബാങ്കിൽ നിന്നും മാറിയെടുക്കാം. പറ്റിയില്ലെങ്കിൽ ഞാൻ ഒരു ചെക്ക് തരാം "
അവൾ അത്ഭുതത്തിൽ അവരെ നോക്കി. ചാക്കോ മാറിയപ്പോൾ മറിയാമ്മയോടവൾ ചോദിച്ചു.
"നിങ്ങൾക്ക് പ്രശനം ഒന്നും ഇല്ലേ?
"എന്തുപ്രശ്‍നം? മറിയാമ്മ തുടർന്നു "ചക്കോയുടെ ഏല്ലാ ഇടപാടും ബാങ്ക് വഴി മാത്രമാണ് എല്ലാദിവസവും ഉച്ചക്ക് തലേദിവസം കിട്ടുന്ന പണം ബാങ്കിൽ അടക്കും. ഇവിടെ അകയുള്ളതു ഇന്നലത്തെ പിരിവു മാത്രം. അറിഞ്ഞപ്പോൾ ചെറിയ വിഷമo ചാക്കോയ്ക്ക് ഉണ്ടായി. എന്നാൽ അത് മാറിയെടുക്കുന്നതിനു തടസ്സം ഇല്ലഎന്നാണ് കേട്ടത് ” .
"അപ്പോൾ മറിയാമ്മക്ക് തലകറങ്ങിയതോ?'' കമലക്കു സംശയം മാറിയില്ല. .
മറിയാമ്മ നാലുവശവും നോക്കി . പിന്നെ കമലയുടെ കാതിൽ പറഞ്ഞു "ഞങ്ങളുടെ സ്വത്ത് അനുഭവിക്കാൻ അവകാശി ആയിരിക്കുന്നു"
കമലയുടെ സന്തോഷത്തിനതിരില്ലായിരുന്നു . സന്തോഷാശ്രുക്കളാൽ കണ്ണുകാണാതായ അവൾ മറിയാമ്മയെ കെട്ടിപിടിച്ചു പറഞ്ഞു "ദൈവം വലിയവനാണ്"
അവൾ വീട്ടിൽ ചെന്നപ്പോൾ ഒടിഞ്ഞ ബെഞ്ചിൽ കുമാരൻ കുറ്റിബീഡിയും വലിച്ചിരുപ്പുണ്ട് . അവളെ കണ്ടയുടനെ അയാൾ ചോദിച്ചു .
" അവൻ കൂട്ടിവെച്ചതെല്ലാം വെള്ളത്തിലായി അല്ലെ?”
അവൾ പൊട്ടിച്ചിരിച്ചു . മറിയാമ്മ പറഞ്ഞ കര്യങ്ങൾ അവൾ അക്ഷരം പ്രതി അയാളെ പറഞ്ഞു കേൾപ്പിച്ചു. കുമാരൻ പിറുപിറുത്തു " തത്ക്കാലം അവൻ രക്ഷപെട്ടു. നോട്ടുനോരോധിച്ചതു കൊണ്ട് പഴയ കച്ചവടം അവനു കിട്ടില്ല" അയാൾ പിന്നെയും ചിന്തയിലാണ്ടു .
"കഠിന പ്രയത്‌നം നന്മയും ഉള്ളവർക്ക് ദൈവം ഒരിക്കലും ദോഷം വരുത്തുകയില്ല” കമലയുടെ വാക്കുകൾ കേട്ട് കുമാരൻ അലറി "എങ്കിൽ അവെന്റെകൂടെ നീ പോയി ജീവിക്കടീ”
പുച്ഛം കലർന്ന ഒരുചെറുചിരിയോടെ അവൾ അടുക്കളയിലേക്കു നടന്നു .തിടുക്കത്തിൽ ഉച്ചഭക്ഷണം പാകം ചെയ്യുവാൻ തുടങ്ങി. താമസിച്ചാൽ കുമാരേട്ടൻ തെറിപറഞ്ഞാലൊ ?
അനിൽ കോനാട്ട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo