പണ്ട് പണ്ട് കേരള ദേശത്ത് കോളേജുകളില്‍ പ്രീഡിഗ്രി എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു, ആ സുന്ദരമായ കാലഘട്ടത്തിലെ ഒരു ദിവസം........
IInd PDC, 2nd Group
രാമചന്ദ്രന്‍ സാറിന്‍റെ സുവോളജി ക്ലാസ്,
തവളയും പാറ്റയും മണ്ണിരയും നെടുകയും കുറുകെയും വെട്ടേറ്റു കൊല്ലപ്പെടുന്ന , ചോര മണക്കുന്ന ??? രക്തപങ്കിലമായ അവസ്ഥകള്‍.
കണ്ണും കാതും കൈയ്യിലെ പെന്‍സിലും കൂര്‍പ്പിച്ചു, കണ്ടും കേട്ടും വരച്ചും മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരുന്ന വേളയില്, അല്ലെങ്കില്‍ അവസരത്തില് അതാ പെടുന്നനെ പരിവാരങ്ങളുമായി കടന്നുവരുന്നു.
പ്രിന്‍സിപ്പളച്ചന്‍ !
കണ്ണടയ്ക്കുള്ളിലെ കണ്ണുകളില്‍ ശാന്തഭാവം തെല്ലുമില്ല.
ഒരു നിമിഷം ക്ലാസ്സ് മുഴുവനും നോക്കിയിട്ട്, പ്രഖ്യാപിച്ചു.
ഒരു നിമിഷം ക്ലാസ്സ് മുഴുവനും നോക്കിയിട്ട്, പ്രഖ്യാപിച്ചു.
“പ്രീ ഡിഗ്രി ഒന്നാം വര്‍ഷ മാര്‍ക്ക് ലിസ്റ്റ്”
ലോകത്തിലെ എല്ലാ ദൈവങ്ങളുടെയും പേരുകള്‍ ഒരേ നേരം പല ശബ്ദങ്ങളാല്‍ അവിടെ മുഴങ്ങികേട്ടു. ഞാനും വിളിച്ചു........ഈശോ !
നിശബ്ദത തളംകെട്ടി കിടന്നെങ്കിലും, രണ്ടാം നിലയിലെ ആ മുറിയില്‍ പതുങ്ങിയ ചില ഒച്ചകള്‍ അലയടിച്ചിരുന്നു..... കൂടെ നിശ്വാസങ്ങളും !
അക്ഷരമാലക്രമത്തില്‍ പേര് വിളി ആരംഭിച്ചു.......
ആകാംക്ഷാഭരിതരായ പഠിപ്പിസ്റ്റ്കള്‍ ആര്‍ത്തിയോടെ അവരവരുടെ പേരിനായ് കാത്തിരുന്നപ്പോള്‍, ആര്‍ത്തി ലവശേഷം ഇല്ലാത്ത ഭൂരിഭാഗം പ്രതീക്ഷ നിലനിര്‍ത്തി കൂട്ടിരുന്നു.
ഫ്രെഡി പീറ്റര്‍.................. നമ്പര്‍ പതിനൊന്ന്
കട്ടി കണ്ണടയുടെ മുകളിലൂടെ അത്ഭുത ഭാവത്തോടെ വീക്ഷിച്ച ശേഷം നീട്ടിയ വാറോല ഒന്ന് നോക്കി...............
ഞെട്ടിപ്പോയ് !
ദൈവമേ, ഇതെങ്ങനെ സംഭവിച്ചു.
തിരികെ നടന്ന് ബഞ്ചിലിരിക്കുമ്പോഴും, എന്‍റെ ചിന്ത
ദൈവമേ ഇങ്ങനേം സംഭവിക്കുമോ എന്നായിരുന്നു
ഇടത്തും വലത്തുമിരിക്കുന്ന ഷാഫിയും കൃഷ്ണകുമാറും മാര്‍ക്ക് ലിസ്റ്റ് കണ്ട് ആശ്ചര്യപ്പെട്ടു.
ഫ്രെഡിയേ, ഇതെങ്ങനെ ഒപ്പിച്ചു ?
വിശ്വസിക്കാന്‍ പറ്റുന്നില്ല കൃഷ്ണാ, മറുപടി ഇത്രയില്‍ ഒതുക്കി.
ചടങ്ങുകള്‍ നാല്‍പ്പത്തിരണ്ടാം പേര് വരെ നീണ്ട് അവസാനിച്ചപ്പോഴും എന്‍റെ മനസ്സില്‍ .....
എന്നാലും ഇതെങ്ങനെ ?
ക്ലാസ്സ് ഫസ്റ്റ്..............
പ്രിന്‍സിപ്പളച്ചന്‍റെ ശബ്ദം ഉയര്‍ന്നു
തികഞ്ഞ നിശബ്ദത
ഐഷാ S. M
കൈയ്യടി, അഭിനന്ദനങ്ങള്‍.
പരിവാരങ്ങളോടൊപ്പം അടുത്ത ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ ജനാല വഴി അച്ചന്‍റെ കണ്ണുകള്‍ എന്നെ നോക്കിയതു പോലെ, തോന്നിയതാവും.
ക്ലാസ്സ് വീണ്ടും ശബ്ദമുഖരിതമായ്
രാമചന്ദ്രന്‍ സാറിനും ആകാംക്ഷ
ഓരോരുത്തരോടായ് ആരായാന്‍ തുടങ്ങി........
ബെല്ലടിക്കാന്‍ സമയം ഇനിയും ബാക്കി...............
ഹൃദയമിടിപ്പുകള്‍ കൂടി, പലര്‍ക്കും
ചിരികള്‍ അലകളായ്
മൌനം പൂണ്ട് തല കുമ്പിട്ടവരും കുറവല്ല.
അങ്ങനെ
അവസാന ബഞ്ചിന് മുന്നിലുള്ള ബഞ്ചിലെ ആദ്യസ്ഥാനക്കാരനിലേക്ക് രാമചന്ദ്രന്‍ സാറിന്‍റെ വിരല്‍ നീണ്ടു.......
അവിടുന്ന് എന്നിലേക്കുള്ള ദൂരം വെറും മൂന്ന് പേരുകള്‍ മാത്രം....
ഇതാ, അത് രണ്ടായി കുറയുന്നു.....
പിന്നെ, ഒന്ന് മാത്രമായി ചുരുങ്ങുന്നു....
അങ്ങനെ, അത് ഞാനാകുന്നു.....
കര്‍ത്താവേ ബെല്ലടിക്കാറായില്ലേ
എങ്ങനെയുണ്ടാടോ മാര്‍ക്ക് ?
അത്.........
അത് സാറേ, ഇംഗ്ലീഷ് കിട്ടിയില്ല, ബാക്കിയെല്ലാം പോയ്.....! ! !
ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
ഹും.........
എങ്ങനെയെങ്കിലും ഇംഗ്ലീഷ് ഇംപ്രൂവ് ചെയ്തു പാസ്സാകാന്‍ നോക്ക്, ബാക്കിയെല്ലാം .................
ബാക്കിയെല്ലാം ????????
By: Fredy Peter
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക