ജിലേബി
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഡ്യൂട്ടി സമയം കഴിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി കിട്ടാവുന്നതൊക്കെ പെട്ടെന്ന് ബാഗില്‍ കുത്തിത്തിരുകി ബസ്സ് സ്റ്റോപ്പിലെയ്ക്ക് നടന്നു .എട്ടരയാണ് ട്രെയിന്‍റെ സമയം ,റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെടണമെങ്കില്‍ രണ്ട് ബസ്സ് മാറി കയറി പോകണമായിരുന്നു .പക്ഷേ ശിവാജി നഗറില്‍ ബസ്സ് ഇറങ്ങിയ ശേഷം അവിടുന്ന് ഓട്ടോ വിളിച്ചാണ് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകാറുള്ളത് .ഈ കഴിഞ്ഞ നാല് കൊല്ലമായി ഇത് തന്നെയാണ് പതിവും.അങ്ങനെ നീണ്ട വിരസമായ മുപ്പത് ദിവസത്തെ ജോലിയ്ക്ക് ശേഷം ലഭിച്ച ലീവ് ആസ്വദിക്കാന്‍ ഇന്ന് ഞാന്‍ നാട്ടില്‍ പോവുകയാണ്.സാധാരണ ഗതിയില്‍ നാട്ടില്‍ പോവുക എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായിരിക്കും ഈ കഴിഞ്ഞ നാല് കൊല്ലങ്ങളില്‍ എനിയ്ക്കും അങ്ങനെ തന്നെ ആയിരുന്നു പക്ഷേ ഇന്ന് എന്തോ എനിയ്ക്ക് അത്ര സന്തോഷമില്ല.അതിപ്പോ ജീവിതത്തോട് നീരാശയൊ വിരക്തിയൊ തോന്നിട്ടല്ല പിന്നെ എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ സ്വന്തമാണെന്ന് ഞാന്‍ കരുതിയ ഒരുത്തിയുടെ കല്യാണമാണ് നാളെ.അതെ ഒരു പ്രേമത്തില്‍ പെട്ടു കുറച്ചൂടെ ന്യൂജെന്‍ ആയി പറഞ്ഞാല്‍ ഒരു അഡാര്‍ പ്രേമം തന്നെയായിരുന്നു എന്‍റെയും ജ്യോതിയുടെയും .പലരും എന്‍റെയും ജ്യോതിയുടെയും പ്രണയം കണ്ട് പറഞ്ഞതാ ഇവരാണ് യഥാര്‍ത്ഥ സോള്‍മേറ്റ്സ് എന്ന്.പക്ഷേ എന്നിട്ട് എന്താ ഉണ്ടായേ ? ടൈറ്റാനിക് പോലെ ദുരന്തമായി അത്ര തന്നെ . നല്ലൊരു ഗള്‍ഫക്കാരന്റെ ആലോചന വന്നപ്പോള്‍ അവള്‍ നൈസ് ആയിട്ട് നമ്മളെ ചവട്ടി അയാളുടെ ആലോചനയ്ക്ക് യെസ് മൂളി.നാളെ അവളുടെ കല്യാണമാണ് .പോകണ്ട എന്നാണ് ആദ്യം കരുതിയത് പിന്നെ പോകാമെന്ന് വെച്ചു.പോയില്ലെങ്കില്‍ അവള്‍ കരുതും ഞാന്‍ ഇപ്പോഴും അവളെ ആലോചിച്ച് വിഷമത്തില്‍ ആണെന്ന് .കാര്യം അല്പം വിഷമം ഉണ്ടെങ്കിലും നല്ലൊരു സദ്യ മിസ്സാക്കണോ ? മൂന്ന്‍ തരം പായസത്തിന്റെ കൂടെ ഇരുപത് കൂട്ടം കറി ഉണ്ടെന്നാ കേട്ടത്
അങ്ങനെ പതിമൂന്നാം നമ്പര്‍ ബസ്സ് കാത്ത് ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്നതനിടയിലാണ് ഓഫീസില്‍ നിന്ന് കോള്‍ വരുന്നത് .അല്ലെങ്കിലും ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ലീവ് എടുത്ത് പോകുമ്പോള്‍ ചുമ്മാ വിളിച്ച് ശല്യപ്പെടുത്തുല്‍ .നാട്ടില്‍ എത്തിയാലും ഇങ്ങനെ തന്നെയാണ് എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചു ചുമ്മാ വിളിക്കും.ലീവ് എടുത്താല്‍ പോലും മനസമാധാനത്തോടെ ഇരിയ്ക്കാന്‍ അവന്മാര്‍ സമ്മതിക്കില്ല .കോള്‍ എടുക്കണോ കട്ട് ചെയ്യണോ എന്ന് ആലോചിക്കുന്നതിനിടയിലാണ് രണ്ട് പെണ്‍കുട്ടികള്‍ എന്നെ നോക്കി നിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.കണ്ടിട്ട് കന്നഡ ഹുഡികികള്‍ ആണെന്ന് തോന്നുന്നു .ങേ ഇവരെന്താണ് എന്നെ ഇങ്ങനെ നോക്കി നിക്കുന്നത് ? ഞാന്‍ അത്രയ്ക്കും സുന്ദരനാണോ ? മൊബൈലിന്‍റെ ഫ്രന്റ് ക്യാമറ ഓണ്‍ ആക്കി ഒരു നിമിഷം ഞാന്‍ എന്‍റെ മുഖം അതിലൊന്ന് നോക്കി.പൌഡര്‍ അല്പം കുറവാണെങ്കിലും കുഴപ്പമില്ല ചുള്ളന്‍ തന്നെയാ ഞാന്‍(ക്ഷമിക്കുമല്ലോ).അവര്‍ അപ്പോഴും എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“ഈ കുട്ടികളുടെ ഒരു കാര്യം.. എന്‍റെ അത്രയും സുന്ദരനായ ആണ്‍കുട്ടിയെ മുന്‍പ് കണ്ടിട്ടില്ല എന്ന് തോന്നുന്നു ..സില്ലി ഗേള്‍സ് “ ഒരു നിമിഷം ഞാനും ഹൃതിക് റോഷന്‍ ആയോ എന്നൊരു സംശയം ഇല്ലാതില്ല .
“എന്നാ പിന്നെ നമ്മളും വെയിറ്റ് ഇടാന്‍ നില്‍ക്കണ്ട “ ഞാന്‍ അതിലെ ഏറ്റവും ഭംഗിയുള്ള പെണ്‍കുട്ടിയെ നോക്കി സിംപ്ലായി ഒന്നു ചിരിച്ചു .അത്ഭുതമെന്ന് പറയട്ടെ അവര്‍ തിരിച്ച് ചിരിച്ചില്ല.നൈസ് ആയിട്ട് ഞാന്‍ അങ്ങോട്ട് പ്ലിംങ്ങായെങ്കിലും നാറിയത് മുഖത്ത് കാണിക്കാതെ പെട്ടെന്ന് ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു.വീണ്ടും ഇടംകണ്ണിട്ട് അവരെ ഞാന്‍ നോക്കി.അപ്പോഴല്ലേ മനസ്സിലാവുന്നെ ബസ്സ് സ്റ്റോപ്പിന്റെ പിന്നിലെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ഒരു സിനിമ പോസ്റ്ററിലേയ്ക്കാണ് അവരുടെ ലുക്ക് പോകുന്നതെന്ന് .ഛെ നശിപ്പിച്ചു ..ഒരു നിമിഷമെങ്കിലും ഒന്ന് ആശിച്ചുപോയി അവര്‍ എന്നെ ആയിരിക്കും നോക്കുന്നതെന്ന് .ഞാനും ആ പോസ്റ്ററിലെയ്ക്ക് നോക്കി പുനീത് രാജ്കുമാറിന്റെ ഏതോ കന്നഡ പടത്തിന്റെ പോസ്റ്ററായിരുന്നു അത് ..ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം ഇത്രയ്ക്കും സ്മാര്‍ട്ടായ ,ഹാന്‍ഡ്‌സമായ ഞാന്‍ ഇവിടെ നിക്കുമ്പോള്‍ അവര്‍ നോക്കുന്നത് കണ്ടില്ലേ ..എന്ത് ഭംഗിയ അയാള്‍ക്ക് ഉള്ളെ .ഇനി അഭിനയമാണെങ്കില്‍ ഓവര്‍ ആക്ടിംങ്ങിന്റെ തൃശൂര്‍പൂരമാണ് ..ഛെ ഛെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് വളരെ ബാഡ് ടേസ്റ്റ് ആണ് ..വെരി വെരി ബാഡ് (ഇനി അവരെ കുറ്റം പറയാതെ വേറെ എന്ത് ചെയ്യാന്‍ ..നമ്മളെ ഒന്ന് മൈന്‍ഡ് പോലും ചെയ്തില്ലന്നെ ..വിഷമമുണ്ട് ..നല്ല വിഷമമുണ്ട് ..അതുകൊണ്ടാ )
ഞാന്‍ വാച്ചിലേയ്ക്ക് നോക്കി സമയം ഏഴര .പെട്ടെന്നാണ് വേറൊരു പെണ്‍കുട്ടി ആ ബസ്സ് സ്റ്റോപ്പിലെയ്ക്ക് വരുന്നത് .ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ അവളെ അടി മുതല്‍ പാദം വരെ കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്തു ..അവളുടെ മുടിയിഴകള്‍ കണ്ട് ചിരിവന്നു ..അതെ വെള്ളം കാണാത്ത തലമുടി ..യെസ് മല്ലു ..അവള്‍ മലയാളിയാണ്.കാലാകാലങ്ങളായി ബംഗ്ലൂരിലെ സ്ത്രീ ജനങ്ങള്‍ വൈകുന്നേരം കുളിയില്ല എന്ന നഗ്നസത്യം ഇവിടുത്തെ ഏതു കൊച്ചുകുട്ടികള്‍ക്കും അറിയാമായിരുന്നു.ഇനി അതുപോലെ ഇവിടുത്തെ മല്ലു ജനങ്ങള്‍ക്ക് ഒരു പ്രത്യകതയുണ്ട് അപ്പുറത്ത് നിക്കുന്നത് മലയാളി ആണെന്ന് ബോധ്യം ഉണ്ടെങ്കില്‍ പോലും ജന്മമുണ്ടെങ്കില്‍ മലയാളത്തില്‍ സംസാരിക്കില്ല ..ഇംഗ്ലീഷ് ..മുടിഞ്ഞ ഇംഗ്ലീഷ് ആയിരിക്കും ..എനിയ്ക്ക് ആണെങ്കില്‍ ഈ ഇംഗ്ലീഷ് കേള്‍ക്കുന്നതെ കലിയാ ..ബ്രിട്ടീഷ്ക്കാര്‍ ഇന്ത്യ വിട്ടിട്ടു കൊല്ലങ്ങളായി ..എന്നാലും അവരോടുള്ള ദേഷ്യം എനിയ്ക്ക് ഇപ്പോഴും മാറിയട്ടില്ല ..അതുകൊണ്ട് ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ അപ്പോ എനിയ്ക്ക് അവരെ ഓര്‍മ്മ വരും ..രക്തം തിളയ്ക്കും ..അവരെ കൊല്ലാനുള്ള ദേഷ്യം അങ്ങോട്ട് വരും ..അതുകൊണ്ട് ഇംഗ്ലീഷ് പറയുന്നവരോട് മറിച്ചൊന്നും പറയാന്‍ നിക്കാറില്ല ഞാന്‍..ദേഷ്യമാണ് അവരോട് ..അതല്ലാതെ ഇംഗ്ലീഷ് പറയാന്‍ അറിയാതെയല്ല..പിന്നെ കന്നഡ..അതാണെങ്കില്‍ ഒട്ടും അറിയില്ല ..പാവം ഞാന്‍ ലെ .മുഖത്ത് അല്പം ജാഡ വരുത്തി അവളെ ഇടംകണ്ണിട്ട് നോക്കി ..ങേ അവള്‍ എന്നെ തന്നെയാണല്ലോ നോക്കുന്നത് ..ഹേയ് ആവില്ലല്ലേ ? ..ചിലപ്പോ മറ്റേ പോസ്റ്ററിലെയ്ക്ക് ആയിരിക്കുമോ നോക്കുന്നത് ? ..വേണ്ട അവളെ നോക്കണ്ട ഇനിയും വഞ്ചിക്കപ്പെടാന്‍ വയ്യ ..പക്ഷേ അവളപ്പോഴും എന്നെ തന്നെയാ നോക്കികൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി..ഇനി ജാഡ വേണ്ട ..നേരെ അറ്റാക്ക് ..പക്ഷേ ഏതു ഭാഷയില്‍ തുടങ്ങും ? ബിബിസി ന്യൂസ് പോലെ അവള്‍ ഇംഗ്ലീഷില്‍ പെയ്യ്താല്‍ നിന്നു കൊള്ളുക അല്ലാതെ വേറെ വഴിയില്ല ..കന്നഡ ആണെങ്കില്‍ ആകെ അറിവുന്ന വാക്കുകള്‍ അല്ലി,ഇല്ലി,ബേഡാ,ബന്നി ഇത്രയുമാണ് ..ഇത് വെച്ച് എങ്ങനെ ഞാന്‍ ഒരു മുഴുനീള പടം ഓടിയ്ക്കും ?
“വേണ്ട സുധീ വേണ്ടാ” എന്‍റെ മനസ്സ് അങ്ങനെയാണ് പറഞ്ഞത്..ഒന്ന് ചിരിച്ചേക്കാം അതിന് ഭാഷ വേണ്ടല്ലോ ..ചിരിക്കുമ്പോഴും നാണം കേടുമോ എന്ന ഭയമായിരുന്നു ..ആശ്ചര്യം എന്ന് പറയട്ടെ അവളും തിരിച്ച് ചിരിച്ചു ..പോസ്റ്റ് ഇട്ട് ഒന്നരക്കോടി ലൈക്ക് കിട്ടിയ പോസ്റ്റ് മുതലാളിയെ പോലെ ഒന്ന് അന്തംവിട്ടു സന്തോഷിക്കണമെന്നുണ്ട് ..
”പാടില്ല സുധീ പാടില്ല ..സന്തോഷിക്കാന്‍ സമയമായില്ല..ജാഡ മെയിന്റെയിന്‍ ചെയ്യ് സുധീ “ വീണ്ടും മനസ്സില്‍ ആരോ സംസാരിക്കുന്ന പോലെ.ഈ പ്രാവശ്യം മനസ്സിനെ അവഗണിക്കാന്‍ തീരുമാനിച്ചു .ഞാന്‍ പതിയെ അവളുടെ അടുത്തേയ്ക്ക് നടന്നു .അവളുടെ തോളിലും എന്‍റെത് പോലെയുള്ള ട്രാവല്‍ ബാഗ് ഉണ്ടായിരുന്നു.
“ട്രെയിനാണോ ബസ്സിനാണോ ? “ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു
“ങേ” ഒരു നിമിഷം ഞാന്‍ വിശ്വാസം വരാതെ അവളെ നോക്കി നിന്നു .സംഭവം ഒന്നുമ്മല്ല അവള്‍ മലയാളത്തില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു.മലയാളം ആയതുകൊണ്ട് അല്പം റീലാക്സേഷന്‍ ഉണ്ട് ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു മടുത്തു അതുകൊണ്ടാ
“നാട്ടിലേയ്ക്ക് അല്ലേ ? ട്രെയിനാണോ പോകുന്നത് അതോ ബസ്സിനാണോ ? “ അവള്‍ എന്നെ ഒരുപാട് പരിചയം ഉള്ളപ്പോലെ വീണ്ടും ചോദിച്ചു
“ട്രെയിനാണ് ..അല്ലാ ഞാന്‍ മലയാളിയാണെന്ന് എങ്ങനെ മനസ്സില്ലായി ? “ ഞാന്‍ അവളോട് ചോദിച്ചു
“അത് പെണ്ണുങ്ങളെ കാണാത്തെ പോലെയുള്ള നോട്ടം കണ്ടപ്പോള്‍ മനസ്സിലായി “ അവള്‍ അല്പം പുച്ഛത്തോടെ മറുപടി പറഞ്ഞു .
“നല്ല കാറ്റ് ..ഊതിയതാ അല്ലേ ? “ ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി
“ഞാന്‍ ബംഗ്ലൂരില്‍ പുതിയതാ ..ഇവിടെ വന്നതില്‍ പിന്നെ ആദ്യത്തെ പോക്കാണ് നാട്ടിലേയ്ക്ക് ..അതുകൊണ്ട് ചെറിയൊരു ഭയം ..റെയില്‍വേ സ്റ്റേഷനും എവിടെയാന്ന് വലിയ പിടുത്തവുമില്ല..ചേട്ടനെ കണ്ടപ്പോള്‍ മാന്യനാണെന്ന് തോന്നി “
“ചേട്ടനാ ..അയ്യടാ ..എനിയ്ക്ക് അതിന് അത്ര വയസ്സോന്നും ആയിട്ടില്ല ..സുധീ അതാണ് എന്റെ പേര് ..പേര് വിളിച്ചാല്‍ മതി “
“ഓ സോറി ..സുധീയെ കണ്ടപ്പോള്‍ മാന്യനായി തോന്നി “ശോ ഈ കൊച്ചിന്റെയൊരു കാര്യം എത്ര പെട്ടെന്നാണ് ഞാന്‍ മാന്യനാണെന്ന് മനസ്സിലാക്കിയത്.ഇതിപ്പോ എത്ര കുട്ടികളാ പറയുന്നേ ..എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റു
“കുട്ടി പറഞ്ഞതുപോലെ ഞാന്‍ മാന്യന്‍ തന്നെയാണ്..അതുകൊണ്ട് ഭയക്കണ്ട(ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയാണ് പെട്ടെന്ന് രക്ഷക പരിവേഷം ഏറ്റെടുക്കും ) ഏതു റെയില്‍വേ സ്റ്റേഷനിലെയ്ക്കാണ് ? “
“ബാനസ് വാടി “
“ആണോ സെയിം പിഞ്ച് ..ഞാനും അങ്ങോട്ടാ ..യെശ്വന്തപുര്‍ എക്സ്പ്രസ്സ് ആണോ ? “
“അതെ..ഞാന്‍ പാലക്കാട്ടേയ്ക്കാ “ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഞാന്‍ കോഴിക്കോടാണ് ..പതിമൂന്നാം നമ്പര്‍ ബസ്സ് കയറി ശിവാജി നഗറില്‍ ഇറങ്ങി നമ്മുക്ക് അവിടെ നിന്ന് ഓട്ടോ വിളിയ്ക്കാം “
“നമ്മള്‍ ഇപ്പോ രണ്ടുപേരില്ല ..നമ്മുക്ക് ഇവിടെ നിന്ന് തന്നെ ഓട്ടോ വിളിച്ചാലോ ? ചാര്‍ജ് ഷെയര്‍ ചെയ്താല്‍ പോരെ ? “
“ആഹാ അത് ശരിയാലോ ..എന്നാ ഓട്ടോ വിളിയ്ക്കാം “ ഞാന്‍ അവള്‍ പറയുന്നത് ശരി വെച്ച് ആദ്യം വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു .അവളുടെ ബാഗിന്‍റെ പിന്നിലായി എന്‍റെ ബാഗും കുത്തി കയറ്റി ഞങ്ങള്‍ രണ്ടുപേരും ഒട്ടോയിലെയ്ക്ക് കയറി സ്റ്റേഷനിലെയ്ക്ക് തിരിച്ചു .എന്നാലും ഇവള്‍ക്ക് ഒരു അപരിചിതന്‍റെ കൂടെ യാത്ര ചെയ്യാന്‍ എങ്ങനെയായിരിക്കും ഇത്രയും ധൈര്യം വന്നതെന്ന കാര്യം എന്നെ ആ യാത്രയില്‍ ചിന്തിപ്പിച്ചു .ആ കാര്യം അവളോട് തന്നെ ചോദിയ്ക്കാന്‍ തീരുമാനിച്ചു
“അല്ല കുട്ടി ഒരു കാര്യം ചോദിച്ചോട്ടെ “ ഞാന്‍ അവളോട് ചോദിച്ചു .അവള്‍ ചോദിച്ചോളൂ എന്ന രീതിയില്‍ തലയാട്ടി
“കുട്ടി എന്ത് വിശ്വസിച്ചാ തീര്‍ത്തും അപരിചിതനായ എന്‍റെ കൂടെ ഈ ഓട്ടോയില്‍ കയറിയത് ? “ ആ ചോദ്യത്തിന് അവള്‍ പൊട്ടിച്ചിരിക്കുകയാണ് അവള്‍ ആദ്യം ചെയ്തത്
“എന്തെങ്കിലും എന്നെ ചെയ്യാനുള്ള ധൈര്യം സുധീയ്ക്ക് ഉണ്ടെന്ന് സുധീയ്ക്ക് തന്നെ തോന്നുന്നുണ്ടോ? “ അവള്‍ ഒന്ന് ആക്കിയ പോലെ ചോദിച്ചു .പുല്ല് ചോദിയ്ക്കണ്ടായിരുന്നു.എന്നെയൊരു ലോലനാക്കി അവള്‍.ഇങ്ങനെയൊക്കെ ചെയ്യാമ്മോ ? ..പിന്നീട് കുറച്ച് നേരത്തേയ്ക്ക് മൂകത നിറഞ്ഞുനിന്നു ഞങ്ങള്‍ക്കിടയില്‍.ഓട്ടോ ശിവാജി നഗര്‍ കടന്ന് കൊമേഴ്ഷ്യല്‍ സ്ട്രീറ്റ് വഴി ബാനസ് വാടി റെയില്‍വേ സ്റ്റേഷന്‍ നോക്കി പാഞ്ഞു.റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞാനാണ് ഓട്ടോ ചാര്‍ജ് കൊടുത്തത് .അവള്‍ അവളുടെ ഷെയര്‍ എനിയ്ക്ക് നേരെ നീട്ടി .ഞാന്‍ അത് നിരസിച്ചു
“അത് പറ്റില്ല ..സുധീ ഇത് വാങ്ങണം “ അവള്‍ നിബന്ധിച്ചു ,ഞാന്‍ അപ്പോഴും നിരസിച്ചു പക്ഷേ അവള്‍ എന്‍റെ കയ്യില്‍നിന്നും പേഴ്സ് തട്ടിപ്പറിച്ചു അതിലേയ്ക്ക് അവളുടെ ഷെയര്‍ വെച്ച് മടക്കി തരുന്നതിനിടയിലാണ് അവള്‍ പേഴ്സില്‍ ഉണ്ടായിരുന്ന ജ്യോതിയുടെ ഫോട്ടോ കാണുന്നത്
“ആരാ ഇത് ? “ പേഴ്സ് കൈയ്യില്‍ തന്നുകൊണ്ട് അവള്‍ ചോദിച്ചു അവള്‍ക്ക് മറുപടി കൊടുക്കാതെ .ഞാന്‍ പേഴ്സ് പോക്കറ്റില്‍ വെച്ചുകൊണ്ട് മുന്നോട്ട് നടന്നു
“ഹേയ് സുധീ നില്‍ക്ക് ഞാനും ഉണ്ട് “ അവള്‍ പിറകില്‍ നിന്ന് വിളിച്ചെങ്കിലും ഞാന്‍ തിരിഞ്ഞുനോക്കിയില്ല
“എന്താ സുധീ ഇത് ..എന്താ മിണ്ടാത്തെ ..അതിനു മാത്രം ഞാന്‍ എന്താണ് പറഞ്ഞത് ? “ അവള്‍ എന്‍റെ മുന്നില്‍ വന്നുകൊണ്ട് ചോദിച്ചു
“സോറി ..അതൊരു തമാശ പറഞ്ഞതല്ലേ സുധീ ..സുധിയെ കണ്ടാല്‍ അറിഞ്ഞൂടെ സുധിയൊരു പാവമാണെന്ന് ..അതുകൊണ്ടാണ് സുധീയോട് മിണ്ടാന്‍ വന്നതും കൂടെ വന്നതും “ അവള്‍ എന്നെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു
“ഞാന്‍ അനാമിക ..ഫ്രണ്ട്സ് ? “ അവളുടെ പേര് പറഞ്ഞ ശേഷം അവള്‍ എനിയ്ക്ക് നേരെ അവളുടെ കൈ നീട്ടി.എന്തോ അത് എനിയ്ക്ക് നിരസിക്കാന്‍ തോന്നിയില്ല .അവള്‍ക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് മുഖത്തെ ഗൌരവത്തിന് അല്പം അയവ് വരുത്തി
“എന്നാലും എന്നെയൊരു ലോലനാക്കിയല്ലോ ..എനിയ്ക്ക് വിഷമമായി “ ഞാന്‍ ഒരു പരാതി പറയുമ്പോലെ അവളോട് പറഞ്ഞു
“പോട്ടെ സുധീ ..ക്ഷമി “
ഞങ്ങള്‍ രണ്ടുപേരും റെയില്‍വേ സ്റ്റേഷന്‍റെ അകത്തേയ്ക്ക് നടന്നു
“ട്രെയിന്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ ഉണ്ട് ..നമ്മുക്ക് എന്തെങ്കിലും കഴിച്ചാലോ ? “ ഞാന്‍ അവളോട് ചോദിച്ചു
“വെയിറ്റ് “ അവള്‍ ബാഗ് തുറന്ന് ഒരു പൊതി പുറത്തേയ്ക്ക് എടുത്തു .അവള്‍ തന്നെ ഉണ്ടാക്കിയ ചപ്പാത്തിയും ചിക്കന്‍ കറിയുമായിരുന്നു അതില്‍
“വിരോധമില്ലെങ്കില്‍ സുധീയ്ക്കും എടുക്കാം “ അവള്‍ ചപ്പാത്തിയും കറിയും എനിയ്ക്ക് നേരെ നീട്ടി
“ഒരു വിരോധവുമില്ല “ അഞ്ചു മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ആ ചപ്പാത്തിയും ചിക്കന്‍ കറിയും തീര്‍ത്തിരുന്നു.അവളുടെ തന്നെ കുപ്പിയിലെ വെള്ളം അവള്‍ കൈയ്യിലേയ്ക്ക് ഒഴിച്ച് തന്ന് ഞാന്‍ കൈയ്യും കഴുകി
“ജ്യോതി “ അവള്‍ ഞാന്‍ പറഞ്ഞത് മനസ്സിലാകാതെ എന്നെ നോക്കി നിന്നു
“പേഴ്സില്‍ കണ്ടില്ലേ നേരത്തെ..അവളുടെ പേര് ജ്യോതി ..മൈ എക്സ് ..നാളെ അവളുടെ കല്യാണമാണ് “ ഞാന്‍ അല്പം വിഷമത്തോടെ അവളോട് പറഞ്ഞു
“എന്നിട്ട് പോകുന്നുണ്ടോ അവളുടെ കല്യാണത്തിന് ? “
“പോകണം ..മൂന്ന്‍ തരാം പായസ്സം ഉണ്ടെന്നാ കേട്ടത് “ എന്‍റെ മറുപടി കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.പെട്ടെന്ന്‍ ദൂരെ നിന്ന് ട്രെയിന്‍റെ ശബ്ദം കെട്ടു .അവള്‍ എന്നെ നോക്കി ഒരു നിമിഷം എന്തോ പറയാന്‍ ഉള്ളതുപോലെ അങ്ങനെ നിന്നു.അവളുടെ മുഖം പെട്ടെന്ന് വാടിയോ എന്നൊരു സംശയം എനിയ്ക്ക് തോന്നി.ട്രെയിന്‍ പതിയെ ഫ്ലാറ്റ്ഫോമിന് ചേര്‍ന്ന് വന്നുനിന്നു
“കോച്ച് ഏതാ ? “ഞാന്‍ അവളോട് ചോദിച്ചു
“S4”
അവളെ അവളുടെ കോച്ചിലേയ്ക്ക് ആക്കി കൊടുത്ത് ഞാന്‍ എന്‍റെ കോച്ചിലേയ്ക്ക് നടന്നു.S6 ആയിരുന്നു എന്‍റെ കോച്ച് നമ്പര്‍ .അധികം താമസിയാതെ ട്രെയിന്‍ പതിയെ നീങ്ങാന്‍ തുടങ്ങി.ബാഗ് ബെര്‍ത്തിലേക്ക് കയറ്റി വെച്ച് വിന്‍ഡോയുടെ ഷട്ടര്‍ മുകളിലേക്ക് പൊക്കി ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു.എന്തോ ഇരിപ്പ് അങ്ങോട്ട് ഉറയ്ക്കുന്നില്ല.അവളെ പരിചയപ്പെട്ടിട്ട് അധികനേരം ആയിട്ടില്ലെങ്കിലും അവള്‍ എനിയ്ക്ക് എന്തൊക്കെയോ ആണെന്ന തോന്നല്‍.ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് ഇതാണോ ? എനിയ്ക്ക് അവളോട് പ്രണയം തുടങ്ങിയോ?
“ചെല്ല് സുധീ ..പോ ..അവളുടെ അടുത്തേയ്ക്ക് പോ “ മനസ്സില്‍ നിന്ന് വീണ്ടും ആ ശബ്ദം.ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് നടന്നു.സ്ലീപ്പര്‍ ക്ലാസ്സ് ആയതുകൊണ്ട് ബോഗികള്‍ക്കിടയിലൂടെ അടുത്ത ബോഗിയിലെയ്ക്ക് എളുപ്പത്തില്‍ എത്താം.S5 കഴിഞ്ഞു S4 എത്താറായപ്പോള്‍ അതാ അവള്‍ ഇങ്ങോട്ട് നടന്നുവരുന്നു.എന്നെ കണ്ടതും അവളുടെ മുഖത്ത് സന്തോഷം വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു,എനിയ്ക്ക് തിരിച്ചും അങ്ങനെ ആയിരുന്നു
“ഹായ് “ ഞാന്‍ ചിരിച്ചുകൊണ്ട് തുടങ്ങി.ഞങ്ങള്‍ S5 ബോഗിയുടെ വാതിലിന്‍റെ അടുത്തേയ്ക്ക് മാറി നിന്നു .അവള്‍ തിരിച്ചും ഒരു ഹായ് പറഞ്ഞു.
“എന്തോ കാണാതെ ആയപ്പോള്‍ ..ഒരു ..ഒരു ..അതാ വന്നെ “ ഞാന്‍ തപ്പിത്തടഞ്ഞ് ഇതുപോലെ എന്തോ പറഞ്ഞു
“ഒരു ..ഒരു ? “ അവള്‍ തിരിച്ചും ചോദിച്ചു
“ഒരു ..ഒരു..ഇത് ..ഇത് എന്ന് പറഞ്ഞാല്‍ ..അത് തന്നെ “ ഞാനും അവിടെയും ഇവിടെയും മുഴുവനാക്കാതെ മറുപടി പറഞ്ഞു .ശ്ശെടാ അവള്‍ ചോദിച്ച ആ “ഒരു”വിന് മറുപടി പറയാന്‍ പറ്റിയില്ലല്ലോ.ജ്യോതിയോടും ഇഷ്ടം തുറന്ന് പറഞ്ഞതും ഒരു വിധത്തിലായിരുന്നു ..എന്താ അറിയില്ല ഉള്ള സ്നേഹം ഒന്ന് പറഞ്ഞു അവതരിപ്പിക്കാന്‍ ചെന്നാല്‍ മേല്‍ചുണ്ട് അങ്ങോട്ട് തുറക്കാന്‍ പറ്റാത്ത അവസ്ഥയാ (നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ ഈ അസുഖം ? ).ഞങ്ങള്‍ വീണ്ടും പലതും സംസാരിച്ചു .അവളുടെ ഫാമിലിയെ പറ്റി ..അവളുടെ ജോലിയെ പറ്റി ..അവളുടെ ആഗ്രഹങ്ങളെ പറ്റി ..അവളുടെ സ്വപ്നങ്ങളെ പറ്റി ..വര്‍ഷങ്ങള്‍ നീണ്ട ബന്ധം ഉള്ളവരെ പോലെയായിരുന്നു ഞാനും അവളും ആ സമയം സംസാരിച്ചത് .ഞാനും എന്നെ പറ്റി അവളോട് പറഞ്ഞു ..എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ ..ആഗ്രഹങ്ങളെ ..വാ തോരാതെ ഞങ്ങള്‍ ആ ഡോറിന്റെ അടുത്ത് നിന്ന് സംസാരിച്ചു.കോയമ്പത്തൂര്‍ എത്തിയപ്പോള്‍ അവളുടെ മുഖം വീണ്ടും വാടി
“അടുത്ത സ്റ്റോപ്പ് പാലക്കാടാണ് “ അവള്‍ എന്തോ ഓര്‍മ്മിപ്പിക്കും പോലെ മറുപടി പറഞ്ഞു
“മം “..ഞാന്‍ എന്ത് പറയണമെന്ന് അറിയാതെ ഒന്ന് മൂളുക മാത്രം ചെയ്തു
“ഡാ സുധീ ഇങ്ങനെ മിണ്ടാതെ ഇരുന്നാല്‍ എങ്ങനെയാ ..പോയി അവളോട് ഇഷ്ടാന്ന് പറയടാ “ മനസ്സില്‍ നിന്ന് വീണ്ടും ആ ശബ്ദം .മനസ്സിന് അങ്ങനെ ഈസിയായി പറഞ്ഞാല്‍ മതി .പറയേണ്ടത് ഞാന്‍ അല്ലേ ..എങ്ങനെയിപ്പോ ഇത് അവളോട് പറയും അധികം താമസിയാതെ പാലക്കാട് എത്തുകയും ചെയ്യും.
“സുധീ ..പാലക്കാട് ഇപ്പൊ എത്തും “ മനസ്സിനകത്തെ പുള്ളി വീണ്ടും ഓര്‍മ്മിപ്പിച്ചു
“പാലക്കാട് എത്താറായി “ഞാന്‍ അവളോട് പറഞ്ഞു
“മം “
“ഒരു കാര്യം ചോദിച്ചോട്ടെ അനാമിക “ അവള്‍ ചോദിയ്ക്ക് എന്നാ രീതിയില്‍ തലയാട്ടി
“ഈ ട്രെയിന്‍റെ ബോഗി പോലെ ഒരിക്കലും പിരിയാതെ എന്നും എന്‍റെ കൂടെ നില്ക്കാന്‍ ഞാനൊരു പേര്‍മനെന്റ ടിക്കറ്റ് തന്നാല്‍ സ്വീകരിക്കുമോ ? “
അവള്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ അവളുടെ കോച്ചിലേയ്ക്ക് നടന്നു.ഞാന്‍ അവളുടെ പിന്നിലുമായി നടന്നു.ട്രെയിന്‍ വലിയൊരു ശബ്ദത്തോടെ പാലക്കാട് സ്റ്റേഷനില്‍ നിറുത്തി.അവള്‍ അവളുടെ ബാഗ് തോളില്‍ ഇട്ടുകൊണ്ട് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി.കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം അവള്‍ തിരിഞ്ഞു എന്നെ നോക്കി
“സീസണ്‍ ടിക്കറ്റ് തരാന്‍ ആണ് പ്ലാന്‍ എങ്കില്‍ ഇപ്പോഴേ വിട്ടേയ്ക്ക്..പേര്‍മനെന്റ ടിക്കറ്റ് ആണെങ്കില്‍ മാത്രം ഈ നമ്പര്‍ കുറിച്ചെടുത്തോ “ അവള്‍ ചിരിച്ചുകൊണ്ട് അവളുടെ മൊബൈല്‍ നമ്പര്‍ എനിയ്ക്ക് പറഞ്ഞുതന്നു .ഞാന്‍ അത് പോലെ തന്നെ കുറിച്ചെടുത്തു .അവള്‍ അത്രയും പറഞ്ഞ് മുന്നോട്ട് നടന്നു.ഞാന്‍ ആ നമ്പറിലെയ്ക്ക് വിളിച്ചു .അവള്‍ അപ്പോ തന്നെ ഫോണ്‍ എടുത്തു
“എന്നാലും എന്നെയൊരു ലോലന്‍ ആക്കണ്ടായിരുന്നു “ എന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു .തിരിഞ്ഞു നിന്ന് ഒരു ഫ്ലയിംഗ് കിസ്സ് തന്ന ശേഷം അവള്‍ മുന്നോട്ട് നടന്നു..വായുവിലൂടെ എന്നെ നോക്കി വന്ന ആ ഫ്ലയിംഗ് കിസ്സിനെ ഞാന്‍ ചാടിപിടിച്ചു .. ..എന്‍റെ ട്രെയിന്‍ പതിയെ ചലിക്കാന്‍ തുടങ്ങി ..നാളെ ജ്യോതിയുടെ കല്യാണത്തിന് പോകണം ..മൂന്ന് കൂട്ടം പായസ്സവും കുടിക്കണം മനസ്സില്‍ അത്രയും പറഞ്ഞ് ഹാപ്പിയായി ഞാന്‍ എന്‍റെ കോച്ചിലേയ്ക്ക് നടന്നു
(പ്രണയം തുടങ്ങിയവര്‍ക്കും ..പ്രണയിച്ച് മടുത്തവര്‍ക്കും ..പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയദിനാശംസകള്‍ )
ലിജിന്‍ ജോണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക