Slider

അച്ഛന്റെ മകൾ

0

Image may contain: 1 person, beard and outdoor
"അച്ഛനാണ് എന്റെ ജീവിതത്തിലെ സൂപ്പർ ഹീറോ"
മീനുക്കുട്ടി ഇത് പറഞ്ഞു നിർത്തിയപ്പോൾ സദസ്സിൽ കൈയ്യടി ശബ്ദം മുഴങ്ങി.അപ്പോഴും ആ കണ്ണുകൾ തേടിയത് സദസ്സിലെ അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.
"മീനുമോൾടെ അമ്മ ഇനി അച്ഛനാണ്,അച്ഛൻ അടുത്തുള്ളപ്പോൾ മോളൂട്ടി കരായണ്ടാട്ടോ"
ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചപ്പോൾ വിതുമ്പികരഞ്ഞിരുന്ന മീനുക്കുട്ടിക്ക് അച്ഛൻ കൊടുത്ത വാക്കാണിത്.
പിന്നീട് അവളുടെ ജീവിതത്തിൽ അച്ഛനായിരുന്നു എല്ലാം.ചെറുപ്പത്തിൽ എന്നും രാവിലെ ചൂടുള്ള ചോറുപാത്രവുമായി അടുക്കളയിൽ നിന്ന് ഓടിവരുന്ന അച്ഛനെയാണ് അതിനുശേഷമുള്ള അവളുടെ ഓർമകളിൽ നിറഞ്ഞുനിന്നത്.
കവിളിലെ പതിവുമുത്തം കൊടുത്തിട്ട് അവളെ സ്കൂൾബസിൽ കയറ്റിവിട്ട ശേഷം ബസ് മറയുന്നതുവരെ ചിരിച്ചുകൊണ്ട് കൈ വീശിനിൽക്കുന്ന അച്ഛനെ ചെറിയ വിഷമത്തോടെ എന്നും ബസ്സിൽനിന്നും അവൾ തലയിട്ടുനോക്കുമായിരുന്നു.
വൈകിട്ട് സ്കൂൾ വിട്ട് കോലായിൽ മുഖം വീർപ്പിച്ചിരിക്കുന്ന മീനുക്കുട്ടി ഓഫീസിൽ നിന്ന് വരുമ്പോൾ അയാൾക്ക് പതിവുകാഴ്ചയായിരുന്നു.എന്നാൽ,അച്ഛന്റെ കീശയിലെ നാരങ്ങാമിട്ടായികൾക്കപ്പുറം അത് പോയിരുന്നില്ല.
മീനുക്കുട്ടിയുടെ നിരന്തരമായ ശല്യപ്പെടുത്തലുകളാണ് അയാളെ വീണ്ടും ഒരു വിവാഹത്തിലേക്ക് നയിച്ചത്.കാരണം,അമ്മയുടെ സ്നേഹം അച്ഛനിൽ നിന്നല്ലാതെ അവളുടെ ഓർമകളിൽ ഇല്ലായിരുന്നു.എന്നാൽ എല്ലാവരെയും പോലെ അവൾ അവർക്കിടയിൽ ഭാരമായപ്പോൾ വിവാഹമോചനത്തെപ്പറ്റി അയാൾക്ക് ഏറെയൊന്നും ചിന്തിക്കേണ്ടിവന്നില്ല.
"നിങ്ങൾ പുന്നരമോളേയും കെട്ടിപിടിച്ചിരുന്നോ,പ്രായമാകുമ്പോൾ കാണാം"
അച്ഛന്റെ പുറകിൽ ഭയന്ന് മറഞ്ഞു നിന്നാണ് മീനുക്കുട്ടി ഇത് കേട്ടത്.ഇത്രയും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രണ്ടാനമ്മയുടെ മുഖം ഒരു നോവായാണ് ആ കൊച്ചുമനസ്സിൽ കിടന്നിരുന്നത്.
പക്ഷെ കാലം അച്ഛനും മോൾക്കും കരുതിവെച്ചത് മറ്റൊരു സമ്മാനമായിരുന്നു.വലുതായപ്പോൾ മീനുക്കുട്ടിയുടെ ആരോഗ്യനില മോശമായി വരികയായിരുന്നു.
"നിങ്ങളുടെ മകളുടെ രണ്ടു കിഡ്‌നികളും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ് കിഡ്നി മാറ്റിവെക്കുകയാണ് ഇതിന് ആകെയുള്ള ഒരു പരിഹാരം"
"ബ്ലഡ് ഗ്രൂപ്പ് ഒന്നായതുകൊണ്ട് എന്റെ കിഡ്നി എത്രയും വേഗം അവൾക്ക് മാറ്റിവെയ്ക്കാം ഡോക്ടർ"
ഡോക്ടർക്ക് ഈ മറുപടി കൊടുക്കാൻ അയാൾക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
"എന്നെ എന്തിനാ അച്ഛാ ഡോക്ടറങ്കിൾ ആ ഉന്തുവണ്ടിയിൽ മുറിയിലോട്ട് കൊണ്ടുപോയത്"
ഓപറേഷൻ തീയേറ്ററിൽ നിന്ന് വന്നപ്പോളുള്ള അവളുടെ കുഞ്ഞ് ചോദ്യത്തിന്റെ ഉത്തരം അയാളുടെ മനസ്സിൽ നേരത്തെ കുറിച്ചിട്ടിരുന്നു.
"അതേ മോൾടെ ഉള്ളിൽ ഒരു കുഞ്ഞ് മുറിവ് ഉണ്ടായിരുന്നു.ഡോക്ടറങ്കിൾ അത് എടുത്തുകളഞ്ഞുട്ടോ, ഇനി മോള് പേടിക്കേണ്ട"
ഇത് കേട്ടതും അവൾ കട്ടിലിൽ നിന്ന് എണീറ്റ്‌ അച്ഛന്റെ തോളിലോട്ട് ചാഞ്ഞുകിടന്നു.
"അച്ഛൻ മോൾടെ അടുത്തുണ്ടേൽ മീനുക്കുട്ടിക്ക് ആരെയും പേടിയില്ല"
അവൾ ഇത് പറഞ്ഞുകഴിഞ്ഞതും അയാൾ അവൾ കാണാതെയൊന്ന് വിതുമ്പി.
കാലങ്ങൾ ഒരുപാട് കടന്നുപോയത് പെട്ടന്നാണ്.ഇന്നവൾ ആ വേദിയിൽ നിൽക്കുന്നത് നാടിന്റെ അഭിമാനമായ ഡോക്ടറായിട്ടാണ് .കൈയടികൾക്കിടയിലൂടെ അവളുടെ മനസ്സിൽ മിന്നിമറഞ്ഞ ഈ ഓർമകൾ ആ ചെറുപുഞ്ചിരിയിലെ കണ്ണുനീരായി ഒഴുകി.
എല്ലാം പറഞ്ഞുതീർന്നതും കൊച്ചുകുട്ടിയെപ്പോലെ വേദിയിൽ നിന്ന് അവൾ ഇറങ്ങിയോടി.സദസ്സിൽ വീൽചെയറിൽ ഇരിക്കുന്ന അച്ഛന്റെ മടിയിൽ കിടന്ന് അവൾ തേങ്ങികരഞ്ഞു.
"അച്ഛന്റെ ഈ കുഞ്ഞ് ആഗ്രഹം മോളൂട്ടി സാധിച്ചുതന്നില്ലേ,നീ ഇന്ന് അച്ഛന്റെ ഡോക്ടർകുട്ടിയല്ലേ"
ഇത്രയും പറഞ്ഞ് അയാൾ പൊട്ടിക്കരയുന്ന അവളുടെ മുഖം ഇരുകൈകളും കൊണ്ട് പതിയെ ഉയർത്തി.അയാളുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.
പക്ഷേ, അപ്പോഴും അസ്തമിക്കാത്ത ആ സ്നേഹത്തിന് മുന്നിൽ അവൾ തോറ്റുപോയിരുന്നു.
-ആൽബർട്ട് ലാൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo