
പാഠപുസ്തകം മറിച്ചു നോക്കുന്നുണ്ടെങ്കിലും കല്ലു വിന്റെ കണ്ണുകൾ വഴിയോരത്താണ്. എത്ര വാഹനങ്ങൾ അതിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അച്ചന്റെ ലൂണയുടെ ശബ്ദം ദൂരെ നിന്നേ അവൾക്കറിയാൻ പറ്റും. ആ ലൂണ മാറ്റി ഒരു ബൈക്ക് വാങ്ങാൻ പറഞ്ഞാൽ കേൾക്കില്ല വണ്ടി ഓടിക്കാൻ പഠിച്ചത് അതിലാ അതുപേക്ഷിക്കില്ലന്ന് അയാൾക്കു വാശി. അഛനൊരു ലൂണ ഫാൻ ആണെന്ന് കല്ലു കൂട്ടുകാരോടും പറയും.
ആ ചെറിയ വീടിന്റെ ഗേറ്റ് പട്ടിക കഷണങ്ങൾ കൊണ്ട് അയാൾ തന്നെ ഉണ്ടാക്കിയതാണ്.കല്ലു അതിനെ പെയിന്റ് അടിച്ചു മനോഹരമാക്കിയിട്ടുണ്ട്.അഛന്റെ ലൂണ ഗേറ്റ് കടന്ന് വരുമ്പോഴേക്കും കല്ലു ഓടിച്ചെന്നു.
ടി.വി.സീരിയൽ കണ്ടു കൊണ്ടിരുന്ന കല്ലു വിന്റെ അമ്മ വേഗം ചാനൽ മാറ്റി ന്യൂസ് ചാനൽ വച്ച് പതിവു പോലെ പറഞ്ഞു.
,"ഹോ ഈ പെണ്ണിന്റെ ഒരു ബഹളം കണ്ടാൽ അച്ചൻ ഗൾഫീന്ന് വരുന്ന പോലാ. രാവിലെയും കണ്ടിട്ടല്ലേ പോയേ.,!!...."
അയാൾക്ക് എന്നും കേട്ടാലും മടുക്കാത്ത സംസാരമാണത്.
"എന്റെ മോളു അവൾടഛൻ വരുമ്പോഴല്ലാതെ പിന്നെ അപ്പുറത്തെ രാജപ്പൻ വരുമ്പോൾ ഓടിച്ചെല്ലോ'' 'അല്ലേ മോളെ:
"അമ്മയ്ക്ക് കുശുമ്പാണഛാ... ഇതു പറഞ്ഞ് അഛൻ കൊണ്ടുവന്ന പലഹാരപ്പൊതിയുമായി കല്ലു അകത്തേക്കു പോയി.
"എന്റെ പുന്നാര അഛൻ..". ന്നു പറഞ്ഞ് ഓടി വന്ന് അയാളുടെ കവിളത്ത് ഉമ്മ കൊടുത്തു
ഈ സമയത്തെ അയാളുടെ മുഖത്തെ സംതൃപ്തി ഒന്ന് കാണേണ്ടതു തന്നെ..ലോകം കീഴടക്കിയ ഒരു ചക്രവർത്തിയേ പോലെ അയാൾ ഭാര്യയെ നോക്കി പറഞ്ഞു
"ചെല്ല് ഇന്നെന്താ സ്പെഷ്യൽ ന്നു നോക്ക്: "
"അമ്മേ ദിത് കണ്ടോ ഇതാണ് പിസ. ഞാനിന്നലെ പറഞ്ഞില്ലേ ദിയ മോൾ പിസ കഴിച്ച വിശേഷം പറഞ്ഞു കൊതിപ്പിച്ചത് ഞാനാശിച്ചപ്പോഴേക്കും എന്റഛൻ കൊണ്ട് തന്നു."..
"അഛാ വാ നമുക്ക് ഒരുമിച്ചു കഴിക്കാം."കല്ലു അഛന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
"അയ്യോ വേണ്ടപ്പാ: എനിക്കിഷ്ടമല്ല ഈ സാധനം. വല്ലാത്തൊരു സ്വാദ്." അയാൾ ഇഷ്ടക്കേടോടെ മുഖം തിരിച്ചു.
"അതിനഛൻ മുൻപ് പിസ കഴിച്ചിട്ടുണ്ടോ." കല്ലു കെറുവിച്ച് ചോദിച്ചു
കുളിമുറിയിലേക്കു കടന്ന അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"ഇന്ന് അവന്മാരുടെ കൂടെ ഈ കുന്ത്രാണ്ടമാ കഴിച്ചേ. എനിക്കു പിടിച്ചില്ല. നിങ്ങൾ കഴിച്ചോ "
അമ്മയും മകളും കുലുങ്ങിച്ചിരിച്ചു.
"നിന്റെ അഛന്റെ കാര്യം എല്ലാ നേരോം ചോറും മീൻ കറിയും മതി. ഒരു മടുപ്പും ഇല്ല. ഇങ്ങനൊരു മനുഷ്യൻ."
' ഒരു ഫർണിച്ചർ സ്ഥാപനത്തിലെ മരപ്പണിക്കാരനാണയാൾ. പുതിയ ഡിസൈനുകൾ വരച്ചുണ്ടാക്കാനും കൊത്തിയെടുക്കാനും ഒക്കെ മിടുക്കൻ.കല്ലു വിന്റെ ഭാഷയിൽ ക്രിയേറ്റീവ് ഡിസൈനർ
വൈകന്നേരം5 മണിയോടെ ജോലി കഴിഞ്ഞാലും ഒൻപതു മണിയാകുമ്പോഴേ അയാൾ വീട്ടിലേക്കു മടങ്ങൂ. അയാളുടെ കുറച്ചു കൂട്ടുകാരുണ്ട്. അവരുടെ വർക്ക് ഷോപ്പിൽ അയാൾ വണ്ടികൾ കഴുകാനും മറ്റും സഹായിക്കും മറ്റു ചിലപ്പോൾ ടൗണിലെ കടകളിലോ വീടുകളിലോ ടൈൽ വർക്കുകൾക്കു സഹായിയായി പോകും എങ്ങനെയും കാശുണ്ടാക്കി കല്ലുവിനും അമ്മയ്ക്കും ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ കൈ നിറയെ വാങ്ങിച്ചിട്ടേ അയാൾ വീട്ടിലെത്തൂ.
ഉച്ച ഭക്ഷണം പോലും കഴിക്കാതെ ഉള്ള ഈ ഓവർടൈം ജോലികൾ അയാളെ തളർത്താറില്ല. ഇന്ന് എന്തു വാങ്ങണം വീട്ടിലേക്ക് എന്ന ആലോചന മാത്രമേ അയാളുടെ മനസ്സിൽ കാണൂ.
പുതുമ തോന്നുന്ന എല്ലാം തന്നെ അയാൾ വാങ്ങിക്കൊടുക്കും സ്കൂളിലെ കൂട്ടുകാർ വലിയ ജോലിക്കാരുടെ മക്കൾ ഒക്കെ ആണെങ്കിലും കല്ലു കഴിച്ചിട്ടുള്ള പല ഭക്ഷണ സാധനങ്ങളും അവർ രുചിച്ചിട്ടില്ല.
ജോലിയിൽ മാത്രമല്ല എന്റെയഛൻ ഫുഡിന്റെ കാര്യത്തിലും ക്രിയേറ്റീവ് ആണെന്ന് കല്ലു പറയും.
ഓവർടൈം ജോലികൾ അയാൾ വീട്ടിൽ പറഞ്ഞിട്ടില്ല അയാൾ കൂട്ടുകാർക്കൊപ്പം കുറച്ച സമയം ചെലവഴിച്ചേ വരൂ എന്നാണവർ കരുതുന്നത്
കയറി വരുമ്പോൾ സ്നേഹത്തോടെ ഓടി വരുന്ന മകളും അയാൾക്കിഷ്ടമുള്ള മീൻകറിയും ചോറുമായി കാത്തിരിക്കുന്ന ഭാര്യയും ഇതല്ലേ സ്വർഗ്ഗം .
""അഛന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ ,കൂട്ടുകാരുടെ കൂടെ ദിവസോം ചൈനീസും ഇറ്റാലിയനും ഒക്കെ കഴിച്ചേനേം ..."കല്ലു പിസ വായിൽ വച്ചു കൊണ്ട് പറഞ്ഞു.
"നിന്റഛനു മീൻ കറിയിലാരോ കൈവിഷം കൊടുത്തേക്കുവാ ഇങ്ങനുണ്ടോ മനുഷ്യർ ഒരു മടുപ്പും ഇല്ല..". ഭാര്യ കൂട്ടിച്ചേർത്തു.
മുന്നിലിരുന്ന ചോറിലേക്ക് മീൻചാറ് ഒഴിച്ച് ഉരുള ഉരുട്ടിക്കൊണ്ട് അയാൾ ഓർത്തു എന്നാലും എന്തായിരിക്കും ഈ പിസയുടെ രുചി എരിവോ പുളിയോ മധുരമോ:
പുഞ്ചിരിച്ചു കൊണ്ടയാൾ കഴിച്ചു തുടങ്ങി ചോറും മീൻ കറിയും...
By: Bobyjoby Padayattil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക